2012 ജനുവരി 21, ശനിയാഴ്‌ച

ഡിബോറ



പുറത്തെ മൂടല്‍മഞ്ഞില്‍ വഴിക്കാഴ്ച്ചകള്‍ മങ്ങിയിരുന്നു.മഞ്ഞുവീഴ്ച്ച എയര്‍ട്രാഫിക്കിനെ ഏറെ ദുഷ്‌ക്കരമാക്കി. ഇതറിയുമായിരുന്നെങ്കില്‍ യാത്ര ഇരുനൂറ്റിയിരുപത്തി അഞ്ചാം നിലയിലൂടെ കടന്നുപോകുന്ന നാഷ്ണല്‍ എയര്‍വേയിലൂടെ ആകാമായിരുന്നുവെന്ന് ഡിബോറ ഓര്‍ത്തു.ഹെലിപ്പാടില്‍ കോപ്റ്റര്‍ ഇറക്കുവാന്‍ റസല്‍ വല്ലാതെ ക്ലേശിക്കുന്നുണ്ടായിരുന്നു.


ആകാശത്ത് ഒരിക്കല്‍ കൂടി വട്ടംചുറ്റി,താഴ്ന്ന് പറത്തി കൃത്യമായി ഇറക്കുവാന്‍ ശ്രമിക്കുന്ന റസലിനെ ഡിബോറ ഇടംകണ്ണ്‌കൊണ്ട് നോക്കി.
റസല്‍ സുമുഖനാണ്.അയാളുടെ കണ്ണിലെ തിളക്കം ഡിബോറയെ കൂടുതല്‍ പറക്കുവാന്‍ പ്രേരിപ്പിക്കുന്നു.ഇടയ്ക്കിടെയുള്ള തന്റെ ഇടംകണ്ണിന്റെ രഹസ്യം റസല്‍ അറിഞ്ഞിരിക്കുമോ …?പ്രപഞ്ചത്തിന്റെ ഏത് കോണിലായാലും പെണ്ണിന്റെ ഇടങ്കണ്ണിന് എല്ലാത്തിനേയും കൃത്യതയോടെ അളന്നുതിട്ടപ്പെടുത്തുവാനാകും ..റസലിന്റെ ഓരോചലനവും അവളുടെ വെബ്കാമറ പകര്‍ത്തിയെടുത്തിരുന്നു.

പപ്പയുടെ പുതിയ പൈലറ്റായെത്തിയ റസല്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം ഈ നഗരത്തില്‍ തന്നെയായിരുന്നു.അംബരചുംബികളായ കെട്ടിടങ്ങള്‍ കൊണ്ട് നിറഞ്ഞ ഈ നഗരത്തിലെ ഓരോ മാറ്റങ്ങളും റസലിന് നന്നേ പരിചിതമായിരുന്നു.

കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്ക് മുകളിലൂടെ കടന്നുപോകുന്ന നാലുവരിപ്പാത ഒഴിച്ചുനിര്‍ത്തിയാല്‍ ഈ നഗരത്തില്‍ എവിടെയും ഭൂമിയുമായി ബന്ധിപ്പിക്കുന്ന റോഡുകള്‍ ഇല്ലായിരുന്നു.ആഢംബരജീവിയായ മനുഷ്യന്റെ സുഖലോലുപതയ്ക്കുവേണ്ടി കൃത്രിമമായി നിര്‍മ്മിക്കപ്പെട്ടതെന്തൊക്കെയുണ്ടോ അതൊക്കെയും ഈ നഗരത്തിലെ ഫ്‌ളാറ്റുകളില്‍ ലഭ്യമായിരുന്നു.

ബോസിനേയും വഹിച്ചുകൊണ്ട് പറക്കവെ ആകാശച്ചെരുവിലെവിടെയോ വെച്ചായിരുന്നു ഡിബോറ റസലിനെ ശ്രദ്ധിച്ചു തുടങ്ങിയത്.ബോസ് എന്നത് ഡിബോറയുടെ പപ്പയാണ്.എല്ലാവരും ബോസ് എന്ന് വിളിക്കുന്നതാണ് പപ്പയ്ക്കിഷ്ടം.സ്വന്തം മക്കള്‍ പോലും……ലോകത്തിലെ പത്ത് പ്രമുഖവ്യവസായികളുടെ മുന്‍നിരയിലായിരുന്നു ഡിബോറയുടെ പപ്പയും.നിമിഷങ്ങള്‍ക്ക് കോടിയുടെ വിലയുള്ള മനുഷ്യന്‍……..അതുകൊണ്ട് തന്നെ ശത്രുക്കളും കൂടുതലായിരുന്നു.

1

റസലിനെ പപ്പ ഏറെ സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്നു.പുതുതായി വാങ്ങിയ ബോയിംഗ് 234 വിമാനത്തില്‍ ലോകത്തിന്റെ ഏതോകോണിലേയ്ക്ക് പപ്പ പറന്നപ്പോള്‍ ഡിബോറ വല്ലാതെ ആഹ്ലാദിച്ചു.പപ്പയുടെ അസാന്നിദ്ധ്യം അവളെ കൂടുതല്‍ സ്വതന്ത്രയും സന്തുഷ്ടയുമാക്കി.ഇനി രണ്ടാഴ്ച്ചക്കാലം പപ്പയില്ലാത്ത ഈ നഗരത്തിലെ സ്തൂപീകൃതമായ കെട്ടിടങ്ങള്‍ക്കിടിയലൂടെ റസലുമൊത്ത് പറന്നുനടക്കാം.അയാളുടെ ബലിഷ്ടമായ തോളില്‍ ചാരിക്കിടന്ന്……………

എന്നിട്ടും ഭൂമിയിലെ ഒലിവ്മരങ്ങള്‍ക്കിടയിലൂടെ നടക്കുവാനുള്ള അവളുടെ ഉല്‍ക്കടമായ മോഹം ഒരു സ്വപ്നമായി തന്നെ അവശേഷിച്ചു.
ഡിബോറയ്ക്ക് മാത്രമേ ബോസിന്റെ കോപ്റ്റര്‍ ഉപയോഗിക്കുവാന്‍ അനുവാദമുള്ളു.

നൂറ്റിയന്‍പത്തിരണ്ട് നിലകളുള്ള കെട്ടിടത്തിന്റെ ഹെലിപ്പാടില്‍ അവള്‍ ഇറങ്ങി.എയര്‍ക്രൂയിസര്‍ എന്ന ഫോര്‍വീല്‍ കവചിത വാഹനത്തില്‍ കയറുമ്പോള്‍ റസലിന്റെ സ്വച്ഛന്ദമൗനത്തിലേയ്ക്ക് ഡിബോറ ഒരിക്കല്‍കൂടി കണ്ണുകള്‍ പായിച്ചു.അവള്‍ വണ്ടി ലിഫ്റ്റിനകത്തേക്ക് ഓടിച്ചു കയറ്റി.ഭാഗ്യത്തിന് വാഹനങ്ങള്‍ കുറവായിരുന്നു.ലിഫ്റ്റിന്റെ ഏതാണ്ട് മദ്ധ്യഭാഗത്ത് വാഹനം പാര്‍ക്ക് ചെയ്ത് റോക്ക്മ്യൂസിക്കിന്റെ ശബ്ദം ഉയര്‍ത്തി .അറുപത്തിരണ്ടാം നിലയില്‍ ലിഫ്റ്റ് നിന്നതും ഡിബോറ വണ്ടിയിറക്കി നേരെ ഓഫീസിലേയ്ക്ക്…………

ക്യാബിനിലെ ഡസ്‌ക്കില്‍ ഒപ്പിടുവാനായി കുറേ ഫയലുകള്‍…… .പപ്പയില്ലെങ്കില്‍ സുപ്രധാനമായ തീരുമാനങ്ങളില്‍ ഒപ്പിടുവാനുള്ള അധികാരം ഡിബോറയില്‍ നിക്ഷിപ്തമായിരുന്നു.അരമണിക്കൂര്‍ മാത്രം ഓഫീസില്‍ ചെലവഴിച്ച് അവള്‍ പുറത്തിറങ്ങി.

റസല്‍ ഓഫീസിനു മുന്നില്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.അയാള്‍ സെക്ക്യൂരിറ്റിജീവനക്കാര്‍ക്ക് വേണ്ടുന്ന നിര്‍ദ്ദേശങ്ങള്‍ കൊടുക്കുകയാണ്.
അറുപത്തിയഞ്ചാം നിലയില്‍ പുതുതായി നിര്‍മ്മാണം കഴിഞ്ഞ പുതിയ പാര്‍ക്കിലെ കൃത്രിമ വെള്ളച്ചാട്ടത്തിന് അരികിലൂടെ ഡിബോറ റസലിനോട് ചേര്‍ന്നു നടന്നു.പഞ്ചനക്ഷത്രഹോട്ടലുകളില്‍ നിന്ന് മാത്രം ഭക്ഷണം കഴിച്ചു ശീലിച്ച ഡിബോറയ്ക്ക് ഇവിടുത്തെ തട്ടുകടയിലെ കരിമീന്‍ പൊള്ളിച്ചതും പാലപ്പവും കാടയിറച്ചി വറുത്തതും ഇഷ്ടമുള്ള വിഭവങ്ങളായിരുന്നു.റസലിന് അഭിമുഖമായിരുന്ന ഡിബോറയുടെ കണ്ണുകള്‍ ജനാലച്ചില്ലയിലൂടെ ആകാശത്തേക്ക് നീണ്ടു.വേനല്‍സന്ധ്യയില്‍ തുമ്പികള്‍ പാറിക്കളിക്കുന്നതുപോലെ ആകാശത്ത് കൈയ്യെത്തുംദൂരത്ത് കോപ്റ്ററുകള്‍ പറക്കുന്നതായി അവള്‍ക്ക് തോന്നി.വളരെ ദൂരെ കടല്‍ ഒരുപാനപാത്രത്തിലെന്ന പോലെ കാണാം…ദൂരെ എവിടെയോ ഉണ്ടെന്നു പറഞ്ഞ തടാകക്കരയിലേക്ക് പോകുവാന്‍ കൊതിച്ചിട്ട് പപ്പ ഇതുവരെ സമ്മതിച്ചിട്ടില്ല….മമ്മ പറഞ്ഞു കേട്ട…..പുസ്തകങ്ങളില്‍ വായിച്ചറിഞ്ഞ………നെറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തുവെച്ച മണ്ണിന്റെ നനവ് അവള്‍ക്കെന്നും സ്വപ്നമായിരുന്നു.

പറന്നുനില്‍ക്കുന്ന കോപ്റ്ററില്‍ നിന്നും ഹോട്ടലിലേക്ക് നേരിട്ടുപ്രവേശിക്കുന്ന വിദേശ സഞ്ചാരികളെ കണ്ടപ്പോള്‍ അവള്‍ ഏറെ സന്തോഷിച്ചു.അവളുടെ കണ്ണുകള്‍ പാറി നടക്കുന്ന തുമ്പികളായി…..,അവര്‍ ഭൂമിയില്‍നിന്നും വന്നവരത്രെ …

2

ആഹാരം കഴിഞ്ഞ് ,ടര്‍ക്കിയില്‍ കൈ തുടച്ചുകൊണ്ട് അവള്‍ പറഞ്ഞു.
‘റസല്‍ നമുക്ക് ഒന്ന് പറന്നാലോ ….ഭൂമിയിലെ ഏതെങ്കിലും കോണിലേയ്ക്ക് പപ്പയുടെ കരിമ്പൂച്ചകള്‍ക്കും റഡാറിനും കണ്ടെത്തുന്നതിനും അപ്പുറത്തേക്ക്..’ .

സൂര്യകിരണങ്ങള്‍ ഡിബോറയുടെ ചുവന്ന കവിള്‍ത്തടങ്ങളെതഴുകിത്തലോടി കൂടുതല്‍ നിറവുറ്റതാക്കി…
‘അന്‍പതാം നിലയില്‍ നിന്നും താഴേക്ക് സഞ്ചരിക്കുവാന്‍ നിയമം അനുവദിക്കില്ലെന്ന കാര്യം ഡിബോറാ നീ മറന്നുവോ…. …?’
ചന്ദ്രയാന്‍ യാത്രയ്ക്ക് വേണ്ടി തെരഞ്ഞെടുക്കപ്പെട്ട കുടുംബമെന്ന നിലയില്‍ ഇനിയൊരിക്കലും ഭൂമിയിലേക്കിറങ്ങിവരുവാന്‍ നിയമം ഒരിക്കലും അനുവദിക്കില്ല.

‘മനസ്സും ശരീരവും പാകപ്പെടുത്തുന്നതിനുവേണ്ടിയുള്ള ജീവിതമാണിവിടെ.നീ ഭൂമിയെക്കുറിച്ച് ഒരിക്കലും സ്വപ്നം കാണരുത്.’
ജനിച്ചതില്‍ പിന്നെ ഇന്നേവരെ ഡിബോറ ഭൂമിയെ സ്പര്‍ശിച്ചിട്ടില്ല.തണുത്ത മാര്‍ബിള്‍തറയിലും മൃദുലമായ കാര്‍പ്പറ്റിലും ഓടിക്കളിച്ചിരുന്ന ബാല്യം…..കെട്ടിടങ്ങളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള കോണ്‍ക്രീറ്റ് പാലങ്ങളിലൂടെ മാത്രമുള്ള സഞ്ചാരങ്ങള്‍ ..പാഞ്ഞുപോകുന്ന വാഹനങ്ങളുടെ സീല്‍ക്കാരവും കാറ്റ് പിടയ്ക്കുന്ന ശബ്ദവീചികളുംഭൂമിയെ പൊതിഞ്ഞ് മുകളിലോട്ടെയ്‌ക്കൊഴുകുന്ന കാറ്റിന്റെ മര്‍മ്മരവും മാത്രം കേട്ട് ഈ ഫ്‌ളാറ്റിലെ ഒറ്റപ്പെട്ട ജീവിതം……മടുത്തു. ഏകാന്തതയുടെ നാലുചുവരുകളില്‍ ജീവിതം തലചേര്‍ത്തുവെക്കുന്ന യാന്ത്രികതയുടെ വീര്‍പ്പുമുട്ടലിന്റെ വേദന എല്ലാ സുഖങ്ങളേയും ദൂരെയാക്കുന്നു.

ഹെലിക്കോപ്റ്റര്‍ ലൈസന്‍സിനുള്ള ആപ്ലിക്കേഷന്‍ ഡിബോറ മനപ്പൂര്‍വ്വം നിരസിച്ചതാണ് .എയര്‍നിവാസിയായതു കൊണ്ട് മാത്രമല്ല സ്ത്രി എന്ന പരിഗണന വെച്ച് കോപ്റ്റര്‍ ലൈസന്‍സ് പെട്ടെന്ന് ലഭിക്കും.ഈ നഗരത്തില്‍ കോപ്റ്ററുകള്‍ ഇല്ലാത്ത കുടുംബങ്ങള്‍ കുറവാണ്….
വേണ്ട റസലുമൊത്തുള്ള യാത്ര നഷ്ടപ്പെടുമല്ലോ….?

കമ്പനിയുടെ ആവശ്യത്തിനു വേണ്ടി കഴിഞ്ഞയാഴ്ച്ച പതിനാല് കോപ്റ്ററുകള്‍ക്കാണ് അഡ്വാന്‍സ് നല്‍കിയത്….
അല്ലെങ്കിലും ബോസിന്റെ മകള്‍ക്ക് കോപ്റ്റര്‍ പൈലറ്റായ റസലിനോട് ഇഷ്ടം തോന്നുവാന്‍ പാടില്ലായിരുന്നു.ഇതെങ്ങാനും ബോസ് അറിഞ്ഞാല്‍ പാവം റസലിന്റെ ജോലി പോയിക്കിട്ടും. അയാളുടെ കണ്ണുകള്‍ അങ്ങിനെയെന്തോ ഭയക്കുന്നതായി ഡിബോറ സംശയിച്ചു.
അവള്‍ക്ക് പെട്ടെന്ന് മമ്മയെ കാണണമെന്ന് തോന്നി.ഇവിടെ നിന്നും കിലോമീറ്ററുകള്‍ അകലെയാണ് ഗ്രേവ്‌യാര്‍ഡ് .മരിച്ചവരെ അടക്കം ചെയ്യുവാന്‍ മാത്രം എഴുപത്തി

3

അഞ്ച് നിലകളുള്ള കെട്ടിടം……മലഞ്ചെരുവിനോട് ചേര്‍ന്ന് ഗ്രേവ്‌യാാര്‍ഡ് ഷോപ്പിംഗ് കോംപ്ലക്‌സ്….
ഡിബോറ പറഞ്ഞു.
‘റസല്‍ ഇന്ന് നമുക്ക് റോഡ് മാര്‍ഗ്ഗം പോകാം”
”ഡിബോറാ… അത് റിസ്‌ക്കല്ലേ ..അപകടങ്ങള്‍ പതിയിരിക്കുന്ന റോഡിലൂടെ…ബോസറിഞ്ഞാല്‍ ………….’
അതൊക്കെ ഞാന്‍ പറഞ്ഞോളാം.

കെട്ടിടങ്ങളെ ബന്ധിപ്പിച്ച് കടന്നുപോകുന്ന നാഷ്ണല്‍ ഹൈവെയിലൂടെ ഡിബോറയുടെ സ്‌കൈക്രൂയിസര്‍ അതിവേഗം ഓടിക്കൊണ്ടിരുന്നു.നഗരത്തിലെ ഏറ്റവും ഒടുവിലുള്ള കെട്ടിടത്തിന്റെ അവസാനം കൃത്രിമമായി നിര്‍മ്മിച്ച പൈന്‍മരങ്ങള്‍ക്കിടയില്‍ ഡിബോറ വാഹനം പാര്‍ക്ക് ചെയ്തു…ഇനി യാത്ര റോപ് വേയിലൂടെയാണ്.അകലെ മലഞ്ചെരുവിനോട് ചേര്‍ന്ന് ഒറ്റപ്പെട്ടു നില്‍ക്കുന്ന ഗ്രേവ് യാര്‍ഡിനു ചുറ്റും വലിയ വവ്വാലുകള്‍ വലയം ചെയ്യുന്നത് സന്ധ്യയുടെ ഇരുളില്‍ റസല്‍ കണ്ടു.സദാസമയവും ചലിച്ചുകൊണ്ടിരിക്കുന്ന റോപ് വേയില്‍ കയറി രണ്ടുപേരും പതുക്കെ നീങ്ങി….

പവിഴങ്ങള്‍ തുന്നിപ്പിടിപ്പിച്ച ഹാന്‍ഡ്ബാഗില്‍ നിന്നും കറുത്ത റിമോര്‍ട്ട് എടുത്ത് സ്വിച്ച് അമര്‍ത്തി.സെമിത്തേരിയുടെ നൂറ്റിപ്പതിനഞ്ചാം നമ്പര്‍ ശവക്കല്ലറയുടെ വാതിലുകള്‍ മുകളിലേയ്ക്ക് ഉയര്‍ന്നു.എമ്പാം ചെയ്ത മമ്മയുടെ ശരീരം അവളുടെ കാഴ്ച്ചയ്ക്ക് പാകത്തില്‍ പതുക്കെ ഉയര്‍ന്നു നിന്നു.മമ്മയുടെ ശരീരം അടക്കം ചെയ്ത ഗ്ലാസിനു മുകളില്‍ ഒരു പിടി റോസാപൂക്കള്‍ വെച്ചു.ഭൂമിയില്‍ നിന്നും വില്പ്പനയ്ക്ക് എത്തിയ റോസാപ്പൂക്കള്‍ക്ക് വില കൂടുതലായിരുന്നു എന്നിട്ടും ഡിബോറ ഒരു കൂട്ടം പൂക്കളാണ് വാങ്ങിയത്.മറ്റൊരു ബട്ടണ്‍ അമര്‍ത്തിയപ്പോള്‍ രണ്ട് കാന്‍ഡില്‍ സ്റ്റിക്കുകള്‍ ഉയര്‍ന്നുവന്നു.അതില്‍ മെഴുകുതിരി കത്തിച്ചുവെച്ച് സ്ഫടികസമാനമായ മാര്‍ബിള്‍ തറയില്‍ മുഖം ചേര്‍ത്ത് അവള്‍ തേങ്ങി….

കൃത്രിമമായി ഉണ്ടാക്കിയെടുത്ത നിലാവെട്ടം സെമിത്തേരിയെ കൂടുതല്‍ ഭയാനകമാക്കിയിരുന്നു.എങ്കിലും മമ്മയുടെ സാമീപ്യം ഡിബോറയ്ക്ക് ധൈര്യമേകി.റസലിന്റെ കണ്ണുകള്‍ ചുറ്റും പരതിക്കൊണ്ടിരുന്നു.

ഒരിക്കല്‍ ഭൂമിയില്‍ കൊണ്ടുപോകാമെന്ന് പപ്പ സമ്മതിച്ചിരുന്നു,ആയിടയ്ക്കാണ് മമ്മ മരിച്ചത്.മമ്മയാണ് ഭൂമിയുടെ നയനമനോഹാരിതയെക്കുറിച്ച് ഡിബോറയോട് ഏറെ പറഞ്ഞത്.മമ്മയ്ക്ക് കൊതിയായിരുന്നു .പിന്നിട്ട വഴികളിലൂടെ തിരിച്ചു നടക്കുവാന്‍………….
സൈപ്രസ് മരങ്ങള്‍ നിറഞ്ഞ കുന്നിന്‍ചെരുവിലെ ഒരു ഗ്രാമത്തിലാണ് മമ്മ പിറന്നത്.അവിടെ പുഴയും പുഴയോട് ചേര്‍ന്ന് പൈന്‍മരങ്ങളും പൂക്കളും നിറഞ്ഞ ഭൂമി..

4
പൗര്‍ണ്ണമിനാളുകളില്‍ ഫ്‌ളാറ്റിലെ കൊച്ചുജാലകത്തിലൂടെ ഭൂമിയിലേക്ക് നോക്കി കണ്ണ് തുടയ്ക്കുന്നത് ഡിബോറ പലപ്പോഴും കണ്ടിട്ടുണ്ട്.
‘മമ്മാ..വൈ ആര്‍ യു ക്രൈയിംഗ് ?”
”ഒന്നുല്ല്യ…നമ്മള്‍ ചന്ദ്രനിലേയ്ക്ക് കുടിയേറിപ്പാര്‍ത്താല്‍ പിറന്ന ഭൂമി എന്നത്
ഒരു സ്വപ്നമായി അവശേഷിക്കും….”.

”മമ്മാ…നമ്മളെന്തിനാ..ഈ ആകാശജീവിതവും വിട്ട് മറ്റൊരു ഗ്രഹത്തിലേയ്ക്ക് ….?”
‘ജലദൗര്‍ലഭ്യം നമ്മുടെ ഭൂമിയെ വീണ്ടുമൊരു മഹായുദ്ധത്തിലേയ്ക്ക് കൊണ്ടെത്തിക്കും.അതിനു മുമ്പ്…………”
”അങ്ങനെയെങ്കില്‍ നമ്മള്‍ മാത്രം രക്ഷപ്പെട്ടാല്‍ മതിയോ.?”
ഡിബോറ കൗതുകത്തോടെ ചോദിച്ചു.

ഇനിയും ഭൂമിയിലെ മനുഷ്യനറിയുന്നില്ലല്ലോ …മരങ്ങളിങ്ങനെ നശിപ്പിച്ചാല്‍ ….ആഗോളതാപനവും .ജലദൗര്‍ലഭ്യവും ഒരു യക്ഷിക്കഥ പോലെ അവരെ പിന്തുടരുമെന്ന്…..
മമ്മയുടെ വാക്കുകള്‍ ആ കെട്ടിടത്തില്‍ പ്രതിധ്വനിക്കുന്നതായി ഡിബോറയ്ക്ക്‌തോന്നി.
അവള്‍ കാത് കൂര്‍പ്പിച്ചു.
‘ഡിബോറാ…അനങ്ങരുത്…”
.റസല്‍ ഓടി വന്നു കൊണ്ട് അവളെ തട്ടിമാറ്റി…ചുറ്റും വെടിയൊച്ച…കരിമ്പൂച്ചകള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നതായി നേരിയ വെട്ടത്തില്‍ അവള്‍ കണ്ടു…
‘കമോണ്‍ ഡിബോറാ……റസല്‍ അവളെ കൈകള്‍ കൊണ്ടുപൊതിഞ്ഞു.

പൊടുന്നനെ കെട്ടിടത്തിന് ചുറ്റും വവ്വാലുകള്‍ പോലെ കോപ്റ്ററുകള്‍ പറന്നുനില്‍ക്കുന്നു.റസല്‍ വയര്‍ലസ്സിലൂടെ എന്തോക്കെയോ നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നു.അവള്‍ നില്‍ക്കുന്ന ജനല്‍ചില്ലിനോട് ചേര്‍ന്ന് ഒരു കോപ്റ്റര്‍.ചില്ലുകള്‍ അവര്‍ക്ക് മുന്നില്‍ ഉടയപ്പെട്ടു.കോപ്റ്ററില്‍ നിന്നും ഒരു ഗോവണി അവര്‍ നില്‍ക്കുന്ന മുറിയിലേക്ക് വന്നു വീണു.

”കമോണ്‍ ഡിബോറാ….കമോണ്‍…’
റസല്‍ അവളെ ഗോവണിയിലൂടെ കോപ്റ്ററിലേക്ക് വലിച്ചു കയറ്റി.എന്താണ് സംഭവിക്കുന്നത് എന്നറിയാതെ അവരുടെ കോപ്റ്റര്‍ കെട്ടിടങ്ങള്‍ക്കിടയിലൂടെ ചാഞ്ഞും ചെരിഞ്ഞും പറന്നു……….

5

”റസല്‍ എന്താണ് സംഭവിക്കുന്നത്….?
‘ഒന്നുമില്ല ഡിബോറാ….’
‘അതൊരു തീവ്രവാദിആക്രമണം…..ദൈവത്തിന്റെ അപാരമായ അനുഗ്രഹംകൊണ്ട് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

‘റസല്‍., എനിക്ക് മടുത്തു.എത്രതവണയാണിങ്ങനെ…… നോക്കു…. ഭൂമിയിലെ വസന്തങ്ങളിലേയ്ക്ക് താഴ്ന്ന് പറക്കുവാന്‍ ശ്രമിക്കൂ….എന്റെ മമ്മ പറഞ്ഞുതന്ന ആ ഭൂമി ഞാന്‍ ഒരിക്കലെങ്കിലും അടുത്ത് കണ്ടോട്ടെ ..”

ചന്ദ്രയാന്‍ മിഷന്‍ ഡീല്‍ ഉറപ്പിച്ചാല്‍ പിന്നെ ഈ ആകാശക്കാഴ്ച്ചകളും തനിക്ക് അന്യമാകും എന്ന് ഡിബോറയ്ക്ക് അറിയാം,
”റസല്‍ ………..മരങ്ങളുടെ പച്ചപ്പും പൂക്കളുടെ സൗരഭ്യവും കാറ്റിന്റെ മര്‍മ്മരവും സല്ലാപങ്ങളും ഞാനൊന്നറിയട്ടെ.എത്രകാലം ഇനിയുമിങ്ങനെ ഈ ആകാശപ്പാളികളില്‍ സ്വപ്നങ്ങള്‍ ബാക്കിവെച്ച് ..’

”ഡിബോറാ….. കഴിയില്ല ..ഈ ചെങ്കുത്തായി നില്‍ക്കുന്ന കെട്ടിടങ്ങള്‍
നമ്മുടെ പറക്കലിന് തടസ്സമായി നില്‍ക്കുന്നിടത്തോളം ഭൂമിയിലേക്കുള്ള ഒരു മടക്കയാത്ര അപകടം നിറഞ്ഞതും ദുഷ്‌ക്കരവുമായിരിക്കും.ഏത് നിമിഷവും നമ്മള്‍ ആക്രമിക്കപ്പെട്ടേക്കാം…’

ഡിബോറ റസലിന്റെ നെഞ്ചിലേക്ക് ശക്തമായി മുഖം ചേര്‍ത്തു.
‘എനിക്കറിയാം.ഈ ആകാശജീവിതത്തിലും നമുക്ക് ഒരുമിക്കുവാന്‍ കഴിയില്ല.ഭൂമിയെന്നത് എന്റെ വെറും സ്വപ്നം മാത്രം’
കോപ്റ്റര്‍ ആടിയുലഞ്ഞു.റസലിന് സര്‍വ്വ നിയന്ത്രണവും നഷ്ടമായി.ഇതും ഒരു സെപ്തംബര്‍ പതിനൊന്നായി ലോകം വിലയിരുത്തപ്പെടും
അവള്‍ അയാളുടെ കൈകള്‍ വിടുവിച്ച് ചുണ്ടില്‍ അമര്‍ത്തി ചുംബിച്ചു.

ഒരു നിമിഷം അഗ്നിഗോളങ്ങള്‍ അവരെ വിഴുങ്ങി.
ആത്മാവുകള്‍ മുകളിലോട്ടും കത്തിക്കരിഞ്ഞ് ആഗ്രഹം സഫലീകരിക്കാത്ത ശരീരാവശിഷ്ടങ്ങള്‍ ഭൂമിയുടെ നനവിലും സ്പര്‍ശിച്ചു.
അപ്പോഴും ഡിബോറയ്ക്ക് വേണ്ടി…അവളുടെ പപ്പ വാങ്ങിക്കൂട്ടിയ ഇലക്‌ട്രോണിക്ക് ഫ്‌ളാറ്റുകള്‍ ശൂന്യാകാശത്ത്‌വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നു.ഗതികിട്ടാത്ത പ്രേതങ്ങളെപ്പോലെ……….