2016, ഫെബ്രുവരി 29, തിങ്കളാഴ്‌ച

ഡിബോറ: മാനവികതയുടെ അടയാളപ്പെടുത്തലുകള്‍-ഹണി ഭാസ്കരന്‍

ഡിബോറ: മാനവികതയുടെ അടയാളപ്പെടുത്തലുകള്‍
-------------------------------------------------------------------------
 
ദാര്‍ശനികതയുടെ തലങ്ങളില്‍നിന്ന് ചിന്തിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ചില എഴുത്തുകാര്‍ ഉണ്ട്. അവര്‍ ഭൂതകാലത്തെ ഒരു ക്യാന്‍വാസായി തുറന്നുവെച്ച് വര്‍ത്തമാന കാലത്തെ അതിനു മീതെ വരച്ചു വെക്കും. വരാനിരിക്കുന്ന കാലത്തെ കുറിച്ച് കൃത്യമായ ആശങ്കകള്‍ പങ്കു വെക്കും. സലീം അയ്യനത്തിന്റെ ഡിബോറ അത്തരം കഥകളുടെ പകര്‍പ്പാണ്. സാധാരണ ഭാഷയില്‍ അസാധാരണമായ ക്രാന്ത ദര്‍ശിത്വത്തോടെ എഴുതപ്പെട്ട കഥകള്‍. പ്രവാസ ജീവിതം നയിക്കുന്ന ഒരാളുടെ പതിവ് ശൈലിയായ ഗൃഹാതുരതയുടെ അതിഭാവുകത്വമോ മുഷിപ്പിക്കലോ കഥകളില്‍ ഇല്ല. വായിച്ചു പോകുന്ന വഴിയെ കഥാപാത്രങ്ങളും ചേരുന്നു. സമകാലിക വിഷയങ്ങളും കഥകളില്‍ കടന്നു വരുന്നുണ്ട് എന്നത് ആനന്ദം പ്രദാനം ചെയ്യുന്നു. പുതുകാല ചെറുകഥാകൃത്തുക്കളില്‍ തന്റേതായ ഇടം നേടിയ കഥാകാരന്‍. 
അനുഭവിപ്പിക്കാന്‍ സാധിക്കുന്ന എഴുത്ത് മാത്രമേ വായനക്കാരനെ എക്കാലവും ചിന്തിപ്പിക്കുകയുള്ളൂ. റിയലിസവും മാജിക്കല്‍ റിയലിസവും കൂടി ചേര്‍ന്ന് വായനക്കാരനെ വ്യത്യസ്തമായ അനുഭവ ഭാഷ്യങ്ങളിലേക്ക് എത്തിക്കുന്ന കഥകള്‍. 
'പാത്രങ്ങള്‍ ജീവിതത്തിന്റെ അക്ഷയ പാത്രങ്ങളാണ്. സംസ്‌കാരത്തിന്റെ തിരിച്ചറിവുകള്‍ ആണ്. ചീനച്ചട്ടിയില്‍ ചൈനീസ് സംസ്‌കാരം ഒളിപ്പിച്ചുവെച്ചത് പോലെ നമുക്ക് ലോകത്തിനു മുന്നില്‍ തുറന്നു വെക്കാന്‍ നമ്മുടെതായ പാത്ര സംസ്‌കാരം എവിടെ? എന്ന് 'കൊശവത്തിക്കുന്ന്' എന്ന കഥയില്‍ കഥാകാരന്‍ ചോദിക്കുന്നു. ആഗോളവത്കരണത്തിന് എതിരെയുള്ള ശബ്ദമായി 'കൊശവത്തിക്കുന്ന്' മാറുന്നു. കഥയിലെ കഥാപാത്രമായ വനജയെന്ന ചെട്ടിച്ചിപ്പെണ്ണിലൂടെ പെണ്ണടയാളത്തിന്റെ നനഞ്ഞ മുഖം കോറിയിടാന്‍ കഥാകാരന് കഴിഞ്ഞിട്ടുണ്ട്. കുലത്തൊഴില്‍ അന്യംനിന്നുപോകുമ്പോള്‍ അവരുടെ ജീവിതം അന്യാധീനപ്പെട്ട ഭൂപ്രദേശം പോലെ ആവുന്നതിനെ കുറിച്ച് ഓര്‍ത്തു കഥാകാരന്‍ വേവലാതിപ്പെടുന്നു. മാംസക്കൊതിയന്മാര്‍ അവിടുത്തെ പെണ്‍ജീവിതങ്ങള്‍ക്കുമേല്‍ ആധിപത്യം സ്ഥാപിച്ചെടുക്കുന്നതിനെക്കുറിച്ച് ഓര്‍ത്തു വേദനിക്കുന്നു. സമൂഹത്തിന്റെ ചിന്തകളെ നവീകരിക്കാന്‍ പാകപ്പെട്ട ഒരു കഥയായി 'കൊശവത്തിക്കുന്ന്' മാറുമ്പോള്‍ കഥാകാരന്‍ മുന്നോട്ടു വെക്കുന്ന മാനുഷിക മുഖം പ്രശംസ അര്‍ഹിക്കുന്നു. 
നാടായ നാടെല്ലാം അലഞ്ഞു തിരിയുന്ന നേര്‍ച്ചയാടുകളെ കുറിച്ചുള്ള കഥ 'മൂസാട്' വ്യത്യസ്തമായൊരു അനുഭവമായി മാറി. തനതു ശൈലിയില്‍ നിന്നും വ്യത്യസ്തമായി ഭാഷയിലെ നാട്ടുപ്രയോഗങ്ങള്‍ മുന്നോട്ടു വെച്ച കഥ കൂടി ആയിരുന്നു 'മൂസാട്'. 
''മനം നിറഞ്ഞ പ്രണയം തന്നെയാണ് ജീവിതത്തെ അര്‍ഥ പൂര്‍ണമാക്കുന്നത്'' എന്ന് 'ഗന്ധകഭൂമി അലീനയോടു പറഞ്ഞത്' എന്ന കഥയില്‍ കഥാകാരന്‍ പറയുന്നു. എന്നാല്‍ പുരുഷനും സ്ത്രീയും തമ്മിലുള്ള പ്രണയവും രതിയും മാത്രമാണ് ശരി എന്ന് പറയുന്നിടത്ത് കഥാകാരന്‍ വ്യക്തി സ്വാതന്ത്ര്യങ്ങളില്‍, മനുഷ്യാവകാശങ്ങളില്‍ ഇരട്ടത്താപ്പ് കാണിക്കുന്നില്ലേ എന്ന് ചിന്തിക്കുമ്പോള്‍ കഥാകാരന്റെ പുരോഗമന ചിന്തയെ ചോദ്യം ചെയ്യേണ്ടിവരുന്നു. 
സമൂഹത്തിലേക്കു തുറന്നു വെച്ച ഒരു കണ്ണായി മാറുന്ന കഥയാണ് 'ഗോദ്രയിലെ വിളക്കുമരങ്ങള്‍'. തെരുവും കലാപവും രക്ത ഗന്ധങ്ങളും ഉഷ്ണ ജീവിതങ്ങളും കഥയിലൂടെ ഒരു ചരിത്ര സംഭവം പോലെ കടന്നു പോകുന്നു. കഥാകാരന്റെ കൈയാപ്പ് പതിഞ്ഞ മാനുഷിക വശമേറിയ കഥയായി ഇതിനെ മുന്നോട്ടു വെക്കാം. കഥാകാരന്‍ ചുറ്റുപാടുകളെ കുറിച്ച്, ചുറ്റും സംഭവിക്കുന്ന അപചയങ്ങളെ കുറിച്ച് തികച്ചും ബോധവാനാണ്. മുറിവേല്‍ക്കപ്പെട്ട ജനാധിപത്യത്തെ അടയാളപ്പെടുത്താന്‍ ഗുജറാത്തിനെ കഥാകാരന്‍ ഉപയോഗിച്ചിരിക്കുന്നത് കൃത്യമായ രാഷ്ട്രീയ ബോധത്തോടും നിലപാടുകളോടും കൂടി തന്നെയാണ്. വരാനിരിക്കുന്ന രാഷ്ട്രീയ മൂല്യച്യുതികളെ കാണാന്‍ കഥാകാരന് എളുപ്പം സാധിച്ചിട്ടുണ്ട്. 
'ഉറുമ്പിന്‍ തെരുവിലെ നക്ഷത്രങ്ങള്‍' എന്ന കഥ ഭരണകൂട വ്യവസ്ഥയെ ശക്തമായി വിമര്‍ശിക്കുന്ന കഥയാണ്. ഭരണകൂടങ്ങളും നീതിന്യായ വ്യവസ്ഥകളും നീതിയെ കൈകാര്യം ചെയ്യുന്ന അരാഷ്ട്രീയമായ സമ്പ്രദായത്തില്‍ ഇരകള്‍ നേരിടുന്ന പ്രശ്‌നങ്ങളും സമൂഹത്തില്‍ അത് വരുത്തുന്ന മാറ്റങ്ങളും കഥാതന്തുവിനെ ശക്തിപ്പെടുത്തുന്നു. ഉറുമ്പുകളിലൂടെ പറഞ്ഞുപോകുന്ന കഥ ഇന്നത്തെ ഫാസിസ്റ്റ് ഭരണ രീതിയില്‍ നാം വായിക്കപ്പെടേണ്ട ഒന്ന് തന്നെയാണ്. കപടമായ ജനാധിപത്യ ബോധം പേറുന്നവരെ ഇരുത്തി ചിന്തിപ്പിക്കാന്‍ ഈ കഥക്ക് ആകുമെന്നതില്‍ സംശയമില്ല. ഏറ്റവും ലളിതമായ ഭാഷയില്‍ ഏറ്റവും മനോഹരമായി എഴുതപ്പെട്ട തീവ്രമായ സാമൂഹിക അവബോധം വെച്ചുപുലര്‍ത്തുന്ന കഥയാണ് ഇത്. കുഞ്ഞുങ്ങള്‍ക്ക് ചുറ്റും കാമക്കണ്ണുകളുമായി അനേകം പേര്‍ ഒളിച്ചിരിപ്പുണ്ട് എന്ന് കഥാകാരന്‍ ജാഗരൂകനാവുന്നു, വായനക്കാരനെ ബോധ്യപ്പെടുത്തുന്നു. 
'നിഴല്‍ക്കൂത്ത്' എന്ന കഥയില്‍ നഷ്ട്ടപ്പെട്ടു പോകുന്ന മാനുഷിക ബന്ധങ്ങളെ കുറിച്ച് കഥാകാരന്‍ എഴുതുന്നു. വിവാഹ സുദിനം ഈവന്റ് മാനെജ്‌മെന്റുകള്‍ കൈയടക്കുമ്പോള്‍ ആചാരങ്ങള്‍ ഓര്‍മകളുടെ പിന്‍ചട്ടയില്‍ ഒതുങ്ങുന്നതിനെകുറിച്ച് വ്യസനപ്പെടുന്നു. 
'ഫ്രീ കോള്‍ മാമാങ്കം' എന്ന കഥ പ്രവാസിയുടെ സ്വപ്‌നങ്ങളുടെയും നൊമ്പരത്തിന്റെയും കഥയാണ്. ഏറെക്കാലം മരുഭൂമിയില്‍ ചെലവഴിച്ചിട്ടും തന്നേതന്നെ തിരിച്ചറിയാന്‍ കഴിയാതെ പോകുന്ന റഹിംക്ക എന്ന പ്രവാസിയുടെ കണ്ണീരിന്റെ കഥ. മറ്റു കഥകളില്‍ നിന്ന് അല്‍പം നിലവാരം കുറഞ്ഞൊരു കഥയായി തോന്നി 'ഒരു ി70 സീരീസ് മോഷണം' എന്ന കഥ. ലേഖനം എഴുതുന്ന രീതിയില്‍ അനുഭവത്തെ ചിത്രീകരിക്കാന്‍ ശ്രമിച്ചത് വായനയില്‍ കല്ലുകടി ആവുന്നു. ഒരുപക്ഷെ മറ്റു കഥകള്‍ മുന്നോട്ടു വെച്ച നല്ല വശങ്ങളെ കണ്ണ് തട്ടാതിരിക്കാന്‍ എന്ന പോലെ ഇതിലെ ന്യൂനതകള്‍ മാറുന്നു. 
'വാകമരങ്ങള്‍ പൂത്ത വഴികള്‍' ഭാഷയെ, ഗൃഹാതുരതയെ, നാടിനെ മനോഹരമായി ആവിഷ്‌കരിച്ച കഥയാണ്. വിജയനും സുമിജയും വായനയില്‍ നമ്മോടു സംവദിക്കുന്നുണ്ട് എന്നത് കഥയുടെ വൈകാരികതയുടെ വിജയം കൊണ്ടാണ്. മഞ്ഞുതുള്ളിയുടെ സുതാര്യതയുള്ള പ്രണയം പിന്നീടുള്ള 'ശബ്ദം' എന്ന കഥയില്‍ വന്നു പോകുന്നുണ്ട്. 
കാലിക പ്രസക്തമായ സംഭവങ്ങളിലൂടെ 'ഡിബോറ' വായനക്കാരനെ ഒരു ബെഞ്ചിനു മീതെ കയറ്റി നിര്‍ത്തി ചോദ്യം ചെയ്യുകയാണ്, ശിക്ഷിക്കുകയും പുനര്‍ വിചിന്തനത്തിനു വിധേയമാക്കുകയും ചെയ്യുകയാണ്. സലിം അയ്യനത്തിന്റെ രചനകള്‍ മുന്നോട്ടുവെക്കുന്ന ഈ ധാര്‍മികതയും, ദാര്‍ശനികതയും തന്നെയാവും വരും കാലങ്ങളിലും കഥാകാരനെയും കഥകളെയും സാഹിത്യ ലോകത്ത് അടയാളപ്പെടുത്താന്‍ സഹായിക്കുക എന്നതില്‍ തര്‍ക്കമില്ല.