2012, ഒക്‌ടോബർ 6, ശനിയാഴ്‌ച

"കാലത്തിനുമുന്‍പേ സഞ്ചരിക്കുന്ന കഥകള്‍" (മലയാളമനോരമ 02/10/2012)വായനാനുഭവം ഷാജിഹനീഫ്

പ്രവാസം അതൊരു ഒറ്റല്‍ വലയാണ്. നമ്മള്‍ അതില്‍ കുരുങ്ങിയ പരല്‍ മീനുകളും. അകപ്പെട്ടുകഴിഞ്ഞാല്‍ പിന്നീടൊരിക്കലും പുഴയുടെ കുഞ്ഞോളങ്ങളുമായി സംവദിക്കാനാവില്ല. ഒരു വലയില്‍ കിടന്നു പിടക്കുന്ന പരല്‍മീന്‍ കണക്കെ നമ്മുടെ ജീവിതവും.
ഒരു N 70 സീരീസ് മോഷണം എന്ന ആത്മാംശമുള്ള കഥയില്‍ സലീം കുറിയ്ക്കുന്ന വാക്കുകളില്‍ പ്രവാസിയുടെ ഉള്ളുറഞ്ഞ നൊമ്പരത്തിന്റെ ആകെ തുകയുണ്ട്.
ഗള്‍ഫിലെ ഒരുകൂട്ടം ചെറുപ്പക്കാരുടെ പ്രയത്നഫലമായി രൂപംകൊണ്ട പാം പുസ്തകപ്പുരയുടെ പ്രഥമ കഥാസമാഹാരമായി പിറന്ന സലീം അയîനത്തിന്റെ തുന്നല്‍ പക്ഷികളുടെ വീടിലൂടെ തന്നില്‍ ഏവരോടും സംവദിക്കുന്ന ഒരു കഥാകാരനുണ്ട് എന്ന് തെളിയിച്ച സാഹിത്യസദസ്സിലെ പുതുനക്ഷത്രമായ ഈ ചെറുപ്പക്കാരന്റെ മൂന്നാമത്തെ സര്‍ഗ്ഗോപഹാരമാണ് ഡിബോറ, പേര് പോലെ തന്നെ ഇതിലെ ശീര്‍ഷക കഥ നമ്മെ അതിശയിപ്പിക്കുന്നു. ഫിക്ഷനും ഫാന്റസിയും കൂടിക്കലര്‍ന്ന ഇക്കഥയില്‍ കാലാന്തരത്തിലും മാറ്റമില്ലാതെ നിലനില്‍ക്കുന്ന പ്രണയം വരച്ചുകാട്ടുമ്പോള്‍ അതിവിദൂരമല്ലാത്ത ഒരു സമ്പൂര്‍ണ ശാസ്ത്ര സാങ്കേതികയുഗത്തില്‍ മണ്ണിനും വിണ്ണിനുമിടയിലെ ത്രിശങ്കുജീവിതമായി മാറുന്ന മനുഷ്യന്റെ ദുരവസ്ഥ സങ്കീര്‍ണമായൊരു സങ്കല്‍പലോകം തീര്‍ത്ത് വരച്ചിടുമ്പോഴും അതില്‍ സയിന്‍സ് ഫിക്ഷന്റെ അതിപ്രസരം ചിലപ്പോഴൊക്കെ വായനക്കാരനെ അസ്വസ്ഥനാക്കുന്നു. കഥകളൊക്കെ റിയലിസ്റ്റിക് ആകണം എന്നില്ല. എങ്കിലും തിരെഞ്ഞെടുത്ത വിഷയത്തിന്റെ പരിപൂര്‍ണതയ്ക്കായി ചിലയിടങ്ങളില്‍ നടത്തിയ ഏച്ച്കൂട്ടലുകള്‍ മുഴച്ചു തന്നെ നില്‍ക്കുന്നു.
രണ്ടാം കഥയായ കൊശവത്തിക്കുന്നിലേക്കെത്തുമ്പോള്‍ നാം ആദ്യം കണ്ട കഥാപരിസരത്തില്‍ നിന്നും തികച്ചും വിഭിന്നമായ ഒരന്തരീക്ഷത്തില്‍ നാട്ടുനോവുണര്‍ത്തുന്ന ഒരു ക്ളാസിക്കല്‍ ചിത്രം പോലെ വനജ എന്ന ചെട്ടിച്ചിപ്പെണ്ണും കൊശവത്തിക്കുന്നിന്റെ വര്‍ണനയും, ഗൃഹാന്തരത്തിലേക്ക് അധിനിവേശം നടത്തുന്ന നവീന സംസ്കാരത്തിന്റെ ചിഹ്നങ്ങളായ ലോഹപ്പാത്രങ്ങളും പ്ളാസ്റ്റിക് കുടങ്ങളും മണ്‍കുടങ്ങളുടെ സ്നേഹഭാവത്തിനെ മണ്ണില്‍ നിന്ന് പിറന്ന് മണ്ണിലേക്ക് തന്നെ മടങ്ങുന്നതിനിടക്കുള്ള അതിജീവനത്തിന്റെ അന്നം വിളമ്പു പാത്രങ്ങളും മണ്ണ് കൊണ്ട് തന്നെയാകുന്നതിന്റെ കാവ്യനീതി നഷ്ടപ്പെടുന്ന നമ്മുടെ പാത്രസംസ്കാരത്തിലൂടെ വരച്ചിടുന്നു സലീം.
നിരവധി സമ്മാനങ്ങള്‍ നേടിയ മൂസാട് എന്ന കഥ അന്യംനിന്ന ഗ്രാമീണ ജീവിതവും ദശാബ്ദങ്ങള്‍ക്ക് മുമ്പ് നിലനിന്നിരുന്ന ചില വിശ്വാസങ്ങളും വായനക്കാരോട് പങ്കുവയ്ക്കുന്നതിനോടൊപ്പം മൂസാടും, അമീറും, ബുഷ്റയും പരസ്പരം പൂരകങ്ങളായി ഇതില്‍ വര്‍ത്തിക്കുന്നു. ബുഷ്റയുടെ മംഗല്യഭാഗ്യത്തിനായാണ് ഹാജിയാര്‍ ആടിനെ നേര്‍ച്ചയാക്കുന്നത് അതും ഇഷ്ടതോഴനായ അമീറില്‍ നിന്നും അകറ്റിമാറ്റി. ഒടുവില്‍ നാടുവിട്ടുപോയ അമീറും നാടുചുറ്റല്‍ കഴിഞ്ഞെത്തിയ മൂസാടും ബുഷ്റയില്‍ പ്രതീക്ഷയാകുന്നു. സത്യത്തില്‍ പ്രവാസത്തിന്റെ പ്രതീകമാണ് മൂസാട്. ഓരോ പ്രവാസിയും മൂസാടുകളെ പോലെ നാടുകടത്തപ്പെട്ടവനായി ദിക്കുകള്‍ സഞ്ചരിച്ച് ഒടുവില്‍ സ്വന്തം ഇടത്തിലേക്ക് തിരിച്ചെത്തുമ്പോള്‍ തിരസ്കരിക്കപ്പെട്ടവനായി മാറുന്നതിന്റെ വേദന നിറഞ്ഞ കാഴ്ചയും, ദിവ്യ പ്രണയങ്ങളെ അജ്ഞാതകാരണങ്ങളാല്‍ തല്ലിക്കെടുത്തുന്നവര്‍ക്ക് ദൈവകോപം ഉണ്ടാകുമെന്നും ഈ കഥയിലൂടെ പറയുന്നു.
ഗന്ധകഭൂമി അലീനയോട് പറഞ്ഞത് എന്ന കഥയില്‍ സ്വവര്‍ഗ്ഗ ലൈംഗികതയുടെ അപതാളവും പ്രകൃതി തന്നെ തീര്‍ത്ത സ്ത്രീ പുരുഷ ബന്ധത്തിന്റെ ദിവ്യസംഗീതത്തില്‍ അപശ്രുതിയുണ്ടാകുന്ന സ്വവര്‍ഗ്ഗ രതിയുമാണ് വിഷയം. ജീവിവര്‍ഗ്ഗത്തില്‍ മനുഷ്യന്‍മാത്രമാണ് ഉല്‍പാദനത്തിനല്ലാതെയും ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത്. ശീര്‍ഷം, ഉദരം, ലിംഗം സമാന്തരമായുള്ള മൃഗശരീര ശാസ്ത്രത്തില്‍ നിന്നും വ്യത്യസ്തമായാണ് മനുഷ്യനിര്‍മ്മിതി. മനുഷ്യനില്‍ ശിരസ്സ് (ചിന്ത) ആദ്യവും, ഉദരം രണ്ടാമതും, മൂന്നാമതായി മാത്രമേ ലൈംഗികത വരൂ, എന്നാല്‍ മൃഗങ്ങളുടെ ശരീരം തിരശ്ചീനമായതിനാല്‍ ഈ മൂന്ന് വികാരങ്ങളും നേര്‍രേഖയിലായിട്ട് പോലും അവ ആദ്യം അന്നത്തെ കുറിച്ചേ ചിന്തിക്കൂ. എന്നാല്‍ മനുഷ്യന്‍ പുരുഷന്‍ സദാ ലൈംഗികചിന്തകളും പേറി നടക്കുന്നു.
പട്ടിണിയിലും ദുരന്തങ്ങളിലും എന്തിനേറെ ശവഭോഗത്തിന് പോലും മുതിരുന്ന മനുഷ്യര്‍ മൃഗങ്ങളേക്കാള്‍ അധ:പതിക്കുമ്പോള്‍ നാം സൂക്ഷിക്കുക. ശിശു ബാല പീഢനങ്ങളെ ഒരിക്കലും മൃഗീയം എന്ന് ഉപമിക്കാതിരിക്കാന്‍ മനുഷ്യനുമായി താരതമ്യം ചെയ്താല്‍ മൃഗങ്ങള്‍ക്കായിരിക്കും ഏറെ സംസ്കാരം. അവ പ്രത്യുല്‍പാദനത്തിന് മാത്രമായാണ് ഇണ ചേരുന്നത്.
മലയാളികള്‍ക്ക് അത്രയൊന്നും പരിചിതമല്ലാത്ത ഒരു ഭൂപ്രദേശം പശ്ചാത്തലമാക്കിയുള്ള ഈ കഥയില്‍ ലൈംഗിക അരാജകത്വത്തിലേക്ക് തിരിയുന്ന പുതു തലമുറക്കുള്ള ഒരു മുന്നറിയിപ്പും കൂടിയുണ്ട്. പ്രകൃതിയുടെ താളം തെറ്റിയാല്‍ അധവാ തെറ്റിച്ചാല്‍ ഒരു മഹാദുരന്തം നമ്മെ കാത്തിരിക്കുന്നു.
നാട്ടില്‍ തിരിച്ചെത്തിയ ഒരു ഷാര്‍ജ പ്രവാസിയുടെ സൈകത ഗൃഹാതുരതയാണ് റോളാസ്ക്വയര്‍. പണ്ടെങ്ങോ പരദേശത്ത് നിന്നും ആല്‍മരങ്ങള്‍ കൊണ്ട് വന്ന് നട്ടുപിടിപ്പിച്ച പരിസ്ഥിതി സ്നേഹിയായ അജ്ഞാതനായ ഏതോ ഒരറബിയുടെ സ്മരണയായ് ആ ചത്വരം പച്ചയോടെ ഇത്രയും നാളും അവിടെ ഉണ്ടായിരുന്നു.
ആല്‍മരങ്ങള്‍ തേടി എന്ന കഥക്കുള്ളില്‍ തന്നെ മറ്റൊരു കഥയുണ്ട്. അതാകട്ടെ പലരും പലവട്ടം പറഞ്ഞതാണെങ്കിലും ഹൈദ്രുഹാജിയും, വിഷ്ണുവും, ബാവനുവുമുള്ള ഇക്കഥയെ നായകനായ പ്രേംജിയുടെ ഒരു ചലച്ചിത്ര സ്വപ്നത്തിലൂടെ അവതരിപ്പിക്കുമ്പോള്‍ പാതിവഴിയില്‍ നിലച്ചുപോയ പ്രേംജിയുടെ സിനിമാസ്വപ്നം പോലെ തന്നെ കഥക്കുള്ളിലെ കഥയും ഭ്രൂണാവസ്ഥയില്‍ ചാപിള്ളയാകുന്നു.
ഈ നൂറ്റാണ്ടിലേറെ ചര്‍ച്ച ചെയîപ്പെടുകയും മതസൌഹാര്‍ദ്ദരെ ഏറെ ദുഃഖിപ്പിക്കുകയും ചെയ്ത ഗോദ്ര ഗുജറാത്ത് കലാപഭൂമിയിലൂടെ തന്റെ അര്‍ദ്ദസഹോദരനായ സുലൈമാനെ തേടിയുള്ള കഥാകൃത്തിന്റെ യാത്രക്കൊടുവില്‍ അഹിംസയാണ് ലോകത്തിന് വെളിച്ചം പകരുക എന്നദ്ദേഹം നമ്മോട് പറയുന്നു.
തിര്യക്കുകളും ഉപകരണങ്ങളും ചെറുകഥയില്‍ പലപ്പോഴും കഥാപാത്രങ്ങളായിട്ടുണ്ട്. ഉറുമ്പുകള്‍ എന്ന പ്രശസ്തമായ നാടകത്തില്‍ ജി. ശങ്കരക്കുറുപ്പ് ഉറുമ്പുകളിലൂടെ നമുക്ക് വലിയൊരു കഥാലോകം തീര്‍ത്തിരുന്നു. സലീം ഉറുമ്പുകളെ കഥാപാത്രങ്ങളാക്കി ഉറുമ്പോളം ചെറുതെങ്കിലും വലിയൊരു തത്വം നമുക്ക് പറഞ്ഞു തരുന്നുണ്ട്. ആഖ്യാനത്തിലും വ്യാകരണത്തിലും ചില പാകപ്പിഴവുകളുണ്ടെങ്കിലും ഈ കഥയും നമ്മെ ഏറെ ചിന്തിപ്പിക്കുന്നു.
വരും കാല ദുരന്തങ്ങളും അതിശയങ്ങളും ഏറെ വരച്ചുകാട്ടിയ ഈ സമാഹാരത്തിലെന്നെയേറെ വ്യാകുലപ്പെടുത്തിയ കഥ നിഴല്‍ക്കൂത്താണ്. ജനനവും, മരണവും, വിവാഹവുമെല്ലാം ഇവന്റ് മാനേജ്മെന്റിനെ ഏല്‍പിക്കുന്ന പുത്തന്‍പ്രവണതയിലെ ഭീകര ദുഃഖം വളരെ ലാളിത്യത്തോടെ സലീം അയîനത്ത് പറയുന്നു.
ആറാം ഇന്ദ്രിയവും മൂന്നാം കണ്ണും ഉള്ളവനായിരിക്കണം എഴുത്തുകാരന്‍. അവന് വരുംകാല സുനാമിയെ തടുക്കാനാകില്ലങ്കിലും ഒരു രാക്ഷസത്തിര നിങ്ങളെ നമ്മെ തുടച്ചുനീക്കാന്‍ വരുന്നു എന്ന സന്ദേശമെത്തിക്കുന്ന കടല്‍ പിറാവിന്റെ ദൌത്യമെങ്കിലും ഏറ്റെടുക്കാന്‍ കഴിയണം.
മിഖായേല്‍ പ്രഷ്വിന്‍ പറഞ്ഞതുപോലെ ഒരഗ്നി സ്ഫുലിംഗമാകണം ചെറുകഥ. അന്നമൊരുക്കാനും അനീതിമാത്രം വിളയാടുന്നൊരു നാടെരിക്കാനും കഴിവുള്ള ഒരു ചെറുതീപ്പൊരി അതിലുണ്ടായിരിക്കണം. നോവലിന്റെ വിശാലമായ ക്യാന്‍വാസോ സ്വാതന്ത്യ്രമോ കവിതകളില്‍ അറിയാതെ വന്നു പോകുന്ന അബദ്ധവാക്കുകളുടെ ന്യായീകരണങ്ങളോ വര്‍ണ വിസ്മയത്താല്‍ സാര്‍വലൌകികമായി സംവദിക്കുന്ന ചിത്രകലയിലെ സാധ്യതകളോ ചെറുകഥാ സാഹിത്യത്തില്‍ അസാധ്യം എന്നു തന്നെ പറയാം. ഒരു ചെറുപരിധിക്കുള്ളില്‍ നിന്ന് കൊണ്ട് തീര്‍ക്കണം വലിയൊരു വിസ്മയ ലോകം.
എന്തിനുമേതിനും ഇന്ന് നാം ഓരോ ദിനങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്നു. അമ്മയെ സ്നേഹിക്കാന്‍ മദേഴ്സ് ഡേ, അച്ഛനുവേണ്ടി ഫാദേഴ്സ് ഡേയും, പ്രണയിക്കുന്നവര്‍ക്കായ് വാലന്റൈന്‍സ് ഡേ. അങ്ങിനെയങ്ങിനെ വായനക്കും, എഴുത്തിനും, കണ്ണിനും, കാതിനും, ഹൃദയത്തിനും ഇനി മരണമോര്‍ക്കാനും ഒരു ദിനം എന്നൊരു അവസ്ഥയില്‍ നിന്നുവേണം ഈ കഥ വായിക്കാന്‍. തികച്ചും യാന്ത്രികമായിക്കൊണ്ടിരിക്കുന്ന മനുഷ്യവികാരങ്ങളില്‍ കൌമാരപ്രണയത്തിനു പോലും വരും നാളുകളിലിനി നാം പ്രണയഗുളികകള്‍ തേടിപ്പോകേണ്ടി വരുന്ന മഹാദുരന്തനാളെയെ കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാണ് ഈ കഥ.
അസമയത്ത് അലോസരപ്പെടുത്തി ഗള്‍ഫ് ബന്ധമുള്ള ഏവരേയും ഇന്ന് തേടിയെത്തുന്ന നെറ്റ്കോള്‍. ദശാബ്ദങ്ങള്‍ പ്രവാസമനുഭവിച്ച അത്രയൊന്നും അക്ഷരാഭ്യാസമില്ലാത്ത തന്റെ ഭാര്യ സൈനബ (സൈനാത്ത) മനംനിറയെ മതിവരുവോളം പ്രണയവാക്കുകള്‍ കൊണ്ട് മൂടുവാന്‍ കണ്ടെത്തിയ നവീനമാര്‍ഗ്ഗം അതിരുവിടുമ്പോള്‍ മുപ്പതാണ്ടില്‍ മുപ്പത്മാസം തികച്ച് തന്റെ പ്രേയസിയോടൊപ്പം ചിലവഴിക്കാനാകാത്ത ഒരു മനുഷ്യന്റെ ദുഃഖം സഹചാരികള്‍ പോലും മനസിലാകാത്ത വെറും വൈക്തിക ദുരന്തമായി ഈ കഥ നമ്മെ വല്ലാതെ അലോസരപ്പെടുത്തുന്നു.
എന്നും എവിടെയും കബളിപ്പിക്കപ്പെടുന്ന പാവം പ്രവാസിയുടെ ഒരു നേര്‍ക്കാഴ്ചയാണ് ഒരു മ്മ70 സീരീസ് മോഷണം. ഒരു ചിത്രകാരന്‍ നാല് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വ്യോമയാത്രയില്‍ വെറും പെയിന്റര്‍ ആയിമാറുന്ന കറുത്ത ഹാസ്യം പ്രവാസികള്‍ക്ക് മാത്രം സ്വന്തം. ആ പെയിന്റര്‍ ജീവിതം കുടുംബത്തിന് വേണ്ടി സമര്‍പ്പിച്ച് സകല കടമകളും ദൌത്യങ്ങളും തീര്‍ത്ത് നാടണയുമ്പോള്‍ കാത്തിരിക്കുന്ന കശാപ്പ് സംഘങ്ങളോട് എമിഗ്രേഷനില്‍ നിന്ന് തന്നെ തുടങ്ങുന്ന കയര്‍ക്കല്‍ ഒടുങ്ങുന്നത് ഒരു തിരിച്ചു പോക്കിന്റെ വാതായനത്തിലാണ്. തികച്ചും നിഷ്കളങ്കരാണ് പ്രവാസികള്‍. അവസരം കിട്ടുമ്പോഴൊക്കെ കബളിപ്പിക്കപ്പെടുന്ന ഇവരുടെ നാണയതുട്ടുകളാണ് നമ്മുടെ നാടിന്റെ നട്ടെല്ല്. കാഴ്ചകാണാന്‍ വരുന്ന നേതാക്കളെ മനംനിറയെ സമ്മാനങ്ങള്‍ കൊണ്ട് പൊതിയുമ്പോഴും അവരുടെ മനസ്സിന്റെ നഷ്ടജീവിതത്തിന്റെ നാട്ടുജീവിതത്തിന്റെ കനലെരിവ് ആരും കാണാതെ പോകുന്നു. കലാസൃഷ്ടികളിലൊക്കെ ഇന്നും കോമാളി വേഷം കെട്ടിച്ച് നാം ആര്‍ത്തലച്ച് ചിരിക്കുന്നു.
’കാലികരാഷ്ട്രീയ ദുരന്തങ്ങള്‍ മുന്നേ കാണുന്നു മുന്‍പറഞ്ഞതുപോലെ ഒരു നല്ല എഴുത്തുകാരന്‍ എന്നതിനുദാഹരണമാണ് വാകമരങ്ങള്‍ പൂത്ത ഇടവഴികള്‍ എന്ന കഥ
മരണം രംഗബോധമില്ലാത്ത കോമാളിയാണെന്ന് പറഞ്ഞതെത്ര ശരി. ബോംബ് സ്ഫോടനത്തില്‍ മരിച്ച വിജയനുചുറ്റുമായി ചിതറിക്കിടക്കുന്ന ചീട്ടുകളിലെ പാതികത്തിയ ജോക്കര്‍ അമൂര്‍ത്തമായൊരു ചിത്രംപോലെ നമ്മുടെ ചിരിയിലും രോധനമുയര്‍ത്തുന്നു.
ശബ്നം എന്ന കഥ നമ്മോടൊന്നും കാര്യമായി സംവദിക്കുന്നില്ലങ്കിലും എഴുത്തുകാരന്റെ നഷ്ടപ്രണയത്തെ ഉണര്‍ത്തുന്ന ഏതോ ഒരു പേരിലുള്ള കൌതുകം കൊണ്ട് എഴുതിയപോലെയുണ്ട്.
കാലിക പ്രസക്തമായ മറ്റൊരു കഥയാണ് വെള്ളച്ചാമി, മുല്ലപ്പെരിയാര്‍ ഡാം എന്ന ദ്രവിഡീയതര്‍ക്കത്തിന് ഹേതുവായത് ഏതോ വെള്ളപ്പരിഷ്കാരികളാണെന്ന യാഥാര്‍ത്ഥ്യവും തിരശ്ശീലക്ക് പിന്നിലൊരു പ്രണയവും. എലീനമൌണ്ട് ബാറ്റനോട് ചാച്ചാനെഹ്റുവിന് തോന്നിയത് പോലുള്ള പ്രണയം. ആദിമദ്യാന്തം സലീമിന്റെ കഥകളില്‍ പ്രണയം ഒളിഞ്ഞും തെളിഞ്ഞും മുഖം കാണിക്കുന്നു. നിളയോടുള്ള എഴുത്തുകാരന്റെ ഒടുങ്ങാത്ത പ്രണയമാകാം അതിന് കാരണം. തീര്‍ച്ചയായും നമുക്കഭിമാനിക്കാം നമുക്കിടയില്‍നിന്ന് താരശോഭയോടെ മലയാളസാഹിത്യ ലോകത്ത് വെളിച്ചം വിതറുന്ന ഉള്‍ക്കനമുള്ള നല്ല കൃതികള്‍ ഇനിയും എപ്പോഴും പുഞ്ചിരിക്കുന്ന ചെറുപ്പക്കാരനില്‍ നിന്നുമുണ്ടാകും എന്ന ശുഭപ്രതീക്ഷയോടെ കാത്തിരിക്കുന്നു.http://gulf.manoramaonline.com/cgi-bin/MMOnline.dll/portal/ep/gulfContentView.do?contentId=12514236&programId=6722890&tabId=15&contentType=EDITORIAL&BV_ID=%40%40%40