2015, മേയ് 18, തിങ്കളാഴ്‌ച

ഹൃദയത്തില്‍ നോവ് സൃഷ്ടിക്കുന്ന കഥകള്‍( ബഷീര്‍ താഴത്തയില്‍ )

ഹൃദയത്തില്‍ നോവ് സൃഷ്ടിക്കുന്ന കഥകള്‍
വായനാനന്തരം ഹൃദയത്തില്‍ നോവ് സൃഷ്ടിക്കുന്ന ചില കഥകളാണ് സലിം അയ്യനത്തിന്‍റെ ഡിബോറ എന്ന സമാഹാരത്തില്‍. അവ വായിച്ചു വിഷാദിക്കാനും സ്വയം നവീകരിക്കാനുമുളളതാണെന്ന് അവതാരികയില്‍ ആലങ്കോട് ലീലാകൃഷ്ണന്‍.
വായന പുസ്തകത്തില്‍ നിന്ന് മാറി നവ മാധ്യമങ്ങളുടെ കൊച്ചു സ്ക്രീനിലേക്ക് ചേക്കേറുമ്പോഴും ഇത്തരം കഥകള്‍ പുസ്തകങ്ങളുടെ പ്രസക്തി സാക്ഷ്യപ്പെടുത്തുന്നു.
സമാഹാരത്തിലെ കഥകള്‍ മഹത്തരമാണെന്ന സങ്കല്‍പമില്ലെന്ന് കഥാകാരന്‍. എന്നാല്‍ അവ ജീവിതത്തിന്‍റെ വൈവിധ്യ മേഖലകളെ സ്പര്‍ശിക്കുന്നു. വിശിഷ്യാ ആധുനിക സമൂഹത്തിന്‍റെ '' വിശാല പരിമിതി '' കളിലേക്ക് വെളിച്ചം കാട്ടുന്നു. കാലികാനുഭവങ്ങളുടെ ഭീഭത്സമായ യാഥാര്‍ത്ഥ്യത്തിലേക്കും ഈ കഥകളുടെ ചാലുകള്‍ പ്രവേശിക്കുന്നു.
സാഹിത്യത്തിന് ഇപ്പോള്‍ ഒട്ടേറെ വിഭജനങ്ങളുണ്ട്. ഇതില്‍ പ്രവാസ രചനകള്‍ക്ക് ഏറെ പ്രാമുഖ്യമുണ്ട്. ഡിബോറയില്‍ പ്രവാസാനുബന്ധ പ്രമേയങ്ങളുണ്ടെങ്കിലും, ഇത് പ്രവാസത്തിന്‍റെ പട്ടികയില്‍ ഉള്‍പ്പെടുത്തരുതെന്നാണ് എന്‍റെ പക്ഷം. ഡിബോറ വ്യത്യസ്ത സന്ദര്‍ഭങ്ങളെ പ്രമേയമാക്കുന്നുണ്ടെന്നതു തന്നെ കാരണം.
കാമത്തെപ്പോലെ പ്രണയത്തെയും വാണിജ്യവല്‍ക്കരിച്ചിരിക്കുന്ന നവയുഗത്തിന്‍റെ സര്‍വ്വ വിഷാദങ്ങളും 14 കഥകളിലായി ഈ സമാഹാരത്തില്‍ ലയിച്ചു ചേര്‍ന്നിരിക്കുന്നു.
എന്നാല്‍ ഹാസ്യം കഥാകൃത്ത് ഉപേക്ഷിച്ചതായി അനുഭവപ്പെടുന്നു. നൊമ്പരങ്ങളുടെ ലോകത്ത് നര്‍മ്മത്തിന് സ്ഥാനമില്ലെന്നാണോ ഈ എഴുത്തുകാരന്‍റെ പക്ഷം?
എന്തായാലും മലയാളത്തിലെ പുതിയ എഴുത്തുകാരുടെ ശ്രേണിയില്‍ മുന്‍ നിരയില്‍ തന്നെ സലിം അയ്യനത്ത് തന്‍റെ സ്ഥാനം ഉറപ്പിച്ചിരിക്കുന്നുവെന്ന് ഡിബോറ സാക്ഷ്യപ്പെടുത്തുന്നു.
ഡിബോറ
സലിം അയ്യനത്ത്
കൈരളി ബുക്സ്
( ബഷീര്‍ താഴത്തയില്‍ )