2016, ഒക്‌ടോബർ 6, വ്യാഴാഴ്‌ച

കടൽ മരങ്ങളിലെ രാഷ്ട്ര വേരുകൾ തീർക്കുന്ന ബഹുരാഷ്ട്ര സമന്വയം(സലീം അയ്യനത്ത്)





പ്രിയപ്പെട്ടവർ നമുക്ക് പ്രിയപ്പെട്ടവരാകുന്നത് പലപ്പോഴും നാം അവരെ കാണാതെ പോകുകയും പിന്നീട് എപ്പഴെങ്കിലും അവരെ നാം തിരിച്ചറിയുകയും ചെയ്യുമ്പോഴാണ്. അടുത്ത് നിൽക്കുന്നവർ പ്രിയപ്പെട്ടവരല്ലേ എന്നു കരുതി പലപ്പോഴും നാം അവരെ അവഗണിക്കുന്നു. അടുത്ത് നല്ലതുണ്ടായിട്ടും ദൂരമുള്ളത് തേടി പോകാനാണ് മനുഷ്യന് ആഗ്രഹം...അതിരുകളില്ലാത്ത  അവന്റെ അഭിവാഞ്ജകൾ തുടർന്നുകൊണ്ടേയിരിക്കുന്നു.

ഏതൊരു വസ്തുവിനും അതിന്റെ പുറംതോട് ഉപേക്ഷിച്ച് പുറത്ത് വരാൻ നിശ്ചിതമായ ഒരു സമയ ഘടനയുണ്ട്. അപ്പോൾ മാത്രമേ പ്രകൃതിയിലെ മാറ്റങ്ങളോടും കാറ്റിനോടും മഞ്ഞിനോടും വെയിലിനോടും വെല്ലുവിളിച്ച് പിടിച്ചു നിൽക്കാൻ അവയ്ക്കാകൂ...

ചില പുസ്തകങ്ങളുടെ കാര്യവും മറിച്ചല്ല.. സമൂഹം വായനക്ക് പാകപ്പെടുമ്പോൾ മാത്രമേ മനുഷ്യഹൃദയത്തെ സ്വാധീനിക്കാനാകൂ. അങ്ങനെ നോക്കുകയാണെങ്കിൽ വെള്ളിയോടന്റെ കഥാസമാഹാരം കടൽ മരങ്ങൾ    വായനക്കാരിലെത്താൻ കുറച്ചു കാലതാമസമെടുത്തെങ്കിലും ഇപ്പോഴാണ് പാകപ്പെട്ടിട്ടുള്ളത്. വായനക്കാർ അറിഞ്ഞു തുടങ്ങിയത്.

പ്രവാസ രചനകളിൽ കാലികമായ മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്ന പുതിയ കാലത്തെ നാം അറിയാതെയും വായിക്കാതെയും പോകരുത്. പുതിയത് വരും, എന്നാൽ പഴയത് നാം വായിക്കാത്തിടത്തോളം അതും നമുക്ക് പുതിയതാണ്... ആ നിലയ്ക്ക് കടൽ മരങ്ങൾ തന്നെയാകും കൈരളിയിലെ ആകർഷണീയത.

ദേശാതിർത്തികൾക്ക് അപ്പുറത്തെ രാഷ്ട്രീയം ചർച്ച ചെയ്യുന്ന കഥകളാണ് കടൽമരങ്ങൾ എന്ന കഥ സമാഹാരത്തിന്റെ പ്രത്യേകത. മനുഷ്യന്റെ കാഴ്ചകൾക്കും ചിന്തകൾക്കും അതിർ രേഖകൾ വരച്ചിട്ടിരിക്കുന്നു. ദേശീയത എന്ന വൃത്തത്തിൽ ഒതുങ്ങി നിക്കാനാകാത്ത എഴുത്തുകാരന് വിഹ്വലതകളോട് കൂടി മാത്രമേ ലോക രാഷ്ട്രീയത്തെ നോക്കി കാണാനാകൂ .. ഒരു പക്ഷെ പ്രവാസിയായ ഒരാൾക്ക് മാത്രം പരിചിതമായ ബഹുരാഷ്ട്ര സമന്വയത്തിന്റെയും മാനവിക സ്നേഹത്തെയും അന്യേഷിക്കുകയാണ് അനിതരസാധാരണമായ ഈ കഥകളിലൂടെ.

ശ്രീലങ്കൻ പട്ടാളത്തിന്റെ ക്രൂരതകൾക്ക് ബലിയാടാകേണ്ടി വന്ന പന്ത്രണ്ടു വയസ്സുകാരനായ ബാലചന്ദ്രൻ എന്ന പ്രഭാകരന്റെ മകനിലൂടെ സിംഹളയുടെയും തമിഴരുടെയും വംശീയ വൈരുദ്ധ്യങ്ങളെ തീർത്തും ഒരൊറ്റ കാഴ്ചയിലൂടെ സത്യം അന്യോഷിക്കുകയാണ് മരണവേര് എന്ന ആദ്യ കഥയിലൂടെ.


മുത്:അ  എന്ന കഥ ഇറാന്റെ സാമൂഹ്യ ശ്ലഥചിത്രങ്ങളെ അനാവരണം ചെയ്യുമ്പോൾ ഗു ആങ് ഷിയിലെ ചെങ്കുപ്പായക്കാരിയിൽ ചൈനയുടെ കമ്പോളസംസ്കാരത്തെ  ഡൂപ്ളിക്കേറ്റ് മുലകൾ എന്ന ഒരൊറ്റവരിയിൽ കഥയെ പൂർണ്ണമാകുന്നു. രസിപ്പിക്കുക എന്ന കഥകളുകളുടെ മറ്റൊരു ധർമ്മത്തെ സഭ്യത ഒട്ടും ചോർന്നുപോകാതെ വായനക്കാരെ ഇളക്കുന്നുണ്ട് പലയിടത്തും.

സിറിയക്കാരനായ  തംജീദ്  മാതൃരാജ്യത്ത് പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര കലാപത്തിൽനിന്നും  കുടുംബത്തെ തനിക്കരികിലേക്ക് കൊണ്ടുവരുവാനുള്ള ശ്രമത്തിനിടയിൽ സിറിയക്കാർക്ക് വിസ കൊടുക്കുന്നത് നിർത്തി എന്ന അധികൃതരുടെ ശാസനയിൽ മനം നൊന്ത് ഇറങ്ങി നടക്കുന്നത് മുല്ലപ്പൂ വിപ്ലവം സൃഷ്ടിച്ചെടുത്ത ശൂന്യതയിലേക്കാണ്. മുസ്ലിംകലെ കൂടുതൽ കൊന്നത് മുസ്ലിംകൾ തന്നെയാണെന്ന് ഉച്ചവെയിൽ പരാദങ്ങൾ എന്ന കഥ നമ്മെ ഓർമ്മപെടുത്തുന്നു.

ബീജങ്ങളുടെ സമ്മേളനങ്ങൾക്കിടയിൽ അനവസരത്തിൽ പൂത്ത പുഷ്പമാണവൾ കുരുതി എന്ന കഥയിലൂടെ ദയ എന്ന പെൺകുട്ടി അനുഭവിക്കേണ്ടി വന്ന ലൈംഗിക പീഡനങ്ങളാണ്
രണ്ടാനച്ഛന്റെ ലൈംഗിക തലോടലിൽ നിന്നും ഒളിച്ചോടി സന്യാസി മഠത്തിൽ   അഭയം പ്രാപിക്കേണ്ടിവന്ന  ആത്മീയത കച്ചവടമാക്കുന്ന ആലയങ്ങളിലെ ഇരുട്ടിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്ന ക്രൂരതകളെ നിശിതമായി വിമർശിക്കുന്നുണ്ട്.

മിക്ക കഥകളിലും സ്ത്രീകളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകളെയാണ് എഴുത്തുകാരൻ പാത്രീകരിച്ചിട്ടുള്ളത്.
മ്യാൻമാർ എന്ന സ്വന്തം രാജ്യത്ത് നിന്നുള്ള റോഹിങ്ക്യൻ മുസ്ലീകളുടെ തിരസ്ക്കരണം പലായനത്തിന്റെ അതിദാരുണ കഥ ഇതുവരെ പറയാത്തതും അറിയാത്തതുമായത് കൊണ്ട് ചരിത്രത്തിന്റെ പുനർവായനയിലേക്ക് നമ്മെ നയിക്കുന്നു. അവിടെയും ഇവിടയുമെന്നില്ലാതെ എങ്ങുമെത്താത്ത പരശതം  നാട് നഷ്ടപ്പെട്ടവരുടെ വേദനയ്‌ക്കൊപ്പം രാഖിനിയിലൂടെ  കടലിടുക്കിന്റെ തിരത്തള്ളലിലേക്കും അന്ത സംഘർഷങ്ങളിലേക്കും വായനക്കാരെ ശ്വാസം കിട്ടാതെ ഉലയ്ക്കുന്നു.

മറ്റുള്ളവരുടെ അന്തസംഘർഷങ്ങളെ തിരിച്ചറിയാനുള്ള കഴിവാണല്ലോ  യഥാർത്ഥത്തിൽ ഒരു എഴുത്തുകാരന് ഉണ്ടാകേണ്ടത്.പരുന്തുപട്ടങ്ങളിൽ രണ്ടു എഴുത്തുകാരുടെജീവിതം വരച്ചു വെക്കുന്നതിലൂടെ ജീവിതത്തിലെ പതനങ്ങളും അതുണ്ടാക്കിയെടുക്കുന്ന ആത്മസംഘർഷങ്ങളും മുളക്കാത്ത പോയ ബീജങ്ങൾ ചില്ലു ജാലകങ്ങളിൽ തൂക്കിയിട്ടിരിക്കുന്ന പോലെ ജീവിതത്തിന്റെ നിരർത്ഥകതയെ ചോദ്യം ചെയ്യുന്നു.

ശീർഷകങ്ങൾ തെരെഞ്ഞുടുക്കുന്നതിൽ സ്വീകരിച്ചിരിക്കുന്ന സർഗ്ഗാത്മക ഭാവനയും കണിശതയും കഥകൾക്ക് ഒരു മേമ്പൊടിയായി തോന്നി. മരണ വേര് , കളിമൺ ശലഭങ്ങൾ , പരുന്തു പട്ടങ്ങൾ, കടൽ മരങ്ങൾ, ഇങ്ങനെപോകുന്ന ശീർഷകങ്ങൾ കഥയിലേക്ക് പ്രവേശിക്കാനുള്ള താക്കോൽ സമ്മാനമാണ്. മറ്റേതോ കഥാസമാഹാരത്തിൽ നിന്നും എടുത്ത സിഡ്രല്ല പത്ത് തികയ്ക്കാനുള്ള എഴുത്തുകാരന്റെ വ്യഗ്രതയാണ്. മറ്റൊരു സമാഹാരത്തിൽ വായിച്ച കഥ പുതിയ കഥാസമാഹാരത്തിൽ ഉൾപെടുത്തണോ എന്ന് ചിന്തിക്കേണ്ടിയിരുന്നു. വായനക്കാരന്റെ സമയവും പണത്തിന്റെ മൂല്യവും എഴുത്തുകാർ തിരിച്ചറിയേണ്ടതാണ്.

വിശപ്പിന്റെയും കണ്ണീരിന്റെയും സ്നേഹനിരാസങ്ങളുടെയും രതിയുടെയും യഥാർത്ഥ സ്പന്ദനം കേൾപ്പിക്കുകയാണ് കടൽ മരങ്ങളിലൂടെ . ഇത്തരുണത്തിൽ കടൽ മരങ്ങൾ ഏറെ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. പ്രതീക്ഷകൾ നൽകുന്ന ഈ ചെറുപ്പക്കാരന് വരും കാല കഥാലോകത്ത് ഉത്തരവാദിത്വങ്ങൾ വർദ്ധിക്കുകയാണ്...
ആശംസകൾ ...
06/10/2016

2016, ഏപ്രിൽ 2, ശനിയാഴ്‌ച

പതിനാല് കഥകളുടെ അക്ഷരക്കൂട്- ഹരീഷ് വൈഷ്ണവ്




ഡിബോറ"...
സലിം അയ്യനത്ത് ( Saleem Ayyanath ) എഴുതിയ പതിനാല് കഥകൾ ഉള്ള ഒരു അക്ഷരക്കൂട് ...
ജനിച്ചതിൽ പിന്നെ ഇന്നേവരെ ഭൂമിയെ തൊടാൻ കഴിഞ്ഞിടാതെ, ഭൂമിയെ കുറിച്ച് സ്വപ്നം കാണാൻ അനുവാദമില്ലാതെ, എന്നാൽ ഭൂമിയെ തൊട്ടുതലോടാൻ ആഗ്രഹിക്കുന്ന ഡിബോറ...........
കൈവിരലുകൾ കൊണ്ട് കളിമണ്ണിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന കൊശവന്മാരുടെ ലോകം.. വിയർപ്പുകണങ്ങൾ നിറഞ്ഞ വടിവൊത്ത മേയ്യഴകുമായി വീടുകൾ തോറും തലച്ചുമടായി പാത്രം വിൽക്കാൻ എത്തുന്ന കൊശവത്തിക്കുന്നിലെ വനജയുടെ ജീവിതം...
മൂസാട്......പുസ്തകം വായിച്ചു കഴിഞ്ഞും ഹൃദയത്തിൽ നില്ക്കുന്നു ബുഷ്‌റയും അമീറും ജീവിതവും. തികച്ചും വേറിട്ടൊരു ആടുജീവിതം. ഇത് വായിച്ചു തന്നെ അറിയണം ...
സോദോം ഗോമോറയിൽ അവസാനത്തെ സൂര്യാസ്തമയം പ്രതീക്ഷിച്ച് ഇരിക്കുമ്പോൾ സാക്ഷിയായി സാഗരം.....ഗന്ധക ഭൂമി അലീനയോട് പറഞ്ഞത് .....
റോള സ്ക്വയറിലെ ആല്മരങ്ങളിൽ വീശിയടിച്ചിരുന്ന കാറ്റിൽ സിനിമ സ്വപ്‌നങ്ങൾ അസ്തമിച്ചു മരണത്തെ പുല്കിയ പ്രേംജിയുടെ നിശ്വാസം ഉണ്ടായിരുന്നു......
സുലൈമാനിക്കയും പിന്നെ ഉറുമ്പുകളും ഇന്നിന്റെ സാമൂഹിക അധപ്പതനത്തെ വളരെ വ്യക്തമായി വരച്ചിടുന്നു.
കുടുംബ ആഘോഷങ്ങൾ.. ഇവന്റ് മാനേജ്മെന്റ് കൂട്ടങ്ങൾ... ഉള്ളിൽ ഒരു നീറ്റൽ നിഴൽക്കൂത്തിലൂടെ.....
കുടുംബക്കാരെയും സുഹൃത്തുക്കളെയും വെറുപ്പിക്കുന്ന നേരവും കാലവും നോക്കാതെ ഫ്രീ കാൾ ഉപദ്രവങ്ങളും തുടർന്നുള്ള പ്രതികരണങ്ങളും...
സഹായിക്കാൻ നോക്കി ഒടുവിൽ പണി കിട്ടാതെ രക്ഷപ്പെട്ട ആശ്വാസത്തിൽ ഒരു N70 സീരീസ് മോഷണ കഥ.....
വാകമരങ്ങൾ പൂത്ത ഇടവഴിയിലെ വിജയനും മുല്ലപ്പെരിയാറിൽ ആഴങ്ങളിൽ അലിഞ്ഞ വെള്ളച്ചാമിയും വായനയുടെ അവസാനം നല്കുന്ന മുറിവുകൾ...
തികച്ചും വേറിട്ട ഒരു വായനാനുഭവം ആയിരുന്നു സലിം അയ്യനത്ത് എഴുതിയ ഡിബോറ. ബുദ്ധിജീവി സാഹിത്യത്തിൻറെ പ്രകടനം തീര ഇല്ലാതെ , വളരെ മനോഹരമായി എല്ലാവർക്കും മനസ്സിലാകുന്ന സാഹിത്യം ഉപയോഗിച്ചിരിക്കുന്നു ഈ പുസ്തകത്തിൽ. ലളിതവും കടുപ്പവും ഉള്ള പദങ്ങൾ ഉപയോഗിച്ചിട്ടുണ്ട് എങ്കിലും മികച്ച ആസ്വാദനം പകർന്നു നല്കുന്നു ഈ രചന.....
മനോഹരമായ ഒരു വായന സമ്മാനിച്ച ശ്രീ സലിം അയ്യനത്തിന് ഹൃദയം നിറഞ്ഞ ആശംസകൾ... ഡിബോറ സഞ്ചരിക്കട്ടെ കൂടുതൽ ഉയരങ്ങളിലേക്ക് ......

2016, മാർച്ച് 11, വെള്ളിയാഴ്‌ച

മൂന്നാമിടങ്ങള്‍ക്കിടയില്‍ സംഭവിക്കുന്നത് ആസ്വാദനം- സലീം അയ്യനത്ത്



ചില പുസ്തകങ്ങള്‍ വായിക്കപ്പെടണം എന്ന തോന്നലുണ്ടാകുന്നതിന് പിറകില്‍ പുരസ്‌കാരത്തിന് ഒരു വലിയ പങ്കുണ്ട്. അതുകൊണ്ടാണല്ലോ സമകാലിക മലയാളസാഹിത്യത്തിലെ ശ്രദ്ധേയനായ എഴുത്തുകാരില്‍ ഒരാളായ കെ.വി മണികണ്ഠനെ അടുത്തറിയുന്നതും ദുബായ് ഡി സി ബുക്‌സില്‍ നിന്ന് പുസ്തകം കൈവശമാക്കുന്നതും.   

മൂന്നാമിടങ്ങള്‍ എന്ന നോവലിന് അങ്ങനെയൊരു പ്രസക്തിയുണ്ട്, ഡി.സി കിഴക്കേമുറി ജന്മശതാബ്ദിയോടനുബന്ധിച്ച് നടത്തിയ നോവല്‍മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കൃതി എന്നത് തന്നെയായിരുന്നു തെരെഞ്ഞടുപ്പിന്റെ മാനദണ്ഡം.

ജീവിക്കാനൊരിടം തേടിയുള്ള മനുഷ്യന്റെ യാത്രയ്ക്ക് മനുഷ്യോല്‍പത്തിയോളം പഴക്കമുണ്ട്. വിശപ്പ് എന്ന മഹാദുരന്തത്തെ മറികടക്കാനുള്ള ഉപാധിയായിട്ടാണ് ഇട

ങ്ങള്‍ തേടിയുള്ള മനുഷ്യന്റെ യാത്ര തുടരുന്നത്. രണ്ട് ആനന്ദങ്ങള്‍ക്കിടയില്‍ ത്രസിക്കപ്പെട്ട  ജീവന്റെ ആദ്യകണികകള്‍ രൂപപ്പെടുന്ന ഒന്നാമിടമെന്ന ഗര്‍ഭപാത്രത്തില്‍ വെച്ച് ജീവന്റെ ആദ്യതുടിപ്പുകള്‍ ലോകത്തിന്റെ ചലനങ്ങള്‍ പലതും തിരിച്ചറിയുന്നു . രണ്ടാമിടം അവന്‍ ജീവിക്കുന്ന വീടെന്ന യാഥാര്‍ത്ഥ്യവും ചുറ്റുപാടുമാണ്. വിശപ്പ് കഴിഞ്ഞാല്‍ പിന്നെ മനുഷ്യന്റെ ഏറ്റവും വലിയ ദയനീയത സ്‌നേഹ നിരാസങ്ങള്‍ തന്നെ. വിശപ്പിനും, സ്‌നേഹത്തിനുമപ്പുറമേ കാമമെന്ന അവന്റെ മുറ്റുവികാരങ്ങള്‍ക്ക് പ്രാധാന്യമുള്ളൂവെന്ന് രണ്ടാമിടങ്ങളില്‍ ബോധ്യമാകുന്നുമൂന്നാമിടങ്ങള്‍ വിശപ്പുമാറ്റുവാന്‍ അലഞ്ഞുതിരയുന്നവരുടേതല്ല, മറിച്ച് മനുഷ്യവികാരങ്ങളുടെ പൂര്‍ത്തീകരണം തേടിയലയുന്നവരുടെ കഥയാണ്. സ്‌നേഹത്തിന്റെ ഏറ്റവും നല്ല ഭാവങ്ങള്‍ തേടിയുള്ള തിരിച്ചറിവുകളുടെ തിരിച്ചുപോക്കാണ് മൂന്നാമിടങ്ങളില്‍  പ്രതിപാദിക്കുന്നത്. മൂന്നാമിടം തേടിയുള്ള മനുഷ്യന്റെ അലച്ചിലാണ് ഓരോ മനുഷ്യജീവിതവുമെന്ന് നോവല്‍ പ്രഘോഷിക്കുന്നു. സഹോദരന്റെ ഗര്‍ഭം പേറുകയും ആ കുഞ്ഞിനെ വളര്‍ത്തുകയും ചെയ്യേണ്ടിവരുന്ന ഇന്ദിരാദേവി എന്ന പ്രശസ്ത കവയത്രിയുടെ ജീവിതാനുഭവങ്ങള്‍ നോവല്‍ രൂപത്തില്‍ പ്രസിദ്ധീകരിക്കുന്ന സഹപ്രവര്‍ത്തകയായ ഡാലിയയുടെ എഴുത്തിലൂടെയാണ് നോവല്‍ പുരോഗമിക്കുന്നത്. ഡാലിയ, ഇന്ദിര, അഹല്യ എന്നീ മൂന്ന് സ്ത്രീകള്‍ നരേന്ദ്രന്‍ എന്ന ചിത്രകാരന്റെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിലൂടെ ചിത്രകലയും കവിതയും ഒരു മാലയില്‍ കൊരുത്ത മുത്തുമണികള്‍ പോലെ കാഴ്ചവട്ടത്തെ ആസ്വാദ്യമാക്കുന്നു. പ്രമേയം കൊണ്ട് ശ്രദ്ധേയമല്ലെങ്കിലും ആഖ്യാനത്തിലെ പുതുമവായനക്കാരിലുണ്ടാക്കു 
ന്നത് സമ്മിശ്രവികാരങ്ങളാണ്. നോവലിന്റെ പുതുമാനം കാത്തുസൂക്ഷിക്കാന്‍ എഴുത്തുകാരന്‍ കാണിച്ചിരിക്കുന്ന ശ്രമം ശ്രദ്ധേയം തന്നെ.
ഒരൊറ്റവായനയില്‍ ആസ്വദിക്കാവുന്നതല്ല മൂന്നാമിടം. ഓരോ അധ്യായത്തിനൊടുവിലും എഴുത്തുകാരിയുടെ പിന്‍കുറിപ്പ് കഥാപാത്രങ്ങളെ കുറിച്ചുള്ള 
ചില അഭിപ്രായപ്രകടനങ്ങള്‍ കഥാപാത്രങ്ങളെ വായനക്കാരന് മനസ്സിലാക്കികൊടുക്കണം എന്നുള്ള ബോധപൂര്‍വ്വമായ ചില സൂചനകളാണ്, 
പിന്‍കുറിപ്പിലൂടെ നോവല്‍ രചന സങ്കേതങ്ങളില്‍ ഒരു പുതുപരീക്ഷണം നടത്തിയിരിക്കുകയാണിവിടെ. ആ പുതുമയെ വായനക്കാര്‍ എങ്ങനെ സ്വീകരിക്കുമെന്നത് കാണേണ്ടിയിരിക്കുന്നു. 
സ്ത്രീജീവിതത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളിലെ പരിണാമശാസ്ത്രം മനോഹരമായി ആവിഷ്‌കരിച്ചിരിക്കുന്നു മൂന്നാമിടങ്ങള്‍. ഋതുമതിക്കാലം തുടങ്ങി അവളൊരു പെണ്ണായി പൂത്തുലയുന്നതും അമ്മയാവുക എന്ന പെണ്‍ജന്മത്തിന്റെ അഭിലാഷ പൂര്‍ത്തീകരണവും ഇന്ദിരാ ദേവിയെന്ന കവയത്രിയിലൂടെ സാധ്യമാകുന്നു. ഗര്‍ഭസ്ഥ ശിശുവിന്റെ ചലനങ്ങള്‍, കേള്‍വി എല്ലാം തന്നെ മനോഹരമായി ആസ്വദിപ്പിക്കുന്നു. ഒരു പക്ഷേ ഇന്ദിരാദേവിയെന്ന കവയത്രിയേക്കാള്‍ മനസ്സിനെ സ്വാധീനിച്ചത് അഹല്യ എന്ന കഥാപാത്രമാണ്. അഗ്നിപര്‍വ്വതങ്ങള്‍ ഉള്ളിലൊളിപ്പിച്ച ഒരു ഭൂമിയാണ് അഹല്ല്യ. സ്ത്രീ 
അങ്ങനെയായിരിക്കണം. പുരഷമേധാവിത്വത്തിനെതിരെ പൊട്ടിത്തേറിക്കുകയും, പുരുഷന്റെ സ്‌നേഹത്തിന് മുമ്പില്‍ മാത്രം തലകുനിക്കുയും ചെയ്യുന്നവള്‍. അഹല്യയെന്ന 
തന്റേടിയായ സ്ത്രീകഥാപാത്രത്തിന്റെ വികാരങ്ങളും വിചാരങ്ങളും ഈ നോവലിന്റെ ആകര്‍ഷണീതയാണ്. മടിയനായ ചിത്രകാരന് ഊര്‍ജ്ജം പകര്‍ന്നത് അഹല്യമാത്രമായിരുന്നു. പാത്രസൃഷ്ടിയില്‍ കാണിച്ചിരിക്കുന്ന സ്വാഭാവികതയും 
സൂക്ഷ്മതയും ഒരു ഇരുത്തം വന്ന എഴുത്തുകാരന്റെ അതുല്യമായ സര്‍ഗ്ഗവൈഭവത്തിന് ഉദാഹരണമാണ്. 
നരേന്ദ്രനെന്ന ചിത്രകാരന്റെ മനസ്സില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നതിനോടൊപ്പം സൃഷ്ടിയുടെ പൂര്‍ത്തീകരണത്തിലെത്തിക്കുന്നുവെങ്കില്‍ സ്ത്രീയെന്ന അസ്തിത്വത്തെ പൂര്‍ണ്ണതയിലെത്തിക്കാന്‍ സ്വയം പര്യാപ്തമല്ലെന്ന് തോന്നിയപ്പോള്‍ അതിനുള്ള മാര്‍ഗ്ഗമായി തേടിയത് സ്വന്തം സഹോദരിയെ തന്നെ. മൂന്നാമതൊരിടത്ത് ജനിക്കുന്ന കുഞ്ഞ് എന്ന സങ്കല്‍പം ഈ നേവലിനെ സ്വാധീനിച്ചിട്ടുണ്ടാകാം.
വളര്‍ത്തച്ഛനും ഗുരുവുമായ ബാബാ ആലം ഗുര്‍ഷിദിന്റെ വളര്‍ത്തുപുത്രനായി അറിയപ്പെടുമ്പോഴും സാറയുമായുള്ള ശരീരികബന്ധം മുന്‍കൂട്ടി പ്രതീക്ഷിക്കാന്‍ 
വായനക്കാരനാവുന്നു. രതിനൃത്തമെന്ന ഒറ്റ ചിത്രത്തിലൂടെ കല്‍ക്കത്തയിലെ അറിയപ്പെടുന്ന യുവ ചിത്രകാരനായി നരേന്ദ്രന്‍ മാറി. പൂര്‍ണ്ണവളര്‍ച്ചയെത്തിയ ഒരു കുട്ടിയുടെ ജന്മം പോലെയാണ് ഈ നോവലെങ്കിലും അപൂര്‍ണ്ണതയുടെ ഉള്‍ത്രസിപ്പിക്കല്‍…വായനക്ക് ശേഷം ഉള്ളുലയ്ക്കാനാകാത്ത പോലെ എന്തൊക്കെയോ ബാക്കിവെച്ചിരിക്കുന്നു. സുദീര്‍ഘമായ ഒരനുഭവമായി വായനക്കാരന്റെ മനസ്സില്‍ തങ്ങിനില്‍ക്കുന്നില്ല.
കരന്റും കാല്‍, വീക്കാന്‍ സമയമായി, തലകുത്തിച്ചാട്ടം, പൊട്ടക്കുണാപ്പന്‍, മണുക്കൂസ്, ഇണ്ണാമന്‍, തൊള്ളപൊളിയന്‍, മന്തക്കന്‍ ചെക്കന്‍ നാടന്‍പദങ്ങളുടെ സര്‍ഗ്ഗവസന്തം വിരിയിക്കുകയാണിവിടെ, ചിലയിടങ്ങളില്‍ അനുഭവേദ്യമാകുന്ന ഗ്രാമ്യഭാഷ വായനയെ താളാത്മകവും. ചില അധ്യായങ്ങള്‍ മുത്തശ്ശിക്കഥ പറയുന്നത് പോലെ ലളിതവും സുതാര്യവുമാക്കി വായനയെ വിഘ്‌നമില്ലാതെ കൊണ്ടുപോകുന്നു. സ്‌നേഹം മനസ്സില്‍ കാത്തുസൂക്ഷിക്കുകയും, അതൊരിക്കലും പ്രകടമാക്കുകയും ചെയ്യാത്ത ഒരച്ഛന്റെ മകനായിരുന്നു നരേന്ദ്രന്‍. സ്വന്തം അച്ഛന്റെ അവഹേളനവും ഹോസ്റ്റലിലെ ഒറ്റപ്പെടലും പ്രതിഷേധവും, സ്വന്തം അച്ഛമ്മയുടെ ദേഹവിയോഗവും കൂടുതല്‍ ഒറ്റപ്പെട്ടവനാക്കി. നരേന്ദ്രനില്‍ ഒരു ചിത്രകാരന്‍ രൂപപ്പെടുകയായിരുന്നു, എങ്കിലും ഹോസ്റ്റലിലെ ചുറ്റുപാടുകളുടെ, കത്രീനച്ചേടത്തിയുടെ സ്‌നേഹവും കരുണയും മത്രമായിരുന്നു ഏക ഒരാശ്വാസം
മനുഷ്യന്റെ ലൈംഗിക ചോദനകളെ തേനീച്ചകളുടെ ഹുങ്കാരത്തോടും ചീറ്റപ്പുലി
യോടും ഉപമിക്കുമ്പോള്‍ പറയാതെ പറയലിന്റെ രസം അനുഭവിക്കുവാനാകുന്നുണ്ട്. 
എങ്കിലും ഒറ്റവായനയില്‍ ഈ നോവലിന്റെ തുടര്‍ച്ചയെ മനസ്സിലാക്കിയെടുക്കുക 
പ്രയാസം തന്നെ.
സമൂഹത്തെ ഏതുതരത്തിലാണ് ഈ നോവല്‍ സ്വാധീനിക്കുന്നതെന്നറിയില്ല, ഒരു 
കലാസൃഷ്ടി സമൂഹത്തെ സ്വാധീനിക്കണമെന്നുണ്ടോ..? അടയാളപ്പെടുത്തുന്ന കാലത്തെ രാഷ്ട്രീയത്തെ ഏത് രീതിയിലാണ് നോവല്‍ സ്വാധീനിക്കുന്നത്.?  വ്യക്തികളി ലേക്കും, സ്വത്വത്തിലേക്കും മാത്രം ഈ നോവല്‍ ഒതുങ്ങിപ്പോകുമ്പോള്‍ എഴുത്തുകാരന്റെ സാമൂഹിക പ്രതിബദ്ധത എവിടെയോ നഷ്ടമാകുന്നില്ലേ എന്നൊരു തോന്നല്‍ വായനക്കൊടുവില്‍ ഉണ്ടാകാം. നരേന്ദ്രനെന്ന ചിത്രകാരന്റെ പ്രവാസ ജീവിതവും ആള്‍ദൈവ
ങ്ങള്‍ക്കെതിരെയുള്ള ചില ഉറച്ച വലിയശബ്ദങ്ങള്‍ ഒരു പക്ഷേ എഴുത്തുകാരന്റെ തന്നെ ആശയങ്ങളെ പ്രതിഫലിപ്പിക്കാന്‍ വേണ്ടി എഴുതിച്ചേര്‍ത്ത പോലെ അനുഭവപ്പെട്ടുവെങ്കിലും  നോവലിന്റെ ഒഴുക്കിനെ താളംതെറ്റിക്കുന്നില്ല.
 വാക്യഘടനയില്‍ സ്വീകരിച്ചിരിക്കുന്ന മിതത്വം ശ്രദ്ധേയമായി തോന്നി. കൊച്ചു
വാചകങ്ങള്‍ വായനാരസമുകുളങ്ങളെ ഉദ്വീപിപ്പിക്കുന്നു. ചടുലവും ഹൃദയാ
വര്‍ജ്ജകവുമായ ശൈലിയില്‍ വളച്ചുകെട്ടൊന്നുമില്ലാതെയുള്ള ആകൃത്രിമമായ 
ആഖ്യാനം തന്നെയാണ്. ഈ നോവലിന്റെ സവിശേഷതയെന്ന ജഡ്ജിംഗ് പാനലിന്റെ അഭിപ്രായത്തെ അടിവരയിടുന്നു.
വരും കാലങ്ങളില്‍ ഇനിയും നല്ല സൃഷ്ടികള്‍ പ്രതീക്ഷിക്കാം. അതിനായി മലയാ
ളികള്‍ക്ക് കാത്തിരിക്കാം

ഡിബോറ കട്ടെടുത്ത പുലര്‍ക്കാല സ്വപ്‌നങ്ങള്‍-അഞ്ജലി രാജേഷ്‌


രാത്രി മുഴുവൻ നെഞ്ചിനുള്ളിൽ ഉറുമ്പുകളരിച്ചു നടന്നു !!
മൂക്കത്ത് വിരൽ വച്ച പെണ്ണുറുമ്പുകൾ ...
നീണ്ട തലമുടിയും വിടർന്ന കണ്ണുകളുമുണ്ടായിരുന്ന
പെൺകുട്ടിയുടെ ചോര പുരണ്ടയാത്മാവ്
അവയുടെ തലയ്ക്കു മുകളിൽ പാറി നടന്നു ...
സലിം ഭായ്യുടെ ഡിബോറയെന്ന പുസ്തകത്തിന്റെ
തലക്കെട്ടാണ്
കൈരളി ബുക്സിന്റെ ഷെൽഫിൽ നിന്നും
അത് തെരഞ്ഞെടുക്കാൻ ഹൃദയത്തെ പ്രേരിപ്പിച്ചത് !
ആദ്യ കഥ വായിച്ചു തുടങ്ങിയപ്പോൾ ഹൃദയം
മറ്റൊരു ലോകത്തേയ്ക്ക് ചുവടു വച്ചു .
ശൂന്യാകാശത്ത് പാറി നടന്ന
ഇലക്ട്രോണിക് ഫ്ലാറ്റുകളെ പോലെ
കുറേനേരം അതവിടെത്തന്നെ തങ്ങി നിന്നു .
പിന്നെ ,തിരിച്ചിറങ്ങി ...കുന്നുകയറി..വനജയുടെ വിയർപ്പിന്റെ തെച്ചിപ്പൂ മണം നുകർന്നു ...
മട്ടൺ ബിരിയാണിയോട് വെറുപ്പുണ്ടാക്കിയത്
പണ്ട് സുഹൃത്തിന്റെ വീട്ടിലെ പെണ്ണാടിനു പ്ളാവില
കൊടുക്കുമ്പോൾ ,
അരികിൽ അകിടു മുട്ടിപ്പാലു കുടിച്ച കുഞ്ഞിന്റെ
കണ്ണുകൾ ...
ആടുകളുടെ ഗന്ധം പിന്നെ ഹൃദയം വെറുത്തു ..
ആടു ജീവിതം വായിച്ചപ്പോൾ
വെറുപ്പ്‌ വിതുമ്പലായി മാറി !
"മൂസാട്" വായിക്കുമ്പോൾ വീണ്ടും
ആ വിതുമ്പൽ ഹൃദയത്തിൽ ...
ഒടുക്കം ശൂന്യതയ്ക്കു കൊള്ളുന്ന ഇടിയുടെ
അർത്ഥമില്ലായ്മയിൽ ഹൃദയം നീറി ...
മൂസാടിന്റെ മണം മൂക്കിൻ തുമ്പ് വിടാൻ
കൂട്ടാക്കാതിരുന്ന നേരത്താണ് ,
ഹൃദയമൊരു "ഗന്ധക ഗന്ധം" പിടിച്ചെടുത്തത് .
സോദോം ഗോമോറയിലെ അവസാന സൂര്യാസ്തമയം നോക്കി
"അലീന "യിരിക്കുമ്പോൾ ഹൃദയം ചാവുകടലിനു മീതെ നടന്നു !!
അന്നേരമാണൊരു കാറ്റ് വീശിയത് ....
റോളാ സ്ക്വയറിലെ ആൽമരങ്ങളിൽ വീശിയടിച്ച മണൽക്കാറ്റ് !
മണൽക്കാറ്റിൽ വാടിയ ഹൃദയം "സുലൈമാനിക്കയെത്തേടി " ഗോധ്രയിലലഞ്ഞു ...
അലച്ചിൽ കഴിഞ്ഞു മടങ്ങുമ്പോൾ ,
ഒരു "നിഴൽക്കൂത്തിൽ " ഹൃദയത്തിന് വഴി തെറ്റി .
എഴുത്തിന്റെ പ്രണയ വഴികളിൽ ചെന്ന് നിന്ന ഹൃദയം
നിർന്നിമേഷയായി വായിച്ചു ..
" പ്രണയം വന്ന വഴിയിൽ ഈന്തപ്പനകൾ പൂത്തു "
ഒടുവിൽ പാതി വഴിയിൽ കട്ടായ പ്രണയ സല്ലാപത്തിൽ കണ്ണീരൊഴുക്കി !!
പിന്നെയൊരു "N 70 സീരീസ് മോഷണത്തിൽ " അമ്പരന്നു നിന്നു !!
കഥാകൃത്ത്‌ പറയുന്ന കഥകൾ നമ്മുടെ തലച്ചോറ്
ദഹിപ്പിക്കുകയെന്ന പ്രക്രിയയിലെ
സങ്കീർണ്ണതയുടെ ഏറ്റക്കുറച്ചിലുകളാണ്
ഓരോ കഥയെയും നമുക്ക് പ്രിയപ്പെട്ടതാക്കുന്നത് ..
ഒരു പുസ്തകം ഒന്നിലധികം തവണ വായിക്കുന്നതിനു
ഹൃദയം കണ്ടെത്തുന്ന രണ്ടു കാരണങ്ങളുണ്ട് :
ഒന്ന് - കടുകട്ടി സാഹിത്യം
രണ്ട് - ലാളിത്യത്തിന്റെ ഭംഗി
സലിം ഭായ് യുടെ കഥകൾ രണ്ടു തവണ വായിക്കാൻ
ഹൃദയം തുനിഞ്ഞതിന്റെ പിന്നിലെ കാരണം രണ്ടാമത്തേത് .
"ചിലർ അങ്ങനെയാണ് ..അവർ തെരഞ്ഞെടുത്ത വഴികളിലൂടെ മാത്രമേ സഞ്ചരിക്കൂ " എന്ന് സലിം ഭായ്
പറയുമ്പോൾ ഹൃദയം അതിശയിച്ചു , ഇനിയും കണ്ടെത്താത്ത സ്വന്തം വഴിയെക്കുറിച്ചോർത്ത് !
ഒടുക്കം പുസ്തകം മടക്കുമ്പോൾ ഹൃദയം ഇങ്ങനെ വീണ്ടും വായിച്ചു നിർത്തി :
"അനുഭവങ്ങൾക്ക് ശേഷമുള്ള ഓർമ്മകളാണ് പ്രണയം .
ആ ഓർമ്മകളാണ് നമ്മെയൊക്കെ ജീവിപ്പിക്കുന്നതും ".
--------------------------------------------------------
"ഡിബോറ " എന്ന പുസ്തകത്തിലൂടെ ഹൃദയം കടന്നു പോയത് ഇങ്ങനെയാണ് ...ഉജ്ജ്വലമായൊരു വായനാനുഭവം സമ്മാനിച്ചു കൊണ്ട് .
അക്ഷരസ്നേഹികൾക്ക് ഇതൊരു മുതൽക്കൂട്ടായിരിക്കും .
2016 ലെ വായിച്ചു മടക്കിയ പുസ്തകക്കൂട്ടത്തിലേയ്ക്ക്
ഡിബോറയും ...
ആശംസകൾ സലിം ഭായ് .

2016, മാർച്ച് 3, വ്യാഴാഴ്‌ച

ഡിബോറ വായിക്കുമ്പോൾ - രഹിൻ ഖാദർ





"ഡിബോറ" പേരിലെ കൗതുകം കൊണ്ട്‌ തന്നെയാണു കണ്ണിൽ ഉടക്കിയത്‌. അതെന്തായാലും വെറുതെ ആയില്ല. 

പതിനാലു ചെറുകഥകൾ പതിനാലു ലോകങ്ങളിലേക്കുള്ള വലിയ വാതായനങ്ങളിലൂടെ യോജനകൾ താണ്ടികുതിപ്പിച്ച ഒരു സൃഷ്ടി. 

ബെൻജമിന്റെ "ആട്‌ ജീവിതത്തിനു" ശേഷം ഒറ്റയിരിപ്പിൽ വായിച്ചു തീർക്കാൻ നിർബന്ധിതമായ കഥകൾ. 

ജനിച്ചിതുവരെ ഭൂമിയിലെ മൺതലങ്ങളിൽ തന്റെ പാദം തൊടാത്ത, ഭൂമിയെ തൊട്ട്‌ നടക്കാൻ കൊതിക്കുന്ന അംബര ചുംബികളായ കെട്ടിട വാസിയായ ഡിബോറ എന്ന പെൺകുട്ടി, ചന്ദ്രയാനിലേക്ക്‌ പോവാൻ ഉഴിഞ്ഞു വെച്ച ജീവിതം, അവളുടെ ശതകോടീശ്വരനായ പിതാവിന്റെ പൈലറ്റായ കാമുകനോടൊപ്പം മരണത്തിലേക്ക്‌ ക്രാഷ്‌ ലാന്റ്‌ ചെയ്യുന്ന മനോരഥസൃഷ്ടിയിൽ സലീം അയ്യനത്ത്‌ നമ്മളെ ഒരു ഭാവി ലോകത്തിന്റെ ഉമ്മറപ്പടിയിലെത്തിക്കുന്നു.

എന്നാൽ കൊശവത്തിക്കുന്നിന്റെ കഥയിൽ തികച്ചും ജീവിതങ്ങളിലുടെ നിഷ്കപടമായി കടന്ന് പോവുന്നു. അവിടെ കഥകൃത്തിന്റെ ബഹുലപ്രവീണമായ രചനാസിദ്ധി മനസ്സിലാവും. വാക്കുകളുടെയോ പ്രയോഗങ്ങളുടെയോ ആവർത്തനം ഒട്ടും തന്നെയില്ല എന്നത്‌ ശ്രദ്ധിക്കപ്പെട്ട മറ്റൊരു പ്രത്യേകത.

സാമൂഹിക വിഷയങ്ങളും ഭാവി പുരോയാനങ്ങളും ഗതകാലസുഖസ്‌മരണയുടെ നഷടമാണെന്ന് എവിടെയൊക്കെയോ സലീം വരച്ചുകാട്ടുന്നുണ്ടോ എന്ന് ഒരു സംശയം വായിച്ച്‌ കഴിഞ്ഞപ്പ്പോൾ തോന്നി.


03/03/2016