2014, ഓഗസ്റ്റ് 8, വെള്ളിയാഴ്‌ച

വെള്ളത്തണ്ട്

വെള്ളത്തണ്ട് 
---------------------------------------------------------------------
വൈറ്റ്നർ കുത്തി 
നീലിച്ച അക്ഷരങ്ങളെ 
മായിച്ചു കളയുന്ന കുട്ടിയോട് 
വെള്ളത്തണ്ട് പറഞ്ഞു 
കൊഴിഞ്ഞു പോയ കുട്ടിക്കാലത്തിന്റെ 
ചതഞ്ഞരഞ്ഞ ഓർമകളാണിന്നു ഞാൻ 

തെറ്റുകൾ ഒറ്റവര കൊണ്ട് വെട്ടിയിടണം 
പിന്നീടത്‌ നമ്മെ ഓർമിപ്പിക്കണം 
ചിന്തിപ്പിക്കണം വേദനിപ്പിക്കണം 
നിനക്ക് മാത്രമല്ല നോവേണ്ടത്
ശരി പഠിപ്പിച്ച അധ്യാപകനും നോവണം
ഒരുപാട് ശരികൾക്കിടയിലെ ഒരു തെറ്റ് 
അതറിയുകയാണ് ജീവിത വിജയം  
വൈറ്റ്നറിട്ട് മായിച്ച് അതിനു മുകളിൽ 
ശരിയെന്ന് എഴുതുന്നതാകരുത് ജീവിതം  
സ്ലേറ്റിൽ എഴുതിയ ശരികൾ 
തുപ്പൽ തൊട്ട് മായിക്കുന്നതാകരുത് 
നിനക്ക് പ്രണയം
നിന്റെ തൊടികൾക്കും നിനക്കും 
ഞാനിന്ന് അന്യമാണ്
കൃത്രിമ വളം ചേർത്ത് നീ നശിപ്പിച്ചത് 
നിന്റെ ജീവനെ തന്നെയാണ്.

നീ ഈ പ്രണയ ചെടിയെ വല്ലപ്പോഴും ഓർക്കുക  
മൂന്നാം ലോക രാജ്യങ്ങളുടെ 
കുട്ടികൾക്ക് വേണ്ടി പടച്ചുണ്ടാക്കുന്ന
വൈറ്റ്നർ ദൂരെ കളയുക.
സാമ്രാജ്യത്വ ശക്തികളോടും 
ആഗോള വൽക്കരണത്തോടുമുള്ള  
നിന്റെ ആദ്യത്തെ സന്ധിയല്ലാ സമരം 
തുടങ്ങേണ്ടത് വെള്ളത്തണ്ട് 
എന്ന നിന്റെ അസ്ത്വിത്വത്തെ 
മുറുകെ പിടിച്ചാണ് 
അതിനായി നിന്റെ തൊടികൾ 
പാകപ്പെടുത്തുക....!