2012, സെപ്റ്റംബർ 6, വ്യാഴാഴ്‌ച

ഓണക്കാഴ്ച





നാടോടുമ്പോള്‍
നടുവേ ഓടണമെന്ന് പറഞ്ഞവള്‍
നിരത്തി ഒരു മുഴുനീളന്‍ ലിസ്റ്റ്
മാവേലി സ്റ്റോറില്‍
കള്ളവുമില്ല ചതിവുമില്ല
ഉള്ളതെല്ലാം പൊളിവചനം

ബീവരേജിനു മുമ്പില്‍
മാനുഷരെല്ലാം ഒന്നുപോലെ
നീണ്ടവരിയില്‍ പരസ്പരം
ഒന്നുമുരിയാടാതെ തിക്കിത്തിരക്കി
ഓണക്കാഴ്ചകളില്‍ മനസ്സുടക്കി
പുറത്തെ മഴനൂലുകള്‍ക്കു വേണ്ടി കൊതിച്ചു
ഇടവപ്പാതിയും ചമ്ക്രാന്തിയും കഴിഞ്ഞിട്ടും
അത്തം കറുത്തുമില്ല, ഓണം വെളുത്തുമില്ല
പൂവട്ടിയും പൂക്കുട്ടയുമായി
നാടോടി പെണ്‍കുട്ടികള്‍
പടിപ്പുര പൊളിച്ചുമാറ്റിയ
ഗേറ്റില്‍ വിശപ്പൊട്ടിയ വയറുമായി
പ്രതീക്ഷകളുടെ വരണ്ടകണ്ണുകളുമായി
ഓണയൂഞ്ഞാലുപോല്‍ തൂങ്ങിയാടി...
അപ്പൊഴേക്കും
നാല് ചുമരുകള്‍ കൊണ്ട്
ഞാനെന്റെ നഗ്നതമറച്ചിരുന്നു
ആള്സേഷ്യന്‍ നായയുടെ
രൂപപരിണാമം വന്ന കുര
ഞാനെന്ന മനുഷ്യന്റെ ഗര് വായിരുന്നു...