2016, ഒക്‌ടോബർ 6, വ്യാഴാഴ്‌ച

കടൽ മരങ്ങളിലെ രാഷ്ട്ര വേരുകൾ തീർക്കുന്ന ബഹുരാഷ്ട്ര സമന്വയം(സലീം അയ്യനത്ത്)





പ്രിയപ്പെട്ടവർ നമുക്ക് പ്രിയപ്പെട്ടവരാകുന്നത് പലപ്പോഴും നാം അവരെ കാണാതെ പോകുകയും പിന്നീട് എപ്പഴെങ്കിലും അവരെ നാം തിരിച്ചറിയുകയും ചെയ്യുമ്പോഴാണ്. അടുത്ത് നിൽക്കുന്നവർ പ്രിയപ്പെട്ടവരല്ലേ എന്നു കരുതി പലപ്പോഴും നാം അവരെ അവഗണിക്കുന്നു. അടുത്ത് നല്ലതുണ്ടായിട്ടും ദൂരമുള്ളത് തേടി പോകാനാണ് മനുഷ്യന് ആഗ്രഹം...അതിരുകളില്ലാത്ത  അവന്റെ അഭിവാഞ്ജകൾ തുടർന്നുകൊണ്ടേയിരിക്കുന്നു.

ഏതൊരു വസ്തുവിനും അതിന്റെ പുറംതോട് ഉപേക്ഷിച്ച് പുറത്ത് വരാൻ നിശ്ചിതമായ ഒരു സമയ ഘടനയുണ്ട്. അപ്പോൾ മാത്രമേ പ്രകൃതിയിലെ മാറ്റങ്ങളോടും കാറ്റിനോടും മഞ്ഞിനോടും വെയിലിനോടും വെല്ലുവിളിച്ച് പിടിച്ചു നിൽക്കാൻ അവയ്ക്കാകൂ...

ചില പുസ്തകങ്ങളുടെ കാര്യവും മറിച്ചല്ല.. സമൂഹം വായനക്ക് പാകപ്പെടുമ്പോൾ മാത്രമേ മനുഷ്യഹൃദയത്തെ സ്വാധീനിക്കാനാകൂ. അങ്ങനെ നോക്കുകയാണെങ്കിൽ വെള്ളിയോടന്റെ കഥാസമാഹാരം കടൽ മരങ്ങൾ    വായനക്കാരിലെത്താൻ കുറച്ചു കാലതാമസമെടുത്തെങ്കിലും ഇപ്പോഴാണ് പാകപ്പെട്ടിട്ടുള്ളത്. വായനക്കാർ അറിഞ്ഞു തുടങ്ങിയത്.

പ്രവാസ രചനകളിൽ കാലികമായ മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്ന പുതിയ കാലത്തെ നാം അറിയാതെയും വായിക്കാതെയും പോകരുത്. പുതിയത് വരും, എന്നാൽ പഴയത് നാം വായിക്കാത്തിടത്തോളം അതും നമുക്ക് പുതിയതാണ്... ആ നിലയ്ക്ക് കടൽ മരങ്ങൾ തന്നെയാകും കൈരളിയിലെ ആകർഷണീയത.

ദേശാതിർത്തികൾക്ക് അപ്പുറത്തെ രാഷ്ട്രീയം ചർച്ച ചെയ്യുന്ന കഥകളാണ് കടൽമരങ്ങൾ എന്ന കഥ സമാഹാരത്തിന്റെ പ്രത്യേകത. മനുഷ്യന്റെ കാഴ്ചകൾക്കും ചിന്തകൾക്കും അതിർ രേഖകൾ വരച്ചിട്ടിരിക്കുന്നു. ദേശീയത എന്ന വൃത്തത്തിൽ ഒതുങ്ങി നിക്കാനാകാത്ത എഴുത്തുകാരന് വിഹ്വലതകളോട് കൂടി മാത്രമേ ലോക രാഷ്ട്രീയത്തെ നോക്കി കാണാനാകൂ .. ഒരു പക്ഷെ പ്രവാസിയായ ഒരാൾക്ക് മാത്രം പരിചിതമായ ബഹുരാഷ്ട്ര സമന്വയത്തിന്റെയും മാനവിക സ്നേഹത്തെയും അന്യേഷിക്കുകയാണ് അനിതരസാധാരണമായ ഈ കഥകളിലൂടെ.

ശ്രീലങ്കൻ പട്ടാളത്തിന്റെ ക്രൂരതകൾക്ക് ബലിയാടാകേണ്ടി വന്ന പന്ത്രണ്ടു വയസ്സുകാരനായ ബാലചന്ദ്രൻ എന്ന പ്രഭാകരന്റെ മകനിലൂടെ സിംഹളയുടെയും തമിഴരുടെയും വംശീയ വൈരുദ്ധ്യങ്ങളെ തീർത്തും ഒരൊറ്റ കാഴ്ചയിലൂടെ സത്യം അന്യോഷിക്കുകയാണ് മരണവേര് എന്ന ആദ്യ കഥയിലൂടെ.


മുത്:അ  എന്ന കഥ ഇറാന്റെ സാമൂഹ്യ ശ്ലഥചിത്രങ്ങളെ അനാവരണം ചെയ്യുമ്പോൾ ഗു ആങ് ഷിയിലെ ചെങ്കുപ്പായക്കാരിയിൽ ചൈനയുടെ കമ്പോളസംസ്കാരത്തെ  ഡൂപ്ളിക്കേറ്റ് മുലകൾ എന്ന ഒരൊറ്റവരിയിൽ കഥയെ പൂർണ്ണമാകുന്നു. രസിപ്പിക്കുക എന്ന കഥകളുകളുടെ മറ്റൊരു ധർമ്മത്തെ സഭ്യത ഒട്ടും ചോർന്നുപോകാതെ വായനക്കാരെ ഇളക്കുന്നുണ്ട് പലയിടത്തും.

സിറിയക്കാരനായ  തംജീദ്  മാതൃരാജ്യത്ത് പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര കലാപത്തിൽനിന്നും  കുടുംബത്തെ തനിക്കരികിലേക്ക് കൊണ്ടുവരുവാനുള്ള ശ്രമത്തിനിടയിൽ സിറിയക്കാർക്ക് വിസ കൊടുക്കുന്നത് നിർത്തി എന്ന അധികൃതരുടെ ശാസനയിൽ മനം നൊന്ത് ഇറങ്ങി നടക്കുന്നത് മുല്ലപ്പൂ വിപ്ലവം സൃഷ്ടിച്ചെടുത്ത ശൂന്യതയിലേക്കാണ്. മുസ്ലിംകലെ കൂടുതൽ കൊന്നത് മുസ്ലിംകൾ തന്നെയാണെന്ന് ഉച്ചവെയിൽ പരാദങ്ങൾ എന്ന കഥ നമ്മെ ഓർമ്മപെടുത്തുന്നു.

ബീജങ്ങളുടെ സമ്മേളനങ്ങൾക്കിടയിൽ അനവസരത്തിൽ പൂത്ത പുഷ്പമാണവൾ കുരുതി എന്ന കഥയിലൂടെ ദയ എന്ന പെൺകുട്ടി അനുഭവിക്കേണ്ടി വന്ന ലൈംഗിക പീഡനങ്ങളാണ്
രണ്ടാനച്ഛന്റെ ലൈംഗിക തലോടലിൽ നിന്നും ഒളിച്ചോടി സന്യാസി മഠത്തിൽ   അഭയം പ്രാപിക്കേണ്ടിവന്ന  ആത്മീയത കച്ചവടമാക്കുന്ന ആലയങ്ങളിലെ ഇരുട്ടിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്ന ക്രൂരതകളെ നിശിതമായി വിമർശിക്കുന്നുണ്ട്.

മിക്ക കഥകളിലും സ്ത്രീകളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകളെയാണ് എഴുത്തുകാരൻ പാത്രീകരിച്ചിട്ടുള്ളത്.
മ്യാൻമാർ എന്ന സ്വന്തം രാജ്യത്ത് നിന്നുള്ള റോഹിങ്ക്യൻ മുസ്ലീകളുടെ തിരസ്ക്കരണം പലായനത്തിന്റെ അതിദാരുണ കഥ ഇതുവരെ പറയാത്തതും അറിയാത്തതുമായത് കൊണ്ട് ചരിത്രത്തിന്റെ പുനർവായനയിലേക്ക് നമ്മെ നയിക്കുന്നു. അവിടെയും ഇവിടയുമെന്നില്ലാതെ എങ്ങുമെത്താത്ത പരശതം  നാട് നഷ്ടപ്പെട്ടവരുടെ വേദനയ്‌ക്കൊപ്പം രാഖിനിയിലൂടെ  കടലിടുക്കിന്റെ തിരത്തള്ളലിലേക്കും അന്ത സംഘർഷങ്ങളിലേക്കും വായനക്കാരെ ശ്വാസം കിട്ടാതെ ഉലയ്ക്കുന്നു.

മറ്റുള്ളവരുടെ അന്തസംഘർഷങ്ങളെ തിരിച്ചറിയാനുള്ള കഴിവാണല്ലോ  യഥാർത്ഥത്തിൽ ഒരു എഴുത്തുകാരന് ഉണ്ടാകേണ്ടത്.പരുന്തുപട്ടങ്ങളിൽ രണ്ടു എഴുത്തുകാരുടെജീവിതം വരച്ചു വെക്കുന്നതിലൂടെ ജീവിതത്തിലെ പതനങ്ങളും അതുണ്ടാക്കിയെടുക്കുന്ന ആത്മസംഘർഷങ്ങളും മുളക്കാത്ത പോയ ബീജങ്ങൾ ചില്ലു ജാലകങ്ങളിൽ തൂക്കിയിട്ടിരിക്കുന്ന പോലെ ജീവിതത്തിന്റെ നിരർത്ഥകതയെ ചോദ്യം ചെയ്യുന്നു.

ശീർഷകങ്ങൾ തെരെഞ്ഞുടുക്കുന്നതിൽ സ്വീകരിച്ചിരിക്കുന്ന സർഗ്ഗാത്മക ഭാവനയും കണിശതയും കഥകൾക്ക് ഒരു മേമ്പൊടിയായി തോന്നി. മരണ വേര് , കളിമൺ ശലഭങ്ങൾ , പരുന്തു പട്ടങ്ങൾ, കടൽ മരങ്ങൾ, ഇങ്ങനെപോകുന്ന ശീർഷകങ്ങൾ കഥയിലേക്ക് പ്രവേശിക്കാനുള്ള താക്കോൽ സമ്മാനമാണ്. മറ്റേതോ കഥാസമാഹാരത്തിൽ നിന്നും എടുത്ത സിഡ്രല്ല പത്ത് തികയ്ക്കാനുള്ള എഴുത്തുകാരന്റെ വ്യഗ്രതയാണ്. മറ്റൊരു സമാഹാരത്തിൽ വായിച്ച കഥ പുതിയ കഥാസമാഹാരത്തിൽ ഉൾപെടുത്തണോ എന്ന് ചിന്തിക്കേണ്ടിയിരുന്നു. വായനക്കാരന്റെ സമയവും പണത്തിന്റെ മൂല്യവും എഴുത്തുകാർ തിരിച്ചറിയേണ്ടതാണ്.

വിശപ്പിന്റെയും കണ്ണീരിന്റെയും സ്നേഹനിരാസങ്ങളുടെയും രതിയുടെയും യഥാർത്ഥ സ്പന്ദനം കേൾപ്പിക്കുകയാണ് കടൽ മരങ്ങളിലൂടെ . ഇത്തരുണത്തിൽ കടൽ മരങ്ങൾ ഏറെ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. പ്രതീക്ഷകൾ നൽകുന്ന ഈ ചെറുപ്പക്കാരന് വരും കാല കഥാലോകത്ത് ഉത്തരവാദിത്വങ്ങൾ വർദ്ധിക്കുകയാണ്...
ആശംസകൾ ...
06/10/2016

2016, ഏപ്രിൽ 2, ശനിയാഴ്‌ച

പതിനാല് കഥകളുടെ അക്ഷരക്കൂട്- ഹരീഷ് വൈഷ്ണവ്




ഡിബോറ"...
സലിം അയ്യനത്ത് ( Saleem Ayyanath ) എഴുതിയ പതിനാല് കഥകൾ ഉള്ള ഒരു അക്ഷരക്കൂട് ...
ജനിച്ചതിൽ പിന്നെ ഇന്നേവരെ ഭൂമിയെ തൊടാൻ കഴിഞ്ഞിടാതെ, ഭൂമിയെ കുറിച്ച് സ്വപ്നം കാണാൻ അനുവാദമില്ലാതെ, എന്നാൽ ഭൂമിയെ തൊട്ടുതലോടാൻ ആഗ്രഹിക്കുന്ന ഡിബോറ...........
കൈവിരലുകൾ കൊണ്ട് കളിമണ്ണിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന കൊശവന്മാരുടെ ലോകം.. വിയർപ്പുകണങ്ങൾ നിറഞ്ഞ വടിവൊത്ത മേയ്യഴകുമായി വീടുകൾ തോറും തലച്ചുമടായി പാത്രം വിൽക്കാൻ എത്തുന്ന കൊശവത്തിക്കുന്നിലെ വനജയുടെ ജീവിതം...
മൂസാട്......പുസ്തകം വായിച്ചു കഴിഞ്ഞും ഹൃദയത്തിൽ നില്ക്കുന്നു ബുഷ്‌റയും അമീറും ജീവിതവും. തികച്ചും വേറിട്ടൊരു ആടുജീവിതം. ഇത് വായിച്ചു തന്നെ അറിയണം ...
സോദോം ഗോമോറയിൽ അവസാനത്തെ സൂര്യാസ്തമയം പ്രതീക്ഷിച്ച് ഇരിക്കുമ്പോൾ സാക്ഷിയായി സാഗരം.....ഗന്ധക ഭൂമി അലീനയോട് പറഞ്ഞത് .....
റോള സ്ക്വയറിലെ ആല്മരങ്ങളിൽ വീശിയടിച്ചിരുന്ന കാറ്റിൽ സിനിമ സ്വപ്‌നങ്ങൾ അസ്തമിച്ചു മരണത്തെ പുല്കിയ പ്രേംജിയുടെ നിശ്വാസം ഉണ്ടായിരുന്നു......
സുലൈമാനിക്കയും പിന്നെ ഉറുമ്പുകളും ഇന്നിന്റെ സാമൂഹിക അധപ്പതനത്തെ വളരെ വ്യക്തമായി വരച്ചിടുന്നു.
കുടുംബ ആഘോഷങ്ങൾ.. ഇവന്റ് മാനേജ്മെന്റ് കൂട്ടങ്ങൾ... ഉള്ളിൽ ഒരു നീറ്റൽ നിഴൽക്കൂത്തിലൂടെ.....
കുടുംബക്കാരെയും സുഹൃത്തുക്കളെയും വെറുപ്പിക്കുന്ന നേരവും കാലവും നോക്കാതെ ഫ്രീ കാൾ ഉപദ്രവങ്ങളും തുടർന്നുള്ള പ്രതികരണങ്ങളും...
സഹായിക്കാൻ നോക്കി ഒടുവിൽ പണി കിട്ടാതെ രക്ഷപ്പെട്ട ആശ്വാസത്തിൽ ഒരു N70 സീരീസ് മോഷണ കഥ.....
വാകമരങ്ങൾ പൂത്ത ഇടവഴിയിലെ വിജയനും മുല്ലപ്പെരിയാറിൽ ആഴങ്ങളിൽ അലിഞ്ഞ വെള്ളച്ചാമിയും വായനയുടെ അവസാനം നല്കുന്ന മുറിവുകൾ...
തികച്ചും വേറിട്ട ഒരു വായനാനുഭവം ആയിരുന്നു സലിം അയ്യനത്ത് എഴുതിയ ഡിബോറ. ബുദ്ധിജീവി സാഹിത്യത്തിൻറെ പ്രകടനം തീര ഇല്ലാതെ , വളരെ മനോഹരമായി എല്ലാവർക്കും മനസ്സിലാകുന്ന സാഹിത്യം ഉപയോഗിച്ചിരിക്കുന്നു ഈ പുസ്തകത്തിൽ. ലളിതവും കടുപ്പവും ഉള്ള പദങ്ങൾ ഉപയോഗിച്ചിട്ടുണ്ട് എങ്കിലും മികച്ച ആസ്വാദനം പകർന്നു നല്കുന്നു ഈ രചന.....
മനോഹരമായ ഒരു വായന സമ്മാനിച്ച ശ്രീ സലിം അയ്യനത്തിന് ഹൃദയം നിറഞ്ഞ ആശംസകൾ... ഡിബോറ സഞ്ചരിക്കട്ടെ കൂടുതൽ ഉയരങ്ങളിലേക്ക് ......

2016, മാർച്ച് 11, വെള്ളിയാഴ്‌ച

മൂന്നാമിടങ്ങള്‍ക്കിടയില്‍ സംഭവിക്കുന്നത് ആസ്വാദനം- സലീം അയ്യനത്ത്



ചില പുസ്തകങ്ങള്‍ വായിക്കപ്പെടണം എന്ന തോന്നലുണ്ടാകുന്നതിന് പിറകില്‍ പുരസ്‌കാരത്തിന് ഒരു വലിയ പങ്കുണ്ട്. അതുകൊണ്ടാണല്ലോ സമകാലിക മലയാളസാഹിത്യത്തിലെ ശ്രദ്ധേയനായ എഴുത്തുകാരില്‍ ഒരാളായ കെ.വി മണികണ്ഠനെ അടുത്തറിയുന്നതും ദുബായ് ഡി സി ബുക്‌സില്‍ നിന്ന് പുസ്തകം കൈവശമാക്കുന്നതും.   

മൂന്നാമിടങ്ങള്‍ എന്ന നോവലിന് അങ്ങനെയൊരു പ്രസക്തിയുണ്ട്, ഡി.സി കിഴക്കേമുറി ജന്മശതാബ്ദിയോടനുബന്ധിച്ച് നടത്തിയ നോവല്‍മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കൃതി എന്നത് തന്നെയായിരുന്നു തെരെഞ്ഞടുപ്പിന്റെ മാനദണ്ഡം.

ജീവിക്കാനൊരിടം തേടിയുള്ള മനുഷ്യന്റെ യാത്രയ്ക്ക് മനുഷ്യോല്‍പത്തിയോളം പഴക്കമുണ്ട്. വിശപ്പ് എന്ന മഹാദുരന്തത്തെ മറികടക്കാനുള്ള ഉപാധിയായിട്ടാണ് ഇട

ങ്ങള്‍ തേടിയുള്ള മനുഷ്യന്റെ യാത്ര തുടരുന്നത്. രണ്ട് ആനന്ദങ്ങള്‍ക്കിടയില്‍ ത്രസിക്കപ്പെട്ട  ജീവന്റെ ആദ്യകണികകള്‍ രൂപപ്പെടുന്ന ഒന്നാമിടമെന്ന ഗര്‍ഭപാത്രത്തില്‍ വെച്ച് ജീവന്റെ ആദ്യതുടിപ്പുകള്‍ ലോകത്തിന്റെ ചലനങ്ങള്‍ പലതും തിരിച്ചറിയുന്നു . രണ്ടാമിടം അവന്‍ ജീവിക്കുന്ന വീടെന്ന യാഥാര്‍ത്ഥ്യവും ചുറ്റുപാടുമാണ്. വിശപ്പ് കഴിഞ്ഞാല്‍ പിന്നെ മനുഷ്യന്റെ ഏറ്റവും വലിയ ദയനീയത സ്‌നേഹ നിരാസങ്ങള്‍ തന്നെ. വിശപ്പിനും, സ്‌നേഹത്തിനുമപ്പുറമേ കാമമെന്ന അവന്റെ മുറ്റുവികാരങ്ങള്‍ക്ക് പ്രാധാന്യമുള്ളൂവെന്ന് രണ്ടാമിടങ്ങളില്‍ ബോധ്യമാകുന്നുമൂന്നാമിടങ്ങള്‍ വിശപ്പുമാറ്റുവാന്‍ അലഞ്ഞുതിരയുന്നവരുടേതല്ല, മറിച്ച് മനുഷ്യവികാരങ്ങളുടെ പൂര്‍ത്തീകരണം തേടിയലയുന്നവരുടെ കഥയാണ്. സ്‌നേഹത്തിന്റെ ഏറ്റവും നല്ല ഭാവങ്ങള്‍ തേടിയുള്ള തിരിച്ചറിവുകളുടെ തിരിച്ചുപോക്കാണ് മൂന്നാമിടങ്ങളില്‍  പ്രതിപാദിക്കുന്നത്. മൂന്നാമിടം തേടിയുള്ള മനുഷ്യന്റെ അലച്ചിലാണ് ഓരോ മനുഷ്യജീവിതവുമെന്ന് നോവല്‍ പ്രഘോഷിക്കുന്നു. സഹോദരന്റെ ഗര്‍ഭം പേറുകയും ആ കുഞ്ഞിനെ വളര്‍ത്തുകയും ചെയ്യേണ്ടിവരുന്ന ഇന്ദിരാദേവി എന്ന പ്രശസ്ത കവയത്രിയുടെ ജീവിതാനുഭവങ്ങള്‍ നോവല്‍ രൂപത്തില്‍ പ്രസിദ്ധീകരിക്കുന്ന സഹപ്രവര്‍ത്തകയായ ഡാലിയയുടെ എഴുത്തിലൂടെയാണ് നോവല്‍ പുരോഗമിക്കുന്നത്. ഡാലിയ, ഇന്ദിര, അഹല്യ എന്നീ മൂന്ന് സ്ത്രീകള്‍ നരേന്ദ്രന്‍ എന്ന ചിത്രകാരന്റെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിലൂടെ ചിത്രകലയും കവിതയും ഒരു മാലയില്‍ കൊരുത്ത മുത്തുമണികള്‍ പോലെ കാഴ്ചവട്ടത്തെ ആസ്വാദ്യമാക്കുന്നു. പ്രമേയം കൊണ്ട് ശ്രദ്ധേയമല്ലെങ്കിലും ആഖ്യാനത്തിലെ പുതുമവായനക്കാരിലുണ്ടാക്കു 
ന്നത് സമ്മിശ്രവികാരങ്ങളാണ്. നോവലിന്റെ പുതുമാനം കാത്തുസൂക്ഷിക്കാന്‍ എഴുത്തുകാരന്‍ കാണിച്ചിരിക്കുന്ന ശ്രമം ശ്രദ്ധേയം തന്നെ.
ഒരൊറ്റവായനയില്‍ ആസ്വദിക്കാവുന്നതല്ല മൂന്നാമിടം. ഓരോ അധ്യായത്തിനൊടുവിലും എഴുത്തുകാരിയുടെ പിന്‍കുറിപ്പ് കഥാപാത്രങ്ങളെ കുറിച്ചുള്ള 
ചില അഭിപ്രായപ്രകടനങ്ങള്‍ കഥാപാത്രങ്ങളെ വായനക്കാരന് മനസ്സിലാക്കികൊടുക്കണം എന്നുള്ള ബോധപൂര്‍വ്വമായ ചില സൂചനകളാണ്, 
പിന്‍കുറിപ്പിലൂടെ നോവല്‍ രചന സങ്കേതങ്ങളില്‍ ഒരു പുതുപരീക്ഷണം നടത്തിയിരിക്കുകയാണിവിടെ. ആ പുതുമയെ വായനക്കാര്‍ എങ്ങനെ സ്വീകരിക്കുമെന്നത് കാണേണ്ടിയിരിക്കുന്നു. 
സ്ത്രീജീവിതത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളിലെ പരിണാമശാസ്ത്രം മനോഹരമായി ആവിഷ്‌കരിച്ചിരിക്കുന്നു മൂന്നാമിടങ്ങള്‍. ഋതുമതിക്കാലം തുടങ്ങി അവളൊരു പെണ്ണായി പൂത്തുലയുന്നതും അമ്മയാവുക എന്ന പെണ്‍ജന്മത്തിന്റെ അഭിലാഷ പൂര്‍ത്തീകരണവും ഇന്ദിരാ ദേവിയെന്ന കവയത്രിയിലൂടെ സാധ്യമാകുന്നു. ഗര്‍ഭസ്ഥ ശിശുവിന്റെ ചലനങ്ങള്‍, കേള്‍വി എല്ലാം തന്നെ മനോഹരമായി ആസ്വദിപ്പിക്കുന്നു. ഒരു പക്ഷേ ഇന്ദിരാദേവിയെന്ന കവയത്രിയേക്കാള്‍ മനസ്സിനെ സ്വാധീനിച്ചത് അഹല്യ എന്ന കഥാപാത്രമാണ്. അഗ്നിപര്‍വ്വതങ്ങള്‍ ഉള്ളിലൊളിപ്പിച്ച ഒരു ഭൂമിയാണ് അഹല്ല്യ. സ്ത്രീ 
അങ്ങനെയായിരിക്കണം. പുരഷമേധാവിത്വത്തിനെതിരെ പൊട്ടിത്തേറിക്കുകയും, പുരുഷന്റെ സ്‌നേഹത്തിന് മുമ്പില്‍ മാത്രം തലകുനിക്കുയും ചെയ്യുന്നവള്‍. അഹല്യയെന്ന 
തന്റേടിയായ സ്ത്രീകഥാപാത്രത്തിന്റെ വികാരങ്ങളും വിചാരങ്ങളും ഈ നോവലിന്റെ ആകര്‍ഷണീതയാണ്. മടിയനായ ചിത്രകാരന് ഊര്‍ജ്ജം പകര്‍ന്നത് അഹല്യമാത്രമായിരുന്നു. പാത്രസൃഷ്ടിയില്‍ കാണിച്ചിരിക്കുന്ന സ്വാഭാവികതയും 
സൂക്ഷ്മതയും ഒരു ഇരുത്തം വന്ന എഴുത്തുകാരന്റെ അതുല്യമായ സര്‍ഗ്ഗവൈഭവത്തിന് ഉദാഹരണമാണ്. 
നരേന്ദ്രനെന്ന ചിത്രകാരന്റെ മനസ്സില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നതിനോടൊപ്പം സൃഷ്ടിയുടെ പൂര്‍ത്തീകരണത്തിലെത്തിക്കുന്നുവെങ്കില്‍ സ്ത്രീയെന്ന അസ്തിത്വത്തെ പൂര്‍ണ്ണതയിലെത്തിക്കാന്‍ സ്വയം പര്യാപ്തമല്ലെന്ന് തോന്നിയപ്പോള്‍ അതിനുള്ള മാര്‍ഗ്ഗമായി തേടിയത് സ്വന്തം സഹോദരിയെ തന്നെ. മൂന്നാമതൊരിടത്ത് ജനിക്കുന്ന കുഞ്ഞ് എന്ന സങ്കല്‍പം ഈ നേവലിനെ സ്വാധീനിച്ചിട്ടുണ്ടാകാം.
വളര്‍ത്തച്ഛനും ഗുരുവുമായ ബാബാ ആലം ഗുര്‍ഷിദിന്റെ വളര്‍ത്തുപുത്രനായി അറിയപ്പെടുമ്പോഴും സാറയുമായുള്ള ശരീരികബന്ധം മുന്‍കൂട്ടി പ്രതീക്ഷിക്കാന്‍ 
വായനക്കാരനാവുന്നു. രതിനൃത്തമെന്ന ഒറ്റ ചിത്രത്തിലൂടെ കല്‍ക്കത്തയിലെ അറിയപ്പെടുന്ന യുവ ചിത്രകാരനായി നരേന്ദ്രന്‍ മാറി. പൂര്‍ണ്ണവളര്‍ച്ചയെത്തിയ ഒരു കുട്ടിയുടെ ജന്മം പോലെയാണ് ഈ നോവലെങ്കിലും അപൂര്‍ണ്ണതയുടെ ഉള്‍ത്രസിപ്പിക്കല്‍…വായനക്ക് ശേഷം ഉള്ളുലയ്ക്കാനാകാത്ത പോലെ എന്തൊക്കെയോ ബാക്കിവെച്ചിരിക്കുന്നു. സുദീര്‍ഘമായ ഒരനുഭവമായി വായനക്കാരന്റെ മനസ്സില്‍ തങ്ങിനില്‍ക്കുന്നില്ല.
കരന്റും കാല്‍, വീക്കാന്‍ സമയമായി, തലകുത്തിച്ചാട്ടം, പൊട്ടക്കുണാപ്പന്‍, മണുക്കൂസ്, ഇണ്ണാമന്‍, തൊള്ളപൊളിയന്‍, മന്തക്കന്‍ ചെക്കന്‍ നാടന്‍പദങ്ങളുടെ സര്‍ഗ്ഗവസന്തം വിരിയിക്കുകയാണിവിടെ, ചിലയിടങ്ങളില്‍ അനുഭവേദ്യമാകുന്ന ഗ്രാമ്യഭാഷ വായനയെ താളാത്മകവും. ചില അധ്യായങ്ങള്‍ മുത്തശ്ശിക്കഥ പറയുന്നത് പോലെ ലളിതവും സുതാര്യവുമാക്കി വായനയെ വിഘ്‌നമില്ലാതെ കൊണ്ടുപോകുന്നു. സ്‌നേഹം മനസ്സില്‍ കാത്തുസൂക്ഷിക്കുകയും, അതൊരിക്കലും പ്രകടമാക്കുകയും ചെയ്യാത്ത ഒരച്ഛന്റെ മകനായിരുന്നു നരേന്ദ്രന്‍. സ്വന്തം അച്ഛന്റെ അവഹേളനവും ഹോസ്റ്റലിലെ ഒറ്റപ്പെടലും പ്രതിഷേധവും, സ്വന്തം അച്ഛമ്മയുടെ ദേഹവിയോഗവും കൂടുതല്‍ ഒറ്റപ്പെട്ടവനാക്കി. നരേന്ദ്രനില്‍ ഒരു ചിത്രകാരന്‍ രൂപപ്പെടുകയായിരുന്നു, എങ്കിലും ഹോസ്റ്റലിലെ ചുറ്റുപാടുകളുടെ, കത്രീനച്ചേടത്തിയുടെ സ്‌നേഹവും കരുണയും മത്രമായിരുന്നു ഏക ഒരാശ്വാസം
മനുഷ്യന്റെ ലൈംഗിക ചോദനകളെ തേനീച്ചകളുടെ ഹുങ്കാരത്തോടും ചീറ്റപ്പുലി
യോടും ഉപമിക്കുമ്പോള്‍ പറയാതെ പറയലിന്റെ രസം അനുഭവിക്കുവാനാകുന്നുണ്ട്. 
എങ്കിലും ഒറ്റവായനയില്‍ ഈ നോവലിന്റെ തുടര്‍ച്ചയെ മനസ്സിലാക്കിയെടുക്കുക 
പ്രയാസം തന്നെ.
സമൂഹത്തെ ഏതുതരത്തിലാണ് ഈ നോവല്‍ സ്വാധീനിക്കുന്നതെന്നറിയില്ല, ഒരു 
കലാസൃഷ്ടി സമൂഹത്തെ സ്വാധീനിക്കണമെന്നുണ്ടോ..? അടയാളപ്പെടുത്തുന്ന കാലത്തെ രാഷ്ട്രീയത്തെ ഏത് രീതിയിലാണ് നോവല്‍ സ്വാധീനിക്കുന്നത്.?  വ്യക്തികളി ലേക്കും, സ്വത്വത്തിലേക്കും മാത്രം ഈ നോവല്‍ ഒതുങ്ങിപ്പോകുമ്പോള്‍ എഴുത്തുകാരന്റെ സാമൂഹിക പ്രതിബദ്ധത എവിടെയോ നഷ്ടമാകുന്നില്ലേ എന്നൊരു തോന്നല്‍ വായനക്കൊടുവില്‍ ഉണ്ടാകാം. നരേന്ദ്രനെന്ന ചിത്രകാരന്റെ പ്രവാസ ജീവിതവും ആള്‍ദൈവ
ങ്ങള്‍ക്കെതിരെയുള്ള ചില ഉറച്ച വലിയശബ്ദങ്ങള്‍ ഒരു പക്ഷേ എഴുത്തുകാരന്റെ തന്നെ ആശയങ്ങളെ പ്രതിഫലിപ്പിക്കാന്‍ വേണ്ടി എഴുതിച്ചേര്‍ത്ത പോലെ അനുഭവപ്പെട്ടുവെങ്കിലും  നോവലിന്റെ ഒഴുക്കിനെ താളംതെറ്റിക്കുന്നില്ല.
 വാക്യഘടനയില്‍ സ്വീകരിച്ചിരിക്കുന്ന മിതത്വം ശ്രദ്ധേയമായി തോന്നി. കൊച്ചു
വാചകങ്ങള്‍ വായനാരസമുകുളങ്ങളെ ഉദ്വീപിപ്പിക്കുന്നു. ചടുലവും ഹൃദയാ
വര്‍ജ്ജകവുമായ ശൈലിയില്‍ വളച്ചുകെട്ടൊന്നുമില്ലാതെയുള്ള ആകൃത്രിമമായ 
ആഖ്യാനം തന്നെയാണ്. ഈ നോവലിന്റെ സവിശേഷതയെന്ന ജഡ്ജിംഗ് പാനലിന്റെ അഭിപ്രായത്തെ അടിവരയിടുന്നു.
വരും കാലങ്ങളില്‍ ഇനിയും നല്ല സൃഷ്ടികള്‍ പ്രതീക്ഷിക്കാം. അതിനായി മലയാ
ളികള്‍ക്ക് കാത്തിരിക്കാം

ഡിബോറ കട്ടെടുത്ത പുലര്‍ക്കാല സ്വപ്‌നങ്ങള്‍-അഞ്ജലി രാജേഷ്‌


രാത്രി മുഴുവൻ നെഞ്ചിനുള്ളിൽ ഉറുമ്പുകളരിച്ചു നടന്നു !!
മൂക്കത്ത് വിരൽ വച്ച പെണ്ണുറുമ്പുകൾ ...
നീണ്ട തലമുടിയും വിടർന്ന കണ്ണുകളുമുണ്ടായിരുന്ന
പെൺകുട്ടിയുടെ ചോര പുരണ്ടയാത്മാവ്
അവയുടെ തലയ്ക്കു മുകളിൽ പാറി നടന്നു ...
സലിം ഭായ്യുടെ ഡിബോറയെന്ന പുസ്തകത്തിന്റെ
തലക്കെട്ടാണ്
കൈരളി ബുക്സിന്റെ ഷെൽഫിൽ നിന്നും
അത് തെരഞ്ഞെടുക്കാൻ ഹൃദയത്തെ പ്രേരിപ്പിച്ചത് !
ആദ്യ കഥ വായിച്ചു തുടങ്ങിയപ്പോൾ ഹൃദയം
മറ്റൊരു ലോകത്തേയ്ക്ക് ചുവടു വച്ചു .
ശൂന്യാകാശത്ത് പാറി നടന്ന
ഇലക്ട്രോണിക് ഫ്ലാറ്റുകളെ പോലെ
കുറേനേരം അതവിടെത്തന്നെ തങ്ങി നിന്നു .
പിന്നെ ,തിരിച്ചിറങ്ങി ...കുന്നുകയറി..വനജയുടെ വിയർപ്പിന്റെ തെച്ചിപ്പൂ മണം നുകർന്നു ...
മട്ടൺ ബിരിയാണിയോട് വെറുപ്പുണ്ടാക്കിയത്
പണ്ട് സുഹൃത്തിന്റെ വീട്ടിലെ പെണ്ണാടിനു പ്ളാവില
കൊടുക്കുമ്പോൾ ,
അരികിൽ അകിടു മുട്ടിപ്പാലു കുടിച്ച കുഞ്ഞിന്റെ
കണ്ണുകൾ ...
ആടുകളുടെ ഗന്ധം പിന്നെ ഹൃദയം വെറുത്തു ..
ആടു ജീവിതം വായിച്ചപ്പോൾ
വെറുപ്പ്‌ വിതുമ്പലായി മാറി !
"മൂസാട്" വായിക്കുമ്പോൾ വീണ്ടും
ആ വിതുമ്പൽ ഹൃദയത്തിൽ ...
ഒടുക്കം ശൂന്യതയ്ക്കു കൊള്ളുന്ന ഇടിയുടെ
അർത്ഥമില്ലായ്മയിൽ ഹൃദയം നീറി ...
മൂസാടിന്റെ മണം മൂക്കിൻ തുമ്പ് വിടാൻ
കൂട്ടാക്കാതിരുന്ന നേരത്താണ് ,
ഹൃദയമൊരു "ഗന്ധക ഗന്ധം" പിടിച്ചെടുത്തത് .
സോദോം ഗോമോറയിലെ അവസാന സൂര്യാസ്തമയം നോക്കി
"അലീന "യിരിക്കുമ്പോൾ ഹൃദയം ചാവുകടലിനു മീതെ നടന്നു !!
അന്നേരമാണൊരു കാറ്റ് വീശിയത് ....
റോളാ സ്ക്വയറിലെ ആൽമരങ്ങളിൽ വീശിയടിച്ച മണൽക്കാറ്റ് !
മണൽക്കാറ്റിൽ വാടിയ ഹൃദയം "സുലൈമാനിക്കയെത്തേടി " ഗോധ്രയിലലഞ്ഞു ...
അലച്ചിൽ കഴിഞ്ഞു മടങ്ങുമ്പോൾ ,
ഒരു "നിഴൽക്കൂത്തിൽ " ഹൃദയത്തിന് വഴി തെറ്റി .
എഴുത്തിന്റെ പ്രണയ വഴികളിൽ ചെന്ന് നിന്ന ഹൃദയം
നിർന്നിമേഷയായി വായിച്ചു ..
" പ്രണയം വന്ന വഴിയിൽ ഈന്തപ്പനകൾ പൂത്തു "
ഒടുവിൽ പാതി വഴിയിൽ കട്ടായ പ്രണയ സല്ലാപത്തിൽ കണ്ണീരൊഴുക്കി !!
പിന്നെയൊരു "N 70 സീരീസ് മോഷണത്തിൽ " അമ്പരന്നു നിന്നു !!
കഥാകൃത്ത്‌ പറയുന്ന കഥകൾ നമ്മുടെ തലച്ചോറ്
ദഹിപ്പിക്കുകയെന്ന പ്രക്രിയയിലെ
സങ്കീർണ്ണതയുടെ ഏറ്റക്കുറച്ചിലുകളാണ്
ഓരോ കഥയെയും നമുക്ക് പ്രിയപ്പെട്ടതാക്കുന്നത് ..
ഒരു പുസ്തകം ഒന്നിലധികം തവണ വായിക്കുന്നതിനു
ഹൃദയം കണ്ടെത്തുന്ന രണ്ടു കാരണങ്ങളുണ്ട് :
ഒന്ന് - കടുകട്ടി സാഹിത്യം
രണ്ട് - ലാളിത്യത്തിന്റെ ഭംഗി
സലിം ഭായ് യുടെ കഥകൾ രണ്ടു തവണ വായിക്കാൻ
ഹൃദയം തുനിഞ്ഞതിന്റെ പിന്നിലെ കാരണം രണ്ടാമത്തേത് .
"ചിലർ അങ്ങനെയാണ് ..അവർ തെരഞ്ഞെടുത്ത വഴികളിലൂടെ മാത്രമേ സഞ്ചരിക്കൂ " എന്ന് സലിം ഭായ്
പറയുമ്പോൾ ഹൃദയം അതിശയിച്ചു , ഇനിയും കണ്ടെത്താത്ത സ്വന്തം വഴിയെക്കുറിച്ചോർത്ത് !
ഒടുക്കം പുസ്തകം മടക്കുമ്പോൾ ഹൃദയം ഇങ്ങനെ വീണ്ടും വായിച്ചു നിർത്തി :
"അനുഭവങ്ങൾക്ക് ശേഷമുള്ള ഓർമ്മകളാണ് പ്രണയം .
ആ ഓർമ്മകളാണ് നമ്മെയൊക്കെ ജീവിപ്പിക്കുന്നതും ".
--------------------------------------------------------
"ഡിബോറ " എന്ന പുസ്തകത്തിലൂടെ ഹൃദയം കടന്നു പോയത് ഇങ്ങനെയാണ് ...ഉജ്ജ്വലമായൊരു വായനാനുഭവം സമ്മാനിച്ചു കൊണ്ട് .
അക്ഷരസ്നേഹികൾക്ക് ഇതൊരു മുതൽക്കൂട്ടായിരിക്കും .
2016 ലെ വായിച്ചു മടക്കിയ പുസ്തകക്കൂട്ടത്തിലേയ്ക്ക്
ഡിബോറയും ...
ആശംസകൾ സലിം ഭായ് .

2016, മാർച്ച് 3, വ്യാഴാഴ്‌ച

ഡിബോറ വായിക്കുമ്പോൾ - രഹിൻ ഖാദർ





"ഡിബോറ" പേരിലെ കൗതുകം കൊണ്ട്‌ തന്നെയാണു കണ്ണിൽ ഉടക്കിയത്‌. അതെന്തായാലും വെറുതെ ആയില്ല. 

പതിനാലു ചെറുകഥകൾ പതിനാലു ലോകങ്ങളിലേക്കുള്ള വലിയ വാതായനങ്ങളിലൂടെ യോജനകൾ താണ്ടികുതിപ്പിച്ച ഒരു സൃഷ്ടി. 

ബെൻജമിന്റെ "ആട്‌ ജീവിതത്തിനു" ശേഷം ഒറ്റയിരിപ്പിൽ വായിച്ചു തീർക്കാൻ നിർബന്ധിതമായ കഥകൾ. 

ജനിച്ചിതുവരെ ഭൂമിയിലെ മൺതലങ്ങളിൽ തന്റെ പാദം തൊടാത്ത, ഭൂമിയെ തൊട്ട്‌ നടക്കാൻ കൊതിക്കുന്ന അംബര ചുംബികളായ കെട്ടിട വാസിയായ ഡിബോറ എന്ന പെൺകുട്ടി, ചന്ദ്രയാനിലേക്ക്‌ പോവാൻ ഉഴിഞ്ഞു വെച്ച ജീവിതം, അവളുടെ ശതകോടീശ്വരനായ പിതാവിന്റെ പൈലറ്റായ കാമുകനോടൊപ്പം മരണത്തിലേക്ക്‌ ക്രാഷ്‌ ലാന്റ്‌ ചെയ്യുന്ന മനോരഥസൃഷ്ടിയിൽ സലീം അയ്യനത്ത്‌ നമ്മളെ ഒരു ഭാവി ലോകത്തിന്റെ ഉമ്മറപ്പടിയിലെത്തിക്കുന്നു.

എന്നാൽ കൊശവത്തിക്കുന്നിന്റെ കഥയിൽ തികച്ചും ജീവിതങ്ങളിലുടെ നിഷ്കപടമായി കടന്ന് പോവുന്നു. അവിടെ കഥകൃത്തിന്റെ ബഹുലപ്രവീണമായ രചനാസിദ്ധി മനസ്സിലാവും. വാക്കുകളുടെയോ പ്രയോഗങ്ങളുടെയോ ആവർത്തനം ഒട്ടും തന്നെയില്ല എന്നത്‌ ശ്രദ്ധിക്കപ്പെട്ട മറ്റൊരു പ്രത്യേകത.

സാമൂഹിക വിഷയങ്ങളും ഭാവി പുരോയാനങ്ങളും ഗതകാലസുഖസ്‌മരണയുടെ നഷടമാണെന്ന് എവിടെയൊക്കെയോ സലീം വരച്ചുകാട്ടുന്നുണ്ടോ എന്ന് ഒരു സംശയം വായിച്ച്‌ കഴിഞ്ഞപ്പ്പോൾ തോന്നി.


03/03/2016

2016, ഫെബ്രുവരി 29, തിങ്കളാഴ്‌ച

ഡിബോറ: മാനവികതയുടെ അടയാളപ്പെടുത്തലുകള്‍-ഹണി ഭാസ്കരന്‍

ഡിബോറ: മാനവികതയുടെ അടയാളപ്പെടുത്തലുകള്‍
-------------------------------------------------------------------------
 
ദാര്‍ശനികതയുടെ തലങ്ങളില്‍നിന്ന് ചിന്തിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ചില എഴുത്തുകാര്‍ ഉണ്ട്. അവര്‍ ഭൂതകാലത്തെ ഒരു ക്യാന്‍വാസായി തുറന്നുവെച്ച് വര്‍ത്തമാന കാലത്തെ അതിനു മീതെ വരച്ചു വെക്കും. വരാനിരിക്കുന്ന കാലത്തെ കുറിച്ച് കൃത്യമായ ആശങ്കകള്‍ പങ്കു വെക്കും. സലീം അയ്യനത്തിന്റെ ഡിബോറ അത്തരം കഥകളുടെ പകര്‍പ്പാണ്. സാധാരണ ഭാഷയില്‍ അസാധാരണമായ ക്രാന്ത ദര്‍ശിത്വത്തോടെ എഴുതപ്പെട്ട കഥകള്‍. പ്രവാസ ജീവിതം നയിക്കുന്ന ഒരാളുടെ പതിവ് ശൈലിയായ ഗൃഹാതുരതയുടെ അതിഭാവുകത്വമോ മുഷിപ്പിക്കലോ കഥകളില്‍ ഇല്ല. വായിച്ചു പോകുന്ന വഴിയെ കഥാപാത്രങ്ങളും ചേരുന്നു. സമകാലിക വിഷയങ്ങളും കഥകളില്‍ കടന്നു വരുന്നുണ്ട് എന്നത് ആനന്ദം പ്രദാനം ചെയ്യുന്നു. പുതുകാല ചെറുകഥാകൃത്തുക്കളില്‍ തന്റേതായ ഇടം നേടിയ കഥാകാരന്‍. 
അനുഭവിപ്പിക്കാന്‍ സാധിക്കുന്ന എഴുത്ത് മാത്രമേ വായനക്കാരനെ എക്കാലവും ചിന്തിപ്പിക്കുകയുള്ളൂ. റിയലിസവും മാജിക്കല്‍ റിയലിസവും കൂടി ചേര്‍ന്ന് വായനക്കാരനെ വ്യത്യസ്തമായ അനുഭവ ഭാഷ്യങ്ങളിലേക്ക് എത്തിക്കുന്ന കഥകള്‍. 
'പാത്രങ്ങള്‍ ജീവിതത്തിന്റെ അക്ഷയ പാത്രങ്ങളാണ്. സംസ്‌കാരത്തിന്റെ തിരിച്ചറിവുകള്‍ ആണ്. ചീനച്ചട്ടിയില്‍ ചൈനീസ് സംസ്‌കാരം ഒളിപ്പിച്ചുവെച്ചത് പോലെ നമുക്ക് ലോകത്തിനു മുന്നില്‍ തുറന്നു വെക്കാന്‍ നമ്മുടെതായ പാത്ര സംസ്‌കാരം എവിടെ? എന്ന് 'കൊശവത്തിക്കുന്ന്' എന്ന കഥയില്‍ കഥാകാരന്‍ ചോദിക്കുന്നു. ആഗോളവത്കരണത്തിന് എതിരെയുള്ള ശബ്ദമായി 'കൊശവത്തിക്കുന്ന്' മാറുന്നു. കഥയിലെ കഥാപാത്രമായ വനജയെന്ന ചെട്ടിച്ചിപ്പെണ്ണിലൂടെ പെണ്ണടയാളത്തിന്റെ നനഞ്ഞ മുഖം കോറിയിടാന്‍ കഥാകാരന് കഴിഞ്ഞിട്ടുണ്ട്. കുലത്തൊഴില്‍ അന്യംനിന്നുപോകുമ്പോള്‍ അവരുടെ ജീവിതം അന്യാധീനപ്പെട്ട ഭൂപ്രദേശം പോലെ ആവുന്നതിനെ കുറിച്ച് ഓര്‍ത്തു കഥാകാരന്‍ വേവലാതിപ്പെടുന്നു. മാംസക്കൊതിയന്മാര്‍ അവിടുത്തെ പെണ്‍ജീവിതങ്ങള്‍ക്കുമേല്‍ ആധിപത്യം സ്ഥാപിച്ചെടുക്കുന്നതിനെക്കുറിച്ച് ഓര്‍ത്തു വേദനിക്കുന്നു. സമൂഹത്തിന്റെ ചിന്തകളെ നവീകരിക്കാന്‍ പാകപ്പെട്ട ഒരു കഥയായി 'കൊശവത്തിക്കുന്ന്' മാറുമ്പോള്‍ കഥാകാരന്‍ മുന്നോട്ടു വെക്കുന്ന മാനുഷിക മുഖം പ്രശംസ അര്‍ഹിക്കുന്നു. 
നാടായ നാടെല്ലാം അലഞ്ഞു തിരിയുന്ന നേര്‍ച്ചയാടുകളെ കുറിച്ചുള്ള കഥ 'മൂസാട്' വ്യത്യസ്തമായൊരു അനുഭവമായി മാറി. തനതു ശൈലിയില്‍ നിന്നും വ്യത്യസ്തമായി ഭാഷയിലെ നാട്ടുപ്രയോഗങ്ങള്‍ മുന്നോട്ടു വെച്ച കഥ കൂടി ആയിരുന്നു 'മൂസാട്'. 
''മനം നിറഞ്ഞ പ്രണയം തന്നെയാണ് ജീവിതത്തെ അര്‍ഥ പൂര്‍ണമാക്കുന്നത്'' എന്ന് 'ഗന്ധകഭൂമി അലീനയോടു പറഞ്ഞത്' എന്ന കഥയില്‍ കഥാകാരന്‍ പറയുന്നു. എന്നാല്‍ പുരുഷനും സ്ത്രീയും തമ്മിലുള്ള പ്രണയവും രതിയും മാത്രമാണ് ശരി എന്ന് പറയുന്നിടത്ത് കഥാകാരന്‍ വ്യക്തി സ്വാതന്ത്ര്യങ്ങളില്‍, മനുഷ്യാവകാശങ്ങളില്‍ ഇരട്ടത്താപ്പ് കാണിക്കുന്നില്ലേ എന്ന് ചിന്തിക്കുമ്പോള്‍ കഥാകാരന്റെ പുരോഗമന ചിന്തയെ ചോദ്യം ചെയ്യേണ്ടിവരുന്നു. 
സമൂഹത്തിലേക്കു തുറന്നു വെച്ച ഒരു കണ്ണായി മാറുന്ന കഥയാണ് 'ഗോദ്രയിലെ വിളക്കുമരങ്ങള്‍'. തെരുവും കലാപവും രക്ത ഗന്ധങ്ങളും ഉഷ്ണ ജീവിതങ്ങളും കഥയിലൂടെ ഒരു ചരിത്ര സംഭവം പോലെ കടന്നു പോകുന്നു. കഥാകാരന്റെ കൈയാപ്പ് പതിഞ്ഞ മാനുഷിക വശമേറിയ കഥയായി ഇതിനെ മുന്നോട്ടു വെക്കാം. കഥാകാരന്‍ ചുറ്റുപാടുകളെ കുറിച്ച്, ചുറ്റും സംഭവിക്കുന്ന അപചയങ്ങളെ കുറിച്ച് തികച്ചും ബോധവാനാണ്. മുറിവേല്‍ക്കപ്പെട്ട ജനാധിപത്യത്തെ അടയാളപ്പെടുത്താന്‍ ഗുജറാത്തിനെ കഥാകാരന്‍ ഉപയോഗിച്ചിരിക്കുന്നത് കൃത്യമായ രാഷ്ട്രീയ ബോധത്തോടും നിലപാടുകളോടും കൂടി തന്നെയാണ്. വരാനിരിക്കുന്ന രാഷ്ട്രീയ മൂല്യച്യുതികളെ കാണാന്‍ കഥാകാരന് എളുപ്പം സാധിച്ചിട്ടുണ്ട്. 
'ഉറുമ്പിന്‍ തെരുവിലെ നക്ഷത്രങ്ങള്‍' എന്ന കഥ ഭരണകൂട വ്യവസ്ഥയെ ശക്തമായി വിമര്‍ശിക്കുന്ന കഥയാണ്. ഭരണകൂടങ്ങളും നീതിന്യായ വ്യവസ്ഥകളും നീതിയെ കൈകാര്യം ചെയ്യുന്ന അരാഷ്ട്രീയമായ സമ്പ്രദായത്തില്‍ ഇരകള്‍ നേരിടുന്ന പ്രശ്‌നങ്ങളും സമൂഹത്തില്‍ അത് വരുത്തുന്ന മാറ്റങ്ങളും കഥാതന്തുവിനെ ശക്തിപ്പെടുത്തുന്നു. ഉറുമ്പുകളിലൂടെ പറഞ്ഞുപോകുന്ന കഥ ഇന്നത്തെ ഫാസിസ്റ്റ് ഭരണ രീതിയില്‍ നാം വായിക്കപ്പെടേണ്ട ഒന്ന് തന്നെയാണ്. കപടമായ ജനാധിപത്യ ബോധം പേറുന്നവരെ ഇരുത്തി ചിന്തിപ്പിക്കാന്‍ ഈ കഥക്ക് ആകുമെന്നതില്‍ സംശയമില്ല. ഏറ്റവും ലളിതമായ ഭാഷയില്‍ ഏറ്റവും മനോഹരമായി എഴുതപ്പെട്ട തീവ്രമായ സാമൂഹിക അവബോധം വെച്ചുപുലര്‍ത്തുന്ന കഥയാണ് ഇത്. കുഞ്ഞുങ്ങള്‍ക്ക് ചുറ്റും കാമക്കണ്ണുകളുമായി അനേകം പേര്‍ ഒളിച്ചിരിപ്പുണ്ട് എന്ന് കഥാകാരന്‍ ജാഗരൂകനാവുന്നു, വായനക്കാരനെ ബോധ്യപ്പെടുത്തുന്നു. 
'നിഴല്‍ക്കൂത്ത്' എന്ന കഥയില്‍ നഷ്ട്ടപ്പെട്ടു പോകുന്ന മാനുഷിക ബന്ധങ്ങളെ കുറിച്ച് കഥാകാരന്‍ എഴുതുന്നു. വിവാഹ സുദിനം ഈവന്റ് മാനെജ്‌മെന്റുകള്‍ കൈയടക്കുമ്പോള്‍ ആചാരങ്ങള്‍ ഓര്‍മകളുടെ പിന്‍ചട്ടയില്‍ ഒതുങ്ങുന്നതിനെകുറിച്ച് വ്യസനപ്പെടുന്നു. 
'ഫ്രീ കോള്‍ മാമാങ്കം' എന്ന കഥ പ്രവാസിയുടെ സ്വപ്‌നങ്ങളുടെയും നൊമ്പരത്തിന്റെയും കഥയാണ്. ഏറെക്കാലം മരുഭൂമിയില്‍ ചെലവഴിച്ചിട്ടും തന്നേതന്നെ തിരിച്ചറിയാന്‍ കഴിയാതെ പോകുന്ന റഹിംക്ക എന്ന പ്രവാസിയുടെ കണ്ണീരിന്റെ കഥ. മറ്റു കഥകളില്‍ നിന്ന് അല്‍പം നിലവാരം കുറഞ്ഞൊരു കഥയായി തോന്നി 'ഒരു ി70 സീരീസ് മോഷണം' എന്ന കഥ. ലേഖനം എഴുതുന്ന രീതിയില്‍ അനുഭവത്തെ ചിത്രീകരിക്കാന്‍ ശ്രമിച്ചത് വായനയില്‍ കല്ലുകടി ആവുന്നു. ഒരുപക്ഷെ മറ്റു കഥകള്‍ മുന്നോട്ടു വെച്ച നല്ല വശങ്ങളെ കണ്ണ് തട്ടാതിരിക്കാന്‍ എന്ന പോലെ ഇതിലെ ന്യൂനതകള്‍ മാറുന്നു. 
'വാകമരങ്ങള്‍ പൂത്ത വഴികള്‍' ഭാഷയെ, ഗൃഹാതുരതയെ, നാടിനെ മനോഹരമായി ആവിഷ്‌കരിച്ച കഥയാണ്. വിജയനും സുമിജയും വായനയില്‍ നമ്മോടു സംവദിക്കുന്നുണ്ട് എന്നത് കഥയുടെ വൈകാരികതയുടെ വിജയം കൊണ്ടാണ്. മഞ്ഞുതുള്ളിയുടെ സുതാര്യതയുള്ള പ്രണയം പിന്നീടുള്ള 'ശബ്ദം' എന്ന കഥയില്‍ വന്നു പോകുന്നുണ്ട്. 
കാലിക പ്രസക്തമായ സംഭവങ്ങളിലൂടെ 'ഡിബോറ' വായനക്കാരനെ ഒരു ബെഞ്ചിനു മീതെ കയറ്റി നിര്‍ത്തി ചോദ്യം ചെയ്യുകയാണ്, ശിക്ഷിക്കുകയും പുനര്‍ വിചിന്തനത്തിനു വിധേയമാക്കുകയും ചെയ്യുകയാണ്. സലിം അയ്യനത്തിന്റെ രചനകള്‍ മുന്നോട്ടുവെക്കുന്ന ഈ ധാര്‍മികതയും, ദാര്‍ശനികതയും തന്നെയാവും വരും കാലങ്ങളിലും കഥാകാരനെയും കഥകളെയും സാഹിത്യ ലോകത്ത് അടയാളപ്പെടുത്താന്‍ സഹായിക്കുക എന്നതില്‍ തര്‍ക്കമില്ല.  

2016, ഫെബ്രുവരി 14, ഞായറാഴ്‌ച

ഡിബോറ- വാകപ്പൂ തണൽ വിരിച്ച നാട്ടുവഴികൾ- ബിജു നാഥ്‌


സലിം അയ്യനേത്ത് . പ്രവാസിയായ ഒരു എഴുത്തുകാരന്‍..
തന്റേതായ ശൈലിയില്‍ എഴുത്തിനെ വളരെ കാര്യഗൗരവത്തോടെ സമീപിക്കുന്ന ചെറുപ്പക്കാരന്‍ . ഡിബോറ എന്ന കഥാ സമാഹാരത്തെ സമീപിക്കുന്ന വായനക്കാരന്റെ കണ്ണുകളില്‍ ആദ്യം വീഴുക കഥാകാരന്റെ വായനക്കാരോടുള്ള പ്രതികരണങ്ങളെ എങ്ങനെ താന്‍ കാണുന്നു എന്ന താക്കീത് ആണ് . ഈ ധിഷണശാലിയുടെ വായനയെ സമീപിക്കുന്നവരെ മുന്‍കരുതല്‍ എടുക്കാന്‍ പ്രേരകമാക്കുന്ന ഒരു ഘടകവും /
സലിം അയ്യനെത്തിനെ വായിക്കുമ്പോള്‍ ഒരു ബൗദ്ധിക വിരുന്നു പ്രതീക്ഷിക്കരുത് . നാട്ടിന്‍ പുറത്തുകാരനായ ഒരു എഴുത്തുകാരന്റെ സാധാരണമായ എഴുത്തില്‍ , ലളിതമായ വാക്കുകളില്‍ വായനക്കാരന്‍ തൃപ്തനാകും . പറഞ്ഞു പഴകിയ കഥകള്‍ ആണ് പലതും ചിലതൊക്കെ പുതുമ അവകാശപ്പെടാനും കഴിയും . വ്യെക്തമായ പഠനങ്ങളും ഗൃഹപാഠവും ചെയ്തു എങ്കില്‍ നല്ലൊരു വായനാ തലം സൃഷ്ടിക്കാന്‍ കഴിഞ്ഞേനെ എന്ന് മനസിലാക്കാം കാതലായ ചില രചനകളില്‍ . എങ്കില്‍ തന്നെയും നമ്മുടെ വായനകളെ നമുക്ക് ഇഷ്ടമായ തലങ്ങളിലേക്ക് കൊണ്ടുപോകാനുള്ള സൗകര്യം എഴുത്തുകാരന്‍ ഒരുക്കി വച്ചിരിക്കുന്നു ഓരോ രചനകളിലും എന്നത് വളരെ സന്തോഷകരമായ ഒരു വസ്തുതയാണ് .
ആഴമേറിയ ചില ചിന്തകളെയും. വരും കാലത്തിനെയും. രാഷ്ട്രീയ സാമൂഹിക ചിന്തകളെയും കൊരുത്തു വച്ചിരിക്കുന്നുണ്ട് പലയിടങ്ങളിലായി .
'ഉറക്കത്തിനും ഉണര്‍വ്വിനും ഇടയില്‍ സംഭവിച്ചവയാണ് തന്റെ എഴുത്തുകള്‍' എന്ന് കഥാകാരന്‍ തുടക്കത്തിലേ പറയുന്നുണ്ട് തന്റെ രചനകളെ കുറിച്ച് . പക്ഷെ ആ ഭ്രമാത്മക ചിന്തകള്‍ തികഞ്ഞ ബോധത്തില്‍ നിന്നും തന്നെയാണ് ഉണ്ടാകുന്നത് എന്ന് വായനക്കാരന്‍ തിരിച്ചറിയുന്നിടത്തു എഴുത്തുകാരന്‍ പരാജയവും വായനക്കാരന്‍ വിജയവും ആകുന്നു എന്നത് ഡിബോറയ്ക്ക് അവകാശപ്പെടാന്‍ ഉള്ള ഒരു മേന്മയാകുന്നു .
കൈരളി ബുക്സ് പ്രസാധനം ചെയ്തിരിക്കുന്ന ഈ പുസ്തകത്തിന്‌ നൂറു രൂപ ആണ് മുഖ വില ഇട്ടിരിക്കുന്നത് മനോഹരമായ പുറംചട്ടയും പ്രിന്റിംഗ് എന്നിവയാലും നല്ലൊരു പുസ്തകം വായനക്കാരന് ലഭിക്കുന്നു .
കഥകളിലേക്ക് കടക്കുമ്പോള്‍ വായനക്കാരനെ അകത്തേക്ക് കൂട്ടിക്കൊണ്ട് പോകുന്നത് പ്രശസ്ത സാഹിത്യകാരനായ ശ്രീമാന്‍ ആലങ്കോട് ലീലാ കൃഷ്ണന്റെ അവതാരികയാണ് . അദ്ദേഹവും ആവര്‍ത്തിക്കുന്നത് ഒരു നിരൂപണം അല്ല വായിച്ചു പോകല്‍ ആണ് ഈ പുസ്തകം നിങ്ങളോട് ആവശ്യപ്പെടുന്നത് എന്നുതന്നെയാണ് . അകപ്പേജുകളില്‍ പതിന്നാലു കഥകള്‍ ആണ് വിന്യസിച്ചിരിക്കുന്നത് . ആദ്യം തന്നെ ടൈറ്റില്‍ പേരായ ഡിബോറ നമ്മെ സ്വാഗതം ചെയ്യുന്നു. തികച്ചും ഡിബോറ പ്രതിനിധാനം ചെയ്യുന്ന വിഷയം ശൂന്യാകാശത്തില്‍ ജീവിതം പറിച്ചു നടാന്‍ വേണ്ടി പാകപ്പെടുത്തി എടുക്കുന്ന കുടുംബങ്ങളില്‍ ഒന്നിലെ ഒരു പെണ്‍കുട്ടിയുടെ ജീവിതവും പ്രണയവും ദുരന്തവാഹിയായ അവസാനവും ആണ് . ജലത്തിന്റെ ദൌര്‍ലഭ്യം മുന്നില്‍ കണ്ടുകൊണ്ടു മനുഷ്യന്‍ വരും കാലങ്ങളില്‍ അന്യഗ്രഹങ്ങളില്‍ ജീവിതം കരുപ്പിടിപ്പിക്കും എന്ന ശാസ്ത്രത്തിന്റെ മുന്കാഴ്ച്ചയെ ആണ് കഥാകാരന്‍ ഇവിടെ കൂട്ടുപിടിക്കുന്നത് . ആകാശത്തോളം ഉയര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ മാത്രം ജീവിക്കുന്ന ഒരു സമൂഹം . അവര്‍ ഒരിക്കലും മണ്ണിനെ സ്പര്‍ശിക്കുന്നില്ല . അവരുടെ സഞ്ചാരം കോപ്ടറുകളിലും സ്പേസ് ക്രൂയിസിലും മാത്രം , നിലം തൊടാത്ത റോഡുകള്‍ , ഇലക്ട്രോണിക് സംവിധാനങ്ങള്‍ നിറഞ്ഞ കെട്ടിടങ്ങള്‍ , ഡിബോറ എന്ന നായികയുടെ അമ്മയുടെ ശവകുടീരം പോലും ഈ സംവിധാനങ്ങള്‍ നിറഞ്ഞ ഒരു കാഴ്ച ആണ് . അവിടെ ഭൂമിയിലെ പുഷ്പങ്ങള്‍ ഇന്ന് വലിയ വില കൊടുക്കേണ്ട ഒരു വസ്തുത ആണെന്ന വാക്ക് തന്നെ ഭൂമിയില്‍ സംഭവിക്കാവുന്ന ദുരന്തചിത്രത്തെ കാണിക്കുന്നുണ്ട് . ആ ലോകത്തില്‍ പക്ഷെ ഫിക്ഷന്‍ കഥകളെ അനുസ്മരിപ്പിക്കാന്‍ വേണ്ടി മാത്രം കോടികള്‍ നിമിഷങ്ങള്‍ക്ക് വിലയുള്ള ഡിബോറയുടെ പിതാവിന്റെ ശത്രുക്കളെ സൃഷ്ടിക്കുകയും അവരുടെ ഒരു ആക്രമണ ശ്രമത്തിനിടയില്‍ ഡിബോറയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയും അവള്‍ പ്രണയിക്കുന്ന (എല്ലാ പ്രണയ കഥകളിലും നായകന്‍ പാവപ്പെട്ടവനും നായിക പണക്കാരിയും ആകുന്ന സ്ഥിരം ശൈലി ഇതിലും കാണാം ) കോപ്ടര്‍ പൈലറ്റിനെ ജീവിതത്തോടുള്ള വിരക്തിയും , പ്രണയം പൂവിടില്ല എന്ന മനോവിഷമവും കൊണ്ട് നാശം വരട്ടെ എന്നുള്ള ചിന്തയാല്‍ ചുംബിക്കുകയും അയാള്‍ കോപ്ടര്‍ നിയന്ത്രിക്കാന്‍ കഴിയാതെ അത് തകര്‍ന്നു ആകാശത്ത് തന്നെ ഒരു അഗ്നിഗോളമായി അവര്‍ തീരുകയും ചെയ്യുന്നത് ആണ് കഥ . നെറ്റില്‍ നിന്നും ഭൂമിയെ കണ്ടും സ്നേഹിച്ചും കഴിയുന്ന ഡിബോറയില്‍ കൂടി മണ്ണിന്റെ സ്പന്ദനം കൊതിക്കുന്ന മനുഷ്യന്റെ മനസ്സിനെ വരയ്ക്കാന്‍ കഥാകൃത്ത് ശ്രമിക്കുന്നുണ്ട് . ഒരുപാട് പാളിച്ചകള്‍ ഇവയിലെ കാലഘടനയിലും മറ്റും വായിച്ചെടുക്കാം എങ്കിലും ആശയം കൊണ്ട് മുന്നിട്ടു നില്‍ക്കുന്നുണ്ട് ഈ കഥ .
തുടര്‍ന്ന് വരുന്ന കൊശവത്തിക്കുന്നു എന്ന കഥ പ്രതിനിധാനം ചെയ്യുന്നത് ഒരു സാമൂഹിക വിഷയം ആണ് . അന്യം നിന്ന് പോകുന്ന ഒരു കുലത്തൊഴില്‍ ആയ മണ്‍പാത്ര നിര്‍മ്മാണവും അത് കുലത്തൊഴിലാക്കിയ ജനതയുടെയും കഥ ആണ് ഇതില്‍ പറയാന്‍ ശ്രമിക്കുന്നത് . വനജ എന്ന കു
കൊശവത്തി പെണ്ണും അവളിലൂടെ അനാവൃതമാകുന്ന കൊശവത്തിക്കുന്നും ആണ് ഇതിവൃത്തം . ഇവിടെ കൗമാരക്കാരന് കൊശവത്തി പെണ്ണിന്റെ അഴകുടലിനോട് തോന്നുന്ന അഭിനിവേശം പ്രണയം ആണോ എന്ന തെറ്റിദ്ധാരണ നായകനില്‍ തന്നെ ഉണ്ടാകുന്നുണ്ട് . തനിക്കും വനജയ്ക്കും ഇടയില്‍ എന്തായിരുന്നു എന്ന ഒരു ചിന്ത കൊടുത്തു ആ ഉടലിന്റെ ദാഹത്തെ പ്രണയം ആയി മാറ്റുവാന്‍ ഉള്ള വൃഥാ ശ്രമം ആയി അത് കാണേണ്ടി ഇരിക്കുന്നു . വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു കമ്പനിയുടെ മാനേജരായി കൊശവത്തിക്കുന്നിലേക്ക് അയാള്‍ തിരഞ്ഞു വരുന്നത് അതെ വനജയെ ആണ് . പക്ഷെ അപ്പോഴേക്കും കൊശവത്തിക്കുന്നിലെ മണ്ണ് ചുവന്നു കഴിഞ്ഞിരുന്നു . തൊഴില്‍ നഷ്‌ടമായ കുടുംബങ്ങള്‍ ശരീരം വില്‍പ്പന കൊണ്ട് അന്നം തേടുന്ന അവസ്ഥയിലേക്ക് അവിടം മാറിക്കഴിഞ്ഞു . അവിടെ നിന്നും വനജയെയും മകളെയും രക്ഷിച്ചു കൊണ്ട് അയാള്‍ പോകുന്നിടത്ത് കഥ അവസാനിക്കുന്നു . കുലത്തൊഴില്‍ നഷ്ടമാകുന്ന സമൂഹങ്ങള്‍ ഒക്കെയും സമൂഹത്തിന്റെ അടിത്തട്ടിലേക്ക് താഴ്ന്നു പോകുന്നുവെന്നും അവരൊക്കെയും ശരീരം വില്‍ക്കുന്ന രീതിയിലേക്ക് ജീവിതത്തെ സമരസപ്പെടുത്തുന്നു എന്നുമുള്ള കാഴ്ചപ്പാട് ആധുനികം അല്ല എന്നൊരു പോരായ്മ ഇതില്‍ വായിക്കപ്പെടുന്നുണ്ട്‌ .
തുടര്‍ന്ന്‍ വരുന്നതു മൂസാട് എന്നൊരു കഥയാണ് . ഇതില്‍ കഥാപാത്രമാകുന്നത് ഒരാടു ആണെങ്കിലും അത് പ്രതിനിധാനം ചെയ്യുന്നത് മനുഷ്യ ജീവിതം തന്നെയാണ് . ഹാജിയുടെ മകള്‍ ബൂഷറയും അമീറും കുട്ടിക്കാലം മുതലേ ഉരുത്തിരിഞ്ഞു വന്ന ഒരു അടുപ്പവും പ്രണയവും ഹാജിയാര്‍ വളര്‍ത്തുന്ന ആട്ടിന്കുട്ടികളിലൂടെ കാണിക്കുകയും ഒടുവില്‍ ഒരുനാള്‍ ആ ആട്ടിന്‍കുട്ടിയെ ഉള്ളാളിലേക്ക് പള്ളിക്ക് ഇരുത്തുകയും ചെയ്യുന്നതും തിരികെ അവിടെയ്ക്ക് തന്നെ വര്‍ഷങ്ങള്‍ക്കു ശേഷം എത്തുന്ന ആ ആടിന്റെ കഴുത്തിലെ സഞ്ചിയിലെ നേര്ച്ച പണം ഹാജിയാര്‍ പച്ചില കാണിച്ചു വശത്താക്കുകയും ബൂഷറ കാണുമ്പോള്‍ ആടിനെ തല്ലിയോടിക്കുന്നതും പിന്നൊരു നാളില്‍ ആ ആടിനെ തെരുവില്‍ ഹാജിയും കൂട്ടരും കൂടി തല്ലിഇടുന്നതും ഹാജിയില്‍ വസൂരിമാല ഉണ്ടാകുന്നതും ആണ് കഥയിലെ കാഴ്ച . കുടുംബത്തിലെ ബന്ധുവായ പയ്യനെ അന്യനാട്ടിലേക്ക് (ഇവിടെ ഉള്ളാള്‍ ഉപയോഗിക്കുന്ന പ്രതീകം വച്ച് സൗദി ആകാം .) അയക്കുന്നതും അവിടെ നിന്നും നിറയെ പണവും ആയി വന്നപ്പോള്‍ അവനെ ബൂഷറ എന്ന പച്ചില കാണിച്ചു പണം മുഴുവന്‍ വശത്താക്കുന്നതും ഒരുനാള്‍ അവന്‍ മകളുടെ അടുത്ത് പ്രണയനിമിഷങ്ങള്‍ പങ്കിടുന്നത് കണ്ട ഹാജിയും അനുയായികളും അവനെ തല്ലി അവശനാക്കി തെരുവില്‍ തള്ളുന്നതും പ്രതീകാത്മകമായി അവതരിപ്പിച്ചു . ഒടുവില്‍ ആത്മീയതയുടെ പുറം പാളി കൊണ്ട് കുറ്റബോധത്തിന്റെ രോഗ തന്തുക്കളെ വാരി വിതറി കഥയെ ശുഭാപര്യവസാനിയാക്കി കഥാകൃത്ത്‌ ആശ്വസിക്കുന്നു .
ഗന്ധകഭൂമി അലീനയോടു പറഞ്ഞത് എന്ന കഥയില്‍ നമുക്ക് കാണാന്‍ കഴിയുക സ്വവര്‍ഗ്ഗരതിയും ശിഥിലമാകുന്ന കുടുംബ ബന്ധങ്ങളും ആണ് . അലീനയുടെ ഭര്‍ത്താവ് ജന്മനാ ഒരു സ്വവര്‍ഗ്ഗരതിയുടെ ആസ്വാദകന്‍ ആയിരുന്നില്ല എന്നു കഥാകൃത്തിന്റെ വരികളില്‍ വായിക്കാന്‍ കഴിയുന്നുണ്ട് . കുറച്ചു കാലം ജയിലില്‍ കിടക്കേണ്ടി വരുന്ന കാലത്തും അയാളില്‍ രതി വൈകൃതങ്ങള്‍ പരീക്ഷിക്കപ്പെടുമ്പോള്‍ പോലും അയാള്‍ അതിനെ കാണുന്നത് അറപ്പോടെ ആണെന്ന് വിവരിക്കുന്നതിലൂടെ അത് വ്യെക്തമാണ് . എങ്കിലും ജയിലില്‍ വച്ചു അയാള്‍ തന്റെ കാമം സഹതാടവുകാരനില്‍ തീര്‍ക്കുന്നതും ജയില്‍ ജീവിത കാലത്തില്‍ പരിചയിച്ച ആ ശീലം മൂലം ഭാര്യയോടും അയാള്‍ ഗുദഭോഗത്തില്‍ മാത്രം ആനന്ദം കണ്ടെത്തുന്നതും (സ്വവര്‍ഗ്ഗ രതി എന്നാല്‍ എന്തെന്ന വികലമായ ഒരു കാഴ്ചപ്പാട് ഇതില്‍ തന്നെ വെളിവാകുന്നു )പുരുഷന്മാരുമായി മാത്രം കൂടുതല്‍ കൂട്ട് കൂടുകയും അവരുമൊത്ത് അടച്ചിട്ട മുറികളില്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നതും എല്ലാം വിവരിച്ചു കൊണ്ട് അലീന അയാളെ തിരികെ കിട്ടാന്‍ ഉള്ള മാര്‍ഗ്ഗങ്ങള്‍ തിരയുകയാണ് . സോദോം ഗോമെറയുടെ സിമിറ്റിക് മതങ്ങളുടെ വിവരണകഥകള്‍ കൂട്ടുപിടിച്ചുകൊണ്ട് അവിടെ തന്നെയാണ് അലീന അതിനുള്ള ഉത്തരം തേടുന്നതുമെന്നത് രസാവഹമായ ഒരു കാഴ്ചയാണ് . ഒടുവില്‍ സ്ത്രീയിലും പുരുഷനിലും ഉള്ള ആകര്‍ഷണത്തിന്റെ രസതന്ത്രം തിരിച്ചറിഞ്ഞു അവള്‍ തിരികെ പോകുന്നിടത്ത് കഥ തീരുന്നു . ഇവിടെ അലക്സ് എന്ന കഥാപാത്രം ഒരു പക്ഷെ ഇഷ്ടമില്ലാതിരുന്ന ആ രതി ബന്ധങ്ങളിലെയ്ക്ക് തിരിഞ്ഞു എങ്കില്‍ അതിനു കാരണം അലീനയില്‍ നിന്നുമുള്ള ലൈംഗിക ആകര്‍ഷണവും ബന്ധപ്പെടലുകളും അയാളില്‍ മാനസികമായ സംതൃപ്തി നല്‍കിയിരുന്നില്ല എന്നതാകം എന്നും അലീന അത് തിരിച്ചറിയുന്നതോടെ അയാള്‍ സ്വാഭാവിക രീതിയിലേക്ക് കടന്നു വരുന്നു എന്നും വായനക്കാരന് ആശിക്കാം . എന്നിരിക്കിലും സ്വവര്‍ഗ്ഗ രതിയും പ്രണയവും രണ്ടാണ് എന്നും , സ്വവര്‍ഗ്ഗ രതി ഒരു മാനസികഅസുഖം ആണ് എന്നുമൊക്കെയുള്ള മതപരമായ ചില സങ്കുചിത കാഴ്ചപ്പാടില്‍ കഥാകൃത്ത്‌ തളച്ചിടപ്പെടുന്ന കാഴ്ച വായനക്കാരനെ തെല്ലു ബുദ്ധിമുട്ടിച്ചേക്കാം.
ആല്‍മരങ്ങള്‍ തേടി എന്ന കഥയില്‍ ഒരു തട്ടുപൊളിപ്പന്‍ സിനിമാ കഥയുടെ ബീജം ആണ് പ്രധാനവായനയായി കാണുക . രണ്ടു മതങ്ങള്‍ അവയില്‍ പെട്ട കൂട്ടുകാര്‍ അവര്‍ക്കിടയിലെ ആത്മബന്ധം, ലഹള , കൂട്ടുകാരനെ രക്ഷിക്കല്‍ എന്നിവയൊക്കെ അതാണ്‌ വായനയില്‍ തെളിയുന്നതും . ഇവിടെ അല്പം വ്യെത്യേസ്തത കണ്ടെത്താന്‍ ശ്രമിക്കുന്നത് കഥയുടെ പാതിയെ ഗള്‍ഫിലേക്ക് പറിച്ചു നട്ടുകൊണ്ട് ആണ് . അവിടെയും ആഡംബരത്തിന്റെ ധൂര്‍ത്തിന്റെ ബാക്കി പത്രമായ ആത്മഹത്യയില്‍ കഥയെ അവസാനിപ്പിക്കുന്നു .
ഗോധ്രയിലെ വിളക്ക് മരങ്ങള്‍ എന്ന കഥ ഗുജറാത്ത് കലാപത്തിന്റെ കഥയാണ് . ഗുജറാത്തിയായ ഹിന്ദു യുവതിയെ വിവാഹം കഴിച്ച സുലൈമാന്റെ കഥ . കലാപത്തില്‍ ഭാര്യയും മക്കളും നഷ്ടപ്പെട്ടു മാനസികമായി തകര്‍ന്നുപോയ അയാള്‍ നാട്ടില്‍ വന്നു ബന്ധുക്കളെ കണ്ടു തിരികെ പോകുന്നതും അയാളെ വീണ്ടും തിരികെ കൊണ്ട് വരാന്‍ നായകന്‍ അവിടെയ്ക്ക് പോകുന്നതും അവിടെ കാണുന്ന കലപാത്തിന്റെ ബാക്കി പത്രങ്ങളുടെ കാഴ്ചകളുടെ വിവരണവും ആണ് കഥയില്‍ നിറയുന്നത് . ഒടുവില്‍ സുലൈമാനെ തിരഞ്ഞു ഒരു സന്യാസിയുടെ അടുത്തെത്തുന്നതും അയാള്‍ ഒരു മന്ദസ്മിതത്തിലൂടെ നായകനെ യാത്രയാക്കുന്നതും കഥയെ പൂര്‍ണ്ണമാക്കുന്നു. കലാപവും അത് മുറിവേല്‍പ്പിച്ച മനസ്സുകളും കലാപകാരികളും തമ്മിലുള്ള സ്പര്‍ദ്ധയും അകല്‍ച്ചയും അവരെ തന്നെ തമ്മില്‍ അടുപ്പിച്ചു കൊണ്ട് ഇല്ലാതാക്കി സമാധാനം എന്നാല്‍ സന്യാസം എന്ന അബദ്ധ കാഴ്ചപ്പാടില്‍ കഥ അവസാനിപ്പിക്കുന്നതില്‍ പല പോരായ്മകളും ഉണ്ട് എന്നതും അവതരണത്തില്‍ ഇടയില്‍ കാലത്തിന്റെ തിക്കുമുട്ടലില്‍ വായനക്കാരന് പരിക്കേല്‍ക്കുന്നതും കഥയുടെ ഭദ്രതയെ ബാധിച്ചിരിക്കുന്നു .
കൂട്ടത്തില്‍ വ്യെത്യേസ്ഥത പുലര്‍ത്തിയ മറ്റൊരു കഥയാണ് ഉറുമ്പിന്‍ കൂട്ടത്തിലെ നക്ഷത്രങ്ങള്‍ . സ്കൂള്‍ വിട്ടു വന്ന ഒരു പെണ്‍കുട്ടിയെ ഒരു രാക്ഷ്ട്രീയ നേതാവ് കുറ്റിക്കാട്ടില്‍ വച്ച് പീഡിപ്പിച്ചു കൊല്ലുന്നതിനു സാക്ഷികളാകുന്ന ഉറുമ്പുകളുടെ മനോവിചാരങ്ങളിലൂടെ കടന്നു പോകുന്ന കഥ ഒടുവില്‍ നീതിപീഠം പോലും പണം കൊണ്ട് കാതുകള്‍ മൂടി അയാളെ വെറുതെ വിടുമ്പോള്‍ പ്രതികാരദാഹത്താല്‍ കൂട്ടത്തില്‍ മുതിര്‍ന്ന വിപ്ലവചിന്തയുള്ള ഉറുമ്പ് അയാളുടെ മസ്തിഷ്കത്തില്‍ പ്രവേശിച്ചു അയാളെ വാഹനാപകടത്തില്‍ കൊല്ലുന്നതും ആയ ഒരു കഥ . പ്രതികരിക്കാന്‍ കഴിയാത്ത ജനതയെ ഉറുമ്പായി ചിത്രീകരിക്കുകയും അടിച്ചമര്‍ത്തപ്പെട്ട അവരില്‍ ഒടുവില്‍ നീതിപീഠം പോലും തങ്ങള്‍ക്ക് കാവല്‍ അല്ല എന്ന തിരിച്ചറിവില്‍ സ്വയം നിയമം കയ്യിലെടുത്തു നീതി നടപ്പിലാക്കാന്‍ ഉള്ള ശ്രമവും അതിനു വിപ്ലവപ്രസ്ഥാനത്തിന്റെ നിറവും കൊടുത്തു കഥയെ അവസാനിപ്പിക്കുമ്പോള്‍ കഥാകാരന്റെ മനസ്സില്‍ ഉണ്ടായ വികാരം പൊതു ജനങ്ങളില്‍ സാധാരണയായി ഉണ്ടാകുന്ന 'എങ്കില്‍ അവരെ നാം തെരുവില്‍ വിചാരണ ചെയ്തു തൂക്കിക്കൊല്ലാം' എന്ന ചിന്ത മാത്രമായപ്പോള്‍ എഴുത്തുകാരന്‍ വെറും വികാരജീവി ആയി മാറുന്ന കാഴ്ച കാണാന്‍ കഴിയുന്നു .
നിഴല്‍ക്കുത്ത് എന്ന കഥ ഇവന്റ് മാനേജ്മെന്റുകള്‍ ഇന്നത്തെ വിവാഹ അടിയന്തിര ചടങ്ങുകളെ പോലും ഏറ്റെടുക്കുന്ന ചിത്രം വരയ്ക്കുന്നു . മകളുടെ കല്യാണത്തിന് വെറും ക്ഷണിതാവ് ആയി വന്നു നില്‍ക്കുകയും പാവയെ പോലെ ചിലര്‍ പറയുന്നത് അനുസരിച്ച് ചലിക്കേണ്ടി വരികയും ഒടുവില്‍ അവര്‍ പറയുന്ന തുക നല്‍കിയില്ലെങ്കില്‍ വിവാഹമോചനവും അവര്‍ തന്നെ നടത്തി തരും എന്ന ഭീക്ഷണിയില്‍ തളരുകയും ചെയ്യുന്ന ഒരു വ്യെക്തിയെ കാണിച്ചു തരുന്നു . ഇവിടെ കാലത്തിനൊത്തു മാറാന്‍ കഴിയാത്ത ഒരു വ്യെക്തി ആണ് നായകന്‍ . പക്ഷെ അയാള്‍ ആധുനികതലത്തിലെ എല്ലാം ആസ്വദിക്കാന്‍ തയ്യാറെടുക്കുകയും ഒടുവില്‍ ബില്‍അടയ്ക്കാന്‍ ഉള്ള എസ് എം എസ് കിട്ടുമ്പോള്‍ തളരുകയും ചെയ്യുന്നത് എന്ത് കൊണ്ടെന്നു മനസ്സിലാകാതെ പോകുന്നു . കാരണം അയാള്‍ ഒപ്പിട്ട കരാര്‍ അവര്‍ അയാളെ കാണിക്കുന്നുണ്ട് . അതിനര്‍ത്ഥം അയാള്‍ക്ക് അറിയാം എത്രയാണ് തുകയെന്നും മറ്റും. അത് ഉറപ്പിക്കുമ്പോള്‍ ആ തുകയും അയാള്‍ കണ്ടിരിക്കണം എന്നാണല്ലോ . കഥയിലെ അവ്യെക്തത മൂലം അത് ശരിക്കും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനാല്‍ കഥ പറയാന്‍ ശ്രമിച്ച വിഷയം വേണ്ട രീതിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു .
പ്രണയ ഗുളിക എന്നൊരു സങ്കല്പം പേറുന്ന ശാസ്ത്രം പ്രണയിക്കുമ്പോള്‍ എന്ന കഥ മറ്റൊരു ഫിക്ഷന്‍ തലത്തില്‍ നമ്മെ കൊണ്ട് പോകുന്നുണ്ട് . ഇന്നത്തെ സമൂഹത്തിനു പ്രണയം നഷ്ടമാകുന്നു എന്നും അത് പുതിയ തലമുറയുടെ അപചയമാണെന്നും പറയുന്ന കഥയില്‍ പ്രണയം ഉണ്ടാകാന്‍ ഉള്ള ഗുളിക തേടുന്ന യുവത്വത്തെയും കാണാന്‍ കഴിയുന്നു . ഒന്നിച്ചു കിടന്ന കട്ടിലുകള്‍ രണ്ടായി അകന്നു പോകുന്ന കിടപ്പറകള്‍ പ്രണയരാഹിത്യത്തിന്റെ വളരെ നല്ലൊരു ചിത്രം കാട്ടി തരുന്നു .
ഫ്രീകോള്‍ മാമാങ്കം എന്ന കഥ പ്രതിനിധാനം ചെയ്യുന്നത് പ്രവാസികളുടെ വിഷയം ആണ് . പ്രവാസത്തില്‍ ഉറ്റവരെയും ഉടയവരെയും ബന്ധം നിലനിര്‍ത്താന്‍ വേണ്ടി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന പ്രവാസികളുടെ ഒരു പ്രതിനിധി . അയാളുടെ പ്രശ്നം അയാളെ ആരും ഭാര്യ പോലും മനസ്സിലാക്കുന്നില്ല എന്നതാണ് . ഓരോ പ്രവാസിയും തന്റെ തൊഴില്‍ സമയം കഴിഞ്ഞാല്‍ ചിലവഴിക്കുന്നത് തന്റെ കുടുംബത്തെക്കുറിച്ച് ചിന്തിക്കാന്‍ ആണ് . അവര്‍ അകലെ ആയതിനാല്‍ തന്റെ പ്രാധാന്യം അവര്‍ക്കിടയില്‍ നഷ്ടപ്പെട്ടു പോകാതിരിക്കാന്‍ അവന്‍ മനസ്സുകൊണ്ട് ഉറപ്പിക്കുന്നത് ആണ് വിളിയിലൂടെ തന്റെ സാന്നിധ്യം . അത് പക്ഷെ അവര്‍ക്ക് മനസ്സിലാകണം എന്നില്ല . ഇതുപോലെ തന്നെയാണ് അന്യനാടുകളില്‍ മലയാളി സൂക്ഷിക്കുന്ന സഹജീവി സ്നേഹം അവയെ ചൂഷണം ചെയ്യപ്പെടുക എന്നിവ അതാണ്‌ ഒരു N70 സീരിസ് മോഷണം എന്ന കഥ . വഴിവക്കില്‍ സഹായം ചോദിക്കുന്നവരെ സഹായിച്ചു പോകുന്നു എന്നൊരു തെറ്റ് മാത്രമാണ് അവനില്‍ നിന്നും ഉണ്ടാകുന്നത് . അവന്റെ സഹായത്തെ തട്ടിപ്പറിച്ചു കടന്നു കളയുന്ന സ്വദേശികളോ അതുപോലുള്ള അന്യരാജ്യക്കാരോ ബോധപൂര്‍വ്വം അല്ലെങ്കിലും ചെയ്യുന്നത് മലയാളിയില്‍ അവശേഷിക്കുന്ന ആ സഹായമനസ്സിനെ തന്നെയാണ് എന്ന് നമുക്ക് വായിച്ചെടുക്കാം .
വാകമരങ്ങള്‍ പൂത്ത ഇടവഴികള്‍ എന്ന കഥ നമുക്ക് കാട്ടിത്തരുന്നത്‌ നമ്മുടെ തന്നെ പരിചിതമായ സാമൂഹ്യതലത്തെയാണ് . ഓരോ സമൂഹത്തിനും ഇടയില്‍ ഒരു വിജയന്‍ ഉണ്ട് . ബുദ്ധി വളര്‍ച്ച ഇല്ലാതെ പോയ ഒരു മനുഷ്യന്‍ കല്യാണങ്ങള്‍ , അടിയന്തിരങ്ങള്‍ തുടങ്ങി ഏതു സ്ഥലത്തും നമുക്ക് കാണാന്‍ കഴിയുന്നുണ്ട് . ജനങ്ങളുടെ , നാട്ടുകാരുടെ , കുട്ടികളുടെ ഒക്കെ പരിഹാസങ്ങള്‍ ഏറ്റു വാങ്ങി അവര്‍ക്കിടയിലൂടെ പരിഭവിച്ചും ചിരിച്ചും കരഞ്ഞും കടന്നു പോകുന്ന അത്തരം കഥാപാത്രങ്ങള്‍ ചിലപ്പോഴൊക്കെ പല സംഭവങ്ങള്‍ക്കും മൂക സാക്ഷികള്‍ ആകാറുണ്ട് . ഒരു ദുരന്തമായി പലപ്പോഴും അവരുടെ ജീവിതം അവസാനിക്കുമെങ്കിലും അതൊരു അപകടമരണമായോ മറ്റോ നാം അവഗണിക്കുക ആണ് പതിവ് . അതുകൊണ്ട് തന്നെയാണ് വിധ്വംസക പ്രവര്‍ത്തകര്‍ ഉണ്ടാക്കിയ കൈബോംബ് എടുത്തു നോക്കിയതു വഴി വിജയന്‍ ചിതറിത്തെറിക്കുന്നതും . വളരെ നല്ലൊരു എഴുത്ത് ആയി ഇതിനെ കാണാന്‍ കഴിഞ്ഞു.
ശബ്നം എന്ന കഥ പ്രതിനിധാനം ചെയ്തത് ഗ്രാമീണ മനസ്സിലെ പ്രണയം ആണ് . കുട്ടിത്ത്വം മാറാത്ത പിള്ളേരെ ചില ചേച്ചിമാര്‍ പണ്ടൊക്കെ( ഇന്നും ഉണ്ടോ എന്നറിയില്ല) തൊട്ടും തലോടിയും ചെറിയതോ വലിയതോ ആയ സുഖങ്ങള്‍ നല്‍കിയും തങ്ങളുടെ ഹംസങ്ങള്‍ ആക്കി വയ്ക്കുന്ന നാടന്‍ കാഴ്ചയും അത്തരം ബന്ധങ്ങളില്‍ നിന്നും തെറ്റിദ്ധാരണ മൂലം അവയെ മറ്റൊരു കാഴ്ചയായി (തന്നോടുള്ള പ്രണയം ) കരുതുകയും ചെയ്യുന്ന ചില ബിംബങ്ങളും ആ കഥയില്‍ വായിച്ചെടുക്കാന്‍ കഴിയുന്നു
വെള്ളച്ചാമി എന്ന കഥ അല്പം ഗൌരവപരമായ ഒരു എഴുത്ത് ആയിരുന്നു എന്ന് കാണാം . രാഷ്ട്രീയ സാമൂഹിക ഇടപെടലുകള്‍ അതില്‍ വായിച്ചു പോകാം . ബ്രിട്ടീഷ് ഭരണ കാലത്തെ ഒരു കഥയാണ് ഇത് . പലപ്പോഴും കഥകള്‍ യഥാര്‍ത്ഥ സംഭവങ്ങളുടെ രേഖാ ചിത്രങ്ങളും ആകുന്നു എന്നതിനാല്‍ വെറും കഥയായി കാണാന്‍ കഴിയില്ല ഇതിനെ . ഡാം നിര്‍മ്മാണവും അതിന്റെ നിര്‍മ്മാണത്തൊഴിലാളികളും അവര്‍ക്കിടയിലെ പ്രണയവും ഒക്കെ ഉണ്ട് എങ്കിലും കാതലായ വശം ഇത്തരം വലിയ നിര്‍മ്മാണങ്ങളില്‍ ഒക്കെ നിര്‍ണ്ണായകമായ ചില പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്നത്‌ തൊഴിലാളികളില്‍ നിന്നോ ഗ്രാമീണരില്‍ നിന്നോ ഉള്ള ഒരാളില്‍ നിന്നൊക്കെ ആകാം . പക്ഷെ വിഗ്രഹം നിര്‍മ്മിക്കും വരെ മാത്രം അതിന്റെ അധികാരി ആകുന്ന ശില്പിയെ പോലെ നിര്‍മ്മാണം കഴിയുമ്പോള്‍ അതിനു സഹായകമായ ആ പേര് നശിപ്പിച്ചു കളയുക ഒരു കീഴ്വഴക്കം പോലെ തുടരുന്നുണ്ട് ഇന്നും. ഇത്തരത്തില്‍ വെള്ളച്ചാമിയെ ബ്രിട്ടീഷുകാര്‍ തങ്ങളുടെ ഡാമിന്റെ നിര്‍മ്മാണപ്രവര്‍ത്തി കഴിയുമ്പോള്‍ അതിന്റെ അസ്ഥിവാരത്തില്‍ കരുതികൊടുത്തുകൊണ്ട് തങ്ങളുടെ ആധിപത്യവും പ്രശസ്തിയും നിലനിര്‍ത്തുന്നതും മറ്റും ഒരു നല്ല വായന നല്‍കുന്നുണ്ട് . ചരിത്രത്തില്‍ ഇത്തരം സംഭവങ്ങള്‍ നടാടെ അല്ല എന്നതാണ് ഇതിന്റെ വായനയിലെ വാസ്തവികതയും .
എഴുത്തിന്റെ ലോകത്ത് നല്ലൊരു വാഗ്ദാനം ആണ് സലിം അയ്യനേത്ത് . ഇനിയും കൂടുതല്‍ പുസ്തകങ്ങള്‍ ഈ എഴുത്തുകാരനില്‍ നിന്നും ഉണ്ടാകട്ടെ എന്ന് പ്രതീക്ഷിക്കുന്നു . ആശംസകളോടെ ബി ജി എന്‍ വര്‍ക്കല