2014, മാർച്ച് 29, ശനിയാഴ്‌ച

നന്മ തളിരിട്ട കഥകൾ (ജീവിതത്തിന്റെ ബാൻഡ് വിഡ്ത്തിൽ ഒരു കാക്ക) ആസ്വാദനം (സലീം അയ്യനത്ത് )

നന്മ തളിരിട്ട കഥകൾ (ആസ്വാദനം) സലീം അയ്യനത്ത് 

കേരള കൗമുദി കഥാ പുരസ്‌കാരം സ്വീകരിക്കാനായി ഷാർജയിൽ നിന്നും തിരുവനന്ത പുറത്തേക്ക് തിരിക്കുമ്പോൾ മനസ്സിലെ ആഗ്രഹങ്ങൾക്കും പ്രതീക്ഷകൾക്കും അതിരുകളുണ്ടായിരുന്നില്ല, വളരെ പരിമിതമായ ദിവസങ്ങൾക്കിടയിൽ കാണാനും ചെയ്തുതീർക്കാനും ഒരു മുഴു നീളൻ പ്രതീക്ഷകളുണ്ടായിരുന്നു..മനസ്സ് നിറയെ...അതിൽ പ്രധാനപ്പെട്ടതായിരുന്നു കമ്പ്യൂട്ടറിന്റെ മിനി സ്ക്രീനിൽ മാത്രം കാണുകയും വായിക്കുകയും ചെയ്ത..മലയാളി വായനക്കാർക്ക് സുപരിചിതനായ ശ്രീ കെ .ആർ മനോരാജിനെ കാണാം എന്നുള്ളത് . അവസാന നിമിഷമാണ് വരാനാകില്ല എന്ന് സുഹൃത്ത്‌ അറിയിച്ചത് ...എറണാംകുളം ഇറങ്ങി പോയിക്കാണാനുള്ള സമയവും, സാഹചര്യവും  ഉണ്ടായിരുന്നില്ല..അത് കൊണ്ട് തന്നെ നുരപൊന്തുന്ന ആഗ്രഹം അവധിക്കാലത്തേക്ക് മാറ്റിവെച്ചു. എങ്കിലും ഭാര്യാ സഹോദരന്റെ കയ്യിൽ എനിക്കൊരു കവർ കൊടുത്തുവിട്ടിരുന്നു. 'ജീവിതത്തിന്റെ ബാൻഡ് വിഡ് ത്തിൽ ഒരു കാക്ക' എന്ന ശ്രീ മനോരജിന്റെ കഥാ സമാഹാരം.
അടുത്തിടെ നടന്ന കഥാ മത്സരങ്ങളിലെല്ലാം ശ്രീ മനോരജിന്റെ കഥകൾക്കൊപ്പം ഈ യുള്ളവന്റെ കഥയും ഉണ്ടായിരുന്നു എന്ന പ്രത്യേകത കൊണ്ടാകാം മനോരജിന്റെ രചനകൾ തേടിപ്പിടിച്ച് വായിച്ചിരുന്നു.
ശ്രീ മനോരാജിനെ ശ്രദ്ധിക്കാൻ തുടങ്ങിയത്  'ശവംനാറിപ്പൂവ് 'എന്ന ചെറുകഥയുടെ വയനയോടെയാണ് .'തേജസ്‌ 'എന്ന ബ്ലോഗ്ഗിലെ കുറിപ്പുകളും പുസ്തക പരിചയങ്ങളും താല്പര്യത്തോടെ വായിച്ചു. പതിരുകൾ ചേറിക്കളയാനില്ലാത്ത  ഭാഷാ സൗന്ദര്യം..ബൂലോകം ഓണ്‍ ലൈൻ നടത്തിയ കഥാ മത്സരത്തിൽ തെരഞ്ഞെടുത്ത ആദ്യത്തെ ഏതാനും കഥകളിൽ 'ഡി ബോറ' എന്ന കഥയ്ക്കൊപ്പം 'ശവംനാറിപ്പൂവ് ' എന്ന കഥയും ഉണ്ടായിരുന്നു എന്നത് വളരെ യാദൃശ്ചിക മാവാം.ഒരു എളിയ വായനക്കാരനെന്ന നിലയിൽ അപ്പോൾ തന്നെ ശവം നാറി പ്പൂവിന് മനസ്സിലൊരു മാർക്കിട്ടിരുന്നു. പ്രതീക്ഷിച്ച പോലെ തന്നെ 2011 ലെ മികച്ച രണ്ടാമത്തെ കഥയായി ശവംനാറി പ്പൂവ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
കാളിയപ്പനും കണ്ണകിയും ഒരു സിനിമയിലെ ദൃശ്യങ്ങൾ പോലെ മനസ്സിനെ സാദാ സമയവും  മദിച്ചുകൊണ്ടിരുന്നു. കഥാ ലോകത്ത് അഭിരമിക്കുന്ന പുതിയ എഴുത്തുകാർക്ക് ഇത്തരം കഥകൾ  ഒരു പ്രചോദനമായിരുന്നു. കഥയുടെ പാരമ്പര്യത്തിൽ നിന്നും മാറി നിന്ന് കൊണ്ട് സാഹിത്യ ലോകത്തെ പുതുമകളെ അവകാശപ്പെടുന്ന ഒരു കഥ
"കുളിര ണ് കുറിച്ചീ തീപ്പുട്ട് ഐലേ
പായിട് മണങ്ങേ  ചാച്ചാമ്പോവാ ചാളേ...."
എന്ന രണ്ട് വരികൾ പേർത്തും പേർത്തും ഭൂത കാലത്തിന്റെ മലഞ്ചെരുവുകളിൽ എവിടെ നിന്നോ വന്നല്ക്കുന്ന മനുഷ്യനോവുപോലെ മനസ്സിനെയും കർണപുടങ്ങളെയും അസ്വസ്ഥമാക്കുന്നു.
തിരിച്ചുള്ള ഷാർജയിലേക്കുള്ള യാത്രാ വേളയിൽ എയർപോർട്ട് ലോഞ്ചിലിരുന്നും വിമാനത്തിലുമി രുന്ന് ഒരു കാക്ക എന്റെ സങ്കൽപ്പങ്ങളിലിരുന്ന് സാദാ കരഞ്ഞു കൊണ്ടിരുന്നു...കാ ...കാ ....
വിമാനത്തിന് അകത്തും പുറത്തുമായി ഒരായിരം കാക്കകൾ എനിക്ക് ചുറ്റും കൂടിയിരുന്ന് ആര്ത്ത ലയ്ക്കുന്നു...ഇതൊരനുഭാവമാണ് .....ഒരു കഥ വായനക്കൊടുവിൽ കിട്ടുന്ന അനുഭവം 
ചെറുകഥ സാഹിത്യ രൂപത്തെ ഇത്രയും ഗൗരവ പൂർവമായി സമീപിക്കുന്ന ഒരു കഥാ സമാഹാരമാണ് 'ജീവിതത്തിന്റെ ബാൻഡ് വിഡ് ത്തിൽ ഒരു കാക്ക'.  ഇതിലെ ഓരോ കഥകളും നിഗൂഡ തകളില്ലാതെ ഋജുവായി, വളച്ചു കെട്ടുകളില്ലാതെ   നേരിട്ട് വായനക്കാരുമായി സംവാദി ക്കുന്ന കഥകളാണ് . ഒരു കഥ ഇങ്ങനെ തുടങ്ങണ മെന്നും ഇങ്ങനെ ആയിരിക്കണമെന്നും ഒന്നുമുള്ള നിർബന്ധ ബുദ്ധിയൊന്നും ഇല്ല ...എങ്ങനെയും തുടങ്ങാം എങ്ങനെയും അവസാനിപ്പിക്കാം, വായനക്കാരനെ അനുഭവിപ്പിക്ക്ന്നുണ്ടോ എന്ന് മാത്രമേ എഴുത്തുകാരൻ ശ്രദ്ധിക്കുന്നുള്ളൂ.
അതുകൊണ്ട് തന്നെ നേരിട്ട് കഥ പറയുന്ന ഒരു രചനാ സമ്പ്രദായമാണ്   ഓരോ കഥകളിലും കഥാ കാരൻ സ്വീകരിച്ചിരിക്കുന്നത് .ഒരൊറ്റ വായനയിൽ തന്നെ കഥയും കഥാ പത്രങ്ങളും കഥാ പരിസരവും മനസ്സിൽ കുടിൽകെട്ടി താമസിക്കും. പിന്നീട് കുടിൽ പൊളിച്ച് മനസ്സിൽ നിന്ന് കുടിയിറങ്ങി പോകണമെന്ന് പറയാനാകില്ല. പട്ടയം കൊടുത്ത് അവരെയൊക്കെ മനസ്സിന്റെ താഴ് വാരത്ത്   താമസിപ്പിക്കേണ്ടി വരും...അത്രമാത്രം ഓരോ കഥകളും വായനക്കാരനോട് സംവാദി ക്കുന്നുണ്ട് .
ഒരേ സമയം റേഡിയോയും കാക്കയേയും സ്നേഹിച്ച് മരിച്ചു പോയ ഭർത്താവിന്റെ ഓർമകളുമായി കഴിയുന്ന കമലമ്മ നിലച്ചുപോയ റേഡിയോ നന്നാക്കി കിട്ടാൻ മകനോട്‌ ആവശ്യപ്പെടുമ്പോൾ ന്യൂ ജനറേഷൻ എങ്ങിനെയാണ്‌ അതിനെ നിസ്സാര വല്ക്കരിക്കപ്പെടുന്നത്  എന്നത്  മാറിവരുന്ന കാലത്തിന്റെ കാഴ്ചയാണ് .
'ഹോളോ ബ്രിക്സിൽ വാർത്തെടുത്ത ദൈവം' ആശുപത്രികളുടെ കഴുത്തറുപ്പൻ മത്സരങ്ങളിൽ പെട്ടുപോയ ഒരു രോഗിയുടെ ദൈന്യതയാണ്‌ . മരണം കാത്തു കിടക്കുന്ന ഒരു രോഗിയെ പോലും എങ്ങനെ ആശുപത്രിയുടെ പരസ്യ തന്ത്രങ്ങൾക്ക് ഉപയോഗപ്പെടുത്താം എന്നിടത്ത് കരുണയും ദയയും നഷ്ടമാകുന്ന ഒരു സമൂഹത്തെ പ്രതിനിദാനം ചെയ്യുന്നു .
നമ്മൾ നിസ്സാരമെന്ന്  കരുതി  തള്ളിക്കളയുന്ന അനുഭവങ്ങളും കാഴ്ചകളുമാണ്  'അരൂപിയുടെ തിരുവെഴുത്തുകൾ' എന്ന കഥയിൽ
എല്ലാ ഗ്രാമത്തിലും എല്ലാ കഥാ കാരന്മാർക്കും പറയാൻ ഒരു ഭ്രാന്തൻ അവശേഷിക്കും. അതിനെ എങ്ങനെ വ്യത്യസ്തമാ ക്കാം എന്നതാണ് 'ഉണങ്ങാത്ത മുറിവുകൾ' എന്ന കഥയിലെ കുഞ്ഞപ്പൻ.
ജീവിച്ചിരിക്കുമ്പോൾ തലവേദനയും അപ്രശസ്തനുമായ ഒരു കലാകാരൻ മരണ ശേഷം മഹത്വ വല്ക്കരിക്കപ്പെടുകയും ചെയ്യുന്ന സർക്കാർ പുരസ്കാരങ്ങൾക്ക് നേരെയുള്ള പല്ലിളിച്ചു കാണിക്കലാണ്‌  'ഗന്ധർവ മോക്ഷം' എന്ന കഥ
തീക്ഷ്ണമായ വേദനയോടെ അനുഭവിപ്പിച്ച ഒരു കഥയാണ് 'ശവക്കുഴിയിലേക്ക് വഴിക്കണ്ണുമായി'.
ജീവിതത്തിന്റെ ഏറ്റവും വലിയ അനുഭവം പട്ടിണിയാണ് ....വിശപ്പ്‌ മനുഷ്യനെ എന്തും ചെയ്യാൻ പ്രേരിപ്പിക്കുന്നു.ഒരു ചാണ്‍ വയറിന്റെ വേദനയെക്കാൾ വലുതല്ല മറ്റൊന്നും എന്നുള്ള ഒരു വലിയ തത്വതിലേക്ക് ഈ കഥ നമ്മെ കൊണ്ടെത്തിക്കുന്നു .
പതിനഞ്ചു കഥകളിൽ  ഒന്ന്  രണ്ട്   കഥകളൊക്കെ വായിച്ച് ആസ്വദിക്കാം എന്നേയുള്ളൂ...ഒരു കഥാ സമാഹാരം ആകുമ്പോൾ അത്തരം കഥകളും നമ്മൾ പ്രതീക്ഷിക്കണമല്ലോ....
ശ്രീ കെ പി രാമനുണ്ണി യുടെ അവതാരികയും, ശീർഷകവും വ്യത്യസ്തമാക്കുന്ന ഈ കഥാ സമാഹാരം വയിക്കപ്പെടെണ്ടാതും ചർച്ച ചെയ്യപ്പെടെണ്ടാതുമാണ് . സൈകതം ബുക്സ് പുറത്തിറക്കിയ ഈ പുസ്തകം കൂടുതൽ നല്ല വായനക്കാരിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു...!