2012, ഡിസംബർ 23, ഞായറാഴ്‌ച

സിലോസ്പാപ്പനും കുറെ അണ്ടിക്കള്ളന്മാരും


ക്രിസ്തുമസ് അവധിക്കു സ്കൂള്‍ അടച്ചാല്‍ പിന്നെ പരപ്പേരിയിലെ എളേമ്മാന്റെ വീടിലെക്കൊരുയാത്രയാണ്‌. മകരമഞ്ഞിന്റെ നേര്‍ത്ത തലോടലായി ഇന്നും മനസ്സില്‍ നിന്നൊഴിഞ്ഞു പോകാത്ത ഒരു ക്രിസ്തുമസ് കാലമുണ്ടായിരുന്നു ക്രിസ്തുമസ് നക്ഷത്രങ്ങളുടെ ഭംഗി ശരിക്കും ആസ്വദിച്ചിരുന്നത് ഇങ്ങനെ ഒരവധിക്കാലത്തായിരുന്നു . വീട്ടിനടുത്തൊന്നും ഒരു ക്രിസ്ത്യന്‍ വീടുണ്ടായിരുന്നില്ല എന്നത് എന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. കാരണം നക്ഷത്രങ്ങളെ തൊട്ടടുത്ത്‌ കാണാന്‍ ‍വീടിന് കുറച്ചകലെയുള്ള കോര്‍ട്ടെഴ്സില്‍ പോയി നോക്കണം. കൊച്ചു നഷ്ത്രങ്ങള്‍ ഒന്നോ രണ്ടോ എപ്പോഴും കത്തിതെളിഞ്ഞു നില്‍ക്കുന്നത് കാണാം. സാറാമ്മ ടീച്ചറും, അന്നാമ്മ ടീച്ചരുമായിരുന്നു അവിടെ താമസിച്ചിരുന്നത്. ക്രിസ്തുമസ് അടുക്കുമ്പോഴേക്കും ആ നക്ഷത്രങ്ങളും അവിടെന്ന് അപ്രത്യക്ഷമാകും...സ്കൂള്‍ അടച്ചാല്‍ അവരും അവധിയാഘോഷിക്കാന്‍ തെക്കോട്ടുപോകും.അവര്‍ പോകുമ്പോള്‍ കൂടെ നക്ഷത്രങ്ങളെയും കൊണ്ടുപോകും...പിന്നെ നക്ഷത്രങ്ങളെ ഒന്നടുത്തു കാണാന്‍ പരപ്പേരിവരെ പോകണം.
വര്‍ഷങ്ങള്‍ക്കു മുന്‍പ്ബ്രിട്ടീഷുകാരുടെ കാലത്ത് പരപ്പേരിയില്‍ ഒരു സി.എസ്.ഐ ചര്ച്ച് സ്ഥാപിക്കുകയും അതിനോടനുബന്ധിച്ച് സ്കൂളും ആശുപത്രിയും നിര്‍മ്മിക്കുകയും ചെയ്തിരുന്നു.ചൂളക്ക് വെച്ച ചുമന്ന ഇഷ്ട്ടികകള്‍ കൊണ്ടുണ്ടാക്കിയ മനോഹരമായ കെട്ടിടങ്ങളായിരുന്നു എല്ലാം. ചര്ചിനോട് അടുത്തായി ഒരുപാടു ക്രിസ്ത്യന്‍ കുടുംബങ്ങള്‍ താമസിച്ചിരുന്നു ശാലക്കുളവും,പറങ്കിമാവുകല്‍ക്കൊണ്ട് കാടുപിടിച്ചു കിടക്കുന്ന ശാലപ്പറമ്പുംഎളേമ്മാന്റെ വീട്ടിനു തൊട്ടായിരുന്നു.ഡിസംമ്പര് മാസം ആകുമ്പോഴേക്കും ‍
എല്ലാ വീടുകളിലും നക്ഷത്രങ്ങള്‍ തെളിഞ്ഞു കത്തിയിരുന്നു. നക്ഷത്രങ്ങള്‍ക്ക് ജാതിയും മതവുമൊന്നും ഉണ്ടായിരുന്നില്ല . എളേമ്മാന്റെ വീട്ടിന്റെ തെക്കേ മൂലയിലെ മാവിന്‍ കൊമ്പില്‍ വലിയൊരു ചുവന്ന നക്ഷത്രം തൂങ്ങിയാടി..
മഞ്ഞുപെയ്തിറങ്ങിയ തലമുടിയുമായി സിലോസ്പാപ്പന്‍ ‍ഒരപ്പൂപ്പന്‍ താടി പോലെ എന്റെ മനസ്സില്‍ തെളിഞ്ഞു വന്നു... സിലോസ്പ്പാപ്പന്‍ ഒറ്റക്കായിരുന്നു താമസിച്ചിരുന്നത്...വീട് അടിച്ചു തെളിക്കാനും ഭക്ഷണം പാകംചെയ്യാനുമായി ഒരു സ്ത്രീ വരാറുണ്ട്. സിലോസ്പാപ്പന്റെ ബന്ധുക്കളൊക്കെ അങ്ങ് അമേരിക്കയിലോ കാനഡയിലോ ആയിരുന്നു. ഏക്കറോളം പറന്നു കിടക്കുന്ന വിശാലമായ പറങ്കിമാവിന്‍ തോപ്പ് കാട്പിടിച്ചങ്ങനെ കിടക്കുന്നു.മുള്ളുവേലി കൊണ്ട് വളച്ചു കെട്ടിയ തോട്ടത്തിലേക്ക് കടന്നാല്‍ തന്നെ ആല്‌സെഷ്യന്‌ നായയുടെ ഗംഭീര കുര കേള്‍ക്കാം.പകല്‍ വെട്ടത്തില്‍ പോലും സിലോസ്പാപ്പന്റെ കശുമാവിന്‍ തോട്ടത്തില്‍ പ്രവേശിക്കാന്‍ ആളുകള്‍ ഭയപ്പെട്ടിരുന്നു. ഞങ്ങള്‍ കുട്ടികള്‍ സിലോസ് പാപ്പന്റെ ഉച്ചഉറക്കിനായി കാത്തിരിക്കും.പാത്തും പതുങ്ങിയും ഉറങ്ങിയെന്ന് ഉറപ്പുവരുത്തി വലിയ മുള്ള്‌വേലിക്കെട്ടു ചാടിക്കടക്കും. ഒരാള്‍ സിലോസ് പാപ്പന്‍ ഉണരുന്നതും നോക്കി,മറ്റൊരാള്‍ വേലിക്കെട്ടിനപ്പുറവും,വേറൊരാള്‍ പറങ്കി മാവിന് മുകളിലുമായി"ഓപെറെഷന്‍ പറങ്കിയണ്ടി" ആരംഭിക്കും. അങ്ങിനെ എത്ര നാള്‍ അണ്ടികട്ടെന്നറിയില്ല. ക്രിസ്തുമസ്സ് അവധിക്കാലം നക്ഷത്രങ്ങള്‍ കൊണ്ട്, മത്താപ്പൂവും കമ്പിപൂത്തിരിയും കൊണ്ട് ആഘോഷമാക്കാനും സിനിമാ ശാലകളില്‍ കയറിയിരങ്ങാനും പണം വേണ്ടേ. പറങ്കിയണ്ടി വിറ്റു കിട്ടുന്ന പണം ഒരുക്കൂട്ടി വെച്ചായിരുന്നു ഉത്സവങ്ങള്‍ക്കും നേര്ച്ചകള്‍ക്കും കളിപ്പാട്ടങ്ങള്‍
വാങ്ങിയിരുന്നത്.പാവം ഈ മഞ്ഞു പെയ്യുന്ന അപ്പൂപ്പനെ പറ്റിച്ചായിരുന്നല്ലോ എന്നോര്‍ക്കുമ്പോള്‍ ഇന്നും സങ്കടമാണ് മനസ്സ് നിറയെ....
നാല്‍പ്പതു ദിവസം കട്ടാല്‍ നല്‌പ്പത്തൊന്നാമത്തെ ദിവസം പിടിക്കപ്പെടും എന്നു പറഞ്ഞ പോലെ
ഓപെറെഷന്‍ പറങ്കിയണ്ടി ഒരുനാള്‍ പിടിക്കപ്പെട്ടു. കാദര്‍ ഓടി രക്ഷപ്പെട്ടു,ബാബു വേലിക്കെട്ടിനപ്പുറത്തെ ഏതോ ഒരു പൊന്തക്കാട്ടില്‍ ഒളിച്ചു. പറങ്കിമാവിന്‍ കൊമ്പത്ത്ഇരുളുന്നത് വരെ ശ്വാസമടക്കിപ്പിടിച്ച് ഇരുന്നു..അതിനിടയിലെപ്പഴോ
മൂത്ര മൊഴിച്ചോ എന്നോര്‍ത്തെടുക്കാന്‍ എനിക്കാവുന്നില്ല. കശുമാവിന് താഴെ ചൂരല്‍ കസേരയുമിട്ട് അല്‍സേഷ്യന്‍ നായയെ തലോടി അപ്പൂപ്പന്‍ ഇരിക്കുന്നുണ്ടായിരുന്നു. നായയുടെ കുര അകന്നകന്നു പോകുന്നത് കേട്ടയുടന്‍ പറങ്കിമാവിന്‍ കൊമ്പില്‍ നിന്നും അടുത്ത പറമ്പിലേക്ക് എടുത്തു ചാടി...ഇപ്പോഴും ഒരു നേര്‍ത്ത വരപോലെ തുടയില്‍ പാട് കാണാം.
പിറ്റേന്ന് രാവിലെ വീട്ടിലേക്ക് കയറി വരുന്ന സിലോസ് പാപ്പാനെ കണ്ട് ഞങ്ങള്‍ ഞെട്ടി...ഓടിയൊളിക്കാന്‍ ഇരുള്‍മുറികള്‍ തിരഞ്ഞു...ഇതിനിടയില് എളേമ്മാന്റെ ഉച്ചത്തിലുള്ള വിളികേള്‍ക്കുന്നുണ്ടായിരുന്നു.ഹൃദയ മിടിപ്പിന്റെ വേഗത കൂടി വന്നു. കാലൊച്ച അകന്നകന്നു പോയതും ഞങ്ങള്‍ ഒന്നുമറിയാത്ത പോലെ പുറത്തിറങ്ങി.
എവിടെ ആയിരുന്നെടാ....? നാളെ ക്രിസ്തുമസ്സല്ലെ, സിലോസ് പാപ്പന്‍ ഇപ്പോ വന്ന് പോയതേയുള്ളൂ
അപ്പോഴാണ് എളേമ്മയുടെ കൈ നിറയെ മിട്ടായികള്‍ കണ്ടത് കൂടെ ചെറിയൊരു സമ്മാനപൊതിയും ഉണ്ടായിരുന്നു...അത് തുറക്കാന്‍ വേണ്ടി ഞങ്ങള്‍ പിടിവലിയായി അതിനിടയില് സമ്മാനപ്പൊതി താഴെ വീണു, ചിതറി വീണു കിടക്കുന്ന പറങ്കിയണ്ടി കണ്ട് ഞങ്ങള്‍ ആശ്ചര്യപ്പെട്ടു. അണ്ടിക്കള്ളന്മാരായ ഞങ്ങളെ സ്നേഹം കൊണ്ട് പകരം വീട്ടിയതായിരിക്കാം
ഓരോ ക്രിസ്തുമസ് കാലവും വരുമ്പോള്‍ ഞങ്ങള്‍ ഇപ്പോഴും സിലോസ് പാപ്പനെ സ്മരിക്കും....ഒരു ക്രിസ്തുമസ് അപ്പൂപ്പനെ പോലെ കൈനിറയെ സമ്മാനങ്ങളുമായി ഈ അണ്ടിക്കള്ളന്മാരെ കാണാന്‍ വരുമെന്ന് പ്രതീക്ഷയോടെ ജനലരികില്‍ കാത്ത് നില്‍ക്കാറുണ്ട്
ഇപ്പോഴും പ്രതീക്ഷ നഷ്ടപ്പെടാത്ത കുട്ടിക്കാലത്തെ കൗതുക കണ്ണുകളുമായി.......

2012, ഡിസംബർ 11, ചൊവ്വാഴ്ച

ഡിബോറ- പ്രണയകഥകളുടെ ശാസ്ത്രലോകം- (പുസ്തക പരിചയം) മനോരാജ്

http://manorajkr.blogspot.com/2012/11/blog-post.html
ന്തായിരിക്കാം ഒരു പുസ്തകത്തിലേക്ക് ആദ്യമേ വായനക്കാരനെ ആകര്‍ഷിക്കുന്ന ഘടകം ? എന്നെ സംബന്ധിച്ചാണെങ്കില്‍ എഴുതിയ ആള്‍, പുസ്തകത്തിന്റെ തലക്കെട്ട്,കവര്‍ ചിത്രം,ബ്ലര്‍ബ്ബ് ,അവതാരിക ഇങ്ങിനെ ചില ഘടകങ്ങളിലൂടെയാവാം അതിന്റെ സഞ്ചാരം. ഇവിടെ അത്ര പരിചിതനല്ലാത്ത ഒരു എഴുത്തുകാരന്റെ പുസ്തകം എന്ന നിലയില്‍ ഡിബോറ എന്ന സമാഹാരത്തിലേക്ക് ആകര്‍ഷിച്ചത് ഡിബോറ എന്ന വ്യത്യസ്തമായ തലക്കെട്ടും 'സ്വാഭാവികതയിലെ അസ്വഭാവികതയെ കലയെന്ന് വിളിക്കുമ്പോള്‍ അസ്വഭാവികതയിലെ സ്വാഭാവികതയെ നമുക്കെന്ത് വിളിക്കാം?' എന്ന് പുസ്തകത്തിന്റെ ബ്ലര്‍ബിലുയര്‍ത്തിയിരിക്കുന്ന ചോദ്യവുമായിരുന്നു.
അസ്വഭാവികതയില്‍ സ്വാഭാവികത കണ്ടെത്തുവാനുള്ള ശ്രമമാണ് സലിം അയ്യനേത്തിന്റെ കഥകള്‍ എന്ന് വായനയ്ക്ക് ശേഷം ഉറപ്പിക്കുവാന്‍ കഴിഞ്ഞു.വ്യത്യസ്തമായ ട്രീറ്റ്മെന്റുകള്‍ നിറഞ്ഞ കഥകള്‍ കൊണ്ട് സമ്പന്നമായ ഒരു സമാഹാരം.അത്തരം വായനാനുഭവങ്ങള്‍ സന്തോഷകരം തന്നെയാണ്.പുസ്തകത്തിലെ14 കഥകളും മനോഹരം എന്ന് ഞാന്‍ പറയുന്നില്ല.കഥാകൃത്ത് പോലും അങ്ങിനെ അവകാശപ്പെടുന്നില്ല എന്നതാണ് സത്യം!പക്ഷെ,ഡിബോറ,കൊശവത്തികുന്ന്,മൂസാട്,ഗന്ധകഭൂമി അലീനയോട് പറഞ്ഞത്,നിഴല്‍ കൂത്ത്,ഫ്രീകോള്‍ മാമാങ്കം,ഉറുമ്പില്‍ തെരുവിലെ നക്ഷത്രങ്ങള്‍,വെള്ളച്ചാമി,എന്നീ കഥകള്‍ വായിച്ചാല്‍ മുകളില്‍ സൂചിപ്പിച്ച വിശേഷണം അല്ലെങ്കില്‍ ശ്രമം നമുക്ക് കണ്ടെത്താന്‍ കഴിയും എന്നത് ഉറപ്പ്.
സ്നേഹവും സ്നേഹഭംഗങ്ങളും ആണ് സമാഹാരത്തിലെ കഥകളില്‍ നിറഞ്ഞു നില്‍ക്കുന്നത്.ആദ്യ കഥയായ ഡിബോറക്കൊപ്പം ഒന്ന് സഞ്ചരിച്ച് നോക്കാം. ചന്ദ്രയാന്‍ യാത്രക്കായി തിരഞ്ഞെടുക്കപ്പെട്ട,ഭൂമിയിലേക്ക് തിരികെ പ്രവേശനം നിഷേധിക്കപ്പെട്ട ഒരു കുടുംബത്തിലെ,അതും മള്‍ട്ടിമില്യനിയര്‍ ഫാമിലിയിലെ പെണ്‍കുട്ടിയാണ് ഡിബോറ. പക്ഷെ,ഇത് വരെ കാണാത്ത ഭൂമിയെയും അവിടത്തെ പച്ചപ്പിനെയും ജൈവികതയെയും അവള്‍ ഏറെ സ്നേഹിക്കുന്നു.അതുപോലെ തന്നെ പപ്പയുടെ ശമ്പളക്കാരന്‍ മാത്രമായ പൈലറ്റ് റസലിനെയും.റസലുമായി ചേര്‍ന്നുള്ള ഒരു ഹെലികോപ്റ്റര്‍ സഞ്ചാരത്തില്‍ നിന്നുമാണ് കഥാകൃത്ത് കഥ സൃഷ്ടിച്ചിരിക്കുന്നത്.ഭൂമിയിലേക്കുള്ള യാത്ര ഒരു സ്വപ്നമായി അവശേഷിപ്പിച്ചുകൊണ്ട് ഡിബോറയും റസലും ഒരു ക്രാഷ് ലാന്‍ഡിങിന്റെ ദാരുണതയിലേക്ക് എടുത്തെറിയപ്പെടുന്നു.സ്നേഹവും പ്രണയവും ഫാന്റസിയും നിറച്ച് വായനക്കാരനെ വിസ്മയങ്ങളുടെ ലോകത്തേക്ക് കൊണ്ടുപോകുന്നതോടൊപ്പം തന്നെ കഥാകൃത്ത് പരിസ്ഥിതിയെ സം‌രക്ഷിക്കേണ്ടതിന്റെ ആവശ്യകതയിലേക്കും മറ്റുംവായനക്കാരന്റെ ശ്രദ്ധയെ ആകര്‍ഷിക്കുവാന്‍ ശ്രമിക്കുന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ല.തന്റെ മാധ്യമത്തിലൂടെ അണ്ണാന്‍ കുഞ്ഞും തന്നാലായത് എന്ന രീതിയില്‍ സമൂഹത്തോട് പ്രതികരിക്കുവാന്‍ കഥാകൃത്ത് കാട്ടുന്ന ഉത്സുകത അഭിനന്ദനാര്‍ഹം തന്നെ. സമാഹാരത്തിലെ മറ്റു പല കഥകളിലും ഇത്തരം സാമൂഹിക ഇടപെടലുകള്‍ കഥകള്‍ക്കിടയില്‍ നടത്തുവാന്‍ കഥാകൃത്ത് ശ്രമിക്കുന്നുണ്ട് എന്നത് ശ്ലാഘനീയമായ കാര്യമായി തോന്നി.
അസ്വഭാവികതയില്‍ നിന്നും സ്വാഭാവികത കണ്ടെത്തുവാനുള്ള ശ്രമം ഏറ്റവും അധികം ദര്‍ശിച്ച കഥയായ ഡിബോറയില്‍ നിന്നും സമാഹാരത്തിലെ രണ്ടാമത്തെ കഥയായ 'കൊശവത്തികുന്നില്‍'എത്തുമ്പോള്‍ കഥാകൃത്ത് ആകാശകാഴ്ചയുടെ വിസ്മയങ്ങളില്‍ നിന്നും കാല്പനീകതയില്‍ നിന്നും പച്ചമണ്ണിന്റെ പശിമയിലേക്ക് വായനക്കാരന്റെ മനസ്സിനെ പിടിച്ചുവലിച്ച് അസൂയാവഹമായ കൈത്തഴക്കോത്തോടെ പാത്ര നിര്‍മിതി നടത്തുന്നത് വിസ്മയത്തോടെ കണ്ടുനില്‍ക്കേണ്ടിവരും.അല്ലെങ്കില്‍ വായിച്ചറിയേണ്ടി വരും.കാലം വരുത്തിയ പരിഷ്കാരങ്ങളില്‍ ഒരു സംസ്കാരത്തിന് മൂല്യച്യുതി സംഭവിച്ചപ്പോള്‍ ഒപ്പം നഷ്ടമായത് ഒരു കുലത്തിന്റെ ജീവിത സാഹചര്യങ്ങളായിരുന്നു.ഒരു കുലം മറ്റൊരു കലത്തിന്റെ തൊഴില്‍ സ്വീകരിക്കേണ്ടി വന്ന ദാരുണമായ അവസ്ഥ!അലൂമിനിയവും സ്റ്റീലും അടുക്കളകള്‍ കൈയേറിയപ്പോള്‍ കൊശവത്തി സ്ത്രീകളുടെ ശരീരവടിവുകള്‍ പച്ചനോട്ടുകള്‍ക്കായി കൈയേറ്റം ചെയ്യപ്പെടുന്ന അവസ്ഥ ഒരല്പം പ്രണയത്തിന്റെ മേമ്പൊടിയോടെ മനോഹരമായി പറഞ്ഞിരിക്കുന്നു.
ഗന്ധകഭൂമി അലീനയോട് പറഞ്ഞത് എന്ന കഥയില്‍ ഹോമോ സെക്സിന്റെ തിക്താനുഭവങ്ങളിലേക്കും ഭാവാന്തരങ്ങളിലേക്കും കഥാകൃത്ത് വായനക്കാരനെ കൊണ്ടുപോകുന്നു.ജയിലിലെ പീഢനങ്ങളില്‍ നിന്നും ഒരു മനുഷ്യന് എത്രത്തോളം ലൈംഗീക അരാജകത്വം സംഭവിക്കാം എന്നത് സൂക്ഷ്മമായി തന്നെ സലിം ഈ കഥയിലൂടെ പറയുന്നു.
സമാഹാരത്തിലെ ഏറെയാകര്‍ഷിച്ച കഥയായിരുന്നു ഉറുമ്പില്‍ തെരുവിലെ നക്ഷത്രങ്ങള്‍.മനുഷ്യന്റെ കുടിലതകളിലേക്ക് ,തിന്മകളിലേക്ക്..ഉറുമ്പുകളിലൂടെ പ്രതികരിക്കുകയാണ് കഥാകൃത്ത്.ഘ്രാണശക്തിയുണ്ടെങ്കില്‍ പോലും ശക്തിയില്ലാതായി പോയതിലെ വിഷമം ഉറുമ്പുകള്‍ പ്രകടിപ്പിക്കുമ്പോള്‍ സമൂഹത്തിലെ പല അരാജകത്വങ്ങളോടും പ്രതികരിക്കണമെന്നുണ്ടെങ്കിലും അതിന് ത്രാണിയില്ലാത്ത,അല്ലെങ്കില്‍ പണവും സ്വാധീനവും ഇല്ലാത്ത വലിയ ഒരു സമൂഹത്തിന്റെ പ്രതിനിധിയാവുകയാണ് ഉറുമ്പിന്‍‌കൂട്ടങ്ങളിലൂടെ കഥാകൃത്ത്. കഥ പറയുന്ന ശൈലിയില്‍ ഒരല്പം കൂടെ ശ്രദ്ധിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ ഈ സമാഹാരത്തിലെ ഏറ്റവും മികച്ച കഥയാകുമായിരുന്നു ഇത് എന്ന് തോന്നി.സമൂഹത്തോടുള്ള അമര്‍ഷം രേഖപ്പെടുത്തുവാന്‍ സാമ്പ്രദായിക കഥനശൈലി അനുവര്‍ത്തിച്ചപ്പോള്‍ എന്തോ ഒരു പോരായ്മ പോലെ!
നിഴല്‍ കൂത്ത് എന്ന കഥയില്‍ പുത്തന്‍ കാലത്തിന്റെ രീതികള്‍ക്ക് മുന്‍പില്‍ പകച്ചു നില്‍ക്കുന്ന ബഷീര്‍ എന്ന നായകനെ വായനക്കാരന് ദര്‍ശിക്കുവാന്‍ കഴിയും.സ്വന്തം മകളുടെ വിവാഹസല്‍ക്കാരത്തിലേക്ക് ഇവന്റ് മാനേജ്മെന്റിന്റെ ക്ഷണം സ്വീകരിച്ച് മണലാരണ്യത്തില്‍ നിന്നും എത്തിച്ചേരേണ്ടി വരുന്ന ഉപ്പ.വിവാഹത്തെ ഒരു പാക്കേജായി നിര്‍‌വികാരത്തോടെ കാണുന്ന പുത്തന്‍ കാലത്തിനെ നോക്കി അയാള്‍ക്ക് സ്തംഭിച്ചു നില്‍ക്കേണ്ടി വരുന്നു.വ്യത്യസ്തമായ ഒരു ആശയത്തെ മനോഹരമായ ട്രീറ്റ്മെന്റ് കൊണ്ട് സമ്പന്നമാക്കിയ ഒരു കഥ.
ഒരു പക്ഷെ, ചരിത്രത്തില്‍ ഫാന്റസിയെ സന്നിവേശിപ്പിക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമാകാം വെള്ളിച്ചാമി എന്ന കഥ.വളരെ നല്ല ഒരു നരേഷനിലൂടെ മുല്ലപ്പെരിയാര്‍ ഡാമിന്റെ ചരിത്രവും അതോടൊപ്പം നഷ്ട പ്രണയത്തിന്റെ,തീവ്ര സ്നേഹഭംഗങ്ങളുടെ കഥകൂടെ കഥാകൃത്ത് പറയുവാന്‍ ശ്രമിക്കുന്നുണ്ട്.

ഡിബോറ എന്ന ഈ സമാഹാരത്തെ ഒറ്റ വാചകത്തില്‍ ഒന്ന് വിശേഷിപ്പിക്കുവാന്‍ പറഞ്ഞാല്‍ എന്ത് പറയും?നഷ്ടസ്നേഹങ്ങളുടെ കഥ പറയുന്ന പുസ്തകം എന്നോ?അതോ ഫാന്റസികളിലേക്ക് യാഥാര്‍ത്ഥ്യങ്ങളെ തിരുകി കയറ്റിയ പുസ്തകം എന്നോ?തീര്‍ച്ചയില്ല.. ഈ കഥകള്‍ വ്യാഖാനിച്ച് നിരൂപണം നടത്താനുള്ളതല്ല;മറിച്ച് വായിച്ച് ആസ്വദിക്കാനുള്ളതാണെന്ന ശ്രീ. ആലങ്കോട് ലീലാകൃഷ്ണന്റെ വാക്കുകള്‍ സത്യമാണെന്ന് പുസ്തക വായനക്കൊടുവില്‍ നമുക്കും ബോധ്യമാകുന്നുണ്ട്.ഇതിലെ എല്ലാ കഥകളും മഹത്തരമാണെന്ന അബദ്ധസങ്കല്പം ഇല്ലെന്ന് കഥാകൃത്തും സ്വയം സാക്ഷ്യപ്പെടുത്തുന്നുണ്ട്.പക്ഷെ,ഒന്നുണ്ട്.മനസ്സില്‍ അടക്കിപ്പിടിച്ച സ്നേഹങ്ങളുടെ,സ്നേഹ നിരാസങ്ങളുടെ കഥ പറയുന്ന ഈ സമാഹാരം നിലവാരമുള്ള വായന നമുക്ക് നല്‍കുന്നുണ്ട്.