2014 ഓഗസ്റ്റ് 13, ബുധനാഴ്‌ച

പീഡനം ഒരു പോസ്റ്റ്‌മോര്‍ട്ടം

പീഡനം ഒരു പോസ്റ്റ്‌മോര്‍ട്ടം
-----------------------------------------


സൂര്യനെല്ലിയില്‍
ഇപ്പോഴും സൂര്യനുദിക്കുന്നു
കവിയൂരില്‍
കവിതയുടെ പുള്ളുവന്‍ പാട്ട്
കിളിരൂരില്‍
കിളിക്കൊഞ്ചലുമായ്
രാവുണരുന്നു
വിതുര
വിതുമ്പിയതല്ലാതെ മറ്റെന്ത്..?
പിന്നെയാണോ ഉറഞ്ഞുപോകാത്ത
ഈ കോഴിക്കോടന്‍ ഐസ്ക്രീം..?

പീഡനം പോസ്റ്റുമോര്‍ട്ടം ചെയ്യുമ്പോള്‍
ചോദ്യചിഹ്നങ്ങളാകുന്ന
വിറങ്ങലിച്ച പെണ്‍ശരീരങ്ങള്‍...
പൂതകൊക്കുകള്‍ അടയിരിക്കുന്ന
ബാബുല്‍ മരങ്ങളില്‍ തൂങ്ങിയാടുന്ന
ദളിദ് പെണ്‍കോലങ്ങള്‍....
ഉത്തരേന്ത്യന്‍ ജാതീയ തിമിരം
മോര്‍ച്ചറികളില്‍
ആത്മഹത്യകളാക്കപ്പെടുന്ന
നഗ്നശരീരങ്ങള്‍ ചോദിക്കുന്നു
മരണമെന്ന സ്വാതന്ത്ര്യം
അതിലേക്കിനിയുമെത്ര ദൂരമുണ്ട്...?

2014 ഓഗസ്റ്റ് 8, വെള്ളിയാഴ്‌ച

വെള്ളത്തണ്ട്

വെള്ളത്തണ്ട് 
---------------------------------------------------------------------
വൈറ്റ്നർ കുത്തി 
നീലിച്ച അക്ഷരങ്ങളെ 
മായിച്ചു കളയുന്ന കുട്ടിയോട് 
വെള്ളത്തണ്ട് പറഞ്ഞു 
കൊഴിഞ്ഞു പോയ കുട്ടിക്കാലത്തിന്റെ 
ചതഞ്ഞരഞ്ഞ ഓർമകളാണിന്നു ഞാൻ 

തെറ്റുകൾ ഒറ്റവര കൊണ്ട് വെട്ടിയിടണം 
പിന്നീടത്‌ നമ്മെ ഓർമിപ്പിക്കണം 
ചിന്തിപ്പിക്കണം വേദനിപ്പിക്കണം 
നിനക്ക് മാത്രമല്ല നോവേണ്ടത്
ശരി പഠിപ്പിച്ച അധ്യാപകനും നോവണം
ഒരുപാട് ശരികൾക്കിടയിലെ ഒരു തെറ്റ് 
അതറിയുകയാണ് ജീവിത വിജയം  
വൈറ്റ്നറിട്ട് മായിച്ച് അതിനു മുകളിൽ 
ശരിയെന്ന് എഴുതുന്നതാകരുത് ജീവിതം  
സ്ലേറ്റിൽ എഴുതിയ ശരികൾ 
തുപ്പൽ തൊട്ട് മായിക്കുന്നതാകരുത് 
നിനക്ക് പ്രണയം
നിന്റെ തൊടികൾക്കും നിനക്കും 
ഞാനിന്ന് അന്യമാണ്
കൃത്രിമ വളം ചേർത്ത് നീ നശിപ്പിച്ചത് 
നിന്റെ ജീവനെ തന്നെയാണ്.

നീ ഈ പ്രണയ ചെടിയെ വല്ലപ്പോഴും ഓർക്കുക  
മൂന്നാം ലോക രാജ്യങ്ങളുടെ 
കുട്ടികൾക്ക് വേണ്ടി പടച്ചുണ്ടാക്കുന്ന
വൈറ്റ്നർ ദൂരെ കളയുക.
സാമ്രാജ്യത്വ ശക്തികളോടും 
ആഗോള വൽക്കരണത്തോടുമുള്ള  
നിന്റെ ആദ്യത്തെ സന്ധിയല്ലാ സമരം 
തുടങ്ങേണ്ടത് വെള്ളത്തണ്ട് 
എന്ന നിന്റെ അസ്ത്വിത്വത്തെ 
മുറുകെ പിടിച്ചാണ് 
അതിനായി നിന്റെ തൊടികൾ 
പാകപ്പെടുത്തുക....!
   

2014 മാർച്ച് 29, ശനിയാഴ്‌ച

നന്മ തളിരിട്ട കഥകൾ (ജീവിതത്തിന്റെ ബാൻഡ് വിഡ്ത്തിൽ ഒരു കാക്ക) ആസ്വാദനം (സലീം അയ്യനത്ത് )

നന്മ തളിരിട്ട കഥകൾ (ആസ്വാദനം) സലീം അയ്യനത്ത് 

കേരള കൗമുദി കഥാ പുരസ്‌കാരം സ്വീകരിക്കാനായി ഷാർജയിൽ നിന്നും തിരുവനന്ത പുറത്തേക്ക് തിരിക്കുമ്പോൾ മനസ്സിലെ ആഗ്രഹങ്ങൾക്കും പ്രതീക്ഷകൾക്കും അതിരുകളുണ്ടായിരുന്നില്ല, വളരെ പരിമിതമായ ദിവസങ്ങൾക്കിടയിൽ കാണാനും ചെയ്തുതീർക്കാനും ഒരു മുഴു നീളൻ പ്രതീക്ഷകളുണ്ടായിരുന്നു..മനസ്സ് നിറയെ...അതിൽ പ്രധാനപ്പെട്ടതായിരുന്നു കമ്പ്യൂട്ടറിന്റെ മിനി സ്ക്രീനിൽ മാത്രം കാണുകയും വായിക്കുകയും ചെയ്ത..മലയാളി വായനക്കാർക്ക് സുപരിചിതനായ ശ്രീ കെ .ആർ മനോരാജിനെ കാണാം എന്നുള്ളത് . അവസാന നിമിഷമാണ് വരാനാകില്ല എന്ന് സുഹൃത്ത്‌ അറിയിച്ചത് ...എറണാംകുളം ഇറങ്ങി പോയിക്കാണാനുള്ള സമയവും, സാഹചര്യവും  ഉണ്ടായിരുന്നില്ല..അത് കൊണ്ട് തന്നെ നുരപൊന്തുന്ന ആഗ്രഹം അവധിക്കാലത്തേക്ക് മാറ്റിവെച്ചു. എങ്കിലും ഭാര്യാ സഹോദരന്റെ കയ്യിൽ എനിക്കൊരു കവർ കൊടുത്തുവിട്ടിരുന്നു. 'ജീവിതത്തിന്റെ ബാൻഡ് വിഡ് ത്തിൽ ഒരു കാക്ക' എന്ന ശ്രീ മനോരജിന്റെ കഥാ സമാഹാരം.
അടുത്തിടെ നടന്ന കഥാ മത്സരങ്ങളിലെല്ലാം ശ്രീ മനോരജിന്റെ കഥകൾക്കൊപ്പം ഈ യുള്ളവന്റെ കഥയും ഉണ്ടായിരുന്നു എന്ന പ്രത്യേകത കൊണ്ടാകാം മനോരജിന്റെ രചനകൾ തേടിപ്പിടിച്ച് വായിച്ചിരുന്നു.
ശ്രീ മനോരാജിനെ ശ്രദ്ധിക്കാൻ തുടങ്ങിയത്  'ശവംനാറിപ്പൂവ് 'എന്ന ചെറുകഥയുടെ വയനയോടെയാണ് .'തേജസ്‌ 'എന്ന ബ്ലോഗ്ഗിലെ കുറിപ്പുകളും പുസ്തക പരിചയങ്ങളും താല്പര്യത്തോടെ വായിച്ചു. പതിരുകൾ ചേറിക്കളയാനില്ലാത്ത  ഭാഷാ സൗന്ദര്യം..ബൂലോകം ഓണ്‍ ലൈൻ നടത്തിയ കഥാ മത്സരത്തിൽ തെരഞ്ഞെടുത്ത ആദ്യത്തെ ഏതാനും കഥകളിൽ 'ഡി ബോറ' എന്ന കഥയ്ക്കൊപ്പം 'ശവംനാറിപ്പൂവ് ' എന്ന കഥയും ഉണ്ടായിരുന്നു എന്നത് വളരെ യാദൃശ്ചിക മാവാം.ഒരു എളിയ വായനക്കാരനെന്ന നിലയിൽ അപ്പോൾ തന്നെ ശവം നാറി പ്പൂവിന് മനസ്സിലൊരു മാർക്കിട്ടിരുന്നു. പ്രതീക്ഷിച്ച പോലെ തന്നെ 2011 ലെ മികച്ച രണ്ടാമത്തെ കഥയായി ശവംനാറി പ്പൂവ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
കാളിയപ്പനും കണ്ണകിയും ഒരു സിനിമയിലെ ദൃശ്യങ്ങൾ പോലെ മനസ്സിനെ സാദാ സമയവും  മദിച്ചുകൊണ്ടിരുന്നു. കഥാ ലോകത്ത് അഭിരമിക്കുന്ന പുതിയ എഴുത്തുകാർക്ക് ഇത്തരം കഥകൾ  ഒരു പ്രചോദനമായിരുന്നു. കഥയുടെ പാരമ്പര്യത്തിൽ നിന്നും മാറി നിന്ന് കൊണ്ട് സാഹിത്യ ലോകത്തെ പുതുമകളെ അവകാശപ്പെടുന്ന ഒരു കഥ
"കുളിര ണ് കുറിച്ചീ തീപ്പുട്ട് ഐലേ
പായിട് മണങ്ങേ  ചാച്ചാമ്പോവാ ചാളേ...."
എന്ന രണ്ട് വരികൾ പേർത്തും പേർത്തും ഭൂത കാലത്തിന്റെ മലഞ്ചെരുവുകളിൽ എവിടെ നിന്നോ വന്നല്ക്കുന്ന മനുഷ്യനോവുപോലെ മനസ്സിനെയും കർണപുടങ്ങളെയും അസ്വസ്ഥമാക്കുന്നു.
തിരിച്ചുള്ള ഷാർജയിലേക്കുള്ള യാത്രാ വേളയിൽ എയർപോർട്ട് ലോഞ്ചിലിരുന്നും വിമാനത്തിലുമി രുന്ന് ഒരു കാക്ക എന്റെ സങ്കൽപ്പങ്ങളിലിരുന്ന് സാദാ കരഞ്ഞു കൊണ്ടിരുന്നു...കാ ...കാ ....
വിമാനത്തിന് അകത്തും പുറത്തുമായി ഒരായിരം കാക്കകൾ എനിക്ക് ചുറ്റും കൂടിയിരുന്ന് ആര്ത്ത ലയ്ക്കുന്നു...ഇതൊരനുഭാവമാണ് .....ഒരു കഥ വായനക്കൊടുവിൽ കിട്ടുന്ന അനുഭവം 
ചെറുകഥ സാഹിത്യ രൂപത്തെ ഇത്രയും ഗൗരവ പൂർവമായി സമീപിക്കുന്ന ഒരു കഥാ സമാഹാരമാണ് 'ജീവിതത്തിന്റെ ബാൻഡ് വിഡ് ത്തിൽ ഒരു കാക്ക'.  ഇതിലെ ഓരോ കഥകളും നിഗൂഡ തകളില്ലാതെ ഋജുവായി, വളച്ചു കെട്ടുകളില്ലാതെ   നേരിട്ട് വായനക്കാരുമായി സംവാദി ക്കുന്ന കഥകളാണ് . ഒരു കഥ ഇങ്ങനെ തുടങ്ങണ മെന്നും ഇങ്ങനെ ആയിരിക്കണമെന്നും ഒന്നുമുള്ള നിർബന്ധ ബുദ്ധിയൊന്നും ഇല്ല ...എങ്ങനെയും തുടങ്ങാം എങ്ങനെയും അവസാനിപ്പിക്കാം, വായനക്കാരനെ അനുഭവിപ്പിക്ക്ന്നുണ്ടോ എന്ന് മാത്രമേ എഴുത്തുകാരൻ ശ്രദ്ധിക്കുന്നുള്ളൂ.
അതുകൊണ്ട് തന്നെ നേരിട്ട് കഥ പറയുന്ന ഒരു രചനാ സമ്പ്രദായമാണ്   ഓരോ കഥകളിലും കഥാ കാരൻ സ്വീകരിച്ചിരിക്കുന്നത് .ഒരൊറ്റ വായനയിൽ തന്നെ കഥയും കഥാ പത്രങ്ങളും കഥാ പരിസരവും മനസ്സിൽ കുടിൽകെട്ടി താമസിക്കും. പിന്നീട് കുടിൽ പൊളിച്ച് മനസ്സിൽ നിന്ന് കുടിയിറങ്ങി പോകണമെന്ന് പറയാനാകില്ല. പട്ടയം കൊടുത്ത് അവരെയൊക്കെ മനസ്സിന്റെ താഴ് വാരത്ത്   താമസിപ്പിക്കേണ്ടി വരും...അത്രമാത്രം ഓരോ കഥകളും വായനക്കാരനോട് സംവാദി ക്കുന്നുണ്ട് .
ഒരേ സമയം റേഡിയോയും കാക്കയേയും സ്നേഹിച്ച് മരിച്ചു പോയ ഭർത്താവിന്റെ ഓർമകളുമായി കഴിയുന്ന കമലമ്മ നിലച്ചുപോയ റേഡിയോ നന്നാക്കി കിട്ടാൻ മകനോട്‌ ആവശ്യപ്പെടുമ്പോൾ ന്യൂ ജനറേഷൻ എങ്ങിനെയാണ്‌ അതിനെ നിസ്സാര വല്ക്കരിക്കപ്പെടുന്നത്  എന്നത്  മാറിവരുന്ന കാലത്തിന്റെ കാഴ്ചയാണ് .
'ഹോളോ ബ്രിക്സിൽ വാർത്തെടുത്ത ദൈവം' ആശുപത്രികളുടെ കഴുത്തറുപ്പൻ മത്സരങ്ങളിൽ പെട്ടുപോയ ഒരു രോഗിയുടെ ദൈന്യതയാണ്‌ . മരണം കാത്തു കിടക്കുന്ന ഒരു രോഗിയെ പോലും എങ്ങനെ ആശുപത്രിയുടെ പരസ്യ തന്ത്രങ്ങൾക്ക് ഉപയോഗപ്പെടുത്താം എന്നിടത്ത് കരുണയും ദയയും നഷ്ടമാകുന്ന ഒരു സമൂഹത്തെ പ്രതിനിദാനം ചെയ്യുന്നു .
നമ്മൾ നിസ്സാരമെന്ന്  കരുതി  തള്ളിക്കളയുന്ന അനുഭവങ്ങളും കാഴ്ചകളുമാണ്  'അരൂപിയുടെ തിരുവെഴുത്തുകൾ' എന്ന കഥയിൽ
എല്ലാ ഗ്രാമത്തിലും എല്ലാ കഥാ കാരന്മാർക്കും പറയാൻ ഒരു ഭ്രാന്തൻ അവശേഷിക്കും. അതിനെ എങ്ങനെ വ്യത്യസ്തമാ ക്കാം എന്നതാണ് 'ഉണങ്ങാത്ത മുറിവുകൾ' എന്ന കഥയിലെ കുഞ്ഞപ്പൻ.
ജീവിച്ചിരിക്കുമ്പോൾ തലവേദനയും അപ്രശസ്തനുമായ ഒരു കലാകാരൻ മരണ ശേഷം മഹത്വ വല്ക്കരിക്കപ്പെടുകയും ചെയ്യുന്ന സർക്കാർ പുരസ്കാരങ്ങൾക്ക് നേരെയുള്ള പല്ലിളിച്ചു കാണിക്കലാണ്‌  'ഗന്ധർവ മോക്ഷം' എന്ന കഥ
തീക്ഷ്ണമായ വേദനയോടെ അനുഭവിപ്പിച്ച ഒരു കഥയാണ് 'ശവക്കുഴിയിലേക്ക് വഴിക്കണ്ണുമായി'.
ജീവിതത്തിന്റെ ഏറ്റവും വലിയ അനുഭവം പട്ടിണിയാണ് ....വിശപ്പ്‌ മനുഷ്യനെ എന്തും ചെയ്യാൻ പ്രേരിപ്പിക്കുന്നു.ഒരു ചാണ്‍ വയറിന്റെ വേദനയെക്കാൾ വലുതല്ല മറ്റൊന്നും എന്നുള്ള ഒരു വലിയ തത്വതിലേക്ക് ഈ കഥ നമ്മെ കൊണ്ടെത്തിക്കുന്നു .
പതിനഞ്ചു കഥകളിൽ  ഒന്ന്  രണ്ട്   കഥകളൊക്കെ വായിച്ച് ആസ്വദിക്കാം എന്നേയുള്ളൂ...ഒരു കഥാ സമാഹാരം ആകുമ്പോൾ അത്തരം കഥകളും നമ്മൾ പ്രതീക്ഷിക്കണമല്ലോ....
ശ്രീ കെ പി രാമനുണ്ണി യുടെ അവതാരികയും, ശീർഷകവും വ്യത്യസ്തമാക്കുന്ന ഈ കഥാ സമാഹാരം വയിക്കപ്പെടെണ്ടാതും ചർച്ച ചെയ്യപ്പെടെണ്ടാതുമാണ് . സൈകതം ബുക്സ് പുറത്തിറക്കിയ ഈ പുസ്തകം കൂടുതൽ നല്ല വായനക്കാരിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു...! 

2014 ഫെബ്രുവരി 15, ശനിയാഴ്‌ച

കഥ മഞ്ഞുപെയ്യുമ്പോൾ (എസ് പ്രേംലാൽ )

കഥ മഞ്ഞുപെയ്യുമ്പോൾ

മനസ്സിന്റെ ജീവ ജലമാണ് കഥകൾ.ശുദ്ധവായു പോലെ ശുദ്ധജലം പോലെ കഥകളുടെ ഉറവയും വറ്റുന്നില്ല. കാലത്തിന്റെ മാനദണ്ഡം വെച്ച് പ്രചീനമെന്നും അധുനികമെന്നും അത്യന്താദുനികമെന്നും തരം തിരിക്കാമെങ്കിലും വെള്ളത്തിന്റെ രുചി പോലെ കഥകളുടെ രുചിയും കൊതിപ്പിച്ചുകൊണ്ടിരിക്കും. കഥയില്ലാത്ത ജീവിതം പതിരില്ലാത്ത കതിരുപോലെയാണ് കഥയുടെ ജീവിതങ്ങളാണെങ്കിലോ കഥയുടെ മേച്ചിൻ പുറങ്ങൾ തൊട്ട്തലോടും. അത്തരം കഥകളുടെ സവാരിയായി കഥ പറച്ചിൽ മാറിയാലോ. ഡിസംബറിനു ഇന്ന് കലണ്ടർ മറിയുമ്പോൾ മഞ്ഞു പെയ്യുന്ന രാവുകൾക്കൊപ്പം യുവകഥകളുടെ നീരുറവ മനസ്സിൽ പൊട്ടിയൊഴുകം

കേരള കൗമുദി ആഴ്ചപ്പതിപ്പ്‌ സംസ്ഥാന തലത്തിൽ യുവ കഥാകൃത്തുക്കൾ ക്കായി നടത്തിയ കഥാമത്സരം അങ്ങനെ ജല കണങ്ങളുടെ പരിമളം പരത്തുന്നതായി. മത്സരത്തിലേക്ക് ആയിരത്തോളം കഥകളാണ് എത്തിയത് .കഥകളുടെ കൂമ്പാരത്തിലേക്ക് കണ്ണ് നട്ടപ്പോൾ എഴുത്തിന്റെ വെടിക്കെട്ട്‌ .കഥയുടെ വർണ്ണ ചെപ്പ് തുറന്നപ്പോൾ പൊട്ടി വിടർന്നത് മായിച്ച് കളയാനാവാത്ത ജീവിത മുഖങ്ങൾ. കാലം മാറുകയാണ് . ആ മാറ്റത്തിനൊത്ത്  എഴുത്തും മാറുന്നു .മാറിയ എഴുത്തിന്റെ സുഖം കണ്ടറിഞ്ഞ നിമിഷങ്ങളായി കഥാമത്സരം മാറുകയായിരുന്നു. മലയാള കഥയ്ക്ക്‌ കഥ പറയുന്ന ഒരു രീതിയുണ്ട് .ആ പാതയിൽ നിന്ന് മാറി ന്യൂ ജനറേഷൻ സിനിമ പോലെ പുതിയ കഥയുടെ രീതിയും മാറുകയാണ് .
പ്രമേയത്തിന്റെ കാലിക പ്രസക്തി അതാണ് സലീം അയ്യനതിന്റെ എച്ച് ടു ഒ എന്ന കഥയെ വ്യത്യസ്തമാക്കുന്നത് .വിധി കർത്താക്കൾക്ക്  ഇതിൽ ഏക അഭിപ്രായമായിരുന്നു .പ്രശസ്ത കഥാ കൃത്തുക്കളായ ഡോ.ജോർജ് ഓണക്കൂർ ,ചന്ദ്രമതി,സതീഷ്‌ ബാബു പയ്യന്നൂർ എന്നിവർ ഒന്നാം സ്ഥാനത്തേക്ക് ഇ എച്ച് റ്റു ഒ വിനെ തിരഞ്ഞെടുത്തപ്പോൾ കഥയുടെ പുതിയൊരു മുഴക്കം ഇളം തെന്നലോടെ നിറയുകയായിരുന്നു.പുതിയ കാലത്തിന്റെ പുതിയ മുഖമായിരുന്നു രണ്ടാം സ്ഥാനം നേടിയ ജനറ്റിക് ഹോരോസ്കോപ് .മനസ്സ് ഒരിടത്തും ശരീരം മറ്റൊരിടത്തുമായിരുന്നാൽ എന്തായിരിക്കും അതാണ് മൂന്നാം സമ്മാനത്തിന് അർഹമായ ഗോളിയിലൂടെ എറണാംകുളം ചേറായി കുന്നപ്പിള്ളി  വീട്ടിൽ മനോരാജ് കെ .ആർ പറയുന്നത്
മത്സരത്തിനെത്തിയ കഥകളെല്ലാം ഇങ്ങനെ വ്യത്യസ്തത നിറഞ്ഞ പുതുമയേറിയതുമായ പ്രമേയങ്ങളാണ്‌ പറഞ്ഞത് ആ പുതുമ തന്നെയാണ് എഴുത്തിന്റെ കരുത്തും ഒന്നും രണ്ടും സമ്മാനങ്ങൾ നേടിയ കഥകൾ തമ്മിൽ നേരിയ മാർക്കിന്റെ വ്യത്യാസമേയുള്ളൂ വെന്നും പ്രമേയത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണ് ഒന്നാം സ്ഥാനം നിശ്ചയിച്ചതെന്നും വിധികർത്താക്കൾ ചൂണ്ടിക്കാട്ടി.പുതിയ പരീക്ഷണങ്ങളാണ് കഥാകൃത്തുക്കൾ നടത്തുന്നതെങ്കിലും ആഴത്തിലുള്ള കൂടുതൽ ചിന്തയും ഭാവനയും അനിവാര്യമാണെന്ന്  ജഡ്ജസ് ചൂണ്ടിക്കാട്ടി. പൊതുവെ മത്സരം വാർത്തകളുടെ ചൂരിൽ ഒതുങ്ങുമ്പോൾ നൂറ്റാണ്ട് പിന്നിട്ട കേരളകൗമുദി അതിനപ്പുറം പുതിയ സാഹിത്യ നാമ്പുകളെ കണ്ടെത്താൻ നടത്തിയ കഥാമത്സരം അങ്ങേയറ്റം ശ്ളാഘനീയമാണെന്ന്  ജോർജ് ഓണക്കൂർ പറഞ്ഞു
ആധുനിക സാങ്കേതിക വിദ്യ കഥകളിൽ നിറയുന്നു വെന്നും ഇതിനപ്പുറത്ത്  മനസ്സിന്റെ കഥകളാണ് കാലത്തെ അതിജീവിക്കുന്നതെന്നും ചന്ദ്രമതി ചൂണ്ടിക്കാട്ടി
ജീവിതയാധാർത്യങ്ങലും മൂല്യങ്ങളും പ്രകൃതിയുമാണ് യുവമനസ്സുകളെ തൊട്ടുണർത്തിയതെന്ന്  സതീഷ്‌ ബാബു വിലയിരുത്തി.
മൂന്ന് ഘട്ടത്തിലായാണ് കഥകളെ വിലയിരുത്തിയത് .ആയിരത്തിലധികം കഥകളിൽ നിന്നും മാഗസിൻ ടീം പരിശോധന നടത്തിയാണ് ആദ്യ സെലെക്ഷൻ നടത്തിയത് .
കേരള കൗമുദി ദി ഡപ്പ്യുട്ടി എഡിറ്റർ ആർ ഗോപീ കൃഷ്ണൻ , തിരുവനന്ത പുരം ബ്യുറോ ചീഫ് വി എസ് രാജേഷ്‌ കേരള കൗമുദി ഫ്ളാഷ് ജനറൽ എഡിറ്റർ ശങ്കർ ഹിമഗിരി എന്നിവർ സൂക്ഷ്മ പരിശോധന നടത്തി കണ്ടെത്തിയ കഥകളിൽ നിന്നാണ് മൂന്നംഗ ജഡ്ജിംഗ് കമ്മിറ്റി വിജയികളെ കണ്ടെത്തിയത് സംഖ്യാ രത്ന ( സംഖ്യാ ജ്യോതിഷാലയം കൊല്ലം) വുമായി സഹകരിച്ചാണ് മത്സരം നടത്തിയത്
പ്രതിഭയുടെയും കഠിനാധ്വനത്തിന്റെയും  ഇരുമുടിക്കെട്ടുമായി മുമ്പ് പതിനെട്ടാം പടി കയറിയവരിൽ മത്സരത്തിലൂടെ വന്നവരുണ്ട് ,അല്ലാത്തവരുമുണ്ട് .ഇവിടെ ആയിരത്തോളം യുവാക്കൾ പ്രതിഭയുടെ ഇരുമുടിക്കെട്ടുമായി പടി കയറി വരികയാണ്‌ .പുതിയ എഴുത്തിന്റെ മലകൾ കാണാനും കയറാനും.  

2014 ഫെബ്രുവരി 6, വ്യാഴാഴ്‌ച

അഭയം


സ്വയം ജയിച്ചടക്കാൻ
കഴിയാതെ വന്നപ്പോൾ
ഞാൻ കഴുത്തിടുങ്ങിയ
കുപ്പിയിൽ അഭയം പ്രാപിച്ചു
നിന്റെ ഉടൽ പെരുപ്പം
വശ്യ മനോഹരം
ഒരു പിശാചിനെ പോലെ
ദ്രംഷ്ടങ്ങളാഴ്ത്തി
നിന്റെ സ്വപ്‌നങ്ങൾ നിറച്ച
രക്തപാനിയം വലിച്ചു കുടിച്ചു
ഞാനറിയാതെ നുരഞ്ഞു പൊന്തി
എന്നിൽ മറ്റൊരു പിശാച്
പിറവിയെടുത്തു
സുഹൃത്തേ
നിന്റെ കവിതകൾക്ക്
വരച്ച ചിത്രങ്ങൾക്ക്
നീ മീട്ടിയ വീണകൾക്ക്
പാടിയ പാട്ടുകൾക്ക്
മദ്യ ചഷകം ഒന്നുമായിരുന്നില്ലെന്ന
തിരിച്ചറിവുണ്ടാകുമ്പോഴേക്കും 
നിന്റെ സർഗ്ഗ സൃഷ്ടി മരിച്ചിരിക്കും  
07-02-2014