2012, മേയ് 30, ബുധനാഴ്‌ച

കൈരളി അറ്റ്ലസ് പുരസ്കാരം 2012


ദുബൈ: മലയാള സാഹിത്യ-സര്‍ഗാത്മക മുന്നേറ്റങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന കൈരളി അറ്റ്ലസ് പുരസ്കാരം നേടിയതിന്‍െറ ആഹ്ളാദത്തിലാണ് പ്രവാസി എഴുത്തുകാരായ സലീം അയ്യനത്തും ഷാജി ഹനീഫും. കഥാവിഭാഗത്തില്‍ മികച്ച കഥക്കുള്ള കൈരളി പ്രോത്സാഹന
പുരസ്കാരമാണ് ഇരുവര്‍ക്കും ലഭിച്ചത്. സലീമിന്‍െറ ‘മൂസാട്’ എന്ന കഥയും ഷാജിയുടെ ‘കടവ്’ എന്ന കഥയുമാണ് പുരസ്കാരത്തിന് അര്‍ഹമായത്. തുഞ്ചന്‍ പറമ്പില്‍ നടന്ന ചടങ്ങില്‍ പുനത്തില്‍ കുഞ്ഞബ്ദുല്ലയില്‍ നിന്ന് അവാര്‍ഡ് സ്വീകരിക്കാനായത് ജീവിതത്തില്‍ മറക്കാനാകാത്ത മുഹൂര്‍ത്തമാണെന്ന് ഇരുവരും പറയുന്നു. പ്രവാസികളായ എഴുത്തുകാര്‍ക്ക് നാട്ടില്‍ നിന്ന് ലഭിക്കുന്ന അംഗീകാരങ്ങള്‍ എഴുത്തിനെ ഗൗരവപൂര്‍ണമായി കാണുന്നതിന്‍െറ അംഗീകാരമാണെന്നും ഇരുവരും ചൂണ്ടിക്കാട്ടി.
ഷാര്‍ജ ഗള്‍ഫ് ഏഷ്യന്‍ സ്കൂളില്‍ ജോലി ചെയ്യുന്ന സലീം അയ്യനത്ത് ഗള്‍ഫിലെ സാഹിത്യ കൂട്ടായ്മയിലെ ശ്രദ്ധേയനായ കഥാകൃത്താണ്. ഗള്‍ഫിലെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ച സലീം മലപ്പുറം ജില്ലയിലെ തിരൂര്‍ ചമ്രവട്ടത്ത·് അയ്യനത്ത് മൊയ്തീന്‍കുട്ടിയുടേയും മുതിയേരി ഉമ്മാച്ചുക്കുട്ടിയുടേയും മകനാണ്. ‘നിലാവിലേക്ക് തുറന്ന നിറകണ്ണുകള്‍’ എന്ന കവിതാസമാഹാരവും ‘തുന്നല്‍പക്ഷിയുടെ വീട്’ എന്ന കഥാസമാഹാരവും രചിച്ച സലീം പാം സാഹിത്യ സഹകരണസംഘം പ്രവര്‍ത്തകന്‍ കൂടിയാണ്.
ഷാജി ഹനീഫ് മലപ്പുറം ജില്ലയിലെ പൊന്നാനിയില്‍ ജനിച്ചു. ദുബൈ ഭാവനാ ആര്‍ട്സിന്‍െറ സാഹിത്യ വിഭാഗം സെക്രട്ടറിയാണ്. ‘ആഹിര്‍ ഭൈരവ് ’ എന്ന കഥാസമാഹാരത്തിന് പാം അക്ഷരതൂലികാ പുരസ്കാരം ലഭിച്ചിട്ടുണ്ട്.