2016, മാർച്ച് 11, വെള്ളിയാഴ്‌ച

ഡിബോറ കട്ടെടുത്ത പുലര്‍ക്കാല സ്വപ്‌നങ്ങള്‍-അഞ്ജലി രാജേഷ്‌


രാത്രി മുഴുവൻ നെഞ്ചിനുള്ളിൽ ഉറുമ്പുകളരിച്ചു നടന്നു !!
മൂക്കത്ത് വിരൽ വച്ച പെണ്ണുറുമ്പുകൾ ...
നീണ്ട തലമുടിയും വിടർന്ന കണ്ണുകളുമുണ്ടായിരുന്ന
പെൺകുട്ടിയുടെ ചോര പുരണ്ടയാത്മാവ്
അവയുടെ തലയ്ക്കു മുകളിൽ പാറി നടന്നു ...
സലിം ഭായ്യുടെ ഡിബോറയെന്ന പുസ്തകത്തിന്റെ
തലക്കെട്ടാണ്
കൈരളി ബുക്സിന്റെ ഷെൽഫിൽ നിന്നും
അത് തെരഞ്ഞെടുക്കാൻ ഹൃദയത്തെ പ്രേരിപ്പിച്ചത് !
ആദ്യ കഥ വായിച്ചു തുടങ്ങിയപ്പോൾ ഹൃദയം
മറ്റൊരു ലോകത്തേയ്ക്ക് ചുവടു വച്ചു .
ശൂന്യാകാശത്ത് പാറി നടന്ന
ഇലക്ട്രോണിക് ഫ്ലാറ്റുകളെ പോലെ
കുറേനേരം അതവിടെത്തന്നെ തങ്ങി നിന്നു .
പിന്നെ ,തിരിച്ചിറങ്ങി ...കുന്നുകയറി..വനജയുടെ വിയർപ്പിന്റെ തെച്ചിപ്പൂ മണം നുകർന്നു ...
മട്ടൺ ബിരിയാണിയോട് വെറുപ്പുണ്ടാക്കിയത്
പണ്ട് സുഹൃത്തിന്റെ വീട്ടിലെ പെണ്ണാടിനു പ്ളാവില
കൊടുക്കുമ്പോൾ ,
അരികിൽ അകിടു മുട്ടിപ്പാലു കുടിച്ച കുഞ്ഞിന്റെ
കണ്ണുകൾ ...
ആടുകളുടെ ഗന്ധം പിന്നെ ഹൃദയം വെറുത്തു ..
ആടു ജീവിതം വായിച്ചപ്പോൾ
വെറുപ്പ്‌ വിതുമ്പലായി മാറി !
"മൂസാട്" വായിക്കുമ്പോൾ വീണ്ടും
ആ വിതുമ്പൽ ഹൃദയത്തിൽ ...
ഒടുക്കം ശൂന്യതയ്ക്കു കൊള്ളുന്ന ഇടിയുടെ
അർത്ഥമില്ലായ്മയിൽ ഹൃദയം നീറി ...
മൂസാടിന്റെ മണം മൂക്കിൻ തുമ്പ് വിടാൻ
കൂട്ടാക്കാതിരുന്ന നേരത്താണ് ,
ഹൃദയമൊരു "ഗന്ധക ഗന്ധം" പിടിച്ചെടുത്തത് .
സോദോം ഗോമോറയിലെ അവസാന സൂര്യാസ്തമയം നോക്കി
"അലീന "യിരിക്കുമ്പോൾ ഹൃദയം ചാവുകടലിനു മീതെ നടന്നു !!
അന്നേരമാണൊരു കാറ്റ് വീശിയത് ....
റോളാ സ്ക്വയറിലെ ആൽമരങ്ങളിൽ വീശിയടിച്ച മണൽക്കാറ്റ് !
മണൽക്കാറ്റിൽ വാടിയ ഹൃദയം "സുലൈമാനിക്കയെത്തേടി " ഗോധ്രയിലലഞ്ഞു ...
അലച്ചിൽ കഴിഞ്ഞു മടങ്ങുമ്പോൾ ,
ഒരു "നിഴൽക്കൂത്തിൽ " ഹൃദയത്തിന് വഴി തെറ്റി .
എഴുത്തിന്റെ പ്രണയ വഴികളിൽ ചെന്ന് നിന്ന ഹൃദയം
നിർന്നിമേഷയായി വായിച്ചു ..
" പ്രണയം വന്ന വഴിയിൽ ഈന്തപ്പനകൾ പൂത്തു "
ഒടുവിൽ പാതി വഴിയിൽ കട്ടായ പ്രണയ സല്ലാപത്തിൽ കണ്ണീരൊഴുക്കി !!
പിന്നെയൊരു "N 70 സീരീസ് മോഷണത്തിൽ " അമ്പരന്നു നിന്നു !!
കഥാകൃത്ത്‌ പറയുന്ന കഥകൾ നമ്മുടെ തലച്ചോറ്
ദഹിപ്പിക്കുകയെന്ന പ്രക്രിയയിലെ
സങ്കീർണ്ണതയുടെ ഏറ്റക്കുറച്ചിലുകളാണ്
ഓരോ കഥയെയും നമുക്ക് പ്രിയപ്പെട്ടതാക്കുന്നത് ..
ഒരു പുസ്തകം ഒന്നിലധികം തവണ വായിക്കുന്നതിനു
ഹൃദയം കണ്ടെത്തുന്ന രണ്ടു കാരണങ്ങളുണ്ട് :
ഒന്ന് - കടുകട്ടി സാഹിത്യം
രണ്ട് - ലാളിത്യത്തിന്റെ ഭംഗി
സലിം ഭായ് യുടെ കഥകൾ രണ്ടു തവണ വായിക്കാൻ
ഹൃദയം തുനിഞ്ഞതിന്റെ പിന്നിലെ കാരണം രണ്ടാമത്തേത് .
"ചിലർ അങ്ങനെയാണ് ..അവർ തെരഞ്ഞെടുത്ത വഴികളിലൂടെ മാത്രമേ സഞ്ചരിക്കൂ " എന്ന് സലിം ഭായ്
പറയുമ്പോൾ ഹൃദയം അതിശയിച്ചു , ഇനിയും കണ്ടെത്താത്ത സ്വന്തം വഴിയെക്കുറിച്ചോർത്ത് !
ഒടുക്കം പുസ്തകം മടക്കുമ്പോൾ ഹൃദയം ഇങ്ങനെ വീണ്ടും വായിച്ചു നിർത്തി :
"അനുഭവങ്ങൾക്ക് ശേഷമുള്ള ഓർമ്മകളാണ് പ്രണയം .
ആ ഓർമ്മകളാണ് നമ്മെയൊക്കെ ജീവിപ്പിക്കുന്നതും ".
--------------------------------------------------------
"ഡിബോറ " എന്ന പുസ്തകത്തിലൂടെ ഹൃദയം കടന്നു പോയത് ഇങ്ങനെയാണ് ...ഉജ്ജ്വലമായൊരു വായനാനുഭവം സമ്മാനിച്ചു കൊണ്ട് .
അക്ഷരസ്നേഹികൾക്ക് ഇതൊരു മുതൽക്കൂട്ടായിരിക്കും .
2016 ലെ വായിച്ചു മടക്കിയ പുസ്തകക്കൂട്ടത്തിലേയ്ക്ക്
ഡിബോറയും ...
ആശംസകൾ സലിം ഭായ് .