2010, ഡിസംബർ 31, വെള്ളിയാഴ്‌ച

ശരിയും തെറ്റും


ഇരുട്ടു പെയ്തിറങ്ങിയ രാത്രിയില്‍
ഭയം എന്നെ വീണ്ടും
ഭീരുവാക്കുന്നു....
പ്രണയത്തിനും
കാമത്തിനുമിടയില്‍
ഞാനൊരു ഭീരുവായിരുന്നു...
നിന്റെ ചാപല്യങ്ങളില്‍
സ്പര്ശിക്കാതിരുന്നത് തെറ്റ്
നിന്റെ ശീല്‍ക്കാരങ്ങളില്‍
നോക്കുകുത്തിയായതും തെറ്റ്
പിന്നീട് ഓര്‍ത്തപ്പോള്‍
അതായിരുന്നു ശരി
ചെറിയ ശരികള്‍ക്കിടയിലെ
വലിയ ശരി.....
ഒടുവില്‍ വായിച്ചു തീരാത്ത
പുസ്തകത്തെ പോലെ
മറ്റൊരാള്‍ക്ക്‌ കൊടുത്തപ്പോള്‍
നേടിയത്
ഒരു യുഗത്തിന്റെ പാതിവൃത്യമാണ്....
ചരിത്രം മാറ്റിയെഴുതിയ
ചരിത്രകാരനായി ശരിയും
മാറ്റിയെഴുതപ്പെട്ട
ചരിത്രമായി തെറ്റും
എന്നും നമുക്കിടയില്‍
ജല്പനങ്ങലായ് നില്‍ക്കുന്നു .....

2010, ഡിസംബർ 28, ചൊവ്വാഴ്ച

ആരാകണം.........?


കൊടുങ്കാറ്റു സൃഷ്ടിക്കുക
എന്നുള്ളതല്ല
ഒരു കവിയുടെ ധര്‍മം
മറിച്ച്,
ഇലകളെ തഴുകി
കടന്നു പോകുന്ന
ഒരു കാറ്റാവുക......
പൂക്കളിലെ തേന്‍ നുകരുന്ന
ഇന്ദിന്ദിരമാകുന്നവനല്ല
യഥാര്‍ത്ഥ കാമുകന്‍
പിന്നെ
പൂക്കളിലേക്ക്‌ എത്തുന്ന
ഒരിറ്റു ജലമാകുക.....
കൊഴിഞ്ഞ സ്വപ്നങ്ങള്‍ക്ക്
വീണ്ടും തളിര്‍ക്കാന്‍
ഒരു നനവുള്ള മണ്ണ്ആവുക
കനിവുള്ള മനമാവുക.....

2010, ഡിസംബർ 25, ശനിയാഴ്‌ച

സാന്ത്വനം




നീരുറവ കൊണ്ടൊന്നും
എന്‍റെ ദാഹം തീരില്ല....
ഒരു മഹാസമുദ്രത്തിനും
എന്‍റെ ഒരുതുള്ളി കണ്ണുനീരിനേക്കാള്‍
ഉപ്പുണ്ടാകില്ല...
ഒരു അണക്കെട്ടിനും
എന്‍റെ ഒഴുക്കിനെ
തടഞ്ഞു നിര്‍ത്താന്‍ ആകില്ല....
ഒരു കൊടുങ്കാറ്റിനും
എന്നെയൊന്നു ഉലക്കാനാകില്ല.....
ഒരു വേനല്‍ ചൂടിലും
വറ്റി വരലെണ്ടവനല്ല ഞാന്‍
ഒരു നേര്‍ത്ത മഴ മതി ,
ചൂടുപിടിച്ച എന്നന്തരംഗം
തണുപ്പിക്കാന്‍...
ഒരു സ്നേഹദര്‍ശനം മതി
ഒരു വാക്കുമതി.......
ഒരു തലോടല്‍ മതി........