2014, ഓഗസ്റ്റ് 19, ചൊവ്വാഴ്ച

ഉപദേശി

ഉപദേശി
---------------

പുകവലിക്കുകയായിരുന്ന അവനെ ഞാന്‍ ഉപദേശിച്ചു
ശ്വാസകോശത്തില്‍ നിക്കോട്ടിന്‍ എന്ന വിഷാംശം ക്യാന്‍സര്‍ ഉണ്ടാകും
ഇതൊന്നു നിര്‍ത്താന്‍ എന്താ ചെയ്യാ...മാഷേ

അതിനുള്ള പ്രേരണ വരുമ്പോള്‍ വല്ല ബാബ്ല്‍ഗമോ അടക്കയോ വായേല്‍ ഇട്ടാല്‍ മതി
പിന്നീടൊരിക്കല്‍ അവനെ കണ്ടപ്പോള്‍ വായ നിറയെ പാന്‍പരാഗ്
ഇതൊട്ടും ശരിയല്ല...ആമാശയത്തെ ബാധിക്കും
ഇതു മാറ്റാന്‍ ഇപ്പോ എന്താ ചെയ്യാ...

പ്രേരണ വരുമ്പോള്‍ എന്തെങ്കിലും കൂള്‍ ഡ്രിങ്ക്സ് കഴിച്ചാല്‍ മതി 
പിന്നീടൊരിക്കല്‍ അവനെ കണ്ടപ്പോള്‍
നന്നായി ബിയര്‍ കഴിച്ചിരിക്കുന്നു...
ഇതൊന്നു മാറ്റികിട്ടാന്‍ എന്താ ചെയ്യ മാഷേ

വല്ല സോടയോ കൊക്ക കോളയോ കഴിച്ചാല്‍ മതി
പിന്നീടൊരിക്കല്‍ വഴിയില്‍ മദ്യപിച്ച് ബോധമില്ലാതെ കിടക്കുന്നത് കണ്ടപ്പോള്‍ 
അവന് ചുറ്റും ഒരു കുപ്പി അന മയക്കി, ഒരു ബീഡിക്കെട്ട്...വായില്‍ പാന്‍ പരാക്ക്..പോക്കറ്റില്‍ഹാന്‍സ്..കഞ്ചാവിന്റെ ഒരു ചെറു പൊതി!
മാഷേ എനിക്കിതില്‍ നിന്നൊരു മോചനം ഉണ്ടാകാന്‍ ഞാനെന്താ ചെയ്യാ
--------------------------------------------------------------------------------------------------------------------------------------------------------
ജീവിതം ഇതൊന്നുമല്ല എന്ന് അവനവന് സ്വയം തിരിച്ചരിവുണ്ടാകുന്നത് വരെ ആരുടേയും ഉപദേശം സ്വീകരിക്കാതിരിക്കുക....!
--------------------------------------------------------------------------------------------------------------------------------------------------------
അവനെ പിന്നീട് എവിടയും കണ്ടില്ല....
അവനില്‍ നിന്ന് ഇളിഭ്യനായി  ഞാനെന്ന ഉപദേശി പതുക്കെ ഇറങ്ങി പോയി...!


2014, ഓഗസ്റ്റ് 13, ബുധനാഴ്‌ച

പീഡനം ഒരു പോസ്റ്റ്‌മോര്‍ട്ടം

പീഡനം ഒരു പോസ്റ്റ്‌മോര്‍ട്ടം
-----------------------------------------


സൂര്യനെല്ലിയില്‍
ഇപ്പോഴും സൂര്യനുദിക്കുന്നു
കവിയൂരില്‍
കവിതയുടെ പുള്ളുവന്‍ പാട്ട്
കിളിരൂരില്‍
കിളിക്കൊഞ്ചലുമായ്
രാവുണരുന്നു
വിതുര
വിതുമ്പിയതല്ലാതെ മറ്റെന്ത്..?
പിന്നെയാണോ ഉറഞ്ഞുപോകാത്ത
ഈ കോഴിക്കോടന്‍ ഐസ്ക്രീം..?

പീഡനം പോസ്റ്റുമോര്‍ട്ടം ചെയ്യുമ്പോള്‍
ചോദ്യചിഹ്നങ്ങളാകുന്ന
വിറങ്ങലിച്ച പെണ്‍ശരീരങ്ങള്‍...
പൂതകൊക്കുകള്‍ അടയിരിക്കുന്ന
ബാബുല്‍ മരങ്ങളില്‍ തൂങ്ങിയാടുന്ന
ദളിദ് പെണ്‍കോലങ്ങള്‍....
ഉത്തരേന്ത്യന്‍ ജാതീയ തിമിരം
മോര്‍ച്ചറികളില്‍
ആത്മഹത്യകളാക്കപ്പെടുന്ന
നഗ്നശരീരങ്ങള്‍ ചോദിക്കുന്നു
മരണമെന്ന സ്വാതന്ത്ര്യം
അതിലേക്കിനിയുമെത്ര ദൂരമുണ്ട്...?

2014, ഓഗസ്റ്റ് 8, വെള്ളിയാഴ്‌ച

വെള്ളത്തണ്ട്

വെള്ളത്തണ്ട് 
---------------------------------------------------------------------
വൈറ്റ്നർ കുത്തി 
നീലിച്ച അക്ഷരങ്ങളെ 
മായിച്ചു കളയുന്ന കുട്ടിയോട് 
വെള്ളത്തണ്ട് പറഞ്ഞു 
കൊഴിഞ്ഞു പോയ കുട്ടിക്കാലത്തിന്റെ 
ചതഞ്ഞരഞ്ഞ ഓർമകളാണിന്നു ഞാൻ 

തെറ്റുകൾ ഒറ്റവര കൊണ്ട് വെട്ടിയിടണം 
പിന്നീടത്‌ നമ്മെ ഓർമിപ്പിക്കണം 
ചിന്തിപ്പിക്കണം വേദനിപ്പിക്കണം 
നിനക്ക് മാത്രമല്ല നോവേണ്ടത്
ശരി പഠിപ്പിച്ച അധ്യാപകനും നോവണം
ഒരുപാട് ശരികൾക്കിടയിലെ ഒരു തെറ്റ് 
അതറിയുകയാണ് ജീവിത വിജയം  
വൈറ്റ്നറിട്ട് മായിച്ച് അതിനു മുകളിൽ 
ശരിയെന്ന് എഴുതുന്നതാകരുത് ജീവിതം  
സ്ലേറ്റിൽ എഴുതിയ ശരികൾ 
തുപ്പൽ തൊട്ട് മായിക്കുന്നതാകരുത് 
നിനക്ക് പ്രണയം
നിന്റെ തൊടികൾക്കും നിനക്കും 
ഞാനിന്ന് അന്യമാണ്
കൃത്രിമ വളം ചേർത്ത് നീ നശിപ്പിച്ചത് 
നിന്റെ ജീവനെ തന്നെയാണ്.

നീ ഈ പ്രണയ ചെടിയെ വല്ലപ്പോഴും ഓർക്കുക  
മൂന്നാം ലോക രാജ്യങ്ങളുടെ 
കുട്ടികൾക്ക് വേണ്ടി പടച്ചുണ്ടാക്കുന്ന
വൈറ്റ്നർ ദൂരെ കളയുക.
സാമ്രാജ്യത്വ ശക്തികളോടും 
ആഗോള വൽക്കരണത്തോടുമുള്ള  
നിന്റെ ആദ്യത്തെ സന്ധിയല്ലാ സമരം 
തുടങ്ങേണ്ടത് വെള്ളത്തണ്ട് 
എന്ന നിന്റെ അസ്ത്വിത്വത്തെ 
മുറുകെ പിടിച്ചാണ് 
അതിനായി നിന്റെ തൊടികൾ 
പാകപ്പെടുത്തുക....!