2015, മാർച്ച് 12, വ്യാഴാഴ്‌ച

പ്രണയ കഥാകാരന്‍ പുതിയ പ്രണയങ്ങളിലാണ് (ഹാറൂണ്‍ കക്കാട്)

സലിം അയ്യനത്ത് ഷെൽഫിയിൽ
ശ്രദ്ധേയനായ യുവകഥാകൃത്ത് സലിം അയ്യനത്തിന്റെ എഴുത്തുമുറിയിലെക്കു പ്രിയ വായനക്കാർക്കു നമോവാകം. മൂന്നു ശ്രദ്ദേയ കൃതികളുടെ കര്ത്താവായ സലിം 'ബ്രാഹ്മിണ്‍ മൊഹല്ല' എന്ന പുതിയ നോവലിന്റെ അവസാനവട്ട മിനുക്കുപണികളിലാണിപ്പോൾ. ബാബരി മസ്ജിദിന്റെ തകര്‍ച്ചയ്ക്ക് ശേഷമുള്ള ഒരു ഇന്ത്യന്‍ സമൂഹം, പ്രണയം, ചരിത്രം, രാഷ്ട്രീയം. കേരളത്തില്‍നിന്ന് ഉത്തരേന്ത്യയില്‍ എത്തുന്ന ഒരു സ്‌കൂള്‍ അധ്യാപകന്‍ നേരിടുന്ന അനുഭവങ്ങള്‍. സ്വന്തം രാജ്യത്ത് അന്യതാബോധം പിടിപെട്ട പാര്‍ശ്വവത്ക്കരിക്കപ്പെട്ട നായകനും അവന്റെ സഫലീകരിക്കാത്ത പ്രണയവും...ഇതെല്ലാം നോവലിനു ഇതിവൃത്തമായി വരുന്നു.
മലയാളത്തിന്റെ പ്രണയ കഥാകാരൻ തന്റെ എഴുത്ത് വിശേഷങ്ങൾ പങ്കുവയ്ക്കുന്നു. വര്ത്തമാനം ദിനപത്രം ഖത്തർ വീക്കെന്റ്റ് സ്പെഷ്യൽ എഡിഷനിലെ ഈ ആഴ്ചയിലെ 'ഷെൽഫി'യിൽ.
പ്രണയ കഥാകാരന്‍ പുതിയ പ്രണയങ്ങളിലാണ്
ഹാറൂണ്‍ കക്കാട്
മണ്ണിനും മര്‍ത്യനും അപ്പുറത്തേക്ക് കണ്ണെറിഞ്ഞു ശോകത്തെ ഉത്ക്കര്‍ഷ സോപാനമാക്കി സലിം അയ്യനത്ത് എന്ന എഴുത്തുകാരനിതാ മലയാള സാഹിത്യത്തില്‍ ആരും പറയാത്ത ചിന്തയുടെ നവ വിസ്‌ഫോടനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ജീവിതത്തോടുള്ള സമീപനത്തില്‍ മനുഷ്യര്‍ക്കുണ്ടായ അനാസ്ഥയെ കുറിച്ച് കഥാകൃത്ത് പറയുന്നത് തികച്ചും പ്രസക്തമായ ആശയങ്ങളുടെ കരുത്തോടെയാണ്. ഒരു കഥയില്‍ അടുക്കും ചിട്ടയോടെയുമുള്ള വിവരണംകൊണ്ട് ഈ മനോഭാവത്തിന്റെ ഗൗരവം വ്യഞ്ജിപ്പിക്കാനാവുകയില്ല. അതുകൊണ്ട് കഥയുടെ പതിവ് ആഖ്യാന ഘടനയാകെ പൊളിച്ചുകളയുകയാണ് സലിം അയ്യനത്ത്. മനുഷ്യത്വം, സദാചാരം, സ്‌നേഹം, സാഹോദര്യം തുടങ്ങിയ വാക്കുകളുടെ ആപേക്ഷികാര്‍ഥങ്ങളുടെ ആഴവും പരപ്പും എന്തൊക്കെയെന്ന് തന്റെ കൃതികളിലൂടെ ഈ കഥാകാരന്‍ പറഞ്ഞുതരുന്നത് അയത്‌ന ലളിതമായ ഭാഷയിലാണ്.
വായന അപാരമായ ഒരു ലഹരിയാണ്. അതില്‍ ആണ്ടുപോവുകയും പുസ്തകങ്ങളെ ജീവിതത്തില്‍ മറ്റെന്തിനേക്കാളേറെ സ്‌നേഹിക്കുകയും ചെയ്യുന്നവര്‍ അനുഭവിക്കുന്ന ആത്മസായൂജ്യത്തിന്റെ മുഗ്ധമനോഹരമായ ഒരു തലമുണ്ട്. നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ് ഇതിനു ഭാഗ്യം സിദ്ധിക്കുന്നത്. വായനാ രതിയെന്നോ വായനാ ഭ്രാന്തെന്നോ പറയാവുന്ന വിധത്തില്‍ പുസ്തകങ്ങളോട് ജീവിതത്തെ ചേര്‍ത്തുവെയ്ക്കുക എന്തൊരു സുഖദായകമായിരിക്കും? ജീവിതസന്ധാരണത്തിനുള്ള മാര്‍ഗംകൂടി ഇത്തരം സാഹചര്യങ്ങളിലായാല്‍ അതില്‍പരം ആഹ്ലാദിക്കാന്‍ മറ്റെന്തുവേണം? ഏറെ ശ്രദ്ധേയനായ യുവകഥാകൃത്ത് സലിം അയ്യനത്ത് അത്തരമൊരു പുസ്തകപ്പുഴുവാണ്. ഷാര്‍ജയിലെ ദല്‍ഹി െ്രെപവറ്റ് സ്‌കൂളില്‍ സീനിയര്‍ ലൈബ്രേറിയനായ സലിം ജോലിയിലും അല്ലാത്തപ്പോഴും പുസ്തകങ്ങളുടെ മണമാസ്വദിച്ചുകൊണ്ടേയിരിക്കുന്നു.
പ്രവാസലോകത്തെ തിരക്കുകളില്‍നിന്ന് എഴുത്തിന്റെ ഒഴിയാ തിരക്കുകളിലേക്ക് ഒഴുകുകയാണ് ഈ കഥാകൃത്തിന്റെ ജീവിതം. എഴുതിയും സര്‍ഗസുഗന്ധമുള്ളവരെ നിരന്തരം എഴുതാന്‍ പ്രേരിപ്പിച്ചും മണലാരണ്യത്തിലെ സമയങ്ങളത്രയും സലിം സാര്‍ഥകമാക്കുന്നു. മരുക്കാറ്റ് പോലും സലീമിനോട് പറയുന്നത് എഴുത്തു സപര്യയുടെ നൂറുകൂട്ടം പ്രണയകഥകള്‍.
പ്രവാസലോകത്തെ പ്രഥമ സാഹിത്യസഹകരണ സംരംഭമായ പാം പുസ്തകപ്പുരയുടെ പ്രസിഡന്റാണ് സലിം. കുരുന്നു സര്‍ഗപ്രതിഭകള്‍ക്ക് ശില്‍പശാല, കഥാമത്സരം, യുവ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനു പാം അക്ഷര തൂലിക കഥ/ കവിത പുരസ്‌കാരങ്ങള്‍, പുസ്തക ചര്‍ച്ചകള്‍, സാഹിത്യസെമിനാറുകള്‍ തുടങ്ങി എമ്പാടും മാത്രകാപ്രവര്‍ത്തനങ്ങളുമായി പ്രവാസലോകത്തെ സാഹിത്യമേഖലയില്‍ സലീമും കൂട്ടുകാരും നിറഞ്ഞുനില്ക്കുകയാണ്. പാമിന്റെ തണലില്‍ മരുഭൂമിയില്‍ മലയാളം പൂക്കുന്നു.

വിശപ്പിന്റ സംഗീതം 
പതിമൂന്ന് മക്കളായിരുന്നു സലീമിന്റെ വീട്ടില്‍. ദാരിദ്ര്യം മൂടിവെക്കപ്പെട്ട ഒരു ബാല്യമായിരുന്നു ഈ എഴുത്തുകാരന്റേത്. സദാസമയവും പാരായണം ചെയ്ത് അക്ഷരങ്ങളും പേജുകളും അഴുക്കായും മറ്റും തേഞ്ഞുമാഞ്ഞുപോയ ഒരു ഖുര്‍ആനായിരുന്നു സലീമിന്റെ ഉമ്മ. ഉമ്മ മരണപ്പെട്ടു. ഇപ്പോഴും ഉമ്മ പാരായണം ചെയ്ത ആ ഖുര്‍ആന്‍ കഥാകാരന്‍ സൂക്ഷിച്ചുവെച്ചിരിക്കുന്നു. വിയര്‍പ്പുകണങ്ങളാലും മറ്റും തേഞ്ഞുപോയ ഖുര്‍ആന്‍ പതിപ്പ്.
എഴുത്തിന്റെ ലോകത്തേക്ക് കവിതയുമായാണ് സലീമിന്റെ കന്നിപ്രവേശം. കൊച്ചുനാളിലേ നന്നായി ചിത്രങ്ങള്‍ വരക്കുമായിരുന്നു. പിന്നീടെപ്പഴോ കവിതയിലേക്കും കഥയിലേക്കും. പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ആദ്യമായി ഒരു കഥാക്യാംപില്‍ പങ്കെടുത്തത്. സുന്ദരിയായ നിളാനദീ തീരത്തുവെച്ചായിരുന്നുവത്. അശോകന്‍ ചരുവിലായിരുന്നു ക്യാംപിലെ താരം. പഞ്ചായത്ത് കലോത്സവത്തില്‍ സലീം കഥയെഴുത്തിനു കൂടിയിരുന്നു. റെയില്‍വേ സ്‌റ്റേഷന്‍ എന്നതായിരുന്നു വിഷയം. റെയില്‍വേ സ്‌റ്റേഷനിലെ ബാലഭിക്ഷാടനത്തിന്റെ പശ്ചാത്തലത്തില്‍ ഒരു കഥയെഴുതി. ഭിക്ഷ കിട്ടിയ കാശ് അച്ഛന്‍ തട്ടിപ്പറിച്ചുകൊണ്ടുപോയി മദ്യപിക്കുന്ന കഥ. വിശപ്പിന്റെ സംഗീതം എന്നു പേരിട്ടു. അതായിരുന്നു ആദ്യകഥ. അതിന് സമ്മാനവും കിട്ടി. ഒരു കൊച്ചു ട്രോഫിയും സര്‍ട്ടിഫിക്കറ്റും. ആ കഥയാണ് നിളാനദീതീരത്തുനടന്ന ക്യാംപില്‍ അവതരിപ്പിച്ചത്. വലിയ സാഹിത്യകാരന്മാര്‍ക്കിടയിലെ സലിം എന്ന പൊടിമീശക്കാരന്റെ കഥക്ക് നല്ല അഭിപ്രായമാണ് കിട്ടിയത്.
പിന്നീടൊരിക്കല്‍ പോസ്റ്റമാന്‍ എഴുനൂറ് രൂപയുടെ മണിയോര്‍ഡറുമായി സലീമിന്റെ വീട്ടില്‍വന്നു. മനോരമയില്‍ നിന്ന് അയച്ചതായിരുന്നു അത്. ആദ്യമായി അച്ചടിമഷി പുരണ്ടതും പ്രതിഫലം കിട്ടിയതും മനോരമ വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ഇ പ്രണയലേഖനം എന്ന കഥയ്ക്കായിരുന്നു.
എഴുത്തിന് സലീമിനെ പ്രോത്സാഹിപ്പിച്ചവര്‍ നിരവധിയാണ്. ഒരാളെ പേരെടുത്ത് പറയാനാകില്ല, അത് അനുചിതമായി സലീമിനെ അറിയുന്നവര്‍ കരുതും. സുഹൃത്തുക്കളുടെ സാക്ഷാത്കരിക്കാത്ത പ്രണയങ്ങള്‍ക്ക് പ്രണയലേഖനങ്ങള്‍ എഴുതിക്കൊടുത്തിരുന്നു. അങ്ങനെ ജീവിതപങ്കാളികളായവരുണ്ട്. അന്നുമുതലേ എഴുത്തിന്, ഭാഷയ്ക്ക് ഒരു വശ്യതയുണ്ടെന്ന് എല്ലാവരും പറയുമായിരുന്നു. എന്നിട്ടും സലിം സ്വന്തമായി പ്രണയലേഖനം എഴുതിയത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. പെണ്‍കുട്ടികള്‍ അടുത്ത് വരുമ്പോള്‍ ചുണ്ടുകള്‍ വിറക്കുമായിരുന്ന ഒരു നാണംകുണുങ്ങിയെന്ന് വേണമെങ്കില്‍ പറയാം. കാലക്രമേണ പെണ്‍സൗഹൃദങ്ങള്‍ ഈ വിറയലും നാണവും മാറ്റിയെടുത്തു. മിശ്ര വിദ്യാഭ്യാസത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഈ മാറ്റം തന്നെയായിരുന്നു. സ്‌കൂള്‍, കോളെജ് എന്നു പറയപ്പെടുന്ന സര്‍ക്കസ് കൂടാരങ്ങളില്‍നിന്നാണ് നാമിന്ന് കാണുന്ന സലിം രൂപപ്പെടുന്നത്.
അന്നത്തെ ചില വാരാന്ത്യപതിപ്പുകളില്‍ കവിതകള്‍ പ്രസിദ്ധീകരിച്ച് വരുമായിരുന്നു. എഴുത്തുകാരനായ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ കവിതയെ കുറിച്ചുള്ള വിലയിരുത്തലില്‍ സലീമിന്റെ കവിതകളെയും പരാമര്‍ശിക്കുമായിരുന്നു. ചെറുകഥകളോടാണ് സലീമിനു കൂടുതല്‍ പ്രണയം. ഒതുക്കിപ്പറയലിന്റെ മനോഹാരിത പെട്ടെന്ന് വായിച്ചാസ്വദിക്കാനാവുന്നത് ചെറുകഥകളാണെന്ന് തോന്നിയിട്ടുണ്ട്. ടി പത്മനാഭന്റെ കഥകള്‍ അന്നും ഇന്നും ഇഷ്ടമാണ്. ഗൗരി എത്ര തവണ വായിച്ചിട്ടുണ്ടെന്ന് സലീമിനു നിശ്ചയമില്ല. അതിലെ ഓരോ വരികളും കാണാപാഠമാണ്.
കഥകള്‍ അയച്ചുകൊടുക്കുവാന്‍ വളരെ മടിയുള്ള ഒരാളായിരുന്നു. എന്നിരുന്നാലും മലയാള മനോരമ, മാധ്യമം, ചന്ദ്രിക പിന്നെ പ്രദേശിക മാസികകള്‍ എന്നിവയിലൊക്കെ രചനകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എഴുതാനിരുന്നാല്‍ ഒരൊഴുക്കിലൂടെ അങ്ങ് സഞ്ചരിക്കും. എഴുത്ത് പൂര്‍ത്തിയാകുന്നത് വരെ ചുറ്റുഭാഗത്ത് നടക്കുന്നതൊന്നും അറിയില്ല. വല്ലാത്തൊരു ഉന്മാദാവസ്ഥയിലാണ്, അത് പറയാനാകില്ല, അനുഭവിച്ചറിയണം. ഇപ്പോള്‍ പേനകൊണ്ട് എഴുത്തില്ല, കീബോര്‍ഡിലെ വിരലുകളുടെ സ്പര്‍ശം, അക്ഷരങ്ങള്‍ പിറവിയെടുക്കുമ്പോള്‍ മഴ പെയ്തിറങ്ങുന്നത് പോലെയാണ്. വെട്ടിത്തിരുത്തലുകളുടെ പ്രയാസം ഒഴിവാക്കാന്‍ ഇതേറെ സഹായിച്ചു. നോവല്‍ രചനയ്ക്ക് വളരെ സഹായകമാണ് കംപ്യൂട്ടറിലുള്ള ഈ എഴുത്ത്.


കൃതികളും അംഗീകാരങ്ങളും
ഒലീവ് പ്രസിദ്ധീകരിച്ച നിലാവിലേക്ക് തുറന്ന നിറകണ്ണുകള്‍ (കവിതാസമാഹാരം), പാം സാഹിത്യ സഹകരണസംഘം പുറത്തിറക്കിയ തുന്നല്‍പക്ഷിയുടെ വീട് (കഥാസമാഹാരം), കൈരളി പ്രസിദ്ധീകരിച്ച ഡിബോറ (കഥാസമാഹാരം, രണ്ടാം എഡിഷന്‍) എന്നിവയാണ് സലീമിന്റെ കൃതികള്‍. ഈ കൃതികളിലെല്ലാം പ്രണയം, പ്രകൃതി, രാഷ്ട്രീയം തുടങ്ങിയവയൊക്കെ കടന്നുവരുന്നു. പിന്നെ വായനക്കാരന്‍ ഇഷ്ടപ്പെടുന്ന എന്തും. പ്രണയ കഥാകാരന്‍ എന്ന ഒരു വിളിപ്പേരുമുണ്ട് സലീമിന്.
അവാര്‍ഡുകള്‍ പ്രശസ്തി ഉണ്ടാക്കുന്നു എന്നത് സത്യമാണ്. ഒരു എഴുത്തുകാരന്റെ കൃതി മറ്റുള്ളവരിലേക്ക് എത്താനുള്ള എളുപ്പവഴിയാണ് അവാര്‍ഡുകള്‍. എന്നാല്‍ അവാര്‍ഡുകളാണ് ഒരു കലാസൃഷ്ടിയുടെ മാനദണ്ഡം എന്ന് സലിം വിശ്വസിക്കുന്നില്ല.
കൈരളി അറ്റ്‌ലസ് പുരസ്‌കാരം, ദുബൈ കൈരളി പുരസ്‌കാരം, അബുദാബി ശക്തി കഥാപുരസ്‌കാരം, ദുബായ് ബുക്ക് ട്രസ്റ്റ് പുരസ്‌കാരം, ഷെറിന്‍ ജീവരാഗ സാഹിത്യ പുരസ്‌കാരം, പ്രൊഫസര്‍ രാജന്‍ വര്‍ഗ്ഗീസ് പുരസ്‌കാരം, കേരളകൗമുദി കഥാപുരസ്‌കാരം, യുവകലാ സാഹിതി കഥാപുരസ്‌കാരം, അബുദാബി മലയാളി സമാജം പുരസ്‌കാരം, എയിം കഥാപുരസ്‌കാരം, സ്വരുമ പുരസ്‌കാരം, എന്‍ പി സി സി കൈരളി പുരസ്‌കാരം, ബ്രൂക്ക് ബെസ്റ്റ് സ്‌റ്റോറി പുരസ്‌കാരം എന്നിവ സലീമിനു ലഭിച്ചിട്ടുണ്ട്.
കേരളകൗമുദി ആഴ്ചപ്പതിപ്പ് സംസ്ഥാനതലത്തില്‍ യുവകഥാകൃത്തുക്കള്‍ക്കായി നടത്തിയ കഥാമത്സരത്തില്‍ ആയിരത്തില്‍ ഒന്നാമനായി സലിം തന്റെ പ്രതിഭയുടെ തിളക്കം പ്രസരിപ്പിച്ചു. പ്രമേയത്തിന്റെ കാലിക പ്രസക്തികൊണ്ട് 'എച്ച് ടു ഒ' എന്ന കഥ വ്യത്യസ്തമായി.
നോവല്‍, കഥാസമാഹാരം എന്നീ രണ്ട് പുസ്തകങ്ങളുടെ പണിപ്പുരയിലാണ്. പ്രസിദ്ധീകരിക്കാനാവുന്ന കഥകള്‍ കയ്യിലുണ്ട്, ധൃതിയില്ല, എന്തിനാ ധൃതി കാണിക്കുന്നത്. വലിയൊരു വായനാസമൂഹം കാത്തിരിക്കുന്നൊന്നുമില്ലല്ലോ…കുറച്ച്കൂടി മികച്ചത് ഉണ്ടാകട്ടെ എന്ന് കാത്തിരിക്കുന്നു സലീം. നോവലിന്റെ എഡിറ്റിംഗിലാണ് ഇപ്പോള്‍ മനസ്സ് മുഴുവന്‍. അതിനിടയില്‍ ചില ഒഴിച്ചു കൂടാനാവാത്ത പുസ്തക നിരൂപണങ്ങള്‍.
ബ്രാഹ്മിണ്‍ മൊഹല്ല എന്നാണ് പുതിയ നോവലിന്റെ പേര്. ബാബരി മസ്ജിദിന്റെ തകര്‍ച്ചയ്ക്ക് ശേഷമുള്ള ഒരു ഇന്ത്യന്‍ സമൂഹം, പ്രണയം, ചരിത്രം, രാഷ്ട്രീയം. കേരളത്തില്‍നിന്ന് ഉത്തരേന്ത്യയില്‍ എത്തുന്ന ഒരു സ്‌കൂള്‍ അധ്യാപകന്‍ നേരിടുന്ന അനുഭവങ്ങള്‍. സ്വന്തം രാജ്യത്ത് അന്യതാബോധം പിടിപെട്ട പാര്‍ശ്വവത്ക്കരിക്കപ്പെട്ട നായകനും അവന്റെ സഫലീകരിക്കാത്ത പ്രണയവും നോവലിനു ഇതിവൃത്തമായി വരുന്നു.

സലീമിന്റെ കഥകള്‍ പ്രകടിപ്പിക്കുന്നത്
സലീം അയ്യനത്ത് എല്ലാ അര്‍ഥത്തിലും തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് ഡിബോറയുടെ അവതാരികയില്‍ പ്രശസ്ത സാഹിത്യകാരാന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ പറയുന്നത്. ഈ കഥാകൃത്ത് പ്രവാസി എഴുത്തുകാരുടെ സംവരണമണ്ഡലത്തില്‍ നിര്‍ത്തി ജയിപ്പിക്കപ്പെടേണ്ട എഴുത്തുകാരനല്ല മലയാളത്തിലെ മുഖ്യധാരയില്‍ എഴുതുന്ന ഏതു കഥാകാരനുമൊപ്പം കസേര വലിച്ചിട്ടിരിക്കുവാന്‍പോന്ന ഭാവുകത്വവികാസം സലീം അയ്യനത്തിന്റെ കഥകള്‍ പ്രകടിപ്പിക്കുന്നു. ഡിബോറ എന്ന കഥ തന്നെ ഇതിനു ഉദാഹരണം.
അക്ഷരാര്‍ഥത്തില്‍ ഇത് വരുംകാലത്തിന്റെ കഥയാണ് അസാധാരണമായ ക്രാന്തദര്‍ശിത്വതോടെ വരുംകാലം എഴുതുമ്പോള്‍ തന്നെ അത്ഭുതകരമായ സ്വാഭാവികതയോടെ കഥയെ സമകാലികമാക്കാനും അയ്യനത്തിന് കഴിയുന്നു. ജനിച്ചതില്‍ പിന്നെ ഇതുവരെ ഭൂമിയെ സ്പര്‍ശിച്ചിട്ടില്ലാത്ത മനുഷ്യപെണ്‍കിടാവാണ് ഇതിലെ ഡിബോറ എന്ന കഥാപാത്രം. ചന്ദ്രയാന്‍ യാത്രക്കു വേണ്ടി തെരഞ്ഞെടുക്കപ്പെട്ട കുടുംബത്തിലെ അംഗം. ലോകത്തിലെ പ്രമുഖ വ്യവസായികളിലൊരാളായ നിമിഷങ്ങള്‍ക്ക് കോടികളുടെ വിലയുള്ള ഒരു മനുഷ്യന്റെ മകള്‍. എന്നിട്ടും അവള്‍ക്ക് ജൈവമായ പ്രണയമുണ്ടായി. പപ്പയുടെ വിശ്വസ്തനായ പൈലറ്റായ റസലിനോട്. എത്രമാത്രം ദുഃഖിതയായിരുന്നു ഡിബോറയെന്ന പെണ്‍കുട്ടി. ഈ ദുഃഖം തന്നെയാണ് കഥയുടെ സത്യം. പരിപൂര്‍ണമായും ഭൂമി വിട്ടുള്ള ഈ ജീവിതം നമ്മുടെ നേരനുഭവമല്ല. എന്നാല്‍ നേരനുഭവത്തെക്കാള്‍ ഏറെ യാഥാര്‍ഥ്യമായി നാമോരോരുത്തരും ഇപ്പോഴും അതനുഭവിച്ചുകൊണ്ടിരിക്കുന്നു. വിര്‍ച്വല്‍ റിയാലിറ്റിയും ഹൈപ്പര്‍ റിയാലിറ്റിയുമൊക്കെ ചേര്‍ന്ന് യാഥാര്‍ഥ്യത്തെ അനുഭവ ബോധ്യങ്ങള്‍ക്ക് അധീതമാക്കിയിരിക്കുന്ന കാലത്തിന്റെ എഴുത്താണ് 'ഡിബോറ'. ഇതു ഒരേ സമയം വരുംകാലത്തിന്റെ യാഥാര്‍ഥ്യത്തെയും സമകാലത്തിന്റെ അതിയാഥാര്‍ഥ്യത്തെയും നേരിടുന്നു.
എന്നാല്‍ നേര്‍ക്കുനേര്‍ വിനിമയം സാധ്യമാക്കുന്നതും ലളിതവുമായ കഥ പറയല്‍ രീതിയുടെ സമര്‍ഥമായ നിര്‍വഹണംകൊണ്ട് കഥ നമുക്ക് അത്രമേല്‍ സ്വാഭാവികമായ ജീവിത യാഥാര്‍ഥ്യവുമായിത്തീരുന്നു. 'ഡിബോറ' എന്ന കഥ മാത്രമല്ല ഈ സമാഹാരത്തിലെ ഒട്ടുമിക്ക കഥകളും നമ്മെ ഓര്‍മപ്പെടുത്തുന്ന വിഹ്വലമായ ഒരു മനുഷ്യ യാഥാര്‍ഘ്യമുണ്ട്. നമുക്ക് സ്‌നേഹിക്കുവനുള്ള കഴിവ് നഷ്ടപ്പെട്ടു പോയിരിക്കുന്നു എന്ന ജൈവദുരന്തമാണത്.
നാം പലതും നേടിയിരിക്കുന്നു. അളവറ്റ സുഖസൗകര്യങ്ങള്‍, അറിവ്, സമ്പത്ത് എന്തിന് ശൂന്യകാശത്തിലെ സുഖസൗകര്യങ്ങള്‍ പോലും. പക്ഷെ ഭൂമി മനുഷ്യന് നല്കിയ വിശിഷ്ടമായ വരം നമുക്ക് നഷ്ടപ്പെട്ടുപോയിരിക്കുന്നു. അത് സ്‌നേഹമാണ്.
ഏറ്റവും നവീനമായ ഭാവുകത്വത്തെ സ്വീകരിച്ചുകൊണ്ട് തന്നെ ഗ്രാമീണനായ പഴയൊരു കഥ പറച്ചിലുകാരന്റെ സത്യസന്ധതയോടെ നേര്‍ക്കുനേരെ കഥപറയാനും ഈ കഥാകൃത്തിന് കഴിയുന്നു. ഈ കഥകള്‍ വ്യാഖ്യാനിച്ച് നിരൂപണം ചെയ്യാനുള്ളവയല്ല, വായിച്ചു വേദനിക്കാനും വിഷാദിക്കാനും സ്വയം നവീകരിക്കാനുമുള്ളവയാണെന്ന് ആലങ്കോട് ലീലാകൃഷ്ണന്‍ പറയുന്നു.
''വായിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന ശൈലിയും ആഖ്യാനവുമാണ് സലിം അയ്യനത്തിന്റേത്. ക്രാഫ്റ്റില്‍ മാത്രം ശ്രദ്ധിക്കുകയും കഥ ശരീരത്തില്‍ അഭിരമിക്കുകയും കഥയിലെ ആന്തരിക ലോകം ശൂന്യമായി കിടക്കുകയും ചെയ്യുന്ന അവസ്ഥ സലീമിന്റെ കഥകള്‍ക്കില്ല'' എന്ന് 'തുന്നല്‍ പക്ഷിയുടെ വീട്' എന്ന പുസ്തകത്തിന്റെ അവതാരികയില്‍ പ്രശസ്ത സാഹിത്യകാരന്‍ പി സുരേന്ദ്രന്‍ പറയുന്നു.
ഏറ്റവും കൂടുതലിഷ്ടപ്പെട്ട രണ്ട് എഴുത്തുകാരെ കുറിച്ചു ചോദിച്ചപ്പോള്‍ സലീമിന്റെ മറുമൊഴി ഇങ്ങനെയായിരുന്നു. വൈക്കം മുഹമ്മദ് ബഷീറിനെ പറയുമ്പോള്‍ എം ടി കയറി വരും, സി രാധാകൃഷ്ണനില്ലാതെ എന്ത് നോവല്‍ സാഹിത്യം. ടി പത്മനാഭനെ വായിക്കാതെ കഥാലോകവും പൂര്‍ണ്ണമാകില്ല. ഇപ്പോള്‍ വായിക്കുന്നതൊക്കെ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് മുതല്‍ വി ജെ ജെയിംസ് വരെയുള്ള പുതിയ എഴുത്തുകാരെയാണ്.
പുതുതായി എഴുതിത്തുടങ്ങുന്നവരോടായി സലീം ഓര്‍മിപ്പിക്കുന്നു. എഴുത്തുവരുന്ന വഴിയില്‍ മടികൂടാതെ, ആ വലിയ പ്രവാഹത്തില്‍ അലിഞ്ഞില്ലാതെയാകണം. നന്നായി വായിക്കണം. പുതിയ മാറ്റങ്ങളെ ഉള്‍കൊള്ളുന്നതാകണം വായന. എവിടെയോ ഒരു വായനക്കാരന്‍ തന്നെ വായിക്കാന്‍ കാത്തിരിക്കുന്നുവെന്ന ബോധത്തില്‍ എഴുത്തിനെ തപസ്സായി കാണണം. അവര്‍ക്കേ എഴുത്തില്‍ വിജയിക്കാനും വായനക്കാരന്റെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടാനുമാകൂ.
ഭാഷയുടെ അടിസ്ഥാനത്തില്‍ രൂപംകൊണ്ട നാട് ഭാഷയെ അവഗണിക്കുന്നത് സംസ്‌കാരിക അധ:പതനത്തിന് കാരണമാകും, ഭാഷ അന്യംനിന്നു പോകാതിരിക്കാന്‍ ശ്രമിക്കേണ്ടത് ഓരോ വ്യക്തിയുമാണ്. മാറിവരുന്ന സര്‍ക്കാരുകള്‍ കൃത്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കണം. മാതൃഭാഷയെ അവഹേളിക്കുന്നതും കൈവെടിയുന്നതും സ്വന്തം മാതാവിനെ ഉപേക്ഷിക്കുന്നത് പോലെയാണ്. ഏതൊരു സംസ്‌കാരത്തിന്റെയും അടിസ്ഥാനം മാതൃഭാഷയാണെന്നും മാതൃഭാഷയുടെ മരണം സംസ്‌കാരത്തിന്റെ മരണമാണെന്നും ശുദ്ധമായ ഭാഷ കൈകാര്യം ചെയ്യുന്നതിലൂടെ മലയാളത്തനിമ നിലനിര്‍ത്താനാകുമെന്നുമുള്ള ബോധം ജനങ്ങള്‍ക്കുണ്ടാകണമെന്ന് ഈ എഴുത്തുകാരന്‍ പറയുന്നു. വായന മരിക്കുന്നു എന്ന് പറയുന്നത് വെറുതെയാണ്. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം നേരില്‍ കണ്ട ഒരാളും അങ്ങനെ പറയില്ല. വായനയുടെ തലങ്ങളാണ് മാറിയത്. ഗൗരവമായ വായനകള്‍ ഉണ്ടാകുന്നില്ല. സോഷ്യല്‍ മീഡിയകളിലേക്കും ടെക്‌നോളജിയിലേക്കും വായന ചുരുങ്ങുകയാണെന്നു സലീം വിലയിരുത്തുന്നു.

ആര്‍ക്കുവേണ്ടിയാണ് നാട്ടില്‍ പോകേണ്ടത് 
എം ടി വാസുദേവന്‍ നായര്‍ ഒരിക്കല്‍ പറഞ്ഞിരുന്നു, കഥയേക്കാള്‍ ഇഷ്ടം തനിക്ക് കഥയ്ക്ക് പിന്നിലെ കഥകളോടാണ് എന്ന്. അത്തരം ഒരു അനുഭവമായിരുന്നു സലീം എഴുതിയ 'തിരയെടുത്ത സ്വപ്‌നങ്ങള്‍' എന്ന കഥയ്ക്ക് പിന്നിലെ കഥ. സൂനാമി ദുരന്തത്തില്‍, സലിം അന്നു ജോലിചെയ്തിരുന്ന ഷാര്‍ജ ഗള്‍ഫ് ഏഷ്യന്‍ സ്‌ക്കൂളിലെ സഹപ്രവര്‍ത്തകയുടെ 35 കുടംബക്കാരാണ് ഇല്ലാതായത്. അവളുടെ വീട്ടിലേക്ക് പോയപ്പോള്‍ കണ്ട കാഴ്ച്ച ഹൃദയഭേദകമായിരുന്നു. അവളുടെ ആരും തന്നെ ജീവിച്ചിരിക്കുന്നില്ല എന്ന സത്യം അവളെ മരിച്ചതിനു തുല്യമാക്കിമാറ്റിയിരുന്നു. ശ്രീലങ്കക്കാരിയായ അവള്‍ ഇനി ആര്‍ക്കുവേണ്ടിയാണ് നാട്ടില്‍പോകേണ്ടത്. ഈ സംഭവം സലീമിന്റെ തൂലികയില്‍ കഥയായി പ്രസിദ്ധീകരിച്ചുവന്നു. അവളുടെ കഥാപാത്രത്തിന്റെ ഒരു മൊബൈല്‍ഫോണ്‍ നമ്പര്‍ കഥയില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. അതു കഥാകൃത്തായ സലീമിന്റെ തന്നെ നമ്പറായിരുന്നു.
കഥ വായിച്ചവരുടെ ഫോണ്‍ പ്രവാഹമായിരുന്നു പിന്നീട്. അവളെ സഹായിക്കാം, അവളെ വിവാഹം കഴിക്കാം എന്നൊക്കെ പറഞ്ഞുകൊണ്ടുള്ള ഫോണ്‍ കോളുകള്‍.…അത്തരം സംസാരങ്ങളോട് കലിയാണ് തോന്നിയത്. പെണ്ണിനോടുള്ള സമൂഹത്തിന്റെ ചിന്താഗതികള്‍ മാറേണ്ടിയിരിക്കുന്നു. വെറുമൊരു ഉപഭോഗവസ്തുവായി കാണുന്നതിന് പകരം, പെണ്ണിനെ ഒരു വ്യക്തിയായി കാണാന്‍ പഠിക്കണമെന്ന് ഈ കഥാകാരന് അടിവരയിടുന്നു.
മലപ്പുറം ജില്ലയിലെ തിരൂരിനടുത്ത ചമ്രവട്ടത്താണ് സലീമിന്റെ വീട്. അയ്യനത്ത് എന്നതു കുടുംബപേരാണ്. സൈഫുന്നിസയാണ് ഭാര്യ. ഷുഹൈബ് അന്‍സാര്‍, ഷിംന എന്നിവരാണ് മക്കള്‍. ഇമെയില്‍ ayyanathsaleem@gmail.com