2013, ഫെബ്രുവരി 14, വ്യാഴാഴ്‌ച

"ഡിബോറ" നഷ്ട സ്നേഹത്തിന്റെ കഥ പറയുന്ന പുസ്തകം- ബാജി ഓടംവേലി(4pm News)



ലിം അയ്യനത്തിന്റെ നവീനവും വ്യത്യസ്‌തവുമായ പതിനാല്കഥകളുടെ സമാഹാരമാണ്ഡിബോറ. ആനുകാലികങ്ങളിലൂടെ സുപരിചിതനായ സലിം അയ്യനത്തിന്റെ ഈ പുസ്‌തകത്തെ നഷ്ടസ്നേഹത്തിന്റെ കഥ പറയുന്ന പുസ്തകം എന്നോ, ഇന്നിന്റെയാഥാര്‍ത്ഥ്യങ്ങളെ ഫാന്റസികളിലേക്ക് ലയിപ്പിച്ച പുസ്തകമെന്നോ പറയാം. മനസ്സില്‍ അടക്കിപ്പിടിച്ച സ്നേഹത്തിന്റെ സ്നേഹനിരാസത്തിന്റെ കഥ പറയുന്ന സമാഹാരം നിലവാരമുള്ള വായന സമ്മാനിക്കുന്നു.

പ്രവാസി എഴുത്തുകാരുടെ സംവരണ മണ്ഡലത്തില്‍ നിര്‍ത്തി ജയിപ്പിക്കേണ്ട ആളല്ല ഈ എഴുത്തുകാരന്‍. മലയാളത്തിലെ മുഖ്യധാരയില്‍ എഴുതുന്ന ഏത് കഥാകാരനുമൊപ്പം കസേര വലിച്ചിട്ടിരിക്കുവാന്‍ പോന്ന ഭാവുകത്വവികാസം ഈ കഥകള്‍ പ്രകടിപ്പിക്കുന്നു. ഈ സമാഹാരത്തിലെ കഥകള്‍ തന്നെ എല്ലാ അര്‍ത്ഥത്തിലും അത്ഭുതപ്പെടുത്തി എന്ന് അവതാരികയില്‍ ആല്‍ങ്കോട് ലീലാകൃഷ്‌ണന്‍ പറയുന്നു.

ഡിബോറ എന്ന കഥ അക്ഷരാര്‍ത്ഥത്തില്‍ വരും കാലത്തിന്റെ കഥയാണ്‍. അസാധാരണമായ ക്രാന്തദര്‍ശനിത്വത്തോടെ വരും കാലം എഴുതുമ്പോള്‍ത്തന്നെ സ്വാഭാവികതയോടെ കഥയെ സമകാലീനമാക്കാനും കഴിഞ്ഞിരിക്കുന്നു. ജനിച്ചതില്‍ പിന്നെ ഇതുവരെ ഭൂമിയെ സ്‌പര്‍ശിച്ചിട്ടില്ലാത്ത മനുഷ്യപ്പെണ്‍കിടാവാണ്ഇതിലെ ഡിബോറ എന്ന കഥാപാത്രം. ലോകത്തിലെ പത്തു പ്രമുഖ വ്യവസായികളിലൊരാളായ, നിമിഷങ്ങള്‍ക്ക് കോടികളുടെ വിലയുള്ള ഒരു മനുഷ്യന്റെ മകള്‍. പപ്പ വാങ്ങിക്കൂട്ടിയ ശൂന്യാകാശത്തെ ഇലക്‌ടോണിക് ഫ്‌ളാറ്റുകളില്‍ അന്‍പതാം നിലയില്‍ നിന്നും താഴേക്ക് സഞ്ചരിക്കാന്‍ അനുവാദമില്ലാത്ത ഡിബോറയുടെ കഥ, അവളുടെ ജൈവമായ പ്രണയത്തിന്റെ കഥ, അവളുടെ ദുഃഖത്തിന്റെ കഥ. അസ്വഭാവികതയില്‍ നിന്നും സ്വാഭാവികത കണ്ടെത്തുവാനുള്ള ശ്രമമാണ്ഈ കഥയില്‍ വിജയിച്ചിരിക്കുന്നത്. നാം പലതും നേടിയിരിക്കുന്നു എങ്കിലും ഭൂമി നമുക്ക് നല്‍കിയിരിക്കുന്ന സ്‌നേഹമെന്ന വരം നഷ്‌ടപ്പെട്ടുവോ എന്ന് കഥ ചിന്തിപ്പിക്കുന്നു.

കൊശവത്തികുന്നില്‍പച്ചമണ്ണിന്റെ പശിമയിലേക്ക് വായനക്കാരന്റെ മനസ്സിനെ കൊണ്ടുപോകുന്നു. കാലം വരുത്തിയ പരിഷ്കാരങ്ങളില്‍ ഒരു സംസ്കാരത്തിന് മൂല്യച്യുതി സംഭവിച്ചപ്പോള്‍ ഒപ്പം നഷ്ടമായത് ഒരു കുലത്തിന്റെ ജീവിത സാഹചര്യങ്ങളായിരുന്നു. അലൂമിനിയവും സ്റ്റീലും അടുക്കളകള്‍ കൈയേറിയപ്പോള്‍ കൊശവത്തി സ്ത്രീകളുടെ ശരീരവടിവുകള്‍ പച്ചനോട്ടുകള്‍ക്കായി കൈയേറ്റം ചെയ്യപ്പെടുന്ന അവസ്ഥ ഒരല്പം പ്രണയത്തിന്റെ മേമ്പൊടിയോടെ മനോഹരമായി പറഞ്ഞിരിക്കുന്നു.

ഉറുമ്പില്‍ തെരുവിലെ നക്ഷത്രങ്ങള്‍എന്ന കഥയില്‍ മനുഷ്യന്റെ കുടിലതകളിലേക്ക്, തിന്മകളിലേക്ക് ഉറുമ്പുകളിലൂടെ പ്രതികരിക്കുകയാണ്. ഘ്രാണശക്തിയുണ്ടെങ്കില്‍ പോലും ശക്തിയില്ലാതെയായി പോയതിലെ വിഷമം ഉറുമ്പുകള്‍ പ്രകടിപ്പിക്കുമ്പോള്‍ സമൂഹത്തിലെ പല അരാജകത്വങ്ങളോടും പ്രതികരിക്കണമെന്നുണ്ടെങ്കിലും അതിന് ത്രാണിയില്ലാത്ത വലിയ ഒരു സമൂഹത്തിന്റെപ്രതിനിധിയാവുകയാണ് ഉറുമ്പിന്‍‌കൂട്ടങ്ങളിലൂടെ കഥാകൃത്ത്.

പുത്തന്‍ കാലത്തിന്റെ രീതികള്‍ക്ക് മുന്‍പില്‍ പകച്ചു നില്‍ക്കുന്ന ബഷീറാണ്‍ ‘നിഴല്‍ക്കൂത്ത് എന്ന കഥയിലെ നായകന്‍ . സ്വന്തം മകളുടെവിവാഹസല്‍ക്കാരത്തിലേക്ക് ഇവന്റ് മാനേജ്‌മെന്റിന്റെ ക്ഷണം സ്വീകരിച്ച് മണലാരണ്യത്തില്‍ നിന്നും എത്തിച്ചേരേണ്ടി വരുന്ന ഉപ്പ. വിവാഹത്തെ ഒരു പാക്കേജായി നിര്‍‌വികാരത്തോടെകാണുന്ന പുത്തന്‍ കാലത്തിനെ നോക്കി അയാള്‍ക്ക് സ്തംഭിച്ചു നില്‍ക്കേണ്ടി വരുന്നു. വ്യത്യസ്തമായ ഒരു ആശയത്തെ മനോഹരമായ ട്രീറ്റ്മെന്റ് കൊണ്ട് സമ്പന്നമാക്കിയിരിക്കുന്നു.

നാടായ നാടെല്ലാം അലഞ്ഞു തിരിയാന്‍ വിധിക്കപ്പെട്ട മൂടാസ് എന്ന നേര്‍ച്ചയാടിനെക്കുറിച്ചുള്ള കഥയില്‍ പ്രണയവും ഹിംസയും ഇണചേരുന്നുണ്ട്. ‘ഗന്ധകഭൂമി അലീനയോട് പറഞ്ഞത് എന്ന കഥയില്‍ വേദഗ്രന്ഥങ്ങളിലെ സോദോം ഗൊമോറയെ ഓര്‍മ്മിപ്പിച്ച് സ്വവര്‍ഗ്ഗ രതിയുടെ തിക്താനുഭവങ്ങളിലേക്ക് കഥാകൃത്ത് വായനക്കാരനെ കൊണ്ടുപോകുന്നു. ശാസ്‌ത്രം പ്രണയിക്കുമ്പോള്‍എന്ന കഥയിലെ "ഉപ്പ മരിക്കുന്നതിന് മുമ്പ് എന്നെ കൊണ്ടു പോകണേ" എന്ന ഉമ്മയുടെ പ്രാര്‍ത്ഥന മറക്കാനാവില്ല. മുല്ലപ്പെരിയാര്‍ ഡാമിന്റെ ചരിത്രവും അതോടൊപ്പം നഷ്ട പ്രണയത്തിന്റെ കഥയും പറയുന്ന വെള്ളച്ചാമി എന്ന കഥയില്‍ ചരിത്രത്തോട് ഫാന്റസി സന്നിവേശിപ്പിച്ചിരിക്കുന്നു.

ദൂരം സ്ഥലങ്ങളുടെയോ കാലങ്ങളുടെയോ അല്ല, സ്‌നേഹ ശൂന്യതയുടേതാണ്എന്ന് ഈ എഴുത്തുകാരന്‍ ആഴത്തില്‍ അറിഞ്ഞിരിക്കുന്നു. ഏറ്റവും നവീനമായ ഭാവുകത്വത്തെ സ്വീകരിച്ചു കൊണ്ട് തന്നെ ഗ്രാമീണനായ കഥപറച്ചിലുകാരന്റെ സത്യസന്ധതയോടെ നേര്‍ക്കു നേരെ കഥപറയാന്‍ ഈ കഥകൃത്തിന്കഴിഞ്ഞിരിക്കുന്നു. ഈകഥകള്‍ വ്യാഖാനിച്ച് നിരൂപണം നടത്താനുള്ളതല്ല, മറിച്ച് വായിച്ച് ആസ്വദിക്കാനുള്ളതാണെന്ന ശ്രീ. ആലങ്കോട് ലീലാകൃഷ്ണന്റെ വാക്കുകള്‍ സത്യമാണെന്ന് പുസ്തക വായനക്കൊടുവില്‍ നമുക്കും ബോധ്യമാകുന്നുണ്ട്.

പാം സാഹിത്യ സഹകരണ സംഘമാണ് പുസ്‌തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വില 100 രൂപ. നല്ല പുസ്‌തകങ്ങള്‍ നാടിന്റെ സമ്പത്താണ്സംസ്‌കാരത്തിന്റെ സാക്ഷിപത്രങ്ങളാണെന്ന് തിരിച്ചറിഞ്ഞ ഗള്‍ഫിലെ സാഹിത്യ കൂട്ടായ്‌മയായ പാം പുസ്‌തകപ്പുരയുടെ നേതൃത്വത്തില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന പാം സാഹിത്യ സഹകരണ സംഘത്തിന്റെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണ്‍. ഇതിനോടകം സര്‍ഗ്ഗാധനരായ കുറെ നല്ല എഴുത്തുകാരെ മലയാള സാഹിത്യലോകത്തിന്പരിചയപ്പെടുത്താന്‍ പാമിന്സാധിച്ചു.

സലിം അയ്യനത്ത്

മലപ്പുറം ജില്ലയിലെ തിരൂര്‍ ചമ്രവട്ടത്ത് ജനിച്ചു. അയ്യനത്ത് മൊയ്‌തീന്‍ കുട്ടിയുടേയും മുതിയേരി ഉമ്മാച്ചുക്കുട്ടിയുടേയും മകന്‍. ചമ്രവട്ടം ഗവണ്‍‌മെന്റ് യു. പി. സ്‌ക്കൂള്‍, കെ. എച്ച്. എം. ഹൈസ്‌ക്കൂള്‍, പി. എസ്. എം. കോളേജ്, സെന്റ് ജോസഫ്‌സ് ട്രെയിനിങ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. അദ്ധ്യാപകനായും ലൈബ്രേറിയനായും ഡല്‍ഹിയിലും മറ്റും ജോലി ചെയ്‌തു. ഇപ്പോള്‍ യു. . . ഗള്‍ഫ് ഏഷ്യന്‍ ഇംഗ്ലീഷ് സ്‌ക്കൂളില്‍ ലൈബ്രേറിയനായി ജോലി ചെയ്യുന്നു. നിരവധി ടെലിഫിലിമുകള്‍ക്ക് തിരക്കഥയെഴുതുകയും അഭിനയിക്കുകയും ചെയ്‌തിട്ടുണ്ട്. അറ്റ്‌ലസ് കൈരളി പുരസ്‌കാരം, ദുബായ് കൈരളി പുരസ്‌കാരം, എന്‍. പി. സി. സി. കൈരളി പുരസ്‌കാരം, എയിം കഥാപുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ആനുകാലികങ്ങളില്‍ കഥ, കവിത, തുടങ്ങിയ എഴുതാറുണ്ട്. നിലാവിലേക്ക് തുറന്ന നിറകണ്ണുകള്‍ (കവിത) തുന്നല്‍ പക്ഷിയുടെ വീട് (കഥ) ഡിബോറ (കഥ) എന്നീ പുസ്‌തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ സൈഫുനിസ, മക്കള്‍ ഷുഹൈബ്, ഷിംന എന്നിവര്‍. -മെയില്‍ saleemayyanath@yahoo.com