2016, ഒക്‌ടോബർ 6, വ്യാഴാഴ്‌ച

കടൽ മരങ്ങളിലെ രാഷ്ട്ര വേരുകൾ തീർക്കുന്ന ബഹുരാഷ്ട്ര സമന്വയം(സലീം അയ്യനത്ത്)





പ്രിയപ്പെട്ടവർ നമുക്ക് പ്രിയപ്പെട്ടവരാകുന്നത് പലപ്പോഴും നാം അവരെ കാണാതെ പോകുകയും പിന്നീട് എപ്പഴെങ്കിലും അവരെ നാം തിരിച്ചറിയുകയും ചെയ്യുമ്പോഴാണ്. അടുത്ത് നിൽക്കുന്നവർ പ്രിയപ്പെട്ടവരല്ലേ എന്നു കരുതി പലപ്പോഴും നാം അവരെ അവഗണിക്കുന്നു. അടുത്ത് നല്ലതുണ്ടായിട്ടും ദൂരമുള്ളത് തേടി പോകാനാണ് മനുഷ്യന് ആഗ്രഹം...അതിരുകളില്ലാത്ത  അവന്റെ അഭിവാഞ്ജകൾ തുടർന്നുകൊണ്ടേയിരിക്കുന്നു.

ഏതൊരു വസ്തുവിനും അതിന്റെ പുറംതോട് ഉപേക്ഷിച്ച് പുറത്ത് വരാൻ നിശ്ചിതമായ ഒരു സമയ ഘടനയുണ്ട്. അപ്പോൾ മാത്രമേ പ്രകൃതിയിലെ മാറ്റങ്ങളോടും കാറ്റിനോടും മഞ്ഞിനോടും വെയിലിനോടും വെല്ലുവിളിച്ച് പിടിച്ചു നിൽക്കാൻ അവയ്ക്കാകൂ...

ചില പുസ്തകങ്ങളുടെ കാര്യവും മറിച്ചല്ല.. സമൂഹം വായനക്ക് പാകപ്പെടുമ്പോൾ മാത്രമേ മനുഷ്യഹൃദയത്തെ സ്വാധീനിക്കാനാകൂ. അങ്ങനെ നോക്കുകയാണെങ്കിൽ വെള്ളിയോടന്റെ കഥാസമാഹാരം കടൽ മരങ്ങൾ    വായനക്കാരിലെത്താൻ കുറച്ചു കാലതാമസമെടുത്തെങ്കിലും ഇപ്പോഴാണ് പാകപ്പെട്ടിട്ടുള്ളത്. വായനക്കാർ അറിഞ്ഞു തുടങ്ങിയത്.

പ്രവാസ രചനകളിൽ കാലികമായ മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്ന പുതിയ കാലത്തെ നാം അറിയാതെയും വായിക്കാതെയും പോകരുത്. പുതിയത് വരും, എന്നാൽ പഴയത് നാം വായിക്കാത്തിടത്തോളം അതും നമുക്ക് പുതിയതാണ്... ആ നിലയ്ക്ക് കടൽ മരങ്ങൾ തന്നെയാകും കൈരളിയിലെ ആകർഷണീയത.

ദേശാതിർത്തികൾക്ക് അപ്പുറത്തെ രാഷ്ട്രീയം ചർച്ച ചെയ്യുന്ന കഥകളാണ് കടൽമരങ്ങൾ എന്ന കഥ സമാഹാരത്തിന്റെ പ്രത്യേകത. മനുഷ്യന്റെ കാഴ്ചകൾക്കും ചിന്തകൾക്കും അതിർ രേഖകൾ വരച്ചിട്ടിരിക്കുന്നു. ദേശീയത എന്ന വൃത്തത്തിൽ ഒതുങ്ങി നിക്കാനാകാത്ത എഴുത്തുകാരന് വിഹ്വലതകളോട് കൂടി മാത്രമേ ലോക രാഷ്ട്രീയത്തെ നോക്കി കാണാനാകൂ .. ഒരു പക്ഷെ പ്രവാസിയായ ഒരാൾക്ക് മാത്രം പരിചിതമായ ബഹുരാഷ്ട്ര സമന്വയത്തിന്റെയും മാനവിക സ്നേഹത്തെയും അന്യേഷിക്കുകയാണ് അനിതരസാധാരണമായ ഈ കഥകളിലൂടെ.

ശ്രീലങ്കൻ പട്ടാളത്തിന്റെ ക്രൂരതകൾക്ക് ബലിയാടാകേണ്ടി വന്ന പന്ത്രണ്ടു വയസ്സുകാരനായ ബാലചന്ദ്രൻ എന്ന പ്രഭാകരന്റെ മകനിലൂടെ സിംഹളയുടെയും തമിഴരുടെയും വംശീയ വൈരുദ്ധ്യങ്ങളെ തീർത്തും ഒരൊറ്റ കാഴ്ചയിലൂടെ സത്യം അന്യോഷിക്കുകയാണ് മരണവേര് എന്ന ആദ്യ കഥയിലൂടെ.


മുത്:അ  എന്ന കഥ ഇറാന്റെ സാമൂഹ്യ ശ്ലഥചിത്രങ്ങളെ അനാവരണം ചെയ്യുമ്പോൾ ഗു ആങ് ഷിയിലെ ചെങ്കുപ്പായക്കാരിയിൽ ചൈനയുടെ കമ്പോളസംസ്കാരത്തെ  ഡൂപ്ളിക്കേറ്റ് മുലകൾ എന്ന ഒരൊറ്റവരിയിൽ കഥയെ പൂർണ്ണമാകുന്നു. രസിപ്പിക്കുക എന്ന കഥകളുകളുടെ മറ്റൊരു ധർമ്മത്തെ സഭ്യത ഒട്ടും ചോർന്നുപോകാതെ വായനക്കാരെ ഇളക്കുന്നുണ്ട് പലയിടത്തും.

സിറിയക്കാരനായ  തംജീദ്  മാതൃരാജ്യത്ത് പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര കലാപത്തിൽനിന്നും  കുടുംബത്തെ തനിക്കരികിലേക്ക് കൊണ്ടുവരുവാനുള്ള ശ്രമത്തിനിടയിൽ സിറിയക്കാർക്ക് വിസ കൊടുക്കുന്നത് നിർത്തി എന്ന അധികൃതരുടെ ശാസനയിൽ മനം നൊന്ത് ഇറങ്ങി നടക്കുന്നത് മുല്ലപ്പൂ വിപ്ലവം സൃഷ്ടിച്ചെടുത്ത ശൂന്യതയിലേക്കാണ്. മുസ്ലിംകലെ കൂടുതൽ കൊന്നത് മുസ്ലിംകൾ തന്നെയാണെന്ന് ഉച്ചവെയിൽ പരാദങ്ങൾ എന്ന കഥ നമ്മെ ഓർമ്മപെടുത്തുന്നു.

ബീജങ്ങളുടെ സമ്മേളനങ്ങൾക്കിടയിൽ അനവസരത്തിൽ പൂത്ത പുഷ്പമാണവൾ കുരുതി എന്ന കഥയിലൂടെ ദയ എന്ന പെൺകുട്ടി അനുഭവിക്കേണ്ടി വന്ന ലൈംഗിക പീഡനങ്ങളാണ്
രണ്ടാനച്ഛന്റെ ലൈംഗിക തലോടലിൽ നിന്നും ഒളിച്ചോടി സന്യാസി മഠത്തിൽ   അഭയം പ്രാപിക്കേണ്ടിവന്ന  ആത്മീയത കച്ചവടമാക്കുന്ന ആലയങ്ങളിലെ ഇരുട്ടിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്ന ക്രൂരതകളെ നിശിതമായി വിമർശിക്കുന്നുണ്ട്.

മിക്ക കഥകളിലും സ്ത്രീകളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകളെയാണ് എഴുത്തുകാരൻ പാത്രീകരിച്ചിട്ടുള്ളത്.
മ്യാൻമാർ എന്ന സ്വന്തം രാജ്യത്ത് നിന്നുള്ള റോഹിങ്ക്യൻ മുസ്ലീകളുടെ തിരസ്ക്കരണം പലായനത്തിന്റെ അതിദാരുണ കഥ ഇതുവരെ പറയാത്തതും അറിയാത്തതുമായത് കൊണ്ട് ചരിത്രത്തിന്റെ പുനർവായനയിലേക്ക് നമ്മെ നയിക്കുന്നു. അവിടെയും ഇവിടയുമെന്നില്ലാതെ എങ്ങുമെത്താത്ത പരശതം  നാട് നഷ്ടപ്പെട്ടവരുടെ വേദനയ്‌ക്കൊപ്പം രാഖിനിയിലൂടെ  കടലിടുക്കിന്റെ തിരത്തള്ളലിലേക്കും അന്ത സംഘർഷങ്ങളിലേക്കും വായനക്കാരെ ശ്വാസം കിട്ടാതെ ഉലയ്ക്കുന്നു.

മറ്റുള്ളവരുടെ അന്തസംഘർഷങ്ങളെ തിരിച്ചറിയാനുള്ള കഴിവാണല്ലോ  യഥാർത്ഥത്തിൽ ഒരു എഴുത്തുകാരന് ഉണ്ടാകേണ്ടത്.പരുന്തുപട്ടങ്ങളിൽ രണ്ടു എഴുത്തുകാരുടെജീവിതം വരച്ചു വെക്കുന്നതിലൂടെ ജീവിതത്തിലെ പതനങ്ങളും അതുണ്ടാക്കിയെടുക്കുന്ന ആത്മസംഘർഷങ്ങളും മുളക്കാത്ത പോയ ബീജങ്ങൾ ചില്ലു ജാലകങ്ങളിൽ തൂക്കിയിട്ടിരിക്കുന്ന പോലെ ജീവിതത്തിന്റെ നിരർത്ഥകതയെ ചോദ്യം ചെയ്യുന്നു.

ശീർഷകങ്ങൾ തെരെഞ്ഞുടുക്കുന്നതിൽ സ്വീകരിച്ചിരിക്കുന്ന സർഗ്ഗാത്മക ഭാവനയും കണിശതയും കഥകൾക്ക് ഒരു മേമ്പൊടിയായി തോന്നി. മരണ വേര് , കളിമൺ ശലഭങ്ങൾ , പരുന്തു പട്ടങ്ങൾ, കടൽ മരങ്ങൾ, ഇങ്ങനെപോകുന്ന ശീർഷകങ്ങൾ കഥയിലേക്ക് പ്രവേശിക്കാനുള്ള താക്കോൽ സമ്മാനമാണ്. മറ്റേതോ കഥാസമാഹാരത്തിൽ നിന്നും എടുത്ത സിഡ്രല്ല പത്ത് തികയ്ക്കാനുള്ള എഴുത്തുകാരന്റെ വ്യഗ്രതയാണ്. മറ്റൊരു സമാഹാരത്തിൽ വായിച്ച കഥ പുതിയ കഥാസമാഹാരത്തിൽ ഉൾപെടുത്തണോ എന്ന് ചിന്തിക്കേണ്ടിയിരുന്നു. വായനക്കാരന്റെ സമയവും പണത്തിന്റെ മൂല്യവും എഴുത്തുകാർ തിരിച്ചറിയേണ്ടതാണ്.

വിശപ്പിന്റെയും കണ്ണീരിന്റെയും സ്നേഹനിരാസങ്ങളുടെയും രതിയുടെയും യഥാർത്ഥ സ്പന്ദനം കേൾപ്പിക്കുകയാണ് കടൽ മരങ്ങളിലൂടെ . ഇത്തരുണത്തിൽ കടൽ മരങ്ങൾ ഏറെ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. പ്രതീക്ഷകൾ നൽകുന്ന ഈ ചെറുപ്പക്കാരന് വരും കാല കഥാലോകത്ത് ഉത്തരവാദിത്വങ്ങൾ വർദ്ധിക്കുകയാണ്...
ആശംസകൾ ...
06/10/2016