2013, ഡിസംബർ 22, ഞായറാഴ്‌ച

ദിക്കറിയാതെ...

ദിക്കറിയാതെ 


പരാജിതന്റെ മൗനവഴിയിൽ
വീണ്ടും മഴ കനയ്ക്കുന്നു...
പകലിനോട് തോൽവി സമ്മതിച്ച്
വെയിൽ പടിഞ്ഞാറ് ചായുന്നു...
പുഴയ്ക്കപ്പുറത്തെ ഞാവൽമരത്തിൽ
നിഴൽ പക്ഷികൾ ചേക്കേറുന്നു
പുഴയിറമ്പിലെ ഇലഞ്ഞി മരത്തിൽ
നിലാപ്പൂക്കൾ വിരിയുന്നു...
പഥികന്റെ നീറുന്ന മനസ്സിൽ
മണൽക്കാറ്റ്  കനലെരിയുന്നു
ദിക്കറിയാത്തവന്റെ പെരുവഴിയിൽ
പ്രണയം അപഥസഞ്ചാരം നടത്തുന്നു
പൂക്കളെ ചുംബിച്ച്
കാറ്റിനോട് സ്വകാര്യം പറഞ്ഞ്
കട്ടാറിൽ മുങ്ങിക്കുളിച്ച്
പരിചിതമാല്ലാത്ത സത്രങ്ങളിൽ
തല ചായ്ച്ച്...പുതപ്പ് നെയ്ത്
ദിക്കറിയാത്ത നശ്വരയാത്ര
ചിലത് നേടിക്കൊണ്ടേയിരുന്നു
മറ്റു ചിലത് നഷ്ടപ്പെട്ടു കൊണ്ടേയിരുന്നു
നഷ്ടവും നേട്ടവും സമ്മിശ്രമായ ജീവിതം
വേർപ്പെടുന്നതിന്റെ
അവസാന നിമിഷം വരെ
നിന്നിലലിഞ്ഞ് നിന്നെയറിഞ്ഞു
നിശബ്ദനായ് മഴതോരുന്നതും കാത്ത്.... 

23.12 .2013 

2013, നവംബർ 29, വെള്ളിയാഴ്‌ച

ഓടമരം

 ഓടമരം
കാറ്റേറ്റ് പിടയ്ക്കും ഹൃദയമേ
ഞാൻ കേൾക്കുന്നു മൗനമാം
നിൻ ദലമർമ്മരം
വിഗന്ധകം പൂത്തരാവുകളിൽ
ഞാൻ നിന്നിലൊരു മുരളീ നാദമായ്
നിൻ സ്പർശമെൻ
ആത്മ നിർവൃതിയായ് ...
നിൻ സുഷിര കാണ്ധങ്ങളിൽ
വന്നലയ്ക്കും നിസ്വനങ്ങളിൽ
കേൾക്കുന്നു ഞാനാധരിത്രിതൻ
കൊടിയ വിലാപങ്ങൾ
വരണ്ട കിനാക്കൾ തൻ
തപിക്കും അഗ്നികുണ്ധങ്ങൾ
ഒരിറ്റു സ്നേഹത്തിൻ അമൃതായ്
നിൻ ഉടലിലേക്കെൻ
ജല പ്രവാഹം
പാതിരാവിലെ മഴത്താളമായി
പതിയെ നീയെൻ അന്തരംഗത്തെ
തണുപ്പിക്കുക
സുഷിരങ്ങൾക്ക് മീതെയെൻ
വിരലുകൾ നൃത്തമാടുമ്പോൾ
നീയെനിക്കൊരു അവാച്യഗാനമാകുക
ജന്മാന്തര സുകൃതമാകുക
30 -11 -2013  

2013, ഒക്‌ടോബർ 18, വെള്ളിയാഴ്‌ച

ഡിബോറയിലെ ഉറുമ്പുകൾ പറയുന്നത് - പുസ്തകാസ്വാദനം, പ്രതീഷ് പി.സി





'ഡിബോറയിലെ ഉറുമ്പുകള്‍ പറയുന്നത്'  


കലാകാരന്‍ എപ്പോഴും സാമൂഹിക പ്രതിബദ്ധത ഉള്ളവന്‍ ആയിരിക്കുന്നത് അവന്‍റെ കലയിലൂടെ അവന്‍ സമൂഹത്തോട് സംവധിക്കുമ്പോഴാണ്. സലീമിന്‍റെ ഓരോ കഥകളിലും സമൂഹത്തിനുള്ള സന്ദേശമുണ്ട്, അല്ലെങ്കില്‍ ഒരു മുന്നറിയിപ്പുണ്ട്. അതാണ് ഒരു യഥാര്‍ത്ഥ കലാകാരന്‍റെ ധര്‍മ്മം എന്നു ഞാൻ വിശ്വസിക്കുന്നു.

മാനവരാശി നേരിട്ടുകൊണ്ടിരിക്കുന്ന മൂല്യച്യുതി വരച്ചുകാട്ടുന്ന കഥയാണ് “ഉറുമ്പിന്‍ തെരുവിലെ നക്ഷത്രങ്ങള്‍”. “നമ്മള്‍ കുഞ്ഞു ജീവികളായത് എത്ര നന്നായി. മനുഷ്യന്‍റെ കാമ കാഴ്ചയിലൊരു നിഴല്‍ വെട്ടമായിരുന്നെങ്കില്‍ നമ്മുടെ കുട്ടികളും...” കഥയിലെ പെണ്ണെഴുത്തുകാരി പുളിയന്‍ രാധയുടെ ആത്മഗതം കഥാകൃത്തിന്റെ തന്നെ ആത്മഗതമാണ്. മാത്രമോ, ഒന്നാലോചിച്ചാല്‍ നാമോരോരുത്തരുടെയും ആത്മഗതമായി അത് മാറും. അതുപോലെയാണ് നമ്മുടെ സമൂഹം മാറിക്കൊണ്ടിരിക്കുന്നത്, കണ്ണടച്ച് തുറക്കുന്ന അതെ വേഗത്തില്‍.

റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ കുറ്റി കാട്ടില്‍വെച്ചു മാനഭംഗതിന്നു ഇരയാകപ്പെടുന്ന ഒരു കൊച്ചു മാര്‍വാഡി പെണ്‍കുട്ടി, അവളെ സഹായിക്കാന്‍ ആവുന്നത്ര ശ്രമിച്ചിട്ടും ഒരു പ്രയോജനവുമില്ലാതെ പിന്മാറേണ്ടി വരുന്ന അവസ്ഥ. ആക്രമിക്കാന്‍ ആയുധങ്ങളില്ലാത്ത, പൊരുതി നില്‍ക്കാന്‍ ത്രാണിയില്ലാത്ത അവസ്ഥയില്‍ ഘ്രാണ ശക്തിയില്‍ മാത്രം പ്രബലരായതുകൊണ്ട് എന്ത് കാര്യം എന്ന ചോദ്യം ഉറുമ്പ്‌ മഹാസഭയുടെ അധ്യക്ഷന്‍ ചോദിക്കുന്നത് പ്രതികരണ ശേഷി നഷ്ടപെട്ടുകൊണ്ടിരിക്കുന്ന നമ്മുടെ സമൂഹത്തിനു നേരെയാണ്.

കഥാകൃത്തിന്റെ രോഷവും, ആത്മ സംഘര്‍ഷങ്ങളും ഇതുപോലെ ഓരോ കഥകളിലും അനുഭവേദ്യമാകുന്നുണ്ട്, ഒപ്പം വായനാ സുഖം തരുന്നതിലും കഥാകൃത്ത്‌ ഒട്ടും പിറകിലല്ല എന്നതും സത്യം.

“ഡിബോറ” എന്ന ആദ്യ കഥ വായിക്കുമ്പോള്‍ തന്നെ നമുക്കിത് തിരിച്ചറിയാന്‍ പറ്റും. ഫാന്‍റെസിയുടെ അതി പ്രസരണമാണ് കഥയിലുടനീളം. പ്രണയത്തിന്‍റെയും, ആകാംക്ഷയുടെയും, നിരാശയുടെയും വിവിധ തലങ്ങള്‍ വളരെ തന്മയത്വതോട് കൂടെ വായനക്കാരനെ അനുഭവിപ്പിക്കുന്നതോടൊപ്പം “അങ്ങനെയെങ്കില്‍ നമ്മള്‍ മാത്രം രക്ഷപെട്ടാല്‍ മതിയോ” എന്ന ഡിബോറ യുടെ ചോദ്യം തറഞ്ഞു കേറുന്നത് ഓരോ മലയാളിയുടെയും സ്വാര്‍ത്ഥതയിലെക്കാണ. ചന്ദ്രനിലേക്ക് കുടിയേറി പാര്‍ക്കുന്നതിനു മുന്നോടി ആയുള്ള ശൂന്യാകാശത്തിലെ വാസത്തില്‍, സാര്‍വലൌകികതയുടെ മടിത്തട്ടില്‍ വിമ്മിഷ്ടപെട്ടു കൊണ്ടിരിക്കുന്ന ഡിബോറ പക്ഷെ ഭൂമിയിലേക്ക്‌ പോകാനാണ് ആഗ്രഹിക്കുന്നത്. ഈ സൌഭാഗ്യങ്ങളില്‍ എല്ലാം അസ്വസ്ഥയായ അവള്‍ ആഗ്രഹിക്കുന്നത് “റസല്‍” മായുള്ള പ്രണയവും, ഭൂമിയിലേക്കുള്ള പറക്കലും ആണ്. മാനുഷികമായ വികാരങ്ങള്‍ക്ക് മുന്‍‌തൂക്കം കൊടുക്കാന്‍ കഥാകൃത്ത്‌ കാട്ടുന്ന ഈ മിടുക്കാണ് അസ്വാഭാവികതയിലെ സ്വാഭാവികതയായി വായനക്കാരന് അനുഭവപ്പെടുന്നത്.

“ഡിബോറ” യില്‍ നിന്നും “കൊശവത്തിക്കുന്നു” ലേക്ക് ഒരുപാട് ദൂരം ഉണ്ട്. ഒരു നാട്ടിന്‍പുറത്തിന്‍റെ, ഒരു സംസ്കാരത്തിന്‍റെ, മണ്‍പാത്ര വ്യവസായത്തിന്‍റെ തകര്‍ച്ച, അതാണ്‌ “കൊശവത്തിക്കുന്നു”. അലൂമിനിയം, സ്റ്റീല്‍ പാത്ര വ്യവസായത്തിന്‍റെ, ഉപഭോഗ സംസ്കാരത്തിന്‍റെ, ആഗോളവത്കരണത്തിന്‍റെ കടന്നു കയറ്റം കാരണം കൊശവത്തികുന്നില്‍ പൊടിപിടിച്ചു കിടക്കുന്ന പാത്രങ്ങള്‍ കൊണ്ട് ഗ്രാമം ചുകന്നു, മറ്റൊരു ചുകന്ന തെരുവ് പോലെ എന്നാണു കഥാകൃത്ത്‌ പറയുന്നത്. ബിംബങ്ങള്‍ പ്രതീകങ്ങള്‍ ആകുമ്പോള്‍, നമ്മുടെ മനസ്സില്‍ ഉയര്‍ന്നു വരുന്ന ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ ആകുന്നു.

പുരാണങ്ങളിലെ “സോദോം” & “ഗോമോറ” യും ഒരിക്കല്‍ കൂടെ ഗന്ധക ഭൂമിയിലൂടെ പുനരാവിഷ്കരിക്കപെടുന്നു. സ്വവര്‍ഗരതിയുടെ വൈചിത്ര്യതയും അസ്വസ്തതയും ആണ് കഥാകൃത്ത്‌ ഇവിടെ നമുക്ക് പറഞ്ഞു തരുന്നതു.

നാട്ടിന്‍പുറത്തെ പ്രണയവും ആചാരങ്ങളും നമുക്ക് പരിചിതമാക്കി തരുന്ന “മൂസാട്”. അങ്ങനെയങ്ങനെ 14 വ്യ്ത്യസ്തങ്ങള്‍ ആയ കഥകള്‍. വായനക്കാരന് ഇവയോരോന്നും ഓരോ അനുഭവങ്ങളാണ്. ആയിരിക്കും തീര്‍ച്ച.

അതെ, ഇനി സലിം കഥ പറയട്ടെ.... ഡിബോറ, തുന്നല്‍ പക്ഷിയുടെ വീട്... ആ എഴുത്ത് നിര്‍ബാധം തുടരട്ടെ. പ്രിയ കഥാകൃത്തിനു എല്ലാവിധ ആശംസകളും..



പ്രദീഷ് പി.സി.
ഷാര്‍ജ
18-10-2013


2013, ഒക്‌ടോബർ 16, ബുധനാഴ്‌ച

ബലിമൃഗങ്ങൾ


ബലിമൃഗം  ഒന്ന്                                                 ബലിമൃഗം  രണ്ട്
ബലി പ്രതീകാത്മകം                                          ഒരു ബലിമൃഗവും അറവു കാത്ത്
സ്വയം സമർപ്പിതം                                             കിടക്കുന്നില്ല
തന്റെ ഇച്ച്ചക്കുമേൽ                                       കാത്തുകിടന്നതും ഉറക്കമിളച്ചതും
ദൈവേച്ച്ചയെ പ്രതിഷ്ടിക്കൽ                          കശാപ്പുകാരൻ മാത്രം
എഴുതാനും വായിക്കാനും                                     പടിഞ്ഞാറസ്തമിക്കുന്ന
പ്രണയിക്കാനും പഠിപ്പിച്ചവന്റെ                       സൂര്യന്റെ ചുവന്ന കണ്ണുകളും
കാരുണ്യധികേരത്തിന്  മുമ്പിൽ                          കൂർത്ത നഖങ്ങൾ ഒളിപ്പിച്ചുവെച്ച
ത്യജിക്കുന്നവനെ നേടിയിട്ടുള്ളൂ                            വിരലുകളുടെ തലോടലുകളും
നേടിയവനോ അഹന്തയിൽ                               ദ്രംഷ്ടങ്ങൾ പൂഴ്ത്തിവെച്ച
നേടിയതൊക്കെ ത്യജിക്കുന്നു                               ചുംബനങ്ങളുമുണ്ടാ പിശാചിന്
സഫാ മർവ കുന്നുകൾക്കിടയിലെ                      കാണാനാവും സരിൻ പൊട്ടിയൊലിച്ച
ഊഷരതയിൽ ഓടിത്തളർന്ന                             തെരുവോരങ്ങളിൽ
ഒരു മാതാവിന്റെ പ്രതീക്ഷ                                 കത്തിക്കരിഞ്ഞ പട്ടണങ്ങളിൽ
മകനെ ബലിയര്പ്പിക്കണമെന്ന                        നാവു തുറിച്ച് കണ്ണുകൾ പാതിയടഞ്ഞു
ദൈവാജ്ഞയെ ശിരസ്സാവഹിച്ച                        കുഞ്ഞാടുകളെന്നു  തോന്നിക്കുമാ
ഒരു പിതാവിന്റെ ദൃഡനിക്ഷയം                        മനുഷ്യ ജന്മങ്ങളെ
താൻ ദൈവേഛയ്ക്കായ്‌                                         ഇന്നിന്റെ കൈകളിൽ
ബാലിപീഠമേറെണ്ടവനാനെന്നറിഞ്ഞിട്ടും          നാമെന്നും ബലിമൃഗങ്ങൾ.....
തിളങ്ങുന്ന ബലിയായുധവുമായി
മുമ്പേ നടന്ന ഒരു മകൻ
കാണാനാവില്ലയിനി
ഇതുപോലെയൊരു  മാതാവിനെ
പിതാവിനെ മകനെ....

2013, സെപ്റ്റംബർ 25, ബുധനാഴ്‌ച

കഥ കാലം പോലെ ...ഡിബോറ (അവതാരിക) ശ്രീ ആലങ്കോട് ലീലാകൃഷ്ണൻ


കഥ കാലം പോലെ ...ഡിബോറ (അവതാരിക) ശ്രീ  ആലങ്കോട് ലീലാകൃഷ്ണൻ 
ശ്രീ സലീം അയ്യനത്തിന്റെ ഡിബോറ എന്ന സമാഹാരത്തിലെ കഥകൾ എല്ലാ അർത്ഥത്തിലും എന്നെ അത്ഭുതപ്പെടുത്തി ഈ കഥാകൃത്ത്‌ പ്രവാസി എഴുത്തുകാരുടെ സംവരണ മണ്ഡലത്തിൽ നിർത്തി ജയിപ്പിക്കപ്പെടെണ്ട എഴുത്തുകാരനല്ല മലയാളത്തിലെ മുഖ്യധാരയിൽ എഴുതുന്ന ഏതു കഥാകാരനുമോപ്പം കസേര വലിചിട്ടിരിക്കുവാൻ പോന്ന ഭാവുകത്വവികാസം സലീം അയ്യനത്തിന്റെ കഥകൾ പ്രകടിപ്പിക്കുന്നു ഡിബോറ എന്ന കഥ തന്നെ ഇതിനു ഉദാഹരണം
അക്ഷരാർഥത്തിൽ ഇത് വരും കാലത്തിന്റെ കഥയാണ് അസാധാരണമായ ക്രാന്തധ്ര്ഷിത്വതോടെ വരും കാലം എഴുതുമ്പോൾ തന്നെ അൽഭുധകരമയ സ്വാഭാവികതയോടെ കഥയെ സമകാലികമാക്കാനും അയ്യനത്തിന് കഴിയുന്നു. ജനിച്ചതിൽ പിന്നെ ഇതുവരെ ഭൂമിയെ സ്പർശി ചിട്ടില്ലാത്ത മനുഷ്യ പെണ്‍കിടാവാണ് ഇതിലെ ഡിബോറ എന്ന കഥാപാത്രം,  ചന്ദ്രയാൻ യാത്രക്ക് വേണ്ടി തിരഞ്ഞെടുക്കപ്പെട്ട കുടുംബത്തിലെ അംഗം. ലോകത്തിലെ പ്രമുഖ വ്യവസായികളിലോരാളായ  നിമിഷങ്ങള്ക്ക് കോടികളുടെ വിലയുള്ള ഒരു മനുഷ്യന്റെ മകൾ. എന്നിട്ടും അവൾക്ക് ജൈവമായ പ്രണയ മുണ്ടായി. പപ്പയുടെ വിശ്വസ്തനായ പൈലറ്റായ റസലിനോട്
റസൽ ഡിബോറയോടു ഒര്മാപ്പെടുത്തുന്നുണ്ട്
അമ്പതാം നിലയിൽ നിന്നും താഴേക്ക്‌ സഞ്ചരിക്കുവാൻ നിയമം അനുവധിക്കില്ലെന്ന കാര്യം ഡിബോറ നീ മറന്നുവോ…?
തണുത്ത മാർബിൾ തറയിലും മൃതുലമായ കാര്പ്പെറ്റിലും ഓടിക്കളിച്ചിരുന്ന ബാല്യം കെട്ടിടങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന കൊണ്ഗ്രീട്ടു പാലങ്ങളിലൂടെ മാത്രമുള്ള സഞ്ചാരങ്ങൾ അവൾക്ക് വേണ്ടി പപ്പാ വാങ്ങിക്കൂട്ടിയ ശൂന്യ കാശത്തിലെ ഇലക്ട്രോണിക് ഫ്ലാറ്റുകൾ എന്നിട്ടും എത്രമാത്രം ദുഖിതയായിരുന്നു ഡിബോറയെന്ന പെണ്‍കുട്ടി എന്നാണ് സലീം അയ്യനത്തിന്റെ കഥ പറയുന്നത് .
ഈ ദുഖം തന്നെയാണ് കഥയുടെ സത്യം. പരിപൂർണമായും ഭൂമി വിട്ടുള്ള ഈ ജീവിതം നമ്മുടെ നേരനുഭവമല്ല. എന്നാൽ നേരനുഭവത്തെക്കാൾ ഏറെ യാഥാര്ത്യമായി നാമോരോരുത്തരും ഇപ്പോഴും അതനുഭവിച്ചു കൊണ്ടിരിക്കുന്നു.
വിർച്വൽ റിയാലിറ്റിയും ഹൈപ്പര് റിയാലിറ്റിയു മൊക്കെ ചേർന്ന്  യാഥാര്ത്യത്തെ അനുഭവ ബോധ്യങ്ങല്ക്ക് അധീതമാക്കിയിരിക്കുന്ന കാലത്തിന്റെ എഴുത്താണ് ഡിബോറ . ഇതു ഒരേ സമയം വരും കാലത്തിന്റെ യാഥാര്ത്യത്തെയും സമകാലത്തിന്റെ അതി യാഥാര്ത്യത്തെയും നേരിടുന്നു.
എന്നാൽ നേർക്കുനേർ വിനിമയം സാധ്യമാക്കുന്നതും ലളിതവുമായ കഥ പറയൽ രീതിയുടെ സമർത്ഥമായ നിർവഹണം കൊണ്ട് കഥ നമുക്ക് അത്രമേൽ സ്വാഭാവികമായ ജീവിത യാഥാര്ത്ത്യ വുമായി ത്തീരുന്നുഡിബോറ എന്ന കഥ മാത്രമല്ല ഈ സമാഹാരത്തിലെ ഒട്ടുമിക്ക  കഥകളും നമ്മെ  ഓർമപ്പെടുത്തുന്ന വിഹ്വലമായ ഒരു മനുഷ്യ യാഥാർത്ഥ്യമുണ്ട്  നമുക്ക് സ്നേഹിക്കുവനുള്ള കഴിവ് നഷ്ടപ്പെട്ടു പോയിരിക്കുന്നു എന്ന ജൈവദുരന്തമാണത്
നാം പലതും നേടിയിരിക്കുന്നു. അളവറ്റ സുഖ സൌകര്യങ്ങൾ, അറിവ് ,സമ്പത്ത് എന്തിന് ശൂന്യകാശത്തിലെ സുഖ സൌകര്യങ്ങൾ പോലും പക്ഷെ ഭൂമി മനുഷ്യന് നല്കിയ വിശിഷ്ടമായ വരം നമുക്ക് നഷ്ടപ്പെട്ടു പോയിരിക്കുന്നു. അത് സ്നേഹമാണ് .സ്നേഹത്തെക്കുറിച്ചുള്ള പ്രാഥമികയാഥാര്ത്യങ്ങളെ മറികടന്ന് സ്നേഹവും മരണവും  ഒന്നായിത്തീരുന്ന ആത്മീയാനുഭാവത്തിലെക്ക് ഡിബോറ എന്ന കഥ ഉയര്ത്തപ്പെടുന്നുണ്ട്    നേർച്ചക്കൊറ്റനെ കുറിച്ചുള്ള കഥയിൽ (മൂസാട്) പ്രണയവും ഹിംസയും ഇണചേരുന്നുണ്ട്
ഗന്ധകഭൂമി അലീനയോടു പറഞ്ഞത് എന്ന കഥ നൂറ്റാണ്ടുകൾക്ക് മുമ്പ് വേദഗ്രന്ധങ്ങളിൽ പ്രതിപാദിച്ച സ്വവര്ഗ്ഗ ലൈംഗികതയെ ആധുനിക സമൂഹത്തിന്റെ ലൈംഗിക ആഭാസങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന നല്ലൊരു കഥയാണ്.
ശാസ്ത്രം പ്രണയിക്കുമ്പോൾ എന്ന കഥയിൽ ഒരു പ്രാര്ത്ഥനയുണ്ട്. ഉപ്പ മരിക്കുന്നതിന് എന്നെ കൊണ്ട് പോകണേ എന്നു കേണുകൊണ്ടിരു ഉമ്മയുടെ പ്രാര്ത്ഥന.
ഇവിടെയൊക്കെ സ്നേഹം ഏതു വിധമാണ് മരണത്താൽ വിമലീകരിക്കപ്പെടുന്നത് എന്ന ആത്മീയാനുഭവം സലീം അയ്യനത്ത് വെളിപ്പെടുത്തുന്നു.   

അതുകൊണ്ടാണ് ഡിബോറയുടെ ആകാശ ജീവിതത്തിൽ നിന്ന് വനജയുടെ കൊശവത്തിക്കുന്നിലേക്ക് വളരെയൊന്നും ദൂരമില്ലെന്നു സലീം അയ്യനത്ത് അറിയുന്നത്.ദൂരം സ്ഥലങ്ങളുടെയോ കാലങ്ങളുടെ യോ അല്ല സ്നേഹ ശൂന്യതയുടെതാണ് എന്ന് ഈ എഴുത്തുകാരൻ ആഴത്തിൽ അറിഞ്ഞിരിക്കുന്നു.
ഏറ്റവും  നവീനമായ ഭാവുകത്വത്തെ  സ്വീകരിച്ചു കൊണ്ട് തന്നെ ഗ്രാമീണനായ പഴയൊരു കഥ പറചിലുകാരന്റെ സത്യ സന്ധതയോടെ നേർക്കു നേരെ കഥ പറയാനും ഈ കഥാ കൃത്തിന് കഴിയുന്നു 

ഗോദ്രയിലെ ചുട്ടെരിക്കപ്പെട്ട മനുഷ്യരും, മനുഷ്യന്റെ ആശ്വ മേധത്തിനിടയിൽ ഞെരിഞ്ഞമർന്ന ഉറുമ്പുകളും ഒരു  പോലെ ഈ കഥാ കൃത്തിനെ വേദനിപ്പിക്കുന്നുണ്ട് . അത്തരം വേദനകളുടെ വേദാന്തങ്ങളാണ് യ്യനത്തിന്റെ ഓരോ കഥകളും     ഈ കഥകൾ വ്യാഖ്യാനിച്ച് നിരൂപണം ചെയ്യാനുള്ള വയല്ല, വായിച്ചു വേദനിക്കാനും വിഷാദിക്കനും സ്വയം നവീകരിക്കാനു മുള്ളവയാണ്‌ അതിനാൽ തന്നെ ഈ നല്ല കഥാകാരനും വായനക്കാരനുമിടയിൽ ഒരു തടസ്സമായി നില്ക്കാതെ ഈ കഥകൾ ഞാൻ അനുഭവിച്ചിരിക്കുന്നു എന്ന് മാത്രം സാക്ഷ്യപ്പെടുത്തി ക്കൊണ്ട് സലീമിന് എഴുത്തു ജീവിതത്തിൽ എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു 
സ്വന്തം 
ആലങ്കോട് ലീലാകൃഷ്ണൻ 




2013, ഓഗസ്റ്റ് 24, ശനിയാഴ്‌ച

പുറത്താക്കപ്പെട്ടവന്റെ മണ്ണ്

ദലയുടെ സാഹിത്യോൽസവത്തിൽ പങ്കുടുക്കാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു..
ഇത്ര ചിട്ടയോടെ സാഹിത്യ സമ്മേളനങ്ങൾ നടത്താൻ ഒരു പക്ഷെ കേരളത്തിൽ പറ്റുമോ...ഇനി അങ്ങനെയാണെങ്കിൽ തന്നെ ഇത്രയേറെ ആളുകൾ പങ്കെടുക്കുമോ..എല്ലാവര്ക്കുംവർണങ്ങളിലും,തിളക്കങ്ങളിലുമല്ലേ താല്പര്യം...ഇങ്ങനെ മാറിയിരുന്നു മനുഷ്യനും പ്രകൃതിക്കും എന്തൊക്കെയോ സംഭവിക്കുന്നുണ്ട് എന്ന്‌ വിലപിക്കുന്നവരെ വർണങ്ങളിലും താരത്തിലക്കങ്ങളിലും ഒരു പക്ഷെ കണ്ടെന്നു വരില്ല..

രാവിലെ മുതൽ എല്ലാ ചര്ച്ചകളിലും പങ്കെടുക്കാൻ കഴിഞ്ഞു...മനുഷ്യന് മനസ്സിലാകുന്ന ഭാഷയിൽ അവൻ ജീവിക്കുന്ന പരിസരത്തെ അടയാളപ്പെടുത്തുക അതിലൂടെ അവനെ അനുഭവിപ്പിക്കുക ഇതാണ് നോവലിന്റെ കവിതയുടെ കഥയുടെ ധര്മ്മമെന്നു ഞാൻ മനസിലാക്കുന്നു...എഴുത്തിനു കൂടുതൽ ഊർജ്ജം പകരാൻ ഈ സാഹിത്യോല്സവത്തിനു കഴിഞ്ഞു എന്നുള്ളതിൽ സന്തോഷിക്കുന്നു
അതിനിടയിൽ കവിത ചര്ച്ച വേളയിൽ ഒരറിയിപ്പ് വന്നു...."പുറത്താക്കപ്പെട്ടവൻ" എന്ന വിഷയത്തെ കുറിച്ച് ഒരു എട്ടുവരി കവിത എഴുതാൻ ഉടനെ എഴുതി പഴയ സ്കൂൾ വിദ്യര്ത്തിയുടെ ഊർജ്ജ സ്വലത യോടെ
കിട്ടി ഒന്നാം സ്ഥാനം ശ്രീ പ്രഭാവർമ്മയിൽ നിന്നും ചിതംബര സ്മരണ(ബാലചന്ദ്രൻ ചുള്ളിക്കാട്) ഏറ്റുവാങ്ങി, കവിത അത് പ്രണയമാണ് നാഭിയിൽ നിന്ന് ഹൃദയ ത്തിലേക്കുള്ള ഒരു നേർരേഖ

ആ എഡിറ്റ് ചെയ്യാത്ത കവിത ഇവിടെ വായിക്കൂ


പുറത്താക്കപ്പെട്ടവന്റെ മണ്ണ്
____________________________
ഭൂമിയുടെ മറ്റൊരു കോണിൽ
ഷെല്ലുകലെ ഭയന്നോടുന്നവേരുടെ
ഭീകരമായ നിലവിളി
കാതിൽ വന്നു മുഴങ്ങുന്നുണ്ട്
ഇവിടെ കൃത്രിമ തണുപ്പിലിരുന്നു
സാഹിത്യത്തിലെ
ആധുനികതയും
ഉത്തരാധുനികതയും
"മാങ്ങാത്തൊലി"
രാജ്യം വിട്ടോടുന്നതിനു മുൻപ്
ഞാനെന്റെ മണ്ണിനെ അവസാനമായൊന്നു
ചുംബിക്കട്ടെ...പുറത്താക്കാപ്പെട്ടവന്റെ
ചുംബനം അതെത്ര തീക്ഷ്ണമാണ്

2013, ജൂലൈ 8, തിങ്കളാഴ്‌ച

സ്വരുമ രചനാ മത്സരം : പുരസ്കാരങ്ങള്‍ സമ്മാനിച്ചു

സ്വരുമ രചനാ മത്സരം : പുരസ്കാരങ്ങള്‍ സമ്മാനിച്ചു
ദുബായ് : സ്വരുമ കലാ സാംസ്‌കാരിക വേദി യുടെ പത്താം വാര്‍ഷിക ത്തിന് നടത്തിയ രചനാ മത്സര വിജയി കള്‍ക്കുള്ള പുരസ്കാരങ്ങള്‍ സമ്മാനിച്ചു. കഥാ രചനാ വിഭാഗ ത്തില്‍ സലീം അയ്യനത്തിന്റെ ‘എച്ച് ടു ഒ’ ഒന്നാം സ്ഥാനം നേടി.
സോണിയാ റഫീഖിന്റെ ‘വെരോളി യിലെ സാധാരണ ക്കാരന്‍’ കഥാ രചനാ വിഭാഗ ത്തില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജു സി. പരവൂരിന്റെ ‘സതീ ദേവിയും ഒരമ്മ യാണ്’ മൂന്നാം സ്ഥാനം നേടിയ കഥ.
കവിതാ രചനാ വിഭാഗ ത്തില്‍ രഘുനന്ദന്‍ മാഷ് രചിച്ച ‘തലയിണ’ ഒന്നാം സ്ഥാനവും ആര്‍. സന്ധ്യ യുടെ ‘ബന്ധങ്ങള്‍’ രണ്ടാം സ്ഥാനവും നേടി.
ബഷീര്‍ തിക്കോടി, ഷാജി ഹനീഫ്, ലത്തീഫ് മമ്മിയൂര്‍, സമദ് മേലടി സുരേന്ദ്രന്‍ മാസ്റ്റര്‍, മംഗലത്ത് മുരളി എന്നിവര്‍ ആയിരുന്നു വിധി കര്‍ത്താക്കള്‍.

2013, മേയ് 20, തിങ്കളാഴ്‌ച

ജീവരാഗം പുരസ്‌കാരം മലയാളക്കരയെ തൊട്ടറിഞ്ഞ നിമിഷങ്ങൾ - അനുഭവം

ഷാർജയിൽ നിന്നും കൊച്ചിയിലേക്ക് എയർ അറേബ്യക്ക്  
കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്ക്  ആനബസ്സിൽ 
കുറച്ച് ക്ലേശിച്ചു വെങ്കിലും പുലർച്ചെ മൂന്നരക്ക് തലസ്ഥാന നഗരിയിൽ 
അവിടെ നിന്നും ഓട്ടോറിക്ഷക്ക്‌  ദുബൈ ഇന്റർനാഷണൽ ഹോട്ടലിൽ 
ചെന്നപാടെ നന്നായൊന്നു കുളിച്ചു, എ സി മുറിയായിരുന്നു..എന്തോ ഒറ്റക്ക് കിടക്കാൻ വല്ലാത്തൊരു പേടി...കടലിനക്കരെ പ്രിയതമയും കുട്ടികളും അവർ ഒറ്റക്കനെന്നുള്ള ചിന്ത മനസ്സിനെ വല്ലാതെ  മഥിക്കുന്നു ...എപ്പഴോ ഉറങ്ങി 
ഉണർന്നപ്പോൾ നേരം വല്ലാതെ വെളുത്തിരിക്കുന്നു 
തലസ്ഥാന നഗരിയിൽ പരിചയക്കാരി ആരുമില്ല എന്റെ കൂടെ സ്കൂളിൽ ജോലി ചെയ്തിരുന്ന ഒരു ടീച്ചർ ഉണ്ടായിരുന്നു പേര് ഷജീല മലയാളം അധ്യാപിക യായിരുന്നു 
അവരെ വിളിച്ചു ഉച്ചയാകുമ്പോൾ അവരും കുട്ടികളും വന്നു..സന്തോഷം തോന്നി അറിയുന്ന ചിലരെങ്കിലും ഉണ്ടല്ലോ...?
ഉച്ചക്ക് ജീവരാഗം മാസികയുടെ മാനേജിംഗ് എഡിറ്റർ ശ്രീ ഇടവ ഷുക്കൂറും സുഹൃത്തുക്കളും 
വന്നു അവരുടെ കൂടെ തിരുവനന്ത പുറം പ്രസ്‌ ക്ളബ്ബിൽ തൊട്ടടുത്തുള്ള മന്നം ക്ളബ്ബിൽ നിന്നും ഉച്ച ഭക്ഷണം നാടൻ വിഭവങ്ങൾ അടങ്ങിയ സ്വാദിഷ്ടമായ സദ്യ 
ഡോ എം എ കരീം സാറെ പരിചയപ്പെട്ടു തീര്ത്തും ഒരു രസികൻ..സാഹിത്യത്തിൽ അദ്ധേഹത്തിന്റെ ജ്ഞാനം അപാരം തന്നെ അവാർഡ്‌ കമ്മറ്റിയിലെ ഒരംഗമായിരുന്നു 
അവാർഡു നിർണയത്തിലെ സുധാര്യത യെ പറ്റി പറഞ്ഞപ്പോൾ ഒരു പാട് സന്തോഷം തോന്നി ഒപ്പം അഭിമാനവും തോന്നി 
മലയാളക്കരയിൽ ഡിബോറ ശ്രദ്ധിക്കപ്പെട്ടല്ലോ... മന്ത്രിമാർ പരിവരങ്ങളില്ലാതെ സമയത്ത് തന്നെ എത്തിയത് കൊണ്ട് അവാര്ഡ് ദാനം കൃത്യ സമയത്ത് തന്നെ തുടങ്ങനായത് തലസ്ഥാന നഗരിയുടെ മാത്രം പ്രത്യേകതയാകാം
ഭരണ മന്ദിരത്തിൽ നിന്നും ഒന്ന് കാലെടുത്തു വെച്ചാൽ മതി പ്രസ്സ് കള്ബ്ബായി.
സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ കെ സി ജോസഫ് ,ഫിഷെരീസ് മന്ത്രി ശ്രീ ബാബു ,  ,മുന് സ്‌പീക്കർ  എം വിജയ കുമാർ,ശ്രീ സി ദിവകരാൻ എം എല് എ മുഖ്യ മന്ത്രി യുടെ പ്രസ്സ് സെക്രട്ടറി ശ്രീ പി ടി ചാക്കോ,  പ്രൊ .ജി എൻ പണിക്കർ,ഡോ ആർ ഗോപാലകൃഷ്ണൻ നായർ , ശ്രീ വിതുര ബേബി, ഡോ എം എ കരീം, ശ്രീ എം രാമചന്ദ്രൻ തുടങ്ങി വിരവധി സാഹിത്യ സാംസ്‌കാരിക വ്യക്തിത്വങ്ങളെ കൊണ്ട് സമ്പന്നമായിരുന്നു വേദി...ചെറുപ്പത്തിൽ എത്രയോ കേട്ടു മറന്ന ശബ്ദത്തിനുടമയായ ആകാശവാണിയിലെ ശ്രീ രാമചന്ദ്രനയിരുന്നു അവതരകാൻ 
ആകാശവാണി കോഴിക്കോട് വാർത്തകൾ വായിക്കുന്നത് ശ്രീ എം രാമചന്ദ്രൻ 
ഇപ്പോഴും ആ ശബ്ദത്തിന്റെ മാധുര്യം കാതിൽ വന്നലയ്ക്കുന്നു.... അകാലത്തിൽ പൊലിഞ്ഞു പോയ ഷെറിൻ എന്ന തന്റെ മകന്റെ പേരില് ഏര്പ്പെടുത്തിയ ഈ അവാർഡ്‌ നിർണയത്തിൽ നൂറ് ശതമാനം ആത്മാർത്ഥത പുലർത്താൻ കഴിഞ്ഞതിൽ അതിയായ സന്തോഷ മുണ്ടെന്നു ജീവരാഗം മാനേജിംഗ് എഡിറ്റർ ശ്രീ ഇടവ ഷുക്കൂർ പറഞ്ഞത് സത്യത്തിൽ കണ്ണുകളെ ഈറനണിയിച്ചു 
വൈകീട്ട് ജീവരാഗം കുടുംബാംഗങ്ങലോടൊപ്പം ഭക്ഷണവും കഴിച്ച് രാത്രി തന്നെ ആന ബസ്സിൽ ചമ്രവട്ടത്തെക്ക് ..രാവിലെ സ്വന്തം ഗ്രാമത്തിൽ ഉപ്പയുടെയും കുട്ടികളുടെയും ദുബായിക്കരനായി...രണ്ട് ദിവസം കൊണ്ട് വളരെ വേണ്ടപ്പെട്ട കുടുംബങ്ങളുടെയും കൂട്ടുകാരെയും  സന്ദർശനം ..അര ദിവസം ഷമീരുമയി നിളയുടെ തീരങ്ങളിൽ..കഴിഞ്ഞു പോകുന്ന പ്രവാസ ജീവിതത്തെ കുറിച്ച്, അര ദിവസം ആരിഫ് ഐറിസ് മായി  തുഞ്ചൻ പറന്പിൽ ...പഴയകാല കോളേജ് ദിനങ്ങളെ കുറിച്ച്... കാലം നമ്മിൽ വരുത്തിവയ്ക്കുന്ന മാറ്റങ്ങളെ കുറിച്ചോർത്ത്... 
നാല് ദിവസം രണ്ട് മാസത്തെ അവധിക്കാലം പോലെ വളരെ പെട്ടെന്ന് കടന്നു പോയി...തിരിച്ചു കൊച്ചിയിൽ നിന്നും എയർ അറേബ്യയിൽ വീണ്ടും മണലാരണ്യ മെന്ന തന്റെ ജീവിതത്തിലേക്ക് ...... 

2013, ഏപ്രിൽ 13, ശനിയാഴ്‌ച

ഷെറിൻ ജീവരാഗം സാഹിത്യപുരസ്‌കാരം സലീം അയ്യനത്തിന്


ഷെറിൻ ജീവരാഗം സാഹിത്യ പുരസ്‌കാരം സലീം അയ്യനത്തിന് 
  
ഉപഭോഗ സംസ്കാരത്തിന്റെ നീരാളി പ്പിടുത്തത്തിൽപെട്ട മനുഷ്യന്റെ അതിജീവനത്തിനു വേണ്ടിയുള്ള പിടച്ചിലുകൾ നവീന ആഖ്യാനശൈലിയുടെ പിൻബലത്തോടെ ആവിഷ്കരിക്കുന്നവയാണ് ഡിബോറയിലെ കഥകളെന്ന് കമ്മറ്റി വിലയിരുത്തി. 
എം . ആർ മനോഹരവർമ്മ , പ്രൊ വിശ്വമംഗലം സുന്ദരേശൻ, ഡോ എം എ കരീം എന്നി വരടങ്ങുന്ന ജഡ്ജിംഗ് കമ്മറ്റിയാണ് പുരസ്കാരത്തിന് അർഹമായ കൃതി തെരഞ്ഞെടു ത്തത് .   

http://gulf.manoramaonline.com/cgi-bin/MMOnline.dll/portal/ep/gulfContentView.do?contentId=13824175&programId=6722800&channelId=-1073869106&BV_ID=%40%40%40&tabId=15

2013, ഫെബ്രുവരി 14, വ്യാഴാഴ്‌ച

"ഡിബോറ" നഷ്ട സ്നേഹത്തിന്റെ കഥ പറയുന്ന പുസ്തകം- ബാജി ഓടംവേലി(4pm News)



ലിം അയ്യനത്തിന്റെ നവീനവും വ്യത്യസ്‌തവുമായ പതിനാല്കഥകളുടെ സമാഹാരമാണ്ഡിബോറ. ആനുകാലികങ്ങളിലൂടെ സുപരിചിതനായ സലിം അയ്യനത്തിന്റെ ഈ പുസ്‌തകത്തെ നഷ്ടസ്നേഹത്തിന്റെ കഥ പറയുന്ന പുസ്തകം എന്നോ, ഇന്നിന്റെയാഥാര്‍ത്ഥ്യങ്ങളെ ഫാന്റസികളിലേക്ക് ലയിപ്പിച്ച പുസ്തകമെന്നോ പറയാം. മനസ്സില്‍ അടക്കിപ്പിടിച്ച സ്നേഹത്തിന്റെ സ്നേഹനിരാസത്തിന്റെ കഥ പറയുന്ന സമാഹാരം നിലവാരമുള്ള വായന സമ്മാനിക്കുന്നു.

പ്രവാസി എഴുത്തുകാരുടെ സംവരണ മണ്ഡലത്തില്‍ നിര്‍ത്തി ജയിപ്പിക്കേണ്ട ആളല്ല ഈ എഴുത്തുകാരന്‍. മലയാളത്തിലെ മുഖ്യധാരയില്‍ എഴുതുന്ന ഏത് കഥാകാരനുമൊപ്പം കസേര വലിച്ചിട്ടിരിക്കുവാന്‍ പോന്ന ഭാവുകത്വവികാസം ഈ കഥകള്‍ പ്രകടിപ്പിക്കുന്നു. ഈ സമാഹാരത്തിലെ കഥകള്‍ തന്നെ എല്ലാ അര്‍ത്ഥത്തിലും അത്ഭുതപ്പെടുത്തി എന്ന് അവതാരികയില്‍ ആല്‍ങ്കോട് ലീലാകൃഷ്‌ണന്‍ പറയുന്നു.

ഡിബോറ എന്ന കഥ അക്ഷരാര്‍ത്ഥത്തില്‍ വരും കാലത്തിന്റെ കഥയാണ്‍. അസാധാരണമായ ക്രാന്തദര്‍ശനിത്വത്തോടെ വരും കാലം എഴുതുമ്പോള്‍ത്തന്നെ സ്വാഭാവികതയോടെ കഥയെ സമകാലീനമാക്കാനും കഴിഞ്ഞിരിക്കുന്നു. ജനിച്ചതില്‍ പിന്നെ ഇതുവരെ ഭൂമിയെ സ്‌പര്‍ശിച്ചിട്ടില്ലാത്ത മനുഷ്യപ്പെണ്‍കിടാവാണ്ഇതിലെ ഡിബോറ എന്ന കഥാപാത്രം. ലോകത്തിലെ പത്തു പ്രമുഖ വ്യവസായികളിലൊരാളായ, നിമിഷങ്ങള്‍ക്ക് കോടികളുടെ വിലയുള്ള ഒരു മനുഷ്യന്റെ മകള്‍. പപ്പ വാങ്ങിക്കൂട്ടിയ ശൂന്യാകാശത്തെ ഇലക്‌ടോണിക് ഫ്‌ളാറ്റുകളില്‍ അന്‍പതാം നിലയില്‍ നിന്നും താഴേക്ക് സഞ്ചരിക്കാന്‍ അനുവാദമില്ലാത്ത ഡിബോറയുടെ കഥ, അവളുടെ ജൈവമായ പ്രണയത്തിന്റെ കഥ, അവളുടെ ദുഃഖത്തിന്റെ കഥ. അസ്വഭാവികതയില്‍ നിന്നും സ്വാഭാവികത കണ്ടെത്തുവാനുള്ള ശ്രമമാണ്ഈ കഥയില്‍ വിജയിച്ചിരിക്കുന്നത്. നാം പലതും നേടിയിരിക്കുന്നു എങ്കിലും ഭൂമി നമുക്ക് നല്‍കിയിരിക്കുന്ന സ്‌നേഹമെന്ന വരം നഷ്‌ടപ്പെട്ടുവോ എന്ന് കഥ ചിന്തിപ്പിക്കുന്നു.

കൊശവത്തികുന്നില്‍പച്ചമണ്ണിന്റെ പശിമയിലേക്ക് വായനക്കാരന്റെ മനസ്സിനെ കൊണ്ടുപോകുന്നു. കാലം വരുത്തിയ പരിഷ്കാരങ്ങളില്‍ ഒരു സംസ്കാരത്തിന് മൂല്യച്യുതി സംഭവിച്ചപ്പോള്‍ ഒപ്പം നഷ്ടമായത് ഒരു കുലത്തിന്റെ ജീവിത സാഹചര്യങ്ങളായിരുന്നു. അലൂമിനിയവും സ്റ്റീലും അടുക്കളകള്‍ കൈയേറിയപ്പോള്‍ കൊശവത്തി സ്ത്രീകളുടെ ശരീരവടിവുകള്‍ പച്ചനോട്ടുകള്‍ക്കായി കൈയേറ്റം ചെയ്യപ്പെടുന്ന അവസ്ഥ ഒരല്പം പ്രണയത്തിന്റെ മേമ്പൊടിയോടെ മനോഹരമായി പറഞ്ഞിരിക്കുന്നു.

ഉറുമ്പില്‍ തെരുവിലെ നക്ഷത്രങ്ങള്‍എന്ന കഥയില്‍ മനുഷ്യന്റെ കുടിലതകളിലേക്ക്, തിന്മകളിലേക്ക് ഉറുമ്പുകളിലൂടെ പ്രതികരിക്കുകയാണ്. ഘ്രാണശക്തിയുണ്ടെങ്കില്‍ പോലും ശക്തിയില്ലാതെയായി പോയതിലെ വിഷമം ഉറുമ്പുകള്‍ പ്രകടിപ്പിക്കുമ്പോള്‍ സമൂഹത്തിലെ പല അരാജകത്വങ്ങളോടും പ്രതികരിക്കണമെന്നുണ്ടെങ്കിലും അതിന് ത്രാണിയില്ലാത്ത വലിയ ഒരു സമൂഹത്തിന്റെപ്രതിനിധിയാവുകയാണ് ഉറുമ്പിന്‍‌കൂട്ടങ്ങളിലൂടെ കഥാകൃത്ത്.

പുത്തന്‍ കാലത്തിന്റെ രീതികള്‍ക്ക് മുന്‍പില്‍ പകച്ചു നില്‍ക്കുന്ന ബഷീറാണ്‍ ‘നിഴല്‍ക്കൂത്ത് എന്ന കഥയിലെ നായകന്‍ . സ്വന്തം മകളുടെവിവാഹസല്‍ക്കാരത്തിലേക്ക് ഇവന്റ് മാനേജ്‌മെന്റിന്റെ ക്ഷണം സ്വീകരിച്ച് മണലാരണ്യത്തില്‍ നിന്നും എത്തിച്ചേരേണ്ടി വരുന്ന ഉപ്പ. വിവാഹത്തെ ഒരു പാക്കേജായി നിര്‍‌വികാരത്തോടെകാണുന്ന പുത്തന്‍ കാലത്തിനെ നോക്കി അയാള്‍ക്ക് സ്തംഭിച്ചു നില്‍ക്കേണ്ടി വരുന്നു. വ്യത്യസ്തമായ ഒരു ആശയത്തെ മനോഹരമായ ട്രീറ്റ്മെന്റ് കൊണ്ട് സമ്പന്നമാക്കിയിരിക്കുന്നു.

നാടായ നാടെല്ലാം അലഞ്ഞു തിരിയാന്‍ വിധിക്കപ്പെട്ട മൂടാസ് എന്ന നേര്‍ച്ചയാടിനെക്കുറിച്ചുള്ള കഥയില്‍ പ്രണയവും ഹിംസയും ഇണചേരുന്നുണ്ട്. ‘ഗന്ധകഭൂമി അലീനയോട് പറഞ്ഞത് എന്ന കഥയില്‍ വേദഗ്രന്ഥങ്ങളിലെ സോദോം ഗൊമോറയെ ഓര്‍മ്മിപ്പിച്ച് സ്വവര്‍ഗ്ഗ രതിയുടെ തിക്താനുഭവങ്ങളിലേക്ക് കഥാകൃത്ത് വായനക്കാരനെ കൊണ്ടുപോകുന്നു. ശാസ്‌ത്രം പ്രണയിക്കുമ്പോള്‍എന്ന കഥയിലെ "ഉപ്പ മരിക്കുന്നതിന് മുമ്പ് എന്നെ കൊണ്ടു പോകണേ" എന്ന ഉമ്മയുടെ പ്രാര്‍ത്ഥന മറക്കാനാവില്ല. മുല്ലപ്പെരിയാര്‍ ഡാമിന്റെ ചരിത്രവും അതോടൊപ്പം നഷ്ട പ്രണയത്തിന്റെ കഥയും പറയുന്ന വെള്ളച്ചാമി എന്ന കഥയില്‍ ചരിത്രത്തോട് ഫാന്റസി സന്നിവേശിപ്പിച്ചിരിക്കുന്നു.

ദൂരം സ്ഥലങ്ങളുടെയോ കാലങ്ങളുടെയോ അല്ല, സ്‌നേഹ ശൂന്യതയുടേതാണ്എന്ന് ഈ എഴുത്തുകാരന്‍ ആഴത്തില്‍ അറിഞ്ഞിരിക്കുന്നു. ഏറ്റവും നവീനമായ ഭാവുകത്വത്തെ സ്വീകരിച്ചു കൊണ്ട് തന്നെ ഗ്രാമീണനായ കഥപറച്ചിലുകാരന്റെ സത്യസന്ധതയോടെ നേര്‍ക്കു നേരെ കഥപറയാന്‍ ഈ കഥകൃത്തിന്കഴിഞ്ഞിരിക്കുന്നു. ഈകഥകള്‍ വ്യാഖാനിച്ച് നിരൂപണം നടത്താനുള്ളതല്ല, മറിച്ച് വായിച്ച് ആസ്വദിക്കാനുള്ളതാണെന്ന ശ്രീ. ആലങ്കോട് ലീലാകൃഷ്ണന്റെ വാക്കുകള്‍ സത്യമാണെന്ന് പുസ്തക വായനക്കൊടുവില്‍ നമുക്കും ബോധ്യമാകുന്നുണ്ട്.

പാം സാഹിത്യ സഹകരണ സംഘമാണ് പുസ്‌തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വില 100 രൂപ. നല്ല പുസ്‌തകങ്ങള്‍ നാടിന്റെ സമ്പത്താണ്സംസ്‌കാരത്തിന്റെ സാക്ഷിപത്രങ്ങളാണെന്ന് തിരിച്ചറിഞ്ഞ ഗള്‍ഫിലെ സാഹിത്യ കൂട്ടായ്‌മയായ പാം പുസ്‌തകപ്പുരയുടെ നേതൃത്വത്തില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന പാം സാഹിത്യ സഹകരണ സംഘത്തിന്റെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണ്‍. ഇതിനോടകം സര്‍ഗ്ഗാധനരായ കുറെ നല്ല എഴുത്തുകാരെ മലയാള സാഹിത്യലോകത്തിന്പരിചയപ്പെടുത്താന്‍ പാമിന്സാധിച്ചു.

സലിം അയ്യനത്ത്

മലപ്പുറം ജില്ലയിലെ തിരൂര്‍ ചമ്രവട്ടത്ത് ജനിച്ചു. അയ്യനത്ത് മൊയ്‌തീന്‍ കുട്ടിയുടേയും മുതിയേരി ഉമ്മാച്ചുക്കുട്ടിയുടേയും മകന്‍. ചമ്രവട്ടം ഗവണ്‍‌മെന്റ് യു. പി. സ്‌ക്കൂള്‍, കെ. എച്ച്. എം. ഹൈസ്‌ക്കൂള്‍, പി. എസ്. എം. കോളേജ്, സെന്റ് ജോസഫ്‌സ് ട്രെയിനിങ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. അദ്ധ്യാപകനായും ലൈബ്രേറിയനായും ഡല്‍ഹിയിലും മറ്റും ജോലി ചെയ്‌തു. ഇപ്പോള്‍ യു. . . ഗള്‍ഫ് ഏഷ്യന്‍ ഇംഗ്ലീഷ് സ്‌ക്കൂളില്‍ ലൈബ്രേറിയനായി ജോലി ചെയ്യുന്നു. നിരവധി ടെലിഫിലിമുകള്‍ക്ക് തിരക്കഥയെഴുതുകയും അഭിനയിക്കുകയും ചെയ്‌തിട്ടുണ്ട്. അറ്റ്‌ലസ് കൈരളി പുരസ്‌കാരം, ദുബായ് കൈരളി പുരസ്‌കാരം, എന്‍. പി. സി. സി. കൈരളി പുരസ്‌കാരം, എയിം കഥാപുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ആനുകാലികങ്ങളില്‍ കഥ, കവിത, തുടങ്ങിയ എഴുതാറുണ്ട്. നിലാവിലേക്ക് തുറന്ന നിറകണ്ണുകള്‍ (കവിത) തുന്നല്‍ പക്ഷിയുടെ വീട് (കഥ) ഡിബോറ (കഥ) എന്നീ പുസ്‌തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ സൈഫുനിസ, മക്കള്‍ ഷുഹൈബ്, ഷിംന എന്നിവര്‍. -മെയില്‍ saleemayyanath@yahoo.com