2012, ഡിസംബർ 23, ഞായറാഴ്‌ച

സിലോസ്പാപ്പനും കുറെ അണ്ടിക്കള്ളന്മാരും


ക്രിസ്തുമസ് അവധിക്കു സ്കൂള്‍ അടച്ചാല്‍ പിന്നെ പരപ്പേരിയിലെ എളേമ്മാന്റെ വീടിലെക്കൊരുയാത്രയാണ്‌. മകരമഞ്ഞിന്റെ നേര്‍ത്ത തലോടലായി ഇന്നും മനസ്സില്‍ നിന്നൊഴിഞ്ഞു പോകാത്ത ഒരു ക്രിസ്തുമസ് കാലമുണ്ടായിരുന്നു ക്രിസ്തുമസ് നക്ഷത്രങ്ങളുടെ ഭംഗി ശരിക്കും ആസ്വദിച്ചിരുന്നത് ഇങ്ങനെ ഒരവധിക്കാലത്തായിരുന്നു . വീട്ടിനടുത്തൊന്നും ഒരു ക്രിസ്ത്യന്‍ വീടുണ്ടായിരുന്നില്ല എന്നത് എന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. കാരണം നക്ഷത്രങ്ങളെ തൊട്ടടുത്ത്‌ കാണാന്‍ ‍വീടിന് കുറച്ചകലെയുള്ള കോര്‍ട്ടെഴ്സില്‍ പോയി നോക്കണം. കൊച്ചു നഷ്ത്രങ്ങള്‍ ഒന്നോ രണ്ടോ എപ്പോഴും കത്തിതെളിഞ്ഞു നില്‍ക്കുന്നത് കാണാം. സാറാമ്മ ടീച്ചറും, അന്നാമ്മ ടീച്ചരുമായിരുന്നു അവിടെ താമസിച്ചിരുന്നത്. ക്രിസ്തുമസ് അടുക്കുമ്പോഴേക്കും ആ നക്ഷത്രങ്ങളും അവിടെന്ന് അപ്രത്യക്ഷമാകും...സ്കൂള്‍ അടച്ചാല്‍ അവരും അവധിയാഘോഷിക്കാന്‍ തെക്കോട്ടുപോകും.അവര്‍ പോകുമ്പോള്‍ കൂടെ നക്ഷത്രങ്ങളെയും കൊണ്ടുപോകും...പിന്നെ നക്ഷത്രങ്ങളെ ഒന്നടുത്തു കാണാന്‍ പരപ്പേരിവരെ പോകണം.
വര്‍ഷങ്ങള്‍ക്കു മുന്‍പ്ബ്രിട്ടീഷുകാരുടെ കാലത്ത് പരപ്പേരിയില്‍ ഒരു സി.എസ്.ഐ ചര്ച്ച് സ്ഥാപിക്കുകയും അതിനോടനുബന്ധിച്ച് സ്കൂളും ആശുപത്രിയും നിര്‍മ്മിക്കുകയും ചെയ്തിരുന്നു.ചൂളക്ക് വെച്ച ചുമന്ന ഇഷ്ട്ടികകള്‍ കൊണ്ടുണ്ടാക്കിയ മനോഹരമായ കെട്ടിടങ്ങളായിരുന്നു എല്ലാം. ചര്ചിനോട് അടുത്തായി ഒരുപാടു ക്രിസ്ത്യന്‍ കുടുംബങ്ങള്‍ താമസിച്ചിരുന്നു ശാലക്കുളവും,പറങ്കിമാവുകല്‍ക്കൊണ്ട് കാടുപിടിച്ചു കിടക്കുന്ന ശാലപ്പറമ്പുംഎളേമ്മാന്റെ വീട്ടിനു തൊട്ടായിരുന്നു.ഡിസംമ്പര് മാസം ആകുമ്പോഴേക്കും ‍
എല്ലാ വീടുകളിലും നക്ഷത്രങ്ങള്‍ തെളിഞ്ഞു കത്തിയിരുന്നു. നക്ഷത്രങ്ങള്‍ക്ക് ജാതിയും മതവുമൊന്നും ഉണ്ടായിരുന്നില്ല . എളേമ്മാന്റെ വീട്ടിന്റെ തെക്കേ മൂലയിലെ മാവിന്‍ കൊമ്പില്‍ വലിയൊരു ചുവന്ന നക്ഷത്രം തൂങ്ങിയാടി..
മഞ്ഞുപെയ്തിറങ്ങിയ തലമുടിയുമായി സിലോസ്പാപ്പന്‍ ‍ഒരപ്പൂപ്പന്‍ താടി പോലെ എന്റെ മനസ്സില്‍ തെളിഞ്ഞു വന്നു... സിലോസ്പ്പാപ്പന്‍ ഒറ്റക്കായിരുന്നു താമസിച്ചിരുന്നത്...വീട് അടിച്ചു തെളിക്കാനും ഭക്ഷണം പാകംചെയ്യാനുമായി ഒരു സ്ത്രീ വരാറുണ്ട്. സിലോസ്പാപ്പന്റെ ബന്ധുക്കളൊക്കെ അങ്ങ് അമേരിക്കയിലോ കാനഡയിലോ ആയിരുന്നു. ഏക്കറോളം പറന്നു കിടക്കുന്ന വിശാലമായ പറങ്കിമാവിന്‍ തോപ്പ് കാട്പിടിച്ചങ്ങനെ കിടക്കുന്നു.മുള്ളുവേലി കൊണ്ട് വളച്ചു കെട്ടിയ തോട്ടത്തിലേക്ക് കടന്നാല്‍ തന്നെ ആല്‌സെഷ്യന്‌ നായയുടെ ഗംഭീര കുര കേള്‍ക്കാം.പകല്‍ വെട്ടത്തില്‍ പോലും സിലോസ്പാപ്പന്റെ കശുമാവിന്‍ തോട്ടത്തില്‍ പ്രവേശിക്കാന്‍ ആളുകള്‍ ഭയപ്പെട്ടിരുന്നു. ഞങ്ങള്‍ കുട്ടികള്‍ സിലോസ് പാപ്പന്റെ ഉച്ചഉറക്കിനായി കാത്തിരിക്കും.പാത്തും പതുങ്ങിയും ഉറങ്ങിയെന്ന് ഉറപ്പുവരുത്തി വലിയ മുള്ള്‌വേലിക്കെട്ടു ചാടിക്കടക്കും. ഒരാള്‍ സിലോസ് പാപ്പന്‍ ഉണരുന്നതും നോക്കി,മറ്റൊരാള്‍ വേലിക്കെട്ടിനപ്പുറവും,വേറൊരാള്‍ പറങ്കി മാവിന് മുകളിലുമായി"ഓപെറെഷന്‍ പറങ്കിയണ്ടി" ആരംഭിക്കും. അങ്ങിനെ എത്ര നാള്‍ അണ്ടികട്ടെന്നറിയില്ല. ക്രിസ്തുമസ്സ് അവധിക്കാലം നക്ഷത്രങ്ങള്‍ കൊണ്ട്, മത്താപ്പൂവും കമ്പിപൂത്തിരിയും കൊണ്ട് ആഘോഷമാക്കാനും സിനിമാ ശാലകളില്‍ കയറിയിരങ്ങാനും പണം വേണ്ടേ. പറങ്കിയണ്ടി വിറ്റു കിട്ടുന്ന പണം ഒരുക്കൂട്ടി വെച്ചായിരുന്നു ഉത്സവങ്ങള്‍ക്കും നേര്ച്ചകള്‍ക്കും കളിപ്പാട്ടങ്ങള്‍
വാങ്ങിയിരുന്നത്.പാവം ഈ മഞ്ഞു പെയ്യുന്ന അപ്പൂപ്പനെ പറ്റിച്ചായിരുന്നല്ലോ എന്നോര്‍ക്കുമ്പോള്‍ ഇന്നും സങ്കടമാണ് മനസ്സ് നിറയെ....
നാല്‍പ്പതു ദിവസം കട്ടാല്‍ നല്‌പ്പത്തൊന്നാമത്തെ ദിവസം പിടിക്കപ്പെടും എന്നു പറഞ്ഞ പോലെ
ഓപെറെഷന്‍ പറങ്കിയണ്ടി ഒരുനാള്‍ പിടിക്കപ്പെട്ടു. കാദര്‍ ഓടി രക്ഷപ്പെട്ടു,ബാബു വേലിക്കെട്ടിനപ്പുറത്തെ ഏതോ ഒരു പൊന്തക്കാട്ടില്‍ ഒളിച്ചു. പറങ്കിമാവിന്‍ കൊമ്പത്ത്ഇരുളുന്നത് വരെ ശ്വാസമടക്കിപ്പിടിച്ച് ഇരുന്നു..അതിനിടയിലെപ്പഴോ
മൂത്ര മൊഴിച്ചോ എന്നോര്‍ത്തെടുക്കാന്‍ എനിക്കാവുന്നില്ല. കശുമാവിന് താഴെ ചൂരല്‍ കസേരയുമിട്ട് അല്‍സേഷ്യന്‍ നായയെ തലോടി അപ്പൂപ്പന്‍ ഇരിക്കുന്നുണ്ടായിരുന്നു. നായയുടെ കുര അകന്നകന്നു പോകുന്നത് കേട്ടയുടന്‍ പറങ്കിമാവിന്‍ കൊമ്പില്‍ നിന്നും അടുത്ത പറമ്പിലേക്ക് എടുത്തു ചാടി...ഇപ്പോഴും ഒരു നേര്‍ത്ത വരപോലെ തുടയില്‍ പാട് കാണാം.
പിറ്റേന്ന് രാവിലെ വീട്ടിലേക്ക് കയറി വരുന്ന സിലോസ് പാപ്പാനെ കണ്ട് ഞങ്ങള്‍ ഞെട്ടി...ഓടിയൊളിക്കാന്‍ ഇരുള്‍മുറികള്‍ തിരഞ്ഞു...ഇതിനിടയില് എളേമ്മാന്റെ ഉച്ചത്തിലുള്ള വിളികേള്‍ക്കുന്നുണ്ടായിരുന്നു.ഹൃദയ മിടിപ്പിന്റെ വേഗത കൂടി വന്നു. കാലൊച്ച അകന്നകന്നു പോയതും ഞങ്ങള്‍ ഒന്നുമറിയാത്ത പോലെ പുറത്തിറങ്ങി.
എവിടെ ആയിരുന്നെടാ....? നാളെ ക്രിസ്തുമസ്സല്ലെ, സിലോസ് പാപ്പന്‍ ഇപ്പോ വന്ന് പോയതേയുള്ളൂ
അപ്പോഴാണ് എളേമ്മയുടെ കൈ നിറയെ മിട്ടായികള്‍ കണ്ടത് കൂടെ ചെറിയൊരു സമ്മാനപൊതിയും ഉണ്ടായിരുന്നു...അത് തുറക്കാന്‍ വേണ്ടി ഞങ്ങള്‍ പിടിവലിയായി അതിനിടയില് സമ്മാനപ്പൊതി താഴെ വീണു, ചിതറി വീണു കിടക്കുന്ന പറങ്കിയണ്ടി കണ്ട് ഞങ്ങള്‍ ആശ്ചര്യപ്പെട്ടു. അണ്ടിക്കള്ളന്മാരായ ഞങ്ങളെ സ്നേഹം കൊണ്ട് പകരം വീട്ടിയതായിരിക്കാം
ഓരോ ക്രിസ്തുമസ് കാലവും വരുമ്പോള്‍ ഞങ്ങള്‍ ഇപ്പോഴും സിലോസ് പാപ്പനെ സ്മരിക്കും....ഒരു ക്രിസ്തുമസ് അപ്പൂപ്പനെ പോലെ കൈനിറയെ സമ്മാനങ്ങളുമായി ഈ അണ്ടിക്കള്ളന്മാരെ കാണാന്‍ വരുമെന്ന് പ്രതീക്ഷയോടെ ജനലരികില്‍ കാത്ത് നില്‍ക്കാറുണ്ട്
ഇപ്പോഴും പ്രതീക്ഷ നഷ്ടപ്പെടാത്ത കുട്ടിക്കാലത്തെ കൗതുക കണ്ണുകളുമായി.......